Image

അതിരൂപതയിലെ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം

Published on 19 May, 2012
അതിരൂപതയിലെ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം
ചങ്ങനാശ്ശേരി:അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് അതിരൂപതയിലെ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം നല്‍കുന്നു. വികാരിയാത്തിന്റെ 125-ാം വാര്‍ഷികദിനമായ 20ന് ഞായറാഴ്ചയാണ് ദണ്ഡവിമോചനം നല്‍കുന്നത്. ശതോത്തര രജതജൂബിലി ആഘോഷവേളയില്‍ സഭയില്‍നിന്ന് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ലഭിക്കുന്ന പ്രത്യേക അംഗീകാരമാണിത്.

പാപകടങ്ങള്‍ മൂലമുണ്ടാകുന്ന കാലികശിക്ഷയില്‍നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം. അനുരഞ്ജനകൂദാശ(കുമ്പസാരം)യില്‍ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടാലും തെറ്റുകള്‍ മൂലമുള്ള കടങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കത്തോലിക്കാസഭ വിശ്വസിക്കുന്നത്.

ദണ്ഡവിമോചനം നല്‍കുന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം, ശതോത്തര രജതജൂബിലി സമ്മേളനമധ്യേ, മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാനുവേല്‍ മൊന്തെയ്‌റോ ഡികാസ്‌ട്രോ നടത്തി. ഞായറാഴ്ച നടക്കുന്ന വിശുദ്ധകുര്‍ബാനയില്‍ ആദ്യന്തം പങ്കെടുത്ത് വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. ഇവര്‍ അനുരഞ്ജനകൂദാശ ഒരുക്കത്തോടെ സ്വീകരിച്ച് വ്യക്തികള്‍ക്കിടയിലെ പിണക്കങ്ങള്‍ പരിഹരിച്ചുവേണം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍. മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുകയും വേണം. എങ്കിലേ പരിപൂര്‍ണ ദണ്ഡവിമോചനം ലഭിക്കുകയുള്ളൂ.
വിശ്വാസപൈതൃകം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ ചങ്ങനാശ്ശേരി അതിരൂപത എന്നും മുന്‍പന്തിയിലായിരുന്നുവെന്ന് വത്തിക്കാനില്‍നിന്നുള്ള കര്‍ദ്ദിനാള്‍ മാനുവല്‍ മൊന്തെയ്‌റോ ഡി കാസ്‌ട്രോ പറഞ്ഞു.ചങ്ങനാശ്ശേരി അതിരൂപത സഭയുടെ പൈതൃകത്തോടും പാരമ്പര്യത്തോടും വിശ്വസ്തത പാലിച്ച് എന്നും നിലകൊള്ളുന്നു എന്നത് ശ്ലാഘനീയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും ജന്മനാടായ ചങ്ങനാശ്ശേരി അതിരൂപതയുടെ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് സീറോമലബാര്‍ സഭയുടെ പ്രത്യേകതയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്.ചങ്ങനാശ്ശേരി ,തൃശ്ശൂര്‍ വികാരിയത്തുകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ,ആരോഗ്യരംഗങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ തുടങ്ങിയ കാര്യം അദ്ദേഹം അനുസ്മരിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അദ്ധ്യക്ഷനായി. ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കര്‍ദ്ദിനാള്‍ ഡി കാസ്‌ട്രോ ഉപഹാരം നല്‍കി. പൗരോഹിത്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനും ്പ്രത്യേകം ഉപഹാരം നല്‍കി. അതിരൂപതയുടെ സ്‌നേഹസമ്മാനം മാര്‍ ജോസഫ് പെരുന്തോട്ടം കര്‍ദ്ദിനാള്‍ ഡി കാസ്‌ട്രോയ്ക്ക് സമര്‍പ്പിച്ചു.

ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍, മന്ത്രി കെ. എം. മാണി, മന്ത്രി കെ. സി. ജോസഫ്, വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദസ്വാമി, പുതൂര്‍പ്പള്ളി ഇമാം മുഹമ്മദ് അമീന്‍ അല്‍ ഹസനി, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, റവ. തോമസ് കെ ഉമ്മന്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരി, കൊടിക്കുന്നില്‍ സുരേഷ് എം പി, സി. എഫ്. തോമസ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്മിതാജയന്‍, തോമസ് സെബാസ്റ്റിയന്‍ വൈപ്പിശ്ശേരി, ടീന കെ. വര്‍ഗ്ഗീസ്, ജേക്കബ്ബ് ജോബ് എന്നിവര്‍ സംസാരിച്ചു. ആതുരശുശ്രൂഷാരംഗത്തെ നേട്ടങ്ങള്‍ക്ക് ചെത്തിപ്പുഴ ആസ്​പത്രിയിലെ ഡോ.പി.എസ്.ജോണ്‍, ഡോ.എം.രാധാകൃഷ്ണന്‍, കലാരംഗത്തെ സംഭാവനകള്‍ക്ക് ജോസ് ആലഞ്ചേരി എന്നിവര്‍ക്ക് അതിരൂപതയുടെ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക