Image

വരാപ്പുഴ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

Published on 13 December, 2019
വരാപ്പുഴ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
വരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. പൊലീസ്‌ ബോധപൂര്‍വം നിയമം ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. 

പൊലീസുകാര്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളുണ്ടെന്നും വീട്ടിലും വഴിയിലും ജീപ്പിലും സ്റ്റേഷനിലും വച്ച്‌ ശ്രീജിത്തിനെ മര്‍ദിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ശ്രീജിത്തിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച്‌ കുറ്റപത്രത്തില്‍ പറയുന്നു.

മുന്‍ ആലുവ റൂറല്‍ എസ്‌പിയായിരുന്ന എ വി ജോര്‍ജിന്റെ ടൈഗര്‍ ഫോഴ്‌സില്‍ അംഗങ്ങളായിരുന്ന പി പി സന്തോഷ്‌ കുമാര്‍, റിബിന്‍ രാജ്‌, എം എസ്‌ സുമേഷ്‌, അന്നത്തെ വരാപ്പുഴ എസ്‌ഐ ആയിരുന്ന ദീപക്ക്‌ എന്നിവര്‍ക്കെതിരെയാണ്‌ കുറ്റപത്രത്തില്‍ ശക്തമായ വിമര്‍ശനമുള്ളത്‌. നാലുപേരും ബോധപൂര്‍വമായാണ്‌ നിയമം ലംഘിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. .

നാലാം പ്രതിയായ ദീപക്കാണ്‌ പൊലീസ്‌ സ്റ്റേഷനില്‍ വച്ച്‌ ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചത്‌. കസ്റ്റഡിയിലെടുത്തതായി സ്റ്റേഷനില്‍ രേഖപ്പെടുത്തിയില്ല. ഇത്‌ ഗുരുതരമായ കുറ്റമാണെന്നും ക്രൈംബ്രാഞ്ച്‌ കുറ്റപത്രത്തില്‍ ചൂട്ടിക്കാട്ടുന്നു.

ഇന്നലെയായിരുന്നു ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്‌. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത്‌ രണ്ടു ദിവസത്തേയ്‌ക്ക്‌ കൂടി വൈകിപ്പിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക