-->

America

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 40: ജയന്‍ വര്‍ഗീസ്)

Published

on

പിറ്റേ ദിവസം രാവിലെ ഫോറസ്റ്റുകാര്‍ ചൂടായി ഇറങ്ങി.  ഞങ്ങളുടെ അടുത്താണ് ചോദ്യവുമായി ആദ്യം വന്നത്. ഞങ്ങള്‍ കൈമലര്‍ത്തി. ഞങ്ങള്‍ മരം കഷണങ്ങളാക്കി വച്ചുവെന്നും, ഞങ്ങളറിയാതെ അവിടെ നിന്ന് ആരോ കടത്തിക്കൊണ്ട് പോയി വിറ്റിരിക്കാം എന്നും ഞങ്ങള്‍ വാദിച്ചു. ഒരു രാത്രി കൊണ്ട് ഇത് നടക്കില്ലെന്ന്  ആര്‍ക്കും അറിയാം. അത് കൊണ്ട് തോട്ടില്‍ വണ്ടി വരുന്ന ഒരേയൊരു കടവില്‍ ഫോറസ്റ്റുകാര്‍ കാവല്‍ ഏര്‍പ്പെടുത്തി. ഗാര്‍ഡ് കര്‍ത്താവാണ് കാവല്‍. കടവില്‍ പത്തുമണി വരെയൊക്കെ കര്‍ത്താവ് കാവലിരിക്കും. കര്‍ത്താവിനെ സഹായിച്ചു കൊണ്ട് ഞങ്ങളും കൂടെത്തന്നെയുണ്ട്. ഒരാഴ്ചയൊക്കെ കഴിഞ്ഞതോടെ എല്ലാവരും മടുത്തു. പത്തുമണി വരെയൊക്കെ കര്‍ത്താവ് കടവിലുണ്ടാവും. പിന്നെ കടവിന്റെ മുന്നൂറിലധികം  അടി പിന്നിലുള്ള ആളൊഴിഞ്ഞ കദളിക്കണ്ടം പീടികയിലെ രണ്ടു ബെഞ്ചുകള്‍ കൂട്ടിയിട്ട്  അതില്‍ കിടന്നുറങ്ങും.

ഇതാണാവസരം എന്നറിഞ്ഞ ഞങ്ങള്‍ മരം വില്‍ക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നാല് മൈല്‍ അകലെയുള്ള പോത്താനിക്കാട്ടാണ് തീപ്പെട്ടിക്കന്പനി. അവരുടെ ഗേറ്റിനകത്ത് ചരക്കെത്തിച്ചാല്‍ പിന്നെ അവര്‍ നോക്കിക്കൊള്ളും. പാതിരാത്രിയോട് കൂടി സാധനം കൊണ്ടുപോകാം എന്നാണു പ്ലാനിട്ടിരിക്കുന്നത്. ഒറ്റ പൈസ കൈയിലില്ല. ബസ് കൂലിക്കുള്ള പൈസയും ഒപ്പിച്ചു കൊണ്ടാണ് ഞാന്‍ കോതമംഗലത്ത് എത്തിയിരിക്കുന്നത്. പല വണ്ടിക്കാരോടും സംഗതി പറഞ്ഞു. കള്ളത്തടി കയറ്റാന്‍ ആരും വരില്ല. ഒരാള്‍ വരാമെന്ന് പറഞ്ഞു. പക്ഷെ നൂറു രൂപ മുന്‍കൂര്‍ കൊടുക്കണം. പത്തുമണി വരേയും നടത്തിയ അന്വേഷണം ഫലം കാണാതെ വന്നപ്പോളേക്കും പിന്നെ ഒറ്റ ബസ്സും റോഡിലില്ല. നാട്ടില്‍ കാത്തിരിക്കുന്നവരെ വിവരമറിയിക്കാനും നിവൃത്തിയില്ല. പിന്നെ ഒന്നും നോക്കിയില്ല. നാട്ടിലേക്കു നടന്നു. പത്തു മൈലോളം ദൂരമുണ്ട് നാട്ടിലേക്ക്. രണ്ടു മൈല്‍ ദൂരെയുള്ള കോഴിപ്പിള്ളി കവലയില്‍ എത്തിയപ്പോഴേക്കും ഭയങ്കര മഴ. ഓടി ഒരു കടത്തിണ്ണയില്‍ കയറി. രണ്ടുമൂന്നു പേര്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ട്. മഴ തോരുവാനുള്ള ഒരു സാധ്യതയും കാണുന്നില്ല. വിരിച്ചു കിടക്കാന്‍ ഒരു തുണി പോലുമില്ല. ഒരു ജൂബാ ഷര്‍ട്ട് ആണ് ഇട്ടിരിക്കുന്നത്. തറയില്‍ കിടന്ന് അത് മുഷിഞ്ഞാല്‍ പിന്നെങ്ങനെ അതുമായി രാവിലെ ബസ്സില്‍ കയറിപ്പോകും? ഒരു ബുദ്ധി തോന്നി. ഷര്‍ട്ടൂരി മറിച്ച് അകവശം പുറത്തേക്കാക്കി ഇട്ടു. ഏതോ യാചകരാവാം കൂര്‍ക്കം വലിച്ചുറങ്ങുന്നത്. അവരുടെ സമീപത്തായി മുണ്ടു പറിച്ചു പുതച്ചു കൊണ്ട് ഞാനും കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ ഷര്‍ട്ട് വീണ്ടും മറിച്ച് മുഷിഞ്ഞ വശം അകത്താക്കി ധരിച്ചു. ഞാന്‍ വന്നതോ, കിടന്നതോ ഒന്നും ഉറങ്ങുന്നവര്‍ അറിഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. ആദ്യം വന്ന ബസ്സില്‍ ചാടിക്കയറി നാട്ടിലെത്തി.

വണ്ടി കിട്ടുവാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും  മനസിലായി. തടി ഒളിപ്പിച്ചിട്ട് എട്ടു ദിവസം കഴിയുന്നു. കര്‍ത്താവിന്റെ കാവല്‍ ഒക്കെ ഒരു വഴിക്കായി. എട്ടു മണിക്ക് വരും, അല്‍പ്പ നേരമൊക്കെ കടവില്‍ കറങ്ങും, പിന്നെ ആളില്ലാത്ത കടയില്‍ വന്ന് മൂടിപ്പുതച്ചുറങ്ങും, കൂര്‍ക്കം വലി റോഡിലൂടെ പോകുന്നവര്‍ക്ക് കേള്‍ക്കാം.

ആനത്തു കുഴിയില്‍ ഒരു കാളവണ്ടിക്കാരനുണ്ട്. അപ്പന് പ്രായമായത്  കൊണ്ട് ഇപ്പോള്‍ മകനാണ് കാളവണ്ടിയുടെ ചുമതല. ഞങ്ങളുടെയൊക്കെ പ്രായത്തിലുള്ള കുഞ്ഞിപ്പാറ പാപ്പച്ചന്‍ എന്ന മിടുക്കനായ യുവാവ്. പാപ്പച്ചനോട് സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ " അത് ഞാനേറ്റു " എന്ന് പാപ്പച്ചന്‍. രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ പാപ്പച്ചന്‍ വണ്ടിയുമായി വന്നു. അപ്പോഴേക്കും ഞങ്ങളും, മാര്‍ക്കോസും കൂടി പകുതി മുട്ടികള്‍ കടവില്‍ അടുപ്പിച്ചു. കര്‍ത്താവ് ഉറങ്ങുന്നതിന്റെ ഒരു ആയിരം അടി അകലെ വണ്ടി നിര്‍ത്തി കാളകളെ അഴിച്ചു മാറ്റി. വണ്ടിച്ചക്രങ്ങളിലെ ചായാണികളില്‍ ചിലങ്കകളുണ്ട്. കാളവണ്ടികള്‍ നീങ്ങുന്‌പോള്‍ മണ്ണിലുരയുന്ന ഇരിന്പ് പട്ടകളുടെ ' രവ ' കാരത്തോടൊപ്പം ഈ ചിലങ്കകളുടെ ശബ്ദം കൂടി ചേര്‍ന്നിട്ടാണ് കാളകള്‍ക്കും, മനുഷ്യര്‍ക്കും ഇന്പകരമായ സംഗീതം പൊഴിഞ്ഞിരുന്നത്.

ചിലങ്കകള്‍ ഊരി മാറ്റിയതോടെ ശബ്ദ രഹിതമായ വണ്ടി മണ്‍ റോഡിലൂടെ ഞങ്ങള്‍ തന്നെ പതിയെ വലിച്ചു കൊണ്ട് വന്നു കടവില്‍ നിര്‍ത്തി. എന്നിട്ടു ശബ്ദമുണ്ടാക്കാതെ മുട്ടികള്‍  ഒന്നൊന്നായി ഉരുട്ടിക്കയറ്റി ലോഡ് ചെയ്ത് ഞങ്ങള്‍ തന്നെ വണ്ടി തിരിച്ചു വലിച്ച്  കാളകള്‍ നില്‍ക്കുന്നിടത്ത് എത്തിച്ചിട്ടു കാളകളെ കെട്ടി ഓടിച്ചു പോയി. ആദ്യ ലോഡ് കുഞ്ഞിപ്പാറയുടെ വീട്ടില്‍ ഇറക്കിയിട്ട് തിരിച്ചു വന്ന് ഇതേ പ്രകാരം രണ്ടാം ലോഡ് പോത്താനിക്കാട്ടെ തീപ്പെട്ടി കന്പനിയില്‍ എത്തിച്ചു. നേരം വെളുക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിപ്പാറയുടെ വീട്ടില്‍ ഇറക്കിയിരുന്ന  തടി കൂടി എടുത്ത് മുഴുവന്‍ മുട്ടികളും ഞങ്ങള്‍ കന്പനിയില്‍ എത്തിച്ചു.

ഏഴുമണിക്ക് തന്നെ തടി അളന്നെടുത്തു കാശ് തന്നു. അറുന്നൂറു രൂപ. മാര്‍ക്കോസിനും, പാപ്പച്ചനും കൂലി കൊടുത്ത് ബാക്കി വന്നത് മുന്നൂറ് രൂപ. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കര്‍ത്താവ് വിഷണ്ണനായി ഞങ്ങളെ കാത്തിരിക്കുകയാണ്. മുട്ടികള്‍ ഉരുട്ടിക്കയറ്റിയതിന്റെ പാടുകള്‍ കര്‍ത്താവ് കണ്ടു കഴിഞ്ഞു.  പിന്നെ ഒന്നും മറച്ചു വയ്ക്കാതെ കര്‍ത്താവിനോട് ഞങ്ങള്‍ സത്യം തുറന്നു പറഞ്ഞു. പണം നാലായി വീതച്ച് എഴുപത്തി അഞ്ചു രൂപാ കര്‍ത്താവിന് കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ക്കും കിട്ടി എഴുപത്തി അഞ്ചു വീതം. കേസ് എഴുതാതെ നിവര്‍ത്തിയില്ലെന്നു കര്‍ത്താവ് പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ മൂന്നു പേര്‍ക്കെതിരേ ഒരു ഫോറസ്റ്റ് കേസ് ചാര്‍ജ് ചെയ്‌യപ്പെട്ടു. ഞാന്‍ വിവാഹം കഴിച്ച് ആറു മാസം കൂടി കഴിഞ്ഞിട്ടാണ് കേസ് മൂവാറ്റുപുഴ മജിസ്രേട്ട് കോടതിയില്‍ വിചാരണക്ക് വന്നത്. ഞങ്ങളൊക്കെ കുടുംബപരമായി അറിയുന്ന ഐസക്ക് വക്കീല്‍ മുഖാന്തിരം എണ്‍പതു രൂപാ വീതം പിഴയടച്ചു കൊണ്ട് കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍ന്നു. വക്കീല്‍ ഫീസ് നൂറു രൂപ വേറെയും.

യാചകരുടെ കൂടെ മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നുറങ്ങേണ്ട മറ്റൊരു സാഹചര്യവും എനിക്കുണ്ടായി. അന്ന് കൊച്ചേച്ചിയും കുടുംബവും നാട്ടില്‍ വന്നിട്ടുണ്ട്. മദ്രാസില്‍ നഴ്‌സായി ജോലി ചെയ്‌യുന്ന കൊച്ചേച്ചിയുടെ നാത്തൂന്റെ ( ഭര്‍തൃ സഹോദരി ) വിവാഹം മദ്രാസില്‍ വച്ച് നടക്കുകയാണ്. അതില്‍ സംബന്ധിക്കുവാനും, അപ്പനമ്മമാരുടെ രണ്ടാം വിസിറ്റിങ് വിസാ കളക്റ്റ് ചെയ്‌യാനുമായി ട്രെയിനില്‍ മദ്രാസിലേക്ക് യാത്ര ചെയ്യുകയാണ്. കൂടെ സഹായിയായി '  വിസാ വിദഗ്ധ ' നായ ഞാനുമുണ്ട്. ഡല്‍ഹിയില്‍ നിന്നും മറ്റുമുള്ള മറ്റു ചില മലയാളി നേഴ്‌സുമാരും കൂടെയുണ്ട്. അവരുടെയൊക്കെ മുന്നില്‍ ഒന്നാളാവണം എന്ന അടിമനസ്സിന്റെ അറിയാപ്രചോദനം കൊണ്ടാവണം, എന്റെ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളും ഞാന്‍ കയ്യിലെടുത്തിരുന്നു. പുസ്തകങ്ങള്‍ കണ്ടപ്പോള്‍ ' കാണട്ടെ, കാണട്ടെ ' എന്ന് പറഞ്ഞുകൊണ്ട് പെണ്ണുങ്ങള്‍ കൂടി. കിടക്കുന്‌പോള്‍ വായിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് പുസ്തകങ്ങള്‍ അവര്‍ കൈക്കലാക്കി. സുന്ദരികള്‍ എന്റെ രചനകള്‍ വായിച്ചു കോള്‍മയിര്‍ കൊള്ളുന്നതും, അതിലൂടെ ഞാന്‍ കൊയ്‌തെടുക്കുന്ന റെസ്‌പെക്റ്റും ഒക്കെ സ്വപ്നം കണ്ടു കൊണ്ട് ഞാനുറങ്ങി.

നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ച. എല്ലാ പുസ്തകങ്ങളും തറയില്‍ വീണു കിടക്കുന്നു. അതിലേ നടന്നവരുടെ കാലിന്നടിയില്‍പ്പെട്ട് ട്രെയിനിലെ ചളി ഏറ്റു വാങ്ങി, അകത്തെ പേജുകളില്‍പ്പോലും ചളി പുരണ്ട് കീറി എന്റെ ഓമനകള്‍ എന്നെ നോക്കിക്കരയുന്നു. ആവേശത്തോടെ അവകളെ വീണ്ടെടുത്ത് ഞാന്‍ ബാഗില്‍ വച്ചു. കൂര്‍ക്കം വലിച്ചുറങ്ങുന്ന സുന്ദരികള്‍ എഴുന്നേറ്റ് വന്നതേ ആദ്യത്തെ കമന്റു പാസാക്കി : " ഉം ഉഗ്രന്‍. " ഒരക്ഷരം അവര്‍ വായിച്ചിട്ടില്ലാ എന്നറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു : " താങ്ക്‌സ്. "

മദ്രാസിലെ ടി നഗറിനു സമീപമുള്ള അംജിക്കര എന്ന സ്ഥലത്തുള്ള ഒരു  തോമസ് ചേട്ടന്റെയും, പൊന്നമ്മ ചേച്ചിയുടെയും വലിയ വീട്ടിലാണ് ഞങ്ങളുടെ താമസം. ഈ കുടുംബവുമായി യാതൊരു രക്ത ബന്ധങ്ങളും ഞങ്ങള്‍ക്കില്ലായിരുന്നുവെങ്കിലും, ഡല്‍ഹിയില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുള്ളതിന്റെ സൗഹൃദത്തില്‍ അവരുടെ വീട് സ്വന്തം വീട് പോലെ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നു തന്നിരുന്നു. വളരെ സ്‌നേഹമയിയായ ആ ചേച്ചി അവരുടെ പതിനഞ്ചും, പതിനാറും  വയസ്സുള്ള മോളേയും. മോനേയും സ്വന്തം കൈകൊണ്ട് വാരിക്കൊടുത്തിട്ടാണ് ചോറൂട്ടിയിരുന്നത് എന്ന് ഇവിടെ ഓര്‍മ്മിച്ചു പോകുന്നു.

വിസാ കളക്ഷന്‍ ഒക്കെ അനായാസം കഴിഞ്ഞു. വൈകിട്ട് വിവാഹപാര്‍ട്ടിയാണ്. വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത ഒരാളാണ് ഞാന്‍. മുണ്ടും ഷര്‍ട്ടുമാണ് എന്റെ വേഷം. അന്ന് അക്രോപോളീസിലെ യുവാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനു ശേഷം ഞാന്‍ പാന്റ്‌സ് ധരിച്ചിട്ടേയില്ല. ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടും ചേച്ചി സമ്മതിച്ചില്ല. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും പന്തലിന്റെ ഒരരികില്‍ കൂടി. ചേച്ചിയും, ചേട്ടനുമൊക്കെ പാര്‍ട്ടിപ്പരിപാടികളില്‍ അലിഞ്ഞു. ഞാന്‍ നോക്കുന്‌പോള്‍ മുണ്ടുടുത്ത ഒരേയൊരാള്‍ ഞാന്‍ മാത്രം. ഒരാള്‍ പോലും എന്നോട് മിണ്ടുന്നില്ലാ, എന്നെ നോക്കുന്നില്ല. ചേച്ചിയുടെ ഭര്‍തൃ വീട്ടുകാരും, നാട്ടില്‍ വച്ചേ എന്നെ പരിചയമുള്ളവരുമായ ആളുകള്‍ പോലും എന്നെ തിരിഞ്ഞു നോക്കുന്നതേയില്ല. തമിഴന്മാരായ ആളുകള്‍ പാടത്തെ വൈക്കോല്‍ കോലത്തെ നോക്കുന്നത് പോലെയാണ് എന്നെ നോക്കുന്നത്. വിളിക്കാത്ത കല്യാണത്തിന് ഉണ്ണാന്‍ ചെന്നതിലുള്ള ജാള്യത എനിക്ക് ശരിക്കും അനുഭവപ്പെട്ടു. നാട്ടില്‍ നിന്ന് കല്യാണത്തില്‍ സംബന്ധിക്കുവാനുള്ള തയാറെടുപ്പോടെ വന്നിട്ടുള്ള ഒരകന്ന ബന്ധുവിനോട് ഞാന്‍ അവസ്ഥ വിവരിച്ചു. മുഴുവന്‍ കേട്ട ശേഷം അദ്ദേഹം എന്നോട്  പറഞ്ഞത് :  " നീ ഇവിടെ വരേണ്ട കാര്യമില്ലായിരുന്നു " എന്നാണ്.  ഇത് കൂടി  കേട്ടതോടെ എന്റെ ദേഹം പൊള്ളുന്നതായി എനിക്ക് തോന്നി. പിന്നെ ഒന്നും നോക്കിയില്ല. മദിരാശി നഗരത്തിന്റെ ഏതോ ഒരു കോണില്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന പാര്‍ട്ടി പന്തലില്‍ നിന്ന് പത്തുമണി കഴിഞ്ഞ നേരത്ത് പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ഞാന്‍ ഒറ്റക്ക് ഇറങ്ങി നടന്നു.

അറിയാത്ത വഴികളിലൂടെ നടന്നു നടന്ന് ഞാന്‍ ഒരു റോഡിലേത്തി. അരണ്ട വെളിച്ചമുണ്ട്. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ് ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ബസ് സ്‌റ്റോപ്പിന്റെ സൈന്‍ കണ്ട ഒരിടത്തു ഞാന്‍ കാത്തു നില്‍ക്കുകയാണ്. അര മണിക്കൂര്‍ നിന്നിട്ടും ബസ്സുകളൊന്നും വരുന്നില്ല. അതിലെ വന്ന ഒരാളോട് വിവരം തിരക്കിയപ്പോള്‍ "  ഇന്ത പക്കത്തില് ഇന്ന് ബസ്സ് കെടയാത് " എന്നുത്തരം കിട്ടി. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നു അര മണിക്കൂര്‍ കൂടി. എന്റെ ചങ്കിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.  അപ്പോള്‍ അകലെ നിന്നൊരു ഓട്ടോ വരുന്നത് കണ്ടു. റോഡിന്റെ നടുക്ക് ഇറങ്ങി നിന്ന് കൈ കാണിച്ചു. " യാരെടാ പൈത്യക്കാരന്‍ " എന്ന് ചോദിച്ചു കൊണ്ട് െ്രെഡവര്‍ വണ്ടി നിറുത്തി. അറിയാവുന്ന തമിഴില്‍ ' ഇവിടെ അകപ്പെട്ടു പോയ ഒരാളാണെന്നും, എന്നെക്കൂടി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇറക്കി വിടണമെന്നും അപേക്ഷിച്ചു. കറുത്തു  തടിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളില്‍ കനിവിന്റെ ഒരു മിന്നലാട്ടം ഞാന്‍ കണ്ടു. ഓട്ടോയില്‍ അറുപത് തോന്നിക്കുന്ന ഒരു തടിച്ച സ്ത്രീയാണ്. ചെറുപ്പക്കാരന്‍ അവരോടെന്തോ സംസാരിച്ചു. അവര്‍ ഒരരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് " ഉക്കാറ് " എന്ന്  എന്നോട് പറഞ്ഞു. ചെറുപ്പക്കാരനും കണ്ണ് കൊണ്ട് എന്നോട് കയറാന്‍ പറഞ്ഞു. ഞാന്‍ കയറി. ഭാഗ്യത്തിന് ആ ഓട്ടോ സെന്‍ട്രലിലേക്കു തന്നെ ആയിരുന്നു. എന്നെ ഇറക്കിയപ്പോള്‍ ഞാന്‍ അഞ്ചു രൂപയെടുത്ത് അയാള്‍ക്ക് നീട്ടി. അയാള്‍ വാങ്ങിയില്ല. ചിര പരിചിതനെപ്പോലെ കൈവീശിക്കാണിച്ചു കൊണ്ട് അയാള്‍ ആ സ്ത്രീയെയും കൊണ്ട് നഗരത്തിന്റെ തിരക്കില്‍ മറഞ്ഞു. ഈ സംഭവത്തെ യാദൃശ്ചികം എന്ന് പറഞ്ഞു തള്ളാന്‍ എനിക്കായില്ല. എനിക്ക് വേണ്ടി അയക്കപ്പെട്ട ഒരാളായിരുന്നുവോ അയാള്‍ എന്ന് ഞാന്‍ സ്വയം ചോദിച്ചു പോയി.

സെന്‍ട്രല്‍ സ്‌റ്റേഷനില്‍ തിരക്ക് കുറയുകയാണ്. സമയം പാതിരയോട് അടുക്കുന്നു. പ്രവേശന കവാടത്തിന് അടുത്തു കുറേയാളുകള്‍ കിടക്കാനുള്ള തയാറെടുപ്പിലാണ്. ചിലയാളുകള്‍ പുല്‍പ്പായ നിവര്‍ത്തുന്നു, മറ്റു ചിലര്‍ തുണികള്‍ വിടര്‍ത്തുന്നു, മടക്കിയ കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകളുമായും ചിലരുണ്ട്. മിക്കവരുടെയും കാലുകളില്‍ ഒരു വച്ചുകെട്ടുണ്ട് എന്നതാണ് തമിഴ് നാട്ടില്‍ ഞാന്‍ കണ്ട ഒരു പ്രത്യേകത. ഒരരികില്‍ കാഴ്ചയില്‍ മാന്യനെന്നു തോന്നിക്കുന്ന ഒരാളും പേപ്പര്‍ വിരിച്ചു കിടക്കുന്നുണ്ട്. ഒന്ന് തല ചായ്ക്കാന്‍ ഒരൊന്നാം തരം ഇടം എന്നാണ് എനിക്ക് തോന്നിയത്. പത്രത്തില്‍ കിടന്നുറങ്ങിയുള്ള ശീലം പണ്ടേ എനിക്കുണ്ട്. മോഡല്‍ റീജിയണല്‍ തീയറ്ററില്‍ അവതരിപ്പിക്കുന്ന പ്രമുഖരുടെ നാടകങ്ങള്‍ കാണാന്‍ ഞാന്‍ ഒറ്റക്ക് പോകാറുണ്ടായിരുന്നു. നാടകം കഴിയുന്‌പോള്‍ പിന്നെ തെക്കോട്ടു വണ്ടിയില്ല. അപ്പോള്‍പ്പിന്നെ തൃശൂര്‍ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡിലെ വെറും തറയില്‍ പത്രം വിരിച്ചു കിടന്നാണ് വെളുക്കുന്നതു വരെ ഞാന്‍ കഴിച്ചു കൂട്ടിയിരുന്നത്. ആ ഓര്‍മ്മയില്‍ അടുത്തുള്ള കൊച്ചു കടയില്‍ നിന്ന് രണ്ടു തമിഴ് പത്രവും വാങ്ങി വിരിച്ച് മാന്യനെന്നു തോന്നിയ മനുഷ്യന്റെ അടുത്ത് ഞാനും കിടന്നു. എനിക്ക് പറ്റിയ അമളികള്‍ ഒന്നൊന്നായി ഓര്‍ത്തു കിടന്ന ഞാന്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

 വലിയ ബഹളം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. നോക്കുന്‌പോള്‍ ആറടിയിലധികം നീളമുള്ള വെളുത്ത വടി  കൊണ്ട് രണ്ടുമൂന്നു തമിഴ് പോലീസുകാര്‍ ഒരരികില്‍ നിന്ന് ഉറക്കക്കാരെ അടിച്ചെഴുന്നേല്‍പ്പിക്കുകയാണ്. അടി കിട്ടിയവര്‍ കൈകള്‍ കൂപ്പിക്കൊണ്ട് " അയ്യാ..അയ്യാ " എന്ന് വിളിച്ചു കരയുന്നുണ്ട്. എന്റെ അടുത്തേക്ക് എത്തുന്നതിനു മുന്‍പ് തന്നെ എല്ലാവരും എഴുന്നേറ്റു കഴിഞ്ഞു. ഞങ്ങളെ എല്ലാവരെയും കൂട്ടി വടികള്‍ ചേര്‍ത്തു പിടിച്ചുണ്ടാക്കിയ ഒരു വളയത്തിനുള്ളിലാക്കി സെന്‍ട്രല്‍ സ്‌റ്റേഷന്റെ സുദീര്‍ഘമായ പ്ലാറ്റ് ഫോറത്തിലൂടെ നടത്തി എങ്ങോട്ടോ കൊണ്ട് പോവുകയാണ്. തമിഴ് സംഭാഷണങ്ങളില്‍ നിന്നും ജയിലിലേക്കാണെന്നാണ് എനിക്ക് മനസ്സിലായത്.

മാന്യനെന്നു തോന്നിച്ചിരുന്നയാള്‍ നടക്കുന്നതിനിടയില്‍ പോലീസുകാരോട് ഉറക്കെ സംസാരിക്കുകയും വടി വേലിക്കുള്ളില്‍ നിന്ന് പുറത്തക് കടക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷെ, പോലീസുകാര്‍ സമ്മതിക്കുന്നില്ല. ഇടക്ക്  അയാള്‍ പിന്നോട്ട് തിരിഞ്ഞു എന്നോട് : " റൊന്പ മണി " എന്ന് പറഞ്ഞു. എനിക്കൊന്നും മനസിലാസയില്ല. വീണ്ടും അയാള്‍ പോലീസുകാരോട് എന്തൊക്കെയോ പറയുന്നുണ്ട്. ഇപ്പോഴത്തെ അയാളുടെ ശബ്ദത്തിന് പഴയ മൂര്‍ച്ചയില്ല. നടക്കുന്നതിനിടയില്‍ കഴുത്തു തിരിച്ച്  ' അന്പത് രൂപാ കൊടുത്താല്‍ വിടാ ' മെന്നാണ് അവര്‍ പറയുന്നതെന്ന് തമിഴില്‍ എന്നോട് പറഞ്ഞു. എന്റെ അണ്ടര്‍വിയറിന്റെ സ്‌പെഷ്യല്‍ പോക്കറ്റില്‍ മുന്നൂറു രൂപയുണ്ട്. ദീര്‍ഘ യാത്രകളില്‍ പോക്കറ്റടിയില്‍ പെടാതിരിക്കാന്‍ രഹസ്യ പോക്കറ്റ് പിടിപ്പിച്ചിട്ടുള്ള അണ്ടര്‍ വിയരാണ് ഞാന്‍ ധരിക്കാറുള്ളത്. അതിലുള്ള രൂപയാകട്ടെ, ഈ യാത്രയിലെ വട്ടച്ചിലവുകള്‍ക്കായി ചേച്ചി എന്നെ ഏല്‍പ്പിച്ചിട്ടുള്ളതും.

ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു പത്തും, രണ്ട്  അഞ്ചുമായിട്ടുള്ള ഇരുപതു രൂപാ മുഴുവനുമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എന്റെ കയ്യില്‍ ഇതല്ലാതെ മറ്റൊന്നുമില്ലെന്ന് ഞാന്‍ കരയും പോലെ പറഞ്ഞൊപ്പിച്ചു. " പൈത്യക്കാരന്‍ " എന്ന് പറഞ്ഞു കൊണ്ട് അയാള്‍ ആ രൂപാ വാങ്ങി. അയാളുടെ കയ്യില്‍ നിന്ന് മുപ്പതു രൂപാ കൂടി എടുത്ത് അന്പതു രൂപ അയാളുടെ തൊട്ടു പിറകില്‍ നിന്ന പോലീസുകാരന് കൊടുത്തു. ഒന്നും സംഭവിക്കാത്തത് പോലെ പോലീസുകാരന്‍ രൂപാ വാങ്ങിയിട്ട് വേലിയായി പിടിച്ചിരുന്ന വടി  ഉയര്‍ത്തി ഞങ്ങള്‍ രണ്ടു പേരെ മാത്രം പുറത്താക്കി വടി വീണ്ടും താഴ്ത്തി. നടന്നു കൊണ്ടേയിരിക്കുന്നതിനിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതാണ് ഏറെ രസകരം. ഞങ്ങള്‍ നോക്കി നില്‍ക്കുന്‌പോള്‍ തങ്ങളുടെ സംഘത്തെ ആട്ടിത്തെളിച്ചു കൊണ്ട് പോലീസുകാര്‍ പോയി.

എന്റെ കൂട്ടുപ്രതിയെ ഒന്ന് പരിചയപ്പെടണം എന്നുണ്ടായിരുന്നു എനിക്ക്. അതിനായി " ഹേയ്  " എന്ന് വിളിച്ചപ്പോഴേക്കും അയാള്‍ കുറെ മുന്നിലെത്തി കഴിഞ്ഞിരുന്നു. എന്റെ വിളി കേട്ട് കഴുത്ത് പാതി തിരിച്ച്,  വലതു കൈപ്പത്തി വേഗത്തില്‍ പിന്നിലേക്ക് തെറിപ്പിച്ച് " പോടേ, പോടേ " എന്ന് പറഞ്ഞിട്ട് അയാള്‍ നടന്നു മറഞ്ഞു.

അധികം വൈകാതെ നേരം വെളുത്തു. ആദ്യം കണ്ട ബസില്‍ കയറി താമസിക്കുന്ന വീട്ടിലെത്തി. പാര്‍ട്ടിക്ക് പോയവര്‍ എത്തിയിട്ടില്ല. അവര്‍ വന്നപ്പോള്‍ " എന്തുപറ്റി ? എവിടെയായിരുന്നു ? " എന്ന് ചോദിച്ചു. നാടക രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു സുഹൃത്തിനെ കണ്ടു മുട്ടിയെന്നും, ഇപ്പോള്‍ അയാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നതെന്നും,  അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാളോടൊപ്പം ആയിരുന്നുവെന്നും, അന്ന് പറഞ്ഞ നുണ ഇന്ന് ഇതെഴുതുന്നത് വരെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നില നില്‍ക്കുന്നു. അന്ന് ഞാന്‍ ഒരു വാക്കുപോലും ആവശ്യപ്പെടാതെ സ്വന്തം കയ്യില്‍ നിന്ന് അഞ്ചു രൂപാ എനിക്ക് വേണ്ടി കൊടുത്ത് ഒരു വലിയ നാണക്കേടില്‍ നിന്നും എന്നെ മോചിപ്പിച്ച ആ മനുഷ്യന്‍ ആരായിരുന്നു? ' വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പമായി അവതരിക്കുന്നു.' എന്ന് ഗാന്ധിജി പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരിക്കുമോ?

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More