Image

ലോക്ക് ഡൗണ്‍ നീട്ടി; അയര്‍ലന്‍ഡില്‍ നൂറുകണക്കിനു മലയാളികള്‍ കുടുങ്ങി

Published on 12 April, 2020
 ലോക്ക് ഡൗണ്‍ നീട്ടി; അയര്‍ലന്‍ഡില്‍ നൂറുകണക്കിനു മലയാളികള്‍ കുടുങ്ങി

ഡബ്ലിന്‍ : അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഐഒസി, ഒഐസിസി അയര്‍ലന്‍ഡ് സംഘടനകള്‍ ആവശ്യപ്പെട്ടു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങി കിടക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്ക് വന്നവരും വിസിറ്റിനു വന്നവരും അടക്കം നിരവധി പേരുടെ വീസ കാലാവധി കഴിഞ്ഞിട്ടും യൂറോപ്പിലെ യാത്രാ നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാന്‍ ആവാതെ വന്നിരിക്കുകയാണ്. രണ്ടു മാസത്തേക്ക് വീസ കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും ഇവരില്‍ അധികവും ഏറെ മാനസിക സഘര്‍ഷത്തിലാണ്.

അയര്‍ലന്‍ഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഇന്ത്യയില്‍ കുടുങ്ങി കിടന്ന അവരുടെ പൗരന്മാരെ എയര്‍ ഇന്ത്യാ വിമാനം ഉപയോഗിച്ച് തിരികെ എത്തിച്ചിരുന്നു. യൂറോപ്പില്‍ യാത്രാ തടസം നേരിട്ട ഇന്ത്യാക്കാരോടും ഇതേ മനോഭാവം ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം അധ്യക്ഷന്‍ ലിങ്ക്വിന്‍സ്റ്റര്‍ മാത്യു പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജോലി നഷ്ടപ്പെട്ടവരും പഠനം നീട്ടി വയ്ക്കപ്പെട്ടവരുമായുള്ള നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദാരിദ്ര്യത്തിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കും നീങ്ങുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ കാലം യൂറോപ്പില്‍ തുടരുന്നത് ആപത്കരമായ അവസ്ഥയിലേയ്ക്ക് ഇവരെ എത്തിച്ചേക്കാമെന്നതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് ലിങ്ക്വിന്‍സ്റ്റര്‍ മാത്യു നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

ഐഒസി / ഒഐസിസി അയര്‍ലന്‍ഡ് ഹെല്‍പ്പ് ലൈന്‍

അയര്‍ലന്‍ഡില്‍ സന്ദര്‍ശനത്തിനായി എത്തി ,ലോക്ഡൗണിനെ തുടര്‍ന്നു മടങ്ങിപ്പോകാനാവാതെ കുടുങ്ങിപ്പോയ മലയാളികള്‍ക്കായി ഐഒസി /ഒഐസിസി അയര്‍ലന്‍ഡ് ഒരു ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സാന്‍ജോ മുളവരിയക്കല്‍ 0831919038, പി.എം ജോര്‍ജ് കുട്ടി (വാട്ടര്‍ഫോര്‍ഡ് ) 0870566531, റോണി കുരിശിങ്കല്‍പറമ്പില്‍ 0899566465, പ്രശാന്ത് മാത്യു 0894797586.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക