Image

ആരോഗ്യ പ്രവർത്തകർക്ക് പോലീസ് - ഫയര്‍ഫോഴ്‌സ് വക ഗാര്‍ഡ് ഓഫ് ഓണര്‍;പോലീസ് ഹെലിക്കോപ്റ്ററും അണിനിരന്നു 

ഫ്രാന്‍സിസ് തടത്തില്‍ Published on 14 April, 2020
ആരോഗ്യ പ്രവർത്തകർക്ക് പോലീസ് - ഫയര്‍ഫോഴ്‌സ് വക ഗാര്‍ഡ് ഓഫ് ഓണര്‍;പോലീസ് ഹെലിക്കോപ്റ്ററും അണിനിരന്നു 

ന്യൂജേഴ്‌സി: ഹോസ്പിറ്റലിനു മുന്‍പില്‍ പതിവില്ലാത്തവണ്ണം പോലീസ് ഫയര്‍ സര്‍വീസുകളുടെ സൈറണ്‍ മുഴങ്ങുന്നു. ആകാശത്തുനിന്ന് പോലീസ് ഹെലികോപ്പ്റ്ററുകളും അവർക്ക് പിന്തുണയേകി വട്ടം ചുറ്റുന്നു. നിന്ന്.പതിവില്ലാതെ  ഹെലികോപ്പ്റ്റർ ലാൻഡ്‌ചെയാതെ വട്ടമിട്ട് പറക്കുന്ന ശ്രദ്ധയിൽപ്പെട്ട ചിലർ ജനലുകൾക്കരുകിലേക്കെത്തി.  ഹെലിക്കോപ്റ്ററിന്റ കാതടപ്പിക്കുന്ന ശബ്‌ദം ഒരു വശത്ത്.അപ്പോഴേക്കും നിരവധിപേർ വരാന്തയിലേക്ക് എത്തി കൂട്ടംകൂടി നിന്നു. ഒരു സര്‍ക്കിള്‍ പോലുള്ള ഡ്രൈവ്വേയ്ക്ക് ചുറ്റും കോണ്‍വോയ് ആയി പോലീസ്-ഫയർ ഫോഴ്‌സ് വിഭാഗങ്ങളുടെ മുഴുവൻ വാഹനങ്ങളും നിരനിരയായി പോകുന്നു. ആദ്യം പോലീസ് ബാന്‍ഡ് അവര്‍ക്ക് പിന്നില്‍ മോട്ടോര്‍ സൈക്കിളുകള്‍.അതിനു പിന്നിൽ സിറ്റിയിലെ മുഴുവൻ പോലീസ് സേനയും. എല്ലാവിഭാഗത്തിൽപ്പെട്ട പോലീസുകാർ, അവർക്ക്‌ പിന്നാലെ ഫയര്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ റൂട്ട് മാര്‍ച്ച് അനുസ്‍മരിപ്പിക്കുന്ന പ്രകടനം. ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള സംസ്ഥാനത്തെ തന്നെ മികച്ച ഹോസ്പിറ്റൽ ആയ സെയിന്റ് ബർണബാസ്‌ മെഡിക്കൽ സെന്ററിൽ ആയിരുന്നു നഗരത്തിലെ മുഴുവൻ പോലീസ്- ഫയർഫോഴ്‌സ് സേനയുടെയും ആഭിമുഖ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ ഈ മാര്‍ച്ച്. 

വാഹന വ്യൂഹം മെയിൻ എന്റെറൻസിനു മുൻപിലേക്ക് എത്തിയപ്പോഴാണ് ഇത് തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അവർ അറിയുന്നത്. ഇത്രയും ഗംഭീരമായ ഒരു ബഹുമതി മറ്റാർക്ക് കിട്ടാൻ! ഭൂമിയിലെ ദൈവ ദൂതന്മാരായ ആരോഗ്യമേഖലയിലെ ഡോക്ടർമാർ,നേഴ്സ് പ്രാക്ടീഷണർമാർ,ഫിസിഷ്യൻ അസിസ്റ്റന്റുമാർ, നഴ്സുമാർ, റെസ്‌പിറ്ററി തെറാപ്പിസ്റ്റുകൾ തുടങ്ങി സി.എൻ.എമാർ വരെയുള്ളവർക്കു അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അവർ ആശപത്രിയുടെ വിശാലമായ പാർക്കിങ്ങ് ലോട്ടിനു വലയം വച്ച് ഓൾഡ് ഷോർട്ട് ഹിൽസ് വഴി മടങ്ങിയത്.തിങ്കളാഴ്ച ന്യൂജേഴ്‌സിയിലെ ലിവിങ്ങ്സ്റ്റണിലുള്ള പോലീസ് ഫയര്‍ഫോഴ്‌സ് സേനയാണ് ഇത്തരമൊരു ഗാര്‍ഡ് ഓഫ് ഓണര്‍ ബഹുമതി ആരോഗ്യമേഖലയിലുള്ളവര്‍ക്ക് നല്‍കിയത്.  കൊറോണ വൈറസ് വ്യാപകമായ ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ പല ഹോസ്പിറ്റലുകളിലും ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ഇത്തരത്തിൽ ബഹുമതി നൽകുന്നുണ്ട്.

ആരോഗ്യമേഖലയിലെ പ്രവത്തകരുടെ രാപ്പകലില്ലില്ലാതെ നടത്തുന്ന സേവനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന്‌ ലിവിങ്ങ്സ്റ്റണ്‍ പോലീസ് മേധാവി ഗാരി മര്‍ഷ്യുഷസ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പോലീസിന്റെകൂടി സംരക്ഷണം ഈ നല്ല മനുഷ്യരിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ആദ്യം പകച്ചുപോയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റു മെഡിക്കല്‍ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍, രോഗികളും ബന്ധുക്കളും അതിശയത്തോടേ നോക്കി നില്‍ക്കുമ്പോള്‍ ഓരോ വിഭാഗത്തിലും അവസാനമായി നീങ്ങുന്ന മേധാവികള്‍ മൈക്കിലൂടെ ഇങ്ങനെ അനൗണ്‍സ് ചെയ്തു. "ആരോഗ്യപ്രവർത്തകരെ നിങ്ങളാണ് യഥാർത്ഥ സൈനികർ. നിങ്ങൾ മനുഷ്യജീവനുകളുടെ കാവലാളുകളാണ്. വി ലവ് യു. ദൈവം നിങളെ അനുഗ്രഹിക്കട്ടെ"-ഇതൊരു വലിയ അംഗീകാരമാണ്. ഭൂമിയിലെ ദൈവദൂതന്മാരെ അമേരിക്കക്കാര്‍ എത്ര ബഹുമാനിക്കുന്നുവെന്ന് ഈ ഗാര്‍ഡ് ഓഫ് ഓണര്‍ വ്യക്തമാക്കുന്നു.

രോഗികളുടെ കൂട്ട മരണം! കൊറോണ ബാധിതരായി വരുന്ന രോഗികള്‍ ദിനംതോറും ഏറി വരുന്നു. ഉള്ളില്‍ മാനസിക സമ്മര്‍ദ്ദം ഏറെയുണ്ടെങ്കിലും അവര്‍ കര്‍മ്മനിരതരാണ്. കാരണം തീക്കളിയാണല്ലോ എന്നും ചെയ്യുന്നത്.. മനഃസാന്നിധ്യം കൈവിടാതെയാണ് അവര്‍ അഹോരാത്രം പ്രയത്‌നിക്കുന്നത്. ഇതൊരു യുദ്ധമാണ് .വീറുറ്റ പോരാട്ടമാണ് അവർ നടത്തുന്നത്. യുദ്ധത്തില്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെപ്പോലെ തന്നെയാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരും. ക്ഷീണമറിയാതെ പലരും വിശ്രമ സമയം പോലുമെടുക്കാതെയാണ് ജോലിചെയ്യുന്നത്. കൊറോണ വൈറസ് രോഗബാധ അമേരിക്കയില്‍ വ്യാപകമാകുന്ന കാലത്ത് ലീവ് എടുത്തു വീട്ടിലിരിക്കണമെന്നു വരെ കരുതിയവരുണ്ട്. മരണത്തെ ഇരന്നു വാങ്ങാന്‍ ആര്‍ക്കും താല്പര്യമുണ്ടാകില്ലല്ലോ.

ആദ്യത്തെ ചില അനശ്ചിതത്വങ്ങള്‍, മാസ്ക്, പ്രതിരോധകവചങ്ങള്‍ ഒന്നുമില്ലാത്ത ഒരു സമയമുണ്ടായിരുന്നു. പലയിടത്തുംനഴ്‌സുമാര്‍ വെറും സര്‍ജിക്കല്‍ മാസ്ക്ക് മാത്രം ധരിച്ച് കൊറോണ രോഗബാധിതരെ ചികില്‍സിച്ചുകൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. അന്നവര്‍ ഭീതിയോടെയാണ് രോഗികളെ സമീപിച്ചിരുന്നത്. യുദ്ധമുഖത്തു ഒറ്റപ്പെട്ടുപോകുന്ന ആയുധം നഷ്ട്ടപെട്ട സൈനികന്റെ അവസ്ഥ. കടമ നിര്‍വ്വഹിച്ചില്ലെങ്കില്‍ രോഗി മരിക്കും. കടമ നിര്‍വഹിച്ചാല്‍ തങ്ങള്‍ക്ക് രോഗം പടന്നേക്കാം. അതായിരുന്നു അന്നത്തെ അവസ്ഥ. ഇന്നതല്ല, സ്ഥിതി ആകെ മാറി.എല്ലാവര്‍ക്കും ആവശ്യത്തിന് സുരക്ഷാകവചങ്ങള്‍ എല്ലാം തന്നെയുണ്ട്.

 ലിവിങ്ങ്സ്റ്റണിലെ സൈയിന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററിലിലെ ഓപ്പറേഷന്‍ തീയറ്ററുകള്‍ ഉള്‍പ്പെടയുള്ള എല്ലാ യൂണിറ്റുകളിലെയും വെന്റിലേറ്ററുകള്‍ കൊറോണ യൂണിറ്റിലേക്ക് മാറ്റി. ഇപ്പോള്‍ നാല് കൊറോണ ഫ്‌ലോറുകള്‍. 150 വെന്റ്‌റിലേറ്റര്‍. ഒരാളെയെങ്കിലും ജീവൻ നിലനിർത്താനായാൽ അത്രയും വലിയ കാര്യമെന്നാണ് ഓരോ ആരോഗ്യ പ്രവർത്തകന്റെയും ഇപ്പോഴത്തെ മനസ്ഥിതി.സാമ്പത്തിക ലാഭങ്ങളോ ജീവിത സുരക്ഷയോ ഒന്നും നോക്കുന്നില്ല. അവർക്കു മുമ്പിൽ ജീവശ്വാസത്തിനായി പിടയുന്ന മനുഷ്യമനസുകൾ മാത്രമാണുള്ളത്.തങ്ങൾ കൈ വയ്ക്കുന്ന ഒരാളും മരിക്കരുതേ എന്ന പ്രാത്ഥനയോടെയാണ് അവരുടെ  ദിവസേന ജോലിയിലും അവധി ദിവസനങ്ങളും കടന്നുപോകുന്നത്. ജീവൻ നിലനിർത്താൻ ഒരൽപം ഓക്സിജന് വേണ്ടി കഠിനശ്രമം നടത്തുന്നവരെ അവരല്ലാതെ ഈ ലോകത്തു മറ്റാരും കാണുന്നില്ല. സ്വന്തം കുടുംബാഗങ്ങൾ പോലും.

കഴിഞ്ഞ ദിവസം വെന്റിലേറ്ററിലായിരുന്ന 18 പേര് ഒരുമിച്ച് പുറത്തിറങ്ങി സ്വന്തം വീടുകളിലേക്ക് പോയപ്പോള്‍ ഡോക്ടർമാർ, നേഴ്സ് പ്രാക്ടീഷണർമാർ, നഴ്സുമാർ തുടങ്ങിയ ഹോസ്പിറ്റലിലെ ജോലിക്കാർ എഴുന്നേറ്റു നിന്ന് ഹർഷാരവം നടത്തിയാണ്  ആഹ്ലാദം പ്രകടിപ്പിച്ചത്. ഓരോ ദിവസവും അഡ്മിറ്റ് ചെയ്യുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമ്പോള്‍ ഏറെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊക്കെ ഏറെ ആശങ്കയാണ്. അവരില്‍ ആരൊക്കെ പുഞ്ചിരിക്കുന്ന മുഖവുമായി തിരിച്ചുവരും എന്നറിയാനാവാത്ത അവസ്ഥ....

തിരിച്ചുവരാത്തവര്‍ നിത്യതയിലേക്ക് യാത്ര ചെയ്യുന്നത് അറിയുന്നത് 
 കൊറോണ ഫ്‌ലോറിലുള്ളവര്‍ മാത്രം . ഉറ്റവരും ഉടയവരുമൊന്നും അന്ത്യസമയത്ത് കൂട്ടുണ്ടാകില്ല. അവരുടെ അവസാന നാളുകളില്‍ അവര്‍ കാണുന്നത് പുഞ്ചിരിയോടെ തങ്ങളെ പരിചരിക്കുന്ന ജീവിതത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത അപരിചിതരായ ഈ നിസ്വാർത്ഥ സേവകരുടെ മുഖമാണ്. ഒരു പക്ഷെ പലരും ശ്വാസം വലിക്കാന്‍ കഴിയാതെ നിശ്ചലരാകുമ്പോള്‍ ഈ ഫ്‌ലോറുകളില്‍ സേവനം ചെയ്യുന്ന നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടേയുമൊക്കെ ഹൃദയം നുറുങ്ങും. കണ്ണുകളില്‍ ഈറനണിയും. ചിലർ അറിയാതെ വിങ്ങിപ്പൊട്ടും. ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ മരണത്തെ പുല്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു മനോവേദനയാണ്. ഉറ്റവരും ഉടയവരും എല്ലാവരുമുണ്ടായിട്ടും ഒന്ന് സംസാരിക്കാനോ വിഡിയോ കോൾ  വഴി ബന്ധപ്പെടാനോ ബന്ധുക്കള്‍ക്ക് കഴിയില്ല.അന്ത്യ സമയത്ത് വീഡിയോ കോള്‍ നടത്തിയാണ് മരണാസന്നരായ രോഗികളെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. 

അവരുടെ അവസാന ശ്വാസത്തിന് മുൻപ് അവരുടെ കൈകൾ ചെറുതായി ഉയരുന്നതു കണ്ടേക്കാം. തങ്ങളുടെ ജീവിതത്തിന്റെ അവസാനകാലത്ത്, ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽക്കൂടി കടന്നു പോകുന്ന നേരത്തു തങ്ങളെ പരിചരിച്ചു കൂട്ടുനിന്ന ആ സഹോദരി സഹോദരന്മാർക്കു നേരെയാണ് ആ കൈകൾ ഉയരുന്നത്. അവരുടെ അനുഗ്രഹം, അതാകാം രോഗികളുമായി സമ്പർക്കം പുലർത്തുന്ന ഈ നിസ്വാർത്ഥ സേവകരെ ദൈവം ഉള്ളം കൈയ്യിൽ പരിപാലിക്കുന്നത്. നമ്മളോട് സാമൂഹ്യ ദൂരം പാലിക്കണമെന്നും മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്നും വീടുകളിൽ നിന്നും ഇറങ്ങരുതെന്നും പറയുന്നത് ആരോഗ്യ മേഖലയിലുള്ളവരാണ്. യുദ്ധകാലത്തു ജനങ്ങളോട് വാതിലടച്ചു സുരക്ഷിതമായി കഴിയാൻ ആഹ്വാനം ചെയ്യുന്ന പട്ടാളക്കാരെപ്പോലെയാണ് ആരോഗ്യമേഖലയിലെ പ്രവർത്തകരും. പട്ടാളക്കാർ നാം ഉറങ്ങുമ്പോൾ രാജ്യത്തിന് കാവൽ നിന്ന് നമ്മളെ ശത്രുക്കളിൽ നിന്ന് അവർ രക്ഷിക്കുന്നു. ഇവിടെ ജീവന്റെ കാവലാളുകളായി ദൈവം തെരെഞ്ഞെടുത്ത ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി പുറത്തിറങ്ങി നമ്മുടെ വേണ്ടപ്പെട്ട രോഗികളായവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു ജീവൻ പണയം വച്ച്  നമ്മുടെ ഉറ്റവർക്കായി ജോലി ചെയ്യുന്നു.

ഇത്തരം രോഗികളുമായുള്ള ദൈനംദിന സമ്പര്‍ക്കങ്ങള്‍മൂലം പല രോഗികള്‍ക്കും അവരുമായി നല്ല ആത്മബന്ധം ഉണ്ടായിരിക്കും. ഓരോ ഓഫ് ദിവസങ്ങളും കഴിഞ്ഞു തിരികെ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ അവർ ആദ്യം നോക്കുന്നത് തങ്ങളുടെ രോഗികള്‍ ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെയുണ്ടോ എന്നാകും. ജോലിയില്‍ നിന്നും തിരികെ പോകുമ്പോഴും ആ രോഗികളായിരിക്കും അവരുടെയുള്ളില്‍. 'ദൈവമേ ഞാന്‍ നാളെ എത്തുമ്പോള്‍ ആ അപ്പൂപ്പന്‍ അല്ലെങ്കില്‍ അമ്മൂമ്മ അതുമല്ലെങ്കില്‍ ആ ചെറുപ്പക്കാരന്‍ അവിടെത്തന്നെ ഉണ്ടാകണം' എന്ന് മനസ്സില്‍ പ്രാത്ഥിച്ചുകൊണ്ടാണ് ഓരോ ദിവസങ്ങളും കടന്നുപോകുന്നത്.

നമുക്ക് സുരക്ഷയും നിയമപരിപാലനയും നടത്തുന്നവരാണ് ഫയര്‍ ഫോഴ്‌സും പോലീസ് സേനയുമെങ്കില്‍ അവര്‍ക്കും മേല്‍ എത്രയോ വലിയ സേവനമാണ് നമ്മുടെ ആരോഗ്യമേഖലയിൽ നിസ്വാർത്ഥമായ സേവനം കാഴ്ചവയ്ക്കുന്ന നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്നതെന്ന തിരിച്ചറിവും അംഗീകാരവുമാണ് നാം അവര്‍ക്കുനല്‍കേണ്ടത്. അമേരിക്കക്കാർക്ക് ആ തിരിച്ചറിവ് നന്നായിട്ടുണ്ട്. അതിനൊരുദാഹരണമാണ് കൃത്യനിർവഹണം മാറ്റി വച്ച് ഏതാണ്ട് 10-15  മിനിട്ടു മാത്രം അവിടെ നടത്തിയ വിസ്‌മയകരമായ പരേഡ്. ലോക്ക് ഡൗൺ തുടങ്ങിയ കാലം മുതൽ എല്ലാ ദിവസവും ലിവിങ്സ്റ്റൺ കമ്മ്യൂണിറ്റി  600 ലഞ്ചുകൾ വീതം സെയിന്റ് ബർണബാസ്‌ ഹോസ്പിറ്റലിലെ നിസ്വാർത്ഥ സേവകരായ ആരോഗ്യപ്രവർത്തകർക്കു നൽകുന്നുണ്ട്. ന്യൂജേഴ്സിയിലെയും ന്യൂയോർക്കിലെയും പല കമ്മ്യൂണിറ്റികളും അവരുടെ സ്വന്തം കമ്മ്യൂണിറ്റി ഹോസ്പിറ്റലുകളിൽ ഇങ്ങനെ ചെയ്യുന്നുണ്ട്. കേരളത്തിലും  ഇന്ത്യയിലും സ്ഥിതിഗതികൾ  അത്ര ഗുരുതരമല്ലെന്നിരിക്കെ നമ്മൾ മലയാളികൾ ഇത്തരം മഹത്തായ കാര്യങ്ങളാണ് ചെയ്യേണ്ടത്.  കേരളത്തിലെ മന്ത്രിമാരുടെയും സർക്കാരിലെ മറ്റു ഉന്നതരെയും ടെലികോൺഫറൻസിൽ കൊണ്ടുവന്ന് അവരുടെ വിലപ്പെട്ട സമയങ്ങൾ കളയുകയല്ല വേണ്ടത്. നമ്മൾക്ക് അന്നം തരുന്ന നാട്ടിലെ പ്രശ്നനങ്ങൾ കഴിഞ്ഞു മതി ജന്മനാട്ടിലെ കാര്യങ്ങളിൽ ഇടപെടേണ്ടത്.

 ഭൂമിയിലെ മറ്റുള്ളവരുടെ ജീവനുകൾക്കു ത്യാകാർപ്പണം  നടത്തുന്ന ഈ ദൈവദൂതന്മാരെ സ്‌നേഹത്തോടെ ഓര്‍ക്കാം.. അവര്‍ക്കൊരു ആപത്തും വരാതെ പ്രാര്‍ത്ഥിക്കാം. 
 
 
   
ആരോഗ്യ പ്രവർത്തകർക്ക് പോലീസ് - ഫയര്‍ഫോഴ്‌സ് വക ഗാര്‍ഡ് ഓഫ് ഓണര്‍;പോലീസ് ഹെലിക്കോപ്റ്ററും അണിനിരന്നു ആരോഗ്യ പ്രവർത്തകർക്ക് പോലീസ് - ഫയര്‍ഫോഴ്‌സ് വക ഗാര്‍ഡ് ഓഫ് ഓണര്‍;പോലീസ് ഹെലിക്കോപ്റ്ററും അണിനിരന്നു ആരോഗ്യ പ്രവർത്തകർക്ക് പോലീസ് - ഫയര്‍ഫോഴ്‌സ് വക ഗാര്‍ഡ് ഓഫ് ഓണര്‍;പോലീസ് ഹെലിക്കോപ്റ്ററും അണിനിരന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക