Image

അല്‍ബാനിയായുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Published on 11 May, 2012
അല്‍ബാനിയായുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ : ദക്ഷിണ യൂറോപ്യന്‍ രാജ്യമായ അല്‍ബാനിയായുടെ പ്രസിഡന്‍റ് ബാമിര്‍ തോപി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മെയ് അഞ്ചാം തിയതി ശനിയാഴ്ച രാവിലെയാണ് പ്രസിഡന്‍റും മാര്‍പാപ്പയും കൂടിക്കാഴ്ച്ച നടത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റ് തോപി കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

അല്‍ബാനിയായും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് മാര്‍പാപ്പയും പ്രസിഡന്‍റ് തോപിയും സംസാരിച്ചു. സഭയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മതാന്തര സംവാദത്തെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. അല്‍ബാനയായില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശിഷ്യാ അന്നാട്ടിലെ വിവിധ സാമൂഹ്യരംഗങ്ങളില്‍ മാനവ വികസനത്തിനുവേണ്ടി കത്തോലിക്കാ സഭ നല്‍കുന്ന ക്രിയാത്മക സംഭാവനകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
അല്‍ബാനിയ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം സ്വീകരിക്കാന്‍ പോകുന്നതിനെക്കുറിച്ച് പ്രസിഡന്‍റ് തോപി മാര്‍പാപ്പയോടു സംസാരിച്ചു. അന്താരാഷ്ട്ര തലത്തിലെ കാലിക പ്രശ്നങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ആഗോള സാമ്പത്തീക മാന്ദ്യത്തെക്കുറിച്ചും ഇരുവരും തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക