Image

ചെയ്ത തെറ്റുകളുടെ തിരുത്തലാണ് സ്റ്റാന്‍ഡ് അപ്പ്;: ബി ഉണ്ണികൃഷ്ണന്‍

Published on 13 October, 2019
ചെയ്ത തെറ്റുകളുടെ തിരുത്തലാണ് സ്റ്റാന്‍ഡ് അപ്പ്;: ബി ഉണ്ണികൃഷ്ണന്‍


മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് താനും ആന്റോ ജോസഫുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തല്‍ കൂടിയാണ് സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയെന്ന് സംവിധായകനും നിര്‍മ്മാതാവും ഫെഫ്കയുടെ ചുമതലക്കാരനുമായ ബി. ഉണ്ണികൃഷ്ണന്‍. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ടെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും.

വിധു വിന്‍സെന്റ് സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നിരുന്നു. വായിച്ച ശേഷം താന്‍ അതിനെ കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. സിനിമയ്ക്ക് പുരുഷ സെന്‍സറിങ് ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് അഭിപ്രായപറയാതിരുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. താനോ ആന്റോ ജോസഫോ ഒരു തവണ പോലും സിനിമയുടെ സെറ്റിലേക്ക് പോയിട്ടില്ല. ഈ ചിത്രം പൂര്‍ണമായും സംവിധാകയുടേതാണ്. അതില്‍ ഞങ്ങള്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
അര്‍ഥവത്തായ സംവാദങ്ങളും കൂട്ടായ്മകളും സിനിമയില്‍ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അത്‌കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിന്റെ വൈരുദ്ധ്യം എന്നത് താന്‍ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങള്‍ ചെയ്തുണ്ടാക്കിയ പണമാണ് ഈ ചിത്രത്തിലേക്ക് നല്‍കിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. 
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി കീര്‍ത്തിയായി നിമിഷ ചിത്രത്തിലെത്തുന്നു. കീര്‍ത്തിയുടെ ജീവിതതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. 
ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രാഹണം ടോബിന്‍ തോമസിന്റേതാണ്. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. നിമിഷയ്ക്കും രജിഷയ്ക്കുമൊപ്പം അര്‍ജുനും പുതുമുഖം വെങ്കിടേശ്, സീമ സജില മഠത്തില്‍ തുടങ്ങീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക