Image

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 45: ജയന്‍ വര്‍ഗീസ്)

Published on 24 October, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 45: ജയന്‍ വര്‍ഗീസ്)
ഒരാഴ്ച ആശുപത്രിയില്‍ കിടന്നിട്ടും ഭാര്യയുടെ കഴുത്തു വേദന കുറഞ്ഞിരുന്നില്ല. എന്നാല്‍ സ്കൂള്‍ സമരം ഒത്തു തീര്‍പ്പായി എന്നറിഞ്ഞത് മുതല്‍ ഒരു ആശ്വാസം കിട്ടിയതായി ഞാന്‍ തിരിച്ചറിഞ്ഞു.  ഈ രോഗം മാനസിക പിരിമുറുക്കത്തില്‍ നിന്ന് ഉളവായതാകാം എന്ന ഒരു തോന്നല്‍ അപ്പോള്‍ മുതല്‍ എനിക്കുണ്ടായി. കഴുത്തില്‍ കാന്‍സര്‍ ബാധിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന അവളുടെ ഒരു കസിന്‍ ബ്രദറിനെ രണ്ടാഴ്ച മുന്‍പ് അവള്‍ സന്ദര്‍ശിച്ചിരുന്നു. അതും കൂടി കൂട്ടി വായിച്ചപ്പോള്‍ ഏകദേശം ഒരു രേഖാചിത്രം എനിക്ക് കിട്ടി. അപ്പോള്‍ എക്‌സ്‌റേയില്‍ കണ്ടുവെന്ന് പറയുന്ന കഴുത്തിലെ എല്ല് തേയുന്നതോ? അത് ബിസിനസ്സിന്റെ ഭാഗമാവാം എന്ന് പ്രകൃതി ചികിത്സ പഠിച്ച എനിക്ക് മനസ്സിലായി.

അന്ന് മുതല്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവളെ പറഞ്ഞു മനസിലാസക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ അടുത്ത മുറിയില്‍ മുട്ട് വേദനയുമായി കിടക്കുന്ന തൃക്കാരിയൂര്‍ കാരിയായ ഭാഗീരഥി എന്ന് പേരുള്ള ഒരു അമ്മച്ചിയും ഇതിന് എന്നെ സഹായിച്ചു. തൃക്കാരിയൂരില്‍ ഇളയത് എന്ന ഒരു ആയുര്‍വേദ വൈദ്യന്‍ ഉണ്ടെന്നും, ഗുണമേന്മ ഉറപ്പു വരുത്താനായി സ്വന്തമായി  ഉണ്ടാക്കിയുടുക്കുന്ന മരുന്നുകള്‍ മാത്രമേ അദ്ദേഹം ചികിത്സക്ക്  ഉപയോഗിക്കുകയുള്ളുവെന്നും, അവിടെ പോയാല്‍ നിസ്സാരമായി ഈ കഴുത്ത് വേദന മാറിക്കിട്ടുമെന്നും അമ്മച്ചി പറഞ്ഞു. പി. ആന്‍ഡ് ടി. ഡിപ്പാര്‍ട്ടുമെന്റില്‍ ജീവനക്കാരനായ മകന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി സൗജന്യമായി ചികില്‍സിക്കാം എന്നത് കൊണ്ടാണ്  താന്‍  ഇവിടെ എത്തിയത് എന്നും അമ്മച്ചി വിശദീകരിച്ചു.

തുക്കാരിയൂര്‍ കാരന്‍ തന്നെയായ എല്ലാവരും തിരുമേനി എന്ന് വിളിക്കുന്ന ഒരു നംപൂതിരി ആയിരുന്നു ഞങ്ങളുടെ മറ്റൊരു സഹമുറിയന്‍. ക്ഷേത്രക്കുളത്തിന്റെ കരയില്‍ വീണ് കാല്‍ മുട്ടിനു പരിക്ക് പറ്റി വന്നിരിക്കുകയാണ്. തിരുമേനിക്ക് ധാരാളം സന്ദര്‍ശകര്‍ വരുന്നുണ്ട്. ഓരോ സന്ദര്‍ശകരെയും തനിക്ക് പറ്റിയതെന്താണെന്ന് തിരുമേനി അഭിനയിച്ചു കാണിച്ചു കൊടുക്കുകയാണ്. കാല്‍മുട്ടിലെ വച്ചുകെട്ടൊന്നും തിരുമേനിക്ക് പ്രശ്‌നമല്ല. അതാണ് തിരുമേനിയുടെ ഒരു രീതി. " നോം നമ്മുടെ ക്ഷേത്രക്കുളത്തിന്റെ വടക്കേക്കരയിലൂടെ അങ്ങനെ നടക്കണൂ. പെട്ടന്ന് നുമ്മുടെ തലക്ക് മേളില്‍ 'ധിം' എന്നൊരൊച്ച. നുമ്മുടെ തെങ്ങില്‍ നിന്ന് ഓലമടലാണെ. ഓല നുമ്മുടെ മേലെ വീഴും മുന്പു ' ധിം' ന്ന് നോം താഴെ.  അങ്ങനെ സംഭവിച്ചതാണേ. ഏത്? " ഇതിനിടയില്‍ ഓല വീഴുന്നതും താന്‍ മാറുന്നതും, താഴെ വീഴുന്നതുമെല്ലാം വച്ചുകെട്ടുള്ള മുട്ടും വച്ച് തിരുമേനി അഭിനയിക്കുകയാണ്. ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും, " നിങ്ങള് കാണണം ഹേ " എന്ന് പറഞ്ഞു കൊണ്ട് തിരുമേനി എന്നെയും അഭിനയിച്ചും വീണും കാണിച്ചു തരികയുണ്ടായി.

പത്തു ദിവസം കഴിഞ്ഞപ്പോള്‍ പൊയ്‌ക്കൊള്ളട്ടെ എന്ന് ഡോക്ടറോട് ചോദിച്ചു. നട്ടെല്ലിന്റെ ഭാഗമായ എല്ലായതിനാല്‍ സുഖപ്പെടാന്‍ കാലമെടുക്കും എന്നും, വീട്ടിലാവുന്‌പോള്‍ കൂടുതല്‍ അനങ്ങാന്‍ സാധ്യത ഉള്ളത് കൊണ്ട് നിര്‍ബന്ധമാണെങ്കില്‍ കഴുത്തില്‍ ഒരു കോളര്‍ വച്ച് വീട്ടില്‍ വിടാമെന്നും ഡോക്ടര്‍ പറഞ്ഞു. പതിനൊന്നാം ദിവസം ഞാന്‍ തന്നെ ഡിസ്ചാര്‍ജ് ചോദിച്ചു വാങ്ങി. നേരെ തൃക്കാരിയൂരിലെത്തി വൈദ്യനെ കണ്ടു. അമ്മച്ചി പറഞ്ഞത് ശരിയായിരുന്നു. സ്വര്‍ണ്ണത്തിന്റെയല്ലാ, തങ്കത്തിന്റെ അത്രയും വിലയാണ് മരുന്നുകള്‍ക്ക്. വാങ്ങാതെ നിവര്‍ത്തിയില്ലല്ലോ? അതും വാങ്ങി വീട്ടിലെത്തി. അസുഖം കുറഞ്ഞു കുറഞ്ഞു വന്നു. ഒന്ന് രണ്ടു തവണ കൂടി  ഇളയതിന്റെ തങ്കവില മരുന്നുകള്‍ വാങ്ങി. ഏതായാലും അസുഖം പൂര്‍ണ്ണമായി മാറി. മരുന്നുകളുടെ സഹായത്തോടെ മനസ്സാണ് മാറിയതെന്നാണ് എന്റെ എളിയ വിലയിരുത്തല്‍.

ആശുപത്രി വാസത്തിന്റെ സുദീര്‍ഘമായ ദിനങ്ങള്‍ക്കിടയില്‍ അമ്മച്ചിയുടെ  കുടുംബവുമായി  ഞങ്ങള്‍ വളരെയേറെ അടുത്തു. അമ്മച്ചിക്കും ഭര്‍ത്താവിനും ഒറ്റ മകന്‍. മകന്റെ കുടുംബത്തോടും കുട്ടികളോടും  ഒത്തുള്ള  സന്തുഷ്ടമായ ജീവിതം. തൃക്കാരിയൂരില്‍ ചെന്നപ്പോളൊക്കെ ഞങ്ങള്‍ ആ വീട്ടില്‍ പോവുകയും, സമൃദ്ധമായ വെജിറ്റേറിയന്‍ ഊണ് കഴിക്കുകയും ഉണ്ടായി. അമ്മച്ചിക്ക് പച്ചക്കറി വലിയ ഇഷ്ടമാണെന്ന് അറിഞ്ഞതിനാല്‍ ഞങ്ങളുടെ പറന്പില്‍ വിളഞ്ഞ വിവിധങ്ങളായ പച്ചക്കറികള്‍ ഒരു ചാക്കില്‍ നിറച്ച് ഞാന്‍ അമ്മച്ചിക്ക് എത്തിച്ചു കൊടുത്തിരുന്നു. എങ്കിലും ഞങ്ങളുടെ വീട്ടില്‍ വരണം എന്ന് പല പ്രാവശ്യം ഞങ്ങള്‍ അപേക്ഷിച്ചിട്ട്, വരാം വരാം എന്ന്  പറഞ്ഞതല്ലാതെ അവര്‍ ആരും വന്നില്ല. ജാതിയും, മതവും എല്ലാം ഞങ്ങള്‍ക്കിടയില്‍ കയറി നിന്നിരിക്കാം എന്ന് പിന്നീട് ഞാന്‍ വിലയിരുത്തി.

തീവണ്ടി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന എന്‍ജിനീയര്‍ സുഖം പ്രാപിച്ചു തിരിച്ചു വന്നു ചുമതലയേറ്റു. അതേ ആഴ്ചയില്‍ തന്നെ അദ്ദേഹം ചാത്തമറ്റത്ത് വന്നു. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഉള്ളില്‍ ഒരു ലെയര്‍ കൂടി വാര്‍ത്തു.  ആളുകളെല്ലാം ഇപ്പോള്‍ ഞങ്ങളുടെ കൂടെയാണ്. പണികള്‍ എല്ലാം കണ്ട് ബോധ്യപ്പെട്ട് അദ്ദേഹം പോയി.

നാല്പത്തിനായിരത്തിലധികം രൂപാ ചെലവ് വന്ന പദ്ധതിക്ക്. റീ എസ്റ്റിമേറ്റില്‍ ഇരുപത്തി മൂവായിരം രൂപാ മാത്രമാണ് അനുവദിച്ചു കിട്ടിയത്. പതിനായിരം രൂപാ പി. ടി. എ. യുടെ ഫണ്ടില്‍ ഉണ്ടായിരുന്നത് കഴിച്ചു മുപ്പത്തിനായിരത്തില്പരം രൂപാ വേണം. കടം വീട്ടാന്‍. ഇതിനിടയില്‍ ഞങ്ങള്‍ക്ക് വേണ്ടിവന്ന വണ്ടിക്കൂലിക്കും, വട്ടചിലവിനുമൊന്നും കണക്കുകളേയില്ല. പൈസ കിട്ടിയപ്പോള്‍ തന്നെ പതിനായിരം രൂപാ സന്തോഷ് ലൈബ്രറിയുടെ പണം ബോബന് കൊടുത്തു. പാട്ടലില്‍ മത്തായി മുടക്കിയിരുന്ന ആയിരം തിരിച്ചു കൊടുത്തു. ഇനി ഇരുപത്തി മൂവായിരം രൂപാ മനയത്തുമാരി കടയില്‍ കൊടുക്കണം. പന്തീരായിരം കയ്യിലുണ്ട്. പതിനൊന്നായിരം രൂപയുടെ കുറവ്. പത്തു ലിറ്റര്‍ പാല് തരുന്ന ഒരു ജേഴ്‌സി പശുവിനെ മേരിക്കുട്ടി ഓമനിച്ചു വളര്‍ത്തിയിരുന്നു. അതിനു വേണ്ടി വീടിനോടു ചേര്‍ന്ന് ഞങ്ങള്‍ സ്വന്തമായും, മേസ്തിരിമാരെ വച്ചും, പണിതെടുത്ത റൂഫൊക്കെ കോണ്‍ക്രീറ്റില്‍ വാര്‍ത്ത് കരിങ്കല്ലില്‍ പണിത ഒരു കൊച്ചു തൊഴുത്തും കെട്ടിയിരുന്നു. സമീപ പറന്പുകളില്‍ നിന്നുമൊക്കെ പുല്ലു വെട്ടിക്കൊണ്ടു വന്നു കൊടുത്ത് വളര്‍ത്തിയിരുന്ന ആ പശു പ്രസവിച്ചു നില്‍ക്കുകയാണ് ; പത്തു ലിറ്ററിലധികം പാല്‍ ചുരത്തുവാനുള്ള തയ്യാറെടുപ്പോടെ.

പശുവിനെ വില്‍ക്കാതെ നിവര്‍ത്തിയില്ലെന്നു ഞാന്‍ പറഞ്ഞു. അവള്‍ക്കു തീരെ സമ്മതമില്ല. " പി. ടി. എ. യില്‍ ഏഴു കമ്മറ്റിക്കാരുണ്ടല്ലോ? ലാഭമാണ് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ക്ക് വീതം കൊടുക്കണ്ടായിരുന്നോ? "  എന്നവള്‍ ചോദിച്ചു. "  വേണമായിരുന്നു, പക്ഷെ, ഇവിടെ നഷ്ടമല്ലേ ഉണ്ടായിരിക്കുന്നത്? " എന്ന എന്റെ മറുപടി വിലപ്പോയില്ല. " എങ്കില്‍ നഷ്ടത്തിന്റെ വീതം അവരോടും തരാന്‍ പറ. " എന്നായി അവള്‍. " അവരെല്ലാം തന്നെ നമ്മളേക്കാള്‍ വിഷമിക്കുന്നവരാണെന്നും, കഴിഞ്ഞ ഒന്നൊന്നരക്കൊല്ലമായി അവര്‍ നമ്മളോടൊപ്പം അടിയുറച്ചു നിന്നവരാണെന്നുള്ള സത്യം മറക്കരുതെന്നും"  ഒക്കെ പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ നോക്കി.

അവസാനം മനസ്സില്ലാ മനസ്സോടെ അവള്‍ സമ്മതിച്ചു. ഇത്രക്ക് നന്നായി പണിതെടുത്ത തൊഴുത്ത് ഉപയോഗപ്പെടാതെ പോകുമല്ലോ എന്നായിരുന്നു അവളുടെ ഒരു ദുഃഖം. എന്റെ സുഹൃത്തായിരുന്ന പാലനാട്ടെ കുര്യാക്കോസിന് ഏഴായിരം രൂപക്ക് പശുവിനെയും കിടാവിനെയും വിറ്റു. ഇനിയും നാലായിരം രൂപാ കൂടി വേണം. ഉണ്ടായിരുന്ന റബര്‍ ഷീറ്റും, തേങ്ങയും, അല്‍പ്പം കൈവായ്പ്പയും ഒക്കെക്കൂട്ടി ഇരുപത്തി മൂവായിരം രൂപാ  മനയത്തുമാരിക്കടയില്‍    കൊടുത്ത് നന്ദി പറഞ്ഞു. ഈ പൈസ തിരികെ കിട്ടുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

പി. ടി.എ.യുടെ വാര്‍ഷിക പൊതുയോഗം വിളിച്ചുകൂട്ടി കണക്കുകള്‍ അവതരിപ്പിച്ചു. നഷ്ടം വന്ന തുക പി.ടി. എ. യുടെ നഷ്ടമായി കണക്കാക്കി ഫണ്ട് ഉണ്ടാവുന്ന മുറക്ക് തന്നു തീര്‍ക്കാം എന്നൊരു നിര്‍ദ്ദേശം പൊതു യോഗത്തില്‍ ഉയര്‍ന്നു. അതൊന്നും വേണ്ടാന്നും, ആ തുക എന്റെ സംഭാവനയായി കണക്കാക്കണമെന്നും, കേസില്‍ കുടുക്കാതെയും, തല്ല് കൊള്ളാതെയും രക്ഷപെട്ടതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും പറഞ്ഞ് ആ വലിയ അദ്ധ്യായം അവസാനിപ്പിച്ചു.

എല്ലാം കഴിഞ്ഞു സ്വസ്ഥമായി ഉറങ്ങിയ രണ്ട് ആഴ്ചകള്‍. അപ്പോഴാണ്, അപ്രതീക്ഷിതമായി അമേരിക്കന്‍ കുടിയേറ്റ വിസയുടെ ഇന്റര്‍വ്യൂവിന്റെ തീയതി അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് വരുന്നത്. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതേയല്ല. കാരണം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചേച്ചി ഞങ്ങളുടെ കുടുംബത്തെ ഫയല്‍ ചെയ്തതിനു തൊട്ടു പിറകെ 'ടിക്‌ഫോറം ' എന്നറിയപ്പെടുന്നതും, അപേക്ഷകരുടെ ബയോഡാറ്റാ ചോദിച്ചു കൊണ്ടുള്ളതുമായ ഒരു ഫോറം ഞങ്ങള്‍ക്ക് തപാലില്‍ ലഭിച്ചിരുന്നു. അത് പൂരിപ്പിച്ച് അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മേരിക്കുട്ടിയുടെ ഇളയ സഹോദരന്‍ മാത്യു വശം ഡല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയില്‍ ഏല്‍പ്പിക്കാനായി കൊടുത്തിരുന്നു. പില്‍ക്കാലത്ത് ഞങ്ങളുടെ പ്രയോറിറ്റി അറിയുന്നതിനുള്ള കൊച്ചേച്ചിയുടെ അന്വേഷണങ്ങളില്‍ ടിക് ഫോറം ഞങ്ങളുടെ ഫയലില്‍ കാണുന്നില്ല എന്ന അറിയിപ്പാണ് കിട്ടിക്കൊണ്ടിരുന്നത്. ഞങ്ങളുടെ ഒപ്പം ഫയല്‍ ചെയ്തിരുന്ന പലരും വിസ കിട്ടി അമേരിക്കയിലേക്ക് പറന്നിട്ടും ഞങ്ങള്‍ക്ക് ഒരറിയിപ്പും ലഭിക്കാതിരുന്നത് മൂലം ഇനിയത് പ്രതീക്ഷിക്കേണ്ടതില്ല എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍.

അതുവരെ കെട്ടടങ്ങിക്കിടന്ന അമേരിക്കന്‍ സ്വപ്നങ്ങള്‍ പുനര്‍ജനിച്ചു. അപ്രതീക്ഷിതം ആയിരുന്നു ഈ അറിയിപ്പ് എന്നതിനാല്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല.  ഇരുപത്തയ്യായിരം രൂപാ വാര്‍ഷികവരുമാനം കിട്ടാറായ നിലയിലായിരുന്നു അന്ന് ഞങ്ങളുടെ കൃഷികള്‍. പെയിന്റിംഗ് ഉള്‍പ്പടെ എല്ലാ പണിയും തീര്‍ന്ന ഒരു കൊച്ചു വീട്. മുടന്തിയും, ചടന്തിയുമാണെങ്കിലും മുന്നോട്ടു പോകുന്ന ഒരു കട. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന മകള്‍, ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍. എല്ലാമാണെങ്കിലും എത്രയോ പേര്‍ ആഗ്രഹിച്ചിട്ടും കിട്ടാത്തതാണ് ഒരു അമേരിക്കന്‍ എമിഗ്രെഷന്‍ വിസാ എന്ന വലിയ പ്രലോഭനം മുന്നില്‍ നിന്നു.

പണ്ട് വാങ്ങിച്ച നാല്‍പ്പത്തി മൂന്നര സെന്റിലെ റബ്ബര്‍ സ്ലോട്ടറിനുള്ള കാലം എത്തി നില്‍ക്കുകയായിരുന്നു. മുപ്പത്തയ്യായിരം രൂപക്ക് അത് അയല്‍ക്കാരനായ പാലനാട്ടെ ഒരു പയ്യന് സ്ലോട്ടറിനു കൊടുത്ത് പതിനയ്യായിരം രൂപാ രൊക്കം കിട്ടി. ബാക്കി രണ്ടു വര്‍ഷങ്ങളില്‍ രണ്ടു തവണകളായി തരണം. മൂന്നാം വര്‍ഷം തടി വെട്ടി ഒഴിവാക്കണം. ഇതായിരുന്നു കരാര്‍ എങ്കിലും പിന്നീട് അയ്യായിരം രൂപാ ഇളവ് ചെയ്തു കൊടുത്തു. വിസാ സംബന്ധമായ മദിരാശി യാത്രക്കുള്ള ചിലവിന്  അങ്ങിനെ പണം ഒത്തുകിട്ടി. കടയിലുണ്ടായിരുന്ന തുണികള്‍ പാതി വിലക്ക് മിക്കതും വിറ്റു തീര്‍ത്തു. തണ്ടേല്‍ മത്തായി കാരണവര്‍ എന്ന എന്റെ ഒരു സുഹൃത്തിന്റെ പറന്പില്‍ നിന്ന് ഞാന്‍ വാങ്ങിച്ച പ്ലാവിന്‍ തടി കൊണ്ട്  പനംകുറ്റി കുഞ്ഞന്‍ പിള്ള എന്ന എന്റെ മറ്റൊരു സുഹൃത്ത് എന്റെ സ്വന്തം ഡിസൈനില്‍ പണിതു തന്ന ചെറിയൊരു ഷോറൂം ഫര്‍ണീച്ചര്‍ ആയിരുന്നു ഉണ്ടായിരുന്നത്. പാന്പാക്കുടയിലുള്ള ഞങ്ങളെപ്പോലുള്ള ഒരു തയ്യല്‍ തൊഴിലാളി ദന്പതികള്‍ക്ക് കുറഞ്ഞ ഒരു വിലക്ക് അത് വിറ്റു. അവരുടെ കയ്യില്‍ രൊക്കം തരാന്‍ പണമില്ലാത്തതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണം തന്നു കൊള്ളാം എന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് തുണികള്‍ മൊത്തവിലക്കു തന്നിരുന്ന തങ്കപ്പന്‍ എന്ന മൊത്ത വ്യാപാരി ഇടനിലക്കാരനായി നിന്ന് കൊണ്ട് ഏല്‍പ്പിച്ചു കൊടുത്തു. ഞങ്ങള്‍ കട നിര്‍ത്തുന്ന മുറക്ക് അവര്‍ വന്നു ഫര്‍ണീച്ചറുകള്‍ കൊണ്ട് പോയിക്കൊള്ളും. അങ്ങനെ നാട്ടിലെ കാര്യങ്ങള്‍ ഒരു വിധം ഒതുക്കി വച്ച് കൊണ്ട് ജീവിത യാനത്തിന്റെ മറ്റൊരു ദിശയിലേക്കുള്ള പ്രയാണത്തിന് ഞങ്ങള്‍ തയാറെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക