Image

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധീകരണ നടപടികളില്‍ ഒരു ചുവടുവയ്പു കൂടി.

Published on 16 May, 2012
ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധീകരണ നടപടികളില്‍ ഒരു ചുവടുവയ്പു കൂടി.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധീകരണ നടപടികളില്‍ ഒരു ചുവടുവയ്പു കൂടി.

ചാവറയച്ചന്റെ അദ്ഭുതപ്രവൃത്തിയുടെ റിപ്പോര്‍ട്ട് വത്തിക്കാന്‍ അംഗീകരിച്ചു. പാലാ രൂപതയില്‍പ്പെട്ട ഒരു കുട്ടിയുടെ അസുഖം ചാവറയച്ചന്റെ മധ്യസ്ഥതയില്‍ സുഖപ്പെട്ടതു സംബന്ധിച്ചു പാലാ രൂപത അയച്ച വിശദമായ റിപ്പോര്‍ട്ട് വത്തിക്കാന്‍ തിരുസംഘം സ്വീകരിച്ചു. ഈ അദ്ഭുത പ്രവൃത്തിയെക്കുറിച്ചു വത്തിക്കാനിലെ മെഡിക്കല്‍ ടീം വിശദമായ പഠനം നടത്തും.

അദ്ഭുതപ്രവൃത്തി വത്തിക്കാന്‍ അംഗീകരിക്കുന്നതോടെ ചാവറയച്ചനെ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ ഒരു ഘട്ടംകൂടി പൂര്‍ത്തിയാകും. ചാവറയച്ചന്റെ വിശുദ്ധീകരണ നടപടികള്‍ക്കായി പാലാ രൂപത രൂപീകരിച്ച ട്രൈബ്യൂണല്‍ രോഗശാന്തി വിവരം പരിശോധിച്ച ശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇന്നലെ വൈക്കം കുടവെച്ചൂരില്‍, സിഎംഐ സഭാ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് അലക്‌സിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു അദ്ഭുതപ്രവൃത്തിയുടെ റിപ്പോര്‍ട്ട് വത്തിക്കാന്‍ സ്വീകരിച്ചതായി അറിയിച്ചത്.

ചാവറയച്ചന്റെ നാമകരണ നടപടിക്രമങ്ങള്‍ 1955 ഡിസംബറിലാണ് ആരംഭിച്ചത്. 1986 ഫെബ്രുവരിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സാഹിത്യകാരന്‍, വിദ്യാഭ്യാസ ചിന്തകന്‍, വാഗ്മി, ബഹുഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ഒരു കാലഘട്ടത്തിന്റെ നിറസാന്നിധ്യമായിരുന്ന ചാവറയച്ചന്‍ കുട്ടനാട്ടില്‍ കൈനകരിയിലെ ചാവറ കുടുംബത്തില്‍ 1805 ഫെബ്രുവരിയിലാണു ജനിച്ചത്.

മാന്നാനത്തു പ്രസ് സ്ഥാപിച്ച് ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണമാരംഭിച്ച അദ്ദേഹം 1846ല്‍ സഭയ്ക്കുവേണ്ടി ആദ്യത്തെ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. അധഃകൃതര്‍ക്കു വേണ്ടി ആര്‍പ്പൂക്കരയില്‍ വിദ്യാലയം തുടങ്ങി. നിസ്സഹായരായ അഗതികളെ താമസിപ്പിച്ചു സംരക്ഷിക്കുന്നതിനായി കൈനകരിയില്‍ അഗതിമന്ദിരവും സ്ഥാപിച്ചു. 1871ല്‍ എറണാകുളത്തെ കൂനമ്മാവിലാണ് അന്തരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക