Image

മൂല്യമാലിക: മൂല്യച്യുതികളെ മുറിവുകളായനുഭവിക്കുന്ന കാവ്യം

Published on 19 May, 2012
മൂല്യമാലിക: മൂല്യച്യുതികളെ മുറിവുകളായനുഭവിക്കുന്ന കാവ്യം
“മൂല്യച്യുതികളെ മുറിവുകളായനുഭവിക്കുന്ന ഒരു മനസ്സാണു് 'മൂല്യമാലിക' യിലെ വക്താവ്. അനുഭവജ്ഞാനമാണു് സാക്ഷാലറിവെന്നു് (52) വിശ്വസിച്ചുകൊണ്ടാണു് ഇതിലെ പ്രബോധനങ്ങള്‍. ആത്മനിയന്ത്രണത്തിന്റെയും ഭക്തിയുടെയും സത്യവ്രതത്തിന്റെയും ചര്യകള്‍ ഇതില്‍ മൂല്യപഥങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നു.
അതിവേഗം മൂല്യങ്ങള്‍ മറന്നും മറഞ്ഞും പോകുന്ന ലോകത്തില്‍ മൂല്യപ്രബോധനം കവിധര്‍മ്മമാണെന്ന വിശ്വാസം ഈ കൃതിയെ ഒരപൂര്‍വ്വ സച്ചര്യാപാഠശാലയാക്കുന്നു. നടക്കാന്‍ കഴിവില്ലാത്തവനെ മാമല കടക്കാന്‍ പ്രാപ്തനാക്കുന്നത് ഈല്‍, മഹശ്വരോന്മുഖമായ ആത്മാര്‍പ്പണമാണെന്നതാണു് ഇവിടെ കേന്ദ്രപാഠം (36) എങ്കിലും വ്യക്തിയെ ഭക്തനാക്കുകയല്ല ശുദ്ധനാക്കുകയാണു് ഇവിടെ ലക്ഷ്യം. മൂല്യബോധത്തെ ശുദ്ധിയും ശക്തിയും സുഖവും ജയവും ശാന്തിയുമായി ഈ കവയിത്രി ഉപാസിക്കുന്നു. വിശുദ്ധമായ ഔന്നത്യത്തിലേക്കുള്ള വഴിപാടാണു് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ 'മൂല്യമാലിക.”
ശ്രീ. കെ.ജി. ശങ്കരപ്പിള്ള (പ്രിന്‍സിപ്പല്‍, മഹാരാജാസ് കോളജ്, എറണാകുളം)

“സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങളില്‍ കുമാരനാശാന്‍ എവിടെയാണോ നിലയുറപ്പിച്ചത് അവിടെത്തന്നെയാണു് ശ്രീമതി ശങ്കരത്തിലും പദമൂന്നുന്നത്. ഉദ്‌ബോധനാത്മക കവിതകളില്‍ പ്രധാനമാണു് നീതിസാരകവിതകള്‍. മൂല്യാധിഷ്ഠിതമായ ജീവിതസങ്കല്പമാണു് നീതിസാരകവിതകള്‍ ലക്ഷ്യമിടുന്നത്. അമേരിക്കയിലും, മലയാളികളുള്ള എവിടെയും, അറിയപ്പെടുന്ന, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതിയ 'മൂല്യമാലിക' ആധുനികകാലഘട്ടത്തിന്റെ നീതിസാരമാണു്.”
ഡോ. എം.എം. ബഷീര്‍

“നൂറ്റിപ്പത്ത് 'സുഭാഷിത'ങ്ങളുടെ സമാഹാരമാണു് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ 'മൂല്യമാലിക'. 'മൂല്യ'മെന്ന വാക്കിന്റെ അര്‍ത്ഥവും അതുണര്‍ത്തിവിടുന്ന ആശയപ്രപഞ്ചവും ആര്‍ക്കും ആവശ്യമില്ലാത്ത ഈ നൂറ്റാണ്ടില്‍ 'മൂല്യ'മെന്ന വാക്കിനെ മുറുകെപ്പിടിക്കുന്ന ഈ കവയിത്രിയെ അറിഞ്ഞാദരിക്കേണ്ടിയിരിക്കുന്നു.”
പ്രൊഫ. .ഡോ. സാമുവല്‍ ചന്ദനപ്പള്ളി.

വെളിച്ചം വറ്റാത്ത ഒരു കൃപാസ്രോതസ്സിന്റെ നിതാന്തസാന്നിദ്ധ്യമാണു് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ അടിസ്ഥാന വിശ്വാസപ്രമാണം. ഈ സഹസ്രാബ്ദത്തിനുള്ള ഒരു മന്ത്രധ്വനിയാണു് മൂല്യമാലിക” ജോസ് പനച്ചിപ്പുറം

പത്രാധിപക്കുറിപ്പ്
മൂല്യമാലികയിലെ ദളങ്ങള്‍ ഈ ലക്കത്തോടെ കൂമ്പുകയാണു്. കവയിത്രിക്കു് അനുമോദനങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക