-->

EMALAYALEE SPECIAL

കോവിഡിനോട് പൊരുതിയ നാളുകള്‍ (ജെയിംസ് കുരീക്കാട്ടില്‍, മിഷിഗണ്‍)

Published

on

ഒരു സുഹൃത്തിന്റെ ഫോണ്‍ വിളിയിലേക്കാണ് രാവിലെ ഉറക്കമുണര്‍ന്നത്. ' പുറത്ത് കുറച്ച് ഭക്ഷണം വച്ചിട്ടുണ്ട് '. മൂന്ന് വാക്കുകളില്‍ കാര്യം പറഞ്ഞിട്ട് ഫോണ്‍ വെച്ചു. കോവിഡ് പിടിപെട്ട അന്നുമുതല്‍ കൂട്ടുകാരുടെ ഇത്തരം ഫോണ്‍ കോളുകളാണ് രാവിലെ വിളിച്ചുണര്‍ത്തുന്നത് .

ഭാര്യക്ക് കൂടി രോഗം പിടിപെട്ടതോടെ ഒരു വലിയ ആശങ്ക ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യം ഇനി ആര് നോക്കും. ഇതിനിടയില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍....?

പക്ഷെ കട്ടക്ക് നില്‍ക്കാന്‍ കുറച്ച് കൂട്ടുകാരുണ്ടായാല്‍, ഏത് പ്രതിസന്ധിയെയും നേരിടുന്നത് കൂടുതല്‍ അനായാസം ആകുമെന്ന് വീണ്ടും തിരിച്ചറിയുകയായിരുന്നു.

മിക്കവാറും ദിവസങ്ങളില്‍ മൂന്ന് നേരവും ആരെങ്കിലും ഭക്ഷണം എത്തിക്കും. ചില നേരങ്ങളില്‍ ഒന്നിലധികം പേര്‍ കഞ്ഞിയും കറികളുമായി എത്തും. ചിലര്‍ ഫോണ്‍ വിളിച്ചു പറയും. ഭക്ഷണം പുറത്ത് വച്ചിട്ടുണ്ടെന്ന്. ചിലര്‍ അത്രയും പോലും ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാവും, ഒരു മെസ്സേജില്‍ കാര്യം ഒതുക്കും.

മറഞ്ഞു നില്‍ക്കുന്ന സ്‌നേഹം.

ഒരു ദിവസം അജ്ഞാതനായ ഒരാള്‍ വാതുക്കല്‍ കുറച്ച് ഭക്ഷണം കൊണ്ട് വച്ചിട്ട് ഒന്നും മിണ്ടാതെ തിരികെപോയി. മോനാണ് പറഞ്ഞത്. Pappa, someone has left some food at the front door and walking back to his car. I can't recognize who it was. ആരാവും? ഒരു പക്ഷെ മോന്‍ വാതുക്കലേക്ക് വരുന്നത് കണ്ടത് കൊണ്ട് ശല്യപെടുത്തണ്ട എന്ന് കരുതി വിളിക്കാത്തതാവും.

ആരാണതെന്ന് തിരഞ്ഞാല്‍ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. എന്നാലും വേണ്ടെന്ന് കരുതി. അയാള്‍ അജ്ഞാതനായി തന്നെ ഇരിക്കട്ടെ. ആരാണെന്ന് അറിഞ്ഞാല്‍ പിന്നെ ആ നന്മക്ക് കടം വീട്ടാനുള്ള കാത്തിരിപ്പാകും. ആരാണെന്ന് അറിയാത്തിടത്തോളം ആ ഒരാളെ ഏത് കൂട്ടുകാരനിലും കാണുന്നതിന്റെ ഒരു സന്തോഷം ഉണ്ടാവുമല്ലോ.

പാതി തളര്‍ന്ന നിമിഷങ്ങള്‍

രോഗത്തോട് പൊരുതിയ നാളുകളിലെ അനുഭവങ്ങള്‍ കുറിക്കണമെന്ന് കരുതിയിരുന്നതാണ്. എങ്കിലും ഇത് വരെ ഒന്നും എഴുതാന്‍ മനസ്സ് വന്നില്ല. എന്താണ് എഴുതേണ്ടത്.

രോഗം വന്ന ധാരാളം മലയാളികള്‍ അമേരിക്കയില്‍ തന്നെയുണ്ട്. ചിലര്‍ വിധിക്ക് കീഴടങ്ങി. ചിലര്‍ അതിജീവിച്ചു. അവരില്‍ പലരും ഈ രോഗത്തിന്റെ ഭീകരതയെ വിവരിക്കുന്ന വീഡിയോസും വോയിസ് ക്ലിപ്പുകളും ഇപ്പോള്‍ തന്നെ നമ്മുടെ കമ്മ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്യുന്നു.

ജീവ വായുവിന്റെ ഓരോ അറകളിലും വൈറസുകള്‍ ആധിപത്യം നേടുന്നത് നെഞ്ചില്‍ കനമായി വിങ്ങുമ്പോള്‍ അതിജീവിക്കുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങള്‍. അതൊക്കെ പക്ഷെ ആവര്‍ത്തിക്കുന്നതില്‍ എന്ത് കാര്യം.  എങ്കിലും  ഈ നാളുകളില്‍ ഉണ്ടായ ചില ചിന്തകളും രസകരമായ അനുഭവങ്ങളും പങ്ക് വെയ്ക്കാമെന്ന് കരുതി. ഈ അനുഭവങ്ങള്‍ രസകരമായി തോന്നുന്നത് ഇപ്പോള്‍ മാത്രമാണ് കേട്ടോ. ആ നാളുകളില്‍ അതെല്ലാം ഭീതി ജനിപ്പിച്ച അനുഭവങ്ങള്‍ തന്നെയായിരുന്നു.

രോഗം പിടിപെട്ടതിന്റെ നാലാം ദിവസമാണ്. രാവിലെ ആറ് മണിയോടെ ഉറക്കമുണര്‍ന്നു. എത്ര ശ്രമിച്ചിട്ടും കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. ഇടത് കൈ ചലനമറ്റ് മരവിച്ചിരിക്കുന്നു.

ഇടത് കാലും അനക്കാന്‍ സാധിക്കുന്നില്ല. സ്‌ട്രോക്ക് വന്നതായിരിക്കുമോ? എന്റെ ഇടത് വശം തളര്‍ന്നു പോയോ? ഭയം ഉള്ളില്‍ കൊള്ളിയാന്‍ വീശി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു. ഏതായാലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്താന്‍ നോക്കണം. ഭാര്യ ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും എട്ട് മണിയാകും. അത് വരെ ഇങ്ങനെ കിടക്കാന്‍ പറ്റില്ല. 911 വിളിക്കണം.

പക്ഷെ Emergency Medical Service (EMS) എത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി ചെയ്യണം. മോളെ വിളിച്ച് ഒരു പാന്റ് സഘടിപ്പിക്കണം. ഇല്ലെങ്കില്‍ ലുങ്കി ഉടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയ ആദ്യത്തെ അമേരിക്കന്‍ മലയാളിയാകും.

വലത് കൈ കൊണ്ട് ഫോണ്‍ എത്തിപ്പിടിക്കാന്‍ ഒരു ശ്രമം നടത്തി. അപ്പോള്‍ ഇടത് കാല്‍ ചെറുതായി അനങ്ങുന്നത് പോലെ ഒരു തോന്നല്‍. വലത് കാല്‍ കൊണ്ട് പുതപ്പ് ചവിട്ടി നീക്കി. ഭാഗ്യം . ഇടത് കാല്‍ ഇപ്പോള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ സ്‌ട്രോക്ക് അല്ല. ഇടത് കൈ മാത്രമായി സ്‌ട്രോക്ക് വന്ന് തളരില്ലല്ലോ. ഒരു പുതപ്പിനുവരെ എന്തൊരു ഭാരമാണ്. ഒരു വശത്തേക്ക് ഏറെ നേരം ചരിഞ്ഞ് കിടന്നത് കൊണ്ട് കൈ മരവിച്ച് പോയതാണ്. മരവിപ്പ് മാറിയതോടെ ഇപ്പോള്‍ ഇടതു കൈക്കും ബലം വന്നു. സ്‌ട്രോക്ക് അല്ല എന്ന് തിരിച്ചറിഞ്ഞതോടെ മെഗാ മില്യണ്‍ ലോട്ടറി അടിച്ച സന്തോഷമാണ് മനസ്സില്‍ ഇരച്ചെത്തിയത്.

ഒരു മൂളലിനായി കാതോര്‍ത്ത്

എനിക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിന്റെ ആറാം ദിവസമാണ് ഭാര്യക്ക് രോഗം പിടിപെട്ടത്. ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ കോവിഡ് പേഷ്യന്റ് ഉള്ളതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ അവള്‍ സ്വയം quarantine ചെയ്ത് 
ബേസ്മെന്റിലേക്ക് കിടപ്പ് മാറ്റിയിരുന്നു. . മക്കളില്‍നിന്ന് കൂടി അകന്ന് നില്‍ക്കാന്‍ അതാണ് നല്ലതെന്ന് കരുതി. അത് തന്നെയാണ് ഇപ്പോള്‍ കുഴപ്പമായിരിക്കുന്നത്. അടുത്ത് കിടപ്പുണ്ടെങ്കില്‍ പനി കൂടുന്നുണ്ടോ എന്നൊക്കെ തൊട്ടുനോക്കിയാല്‍ അറിയാമായിരുന്നു. ഇതിപ്പോള്‍ താഴെ കിടക്കുന്ന ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നേരം വെളുത്ത് ചെന്ന് നോക്കുമ്പോഴേ അറിയൂ. ഇനിയുമൊരു വഴിയേയുള്ളൂ. രാത്രി രണ്ടു നേരം ഫോണില്‍ അലാറം സെറ്റ് ചെയ്തു. ഒരു മണിക്കും അഞ്ച് മണിക്കും. അലാറം അടിക്കുമ്പോള്‍ എണീറ്റ് താഴെ ചെന്ന് നോക്കും. ചെറിയ ശബ്ദത്തില്‍ ഒന്ന് വിളിക്കും. ആദ്യ വിളിയില്‍ പ്രതികരണമൊന്നും കേട്ടില്ലെങ്കില്‍ ഭയം നെഞ്ചില്‍ ഇടിമിന്നലായി പതിയും. ഒരു അനക്കമെങ്കിലും കേട്ടാല്‍ പകുതി ആശ്വാസമായി. ഇരുപത് വര്‍ഷമായി കൂടെ ജീവിക്കുന്ന ആളുടെ ഒരു മൂളലിനായി കാതോര്‍ത്തിരുന്ന നിമിഷങ്ങള്‍.....

അവസാനത്തെ ഇല

ശരീര വേദന കൊണ്ട് ഉറക്കം വരാത്ത രാത്രികളില്‍ ചിന്തകള്‍ മലവെള്ളം പോലെയാണ് ഇരച്ചെത്തുക. ഒരു ദിവസം മനസ്സില്‍ നിറഞ്ഞത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച ഒരു കഥയാണ്. അമേരിക്കന്‍ എഴുത്തുകാരന്‍ O' Henry യുടെ The Last leaf (അവസാനത്തെ ഇല) എന്ന കഥയിലെ വൃദ്ധനായ ചിത്രകാരനും അയാള്‍ വരച്ച ആ ഇലയുമായിരുന്നു മനസ്സ് നിറയെ. ഇത് പോലൊരു പകര്‍ച്ച വ്യാധി കാലത്താണ് ചിത്രകാരിയായ ജോണ്‍സി എന്ന പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ച് മരണാസന്നയാകുന്നത്. രോഗത്തില്‍ നിന്ന് രക്ഷപെടാമെന്ന പ്രതീക്ഷയെല്ലാം അവള്‍ക്ക് നഷ്ടപ്പെട്ടു. അവളുടെ വീടിന്റെ ജനാല തുറന്നാല്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വളരുന്ന ഒരു വള്ളിച്ചെടിയും അതിലെ ഇലകളും അവള്‍ക്ക് കാണാം. ശിശിര കാലമായതിനാല്‍ അതിലെ ഇലകള്‍ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിലെ അവസാനത്ത ഇലയും കൊഴിഞ്ഞു വീഴുമ്പോള്‍ താന്‍ മരിക്കുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു.

അങ്ങനെയിരിക്കുബോഴാണ് നല്ല ചിത്രങ്ങളൊന്നും വരയ്ക്കാന്‍ കഴിയാതെ ജീവിതത്തില്‍ പരാജയപ്പെട്ട വൃദ്ധനായ മറ്റൊരു ചിത്രകാരന്‍ അവളെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. അയാള്‍ തിരിച്ചു പോയി. വള്ളിച്ചെടിയില്‍ ഒരു ഇല മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നോള്ളൂ. അന്ന് രാത്രി നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. ആ ഇല കൊഴിയുമെന്നും അവള്‍ മരിക്കുമെന്നും അവള്‍ കരുതി. പക്ഷെ പിറ്റെന്നും അതിന്റ പിറ്റേന്നും എല്ലാം ആ ഇല അവിടെ   തന്നെയുണ്ടായിരുന്നു.  ഒരിക്കലും വീഴാതെ പിടിച്ചു നിന്ന ആ ഇലയാണ് പ്രതീക്ഷകള്‍ നല്‍കി അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

പക്ഷേ അപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല, ആ ഇല നേരത്തെ കൊഴിഞ്ഞിരുന്നു എന്നും, വൃദ്ധനായ ചിത്രകാരന്‍ അവള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കാറ്റും മഴയുമുണ്ടായിരുന്ന ദിവസം അവള്‍ക്കായി ഭിത്തിയില്‍ വരച്ചു വെച്ച ഇലയായിരുന്നു അതെന്നും. ഏറെ നേരം തണുപ്പത് ചിലവഴിച്ചതിനാല്‍ ആ വൃദ്ധന്‍ രോഗം ബാധിച്ച് മരിച്ചു പോയി എന്നും അവള്‍ പിന്നീടാണ് അറിയുന്നത്.

ജീവിതം നമ്മള്‍ വരക്കുന്ന ഒരു ചിത്രമാണ്. എന്ത് വരക്കണമെന്നും ഏതെല്ലാം നിറങ്ങള്‍ വേണമെന്നുമുള്ളതെല്ലാം നമ്മുടെ തിരഞ്ഞെടുപ്പാണ്. എങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് നമ്മള്‍ ഓരോ ഋതുഭേദങ്ങളിലും നേരിടുന്ന കാറ്റിനെയും മഴയെയും കാലാവസ്ഥ വ്യതിയാനങ്ങളെയുമെല്ലാം ആശ്രയിച്ചിരിക്കും.

സഹജീവികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുന്ന ഒരിക്കലും കൊഴിയാത്ത ഇലകള്‍ വരക്കുമ്പോഴാണ് നമ്മുടെ ജീവിത ചിത്രം പൂര്‍ത്തിയാകുന്നത്.

ജെയിംസ് കുരീക്കാട്ടില്‍.
മിഷിഗണ്‍. USA 

Facebook Comments

Comments

 1. വിദ്യാധരൻ

  2020-04-20 15:15:25

  ഹൃദയസ്പർശിയായ ഒരു അനുഭവകഥ. ജീവിതത്തിന്റ ക്ഷണഭംഗുരതയെക്കുറിച്ച് വായനക്കാരെ ഓർപ്പിക്കാനും പോരുന്ന ജീവനുള്ള വാക്കുകളിൽ തീർത്ത കഥ. രണ്ടു പ്രാവശ്യം വായിച്ചു. കുറച്ചു നേരം മൗനമായി ഇരുന്നു. പ്രതിഫലേച്ഛ ഇല്ലാതെ വാതിലിന്റെ അവിടെ ആഹാരം കൊണ്ടുവച്ചിട്ടുപോയ വ്യക്തിയിൽ മനുഷ്യ സ്നേഹത്തിന്റെ ഉദാത്തഭാവത്തെ കാണാം. ഒരു പക്ഷെ ലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ദൈവം ആയിരിക്കാം . അലെങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ? എല്ലാ നന്മകളും ആശംസിക്കുന്നു

 2. RAJU THOMAS

  2020-04-20 08:40:40

  Dear James, Back from the mouth of hell, you have described your ordeal straight from the heart. A So you still remember The Last Leaf! Who that ever read it could forget it! And you have summarized it very well.

 3. Suresh Nellikode

  2020-04-19 18:11:28

  ഇന്നാണറിയുന്നത്, ജിമ്മീ. രണ്ടുപേർക്കും സുഖമായെന്നറിയുന്നതിൽ സന്തോഷം. ഇതുവരെ അറിയാതിരുന്നതിനാൽ ഇത് വായിച്ചറിയുന്ന സന്തോഷം പറയേണ്ടല്ലോ. Cheers. Take care.

 4. Mathew Joys

  2020-04-19 13:26:38

  Did not hear from you for few weeks, and I had a faint feeling that you may be sick. To ascertain that I browsed for your specially notorious comments if any in LANA too. That confirmed your social distancing . Anyway I am glad that my friend has back more vigorously and your come back is celebrated by this beautiful article. Stay healthy and glance at your better half once in a while- not in the night alone!

 5. Meetu

  2020-04-19 12:16:40

  Reading this is really relieving. Thank you for sharing the experience with maximum positivity. Stay safe. God bless🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

View More