Image

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 39: ജയന്‍ വര്‍ഗീസ്)

Published on 30 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍  39: ജയന്‍ വര്‍ഗീസ്)
യൂണിഫോറം വിതരണത്തില്‍ കൈവന്ന വലിയ വിജയം ഞങ്ങളില്‍ പുതിയൊരു ആവേശം പകര്‍ന്നു. ഈ പിള്ളേര് എന്തെങ്കിലും ഒക്കെ ചെയ്‌യാന്‍ കഴിവുള്ളവരാണെന്നും, കാശ് കണ്ടാല്‍ കൈയിട്ടു വാരുന്നവരല്ലെന്നും ഒരു ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പരന്നു. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഒരു കുടിവെള്ള സംവിധാനം ഇല്ലെന്നുള്ളത് അപ്പോളാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. സ്കൂളിനോട് ചേര്‍ന്ന് ഒരു പഞ്ചായത്തു കുളം ഉണ്ടെങ്കിലും, ആ വെള്ളം അത്ര നല്ലതല്ലാത്തതിനാലും, കുളം സ്കൂള്‍ മതിലിന്റെ പുറത്തായതിനാലും, വെള്ളം കോരിയെടുക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഇല്ലാഞ്ഞതിനാലും കുട്ടികള്‍ അവിടെ അധികം വരാറില്ല. സമീപ വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം കോരിക്കുടിച്ചും, പറന്പുകളിലെ മരത്തണലുകള്‍ ഡൈനിംഗ് ടേബിളാക്കിയുമൊക്കെയാണ് അവര്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

' കുട്ടികള്‍ക്ക് കുടിവെള്ളം ' എന്ന തലക്കെട്ടില്‍ ഒരു നോട്ടിസ് ഞങ്ങള്‍ പുറത്തിറക്കി. അതില്‍ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടും, അതിനുള്ള പരിഹാരത്തിന് ശ്രമിക്കുന്ന പി. ടി. എ. യോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ആ നോട്ടീസ് മുഴുവന്‍ വീടുകളിലും, സമീപ ഗ്രാമങ്ങളിലും ഞങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തു കുളം വൃത്തിയാക്കി അതില്‍ ഒരു ഇലക്ട്രിക് പന്പു സ്ഥാപിച്ചു വെള്ളമെടുക്കുകയും, ആ വെള്ളം ഒരു ചെറിയ ടാങ്ക് കെട്ടി അതില്‍ സംഭരിച്ചു ടാപ്പുകളിലൂടെ വിതരണം ചെയ്യുകയുകയും എന്നതായിരുന്നു പ്ലാന്‍. അക്കാലത്ത് പതിനായിരത്തില്‍ അധികം രൂപ ഇതിന് വേണ്ടി വരുമെന്നും കണക്കു കൂട്ടി.

പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള ആലോചനകളില്‍ ഞങ്ങളോടൊപ്പം അധ്യാപകരും സജീവമായി പങ്കെടുത്തു. ഒരു ബെനിഫിറ്റ് ഷോ നടത്തുവാനും, അതില്‍ പരമാവധി ടിക്കറ്റ് വിറ്റു കളക്ഷനുണ്ടാക്കുവാനും തീരുമാനിച്ചു. എത്ര ശ്രമിച്ചാലും ചെലവുകഴിച്ചു രണ്ടായിരം രൂപയില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഏതായാലും ' കാവ്യമേള ' എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. നാട്ടിലും, സമീപ ഗ്രാമങ്ങളിലും വീടുകള്‍ തോറും കയറി ഞങ്ങള്‍ ടിക്കറ്റുകള്‍ വിറ്റു.

ഞങ്ങളുടെ നാട്ടിലെ ദരിദ്ര മേഖലയില്‍ നിന്നുള്ളവരും, പൊതുവെ ഇടതു പക്ഷ ചിന്താഗതിയുള്ളവരും ആയിരുന്നു ഞാനുള്‍പ്പെടെയുള്ള പി. ടി. എ. കമ്മറ്റി. സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ചുമതലയുണ്ടായിരുന്ന അധ്യാപകനും, നാട്ടിലെ പ്രമുഖരായ ചില വലതു പക്ഷക്കാര്‍ക്കും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ ഒരു നിസ്സഹകരണം രൂപപ്പെട്ടു വന്നു. അവരില്‍ ചിലരൊക്കെ മുന്‍ പി. ടി. എ. കളില്‍ പ്രവര്‍ത്തിച്ചിരുന്നവരും, സര്‍ക്കാരില്‍ നിന്ന് കിട്ടിയ ഗ്രാന്റുകളില്‍ നിന്ന് അടിച്ചു മാറ്റിയവരാണെന്നുള്ള ചീത്തപ്പേരും നില നിന്നിരുന്നത് കൊണ്ട് തന്നെ ക്രിയാത്മകമായി ഞങ്ങള്‍ നടപ്പിലാക്കുന്ന പരിപാടികളോട് മനുഷ്യ സഹജമായ അസ്സൂയ രൂപപ്പെട്ട് വന്നതാവാം ഇതിനു കാരണം.

ബെനിഫിറ്റ് ഷോയുടെ ടിക്കറ്റ് കളക്ഷന്‍ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഇവരുടെ രഹസ്യ നീക്കങ്ങള്‍ കടുത്ത വലതു പക്ഷക്കാര്‍ക്കിടയില്‍ കുറെയൊക്കെ ഫലം കണ്ടുവെങ്കിലും, നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഞങ്ങളോടൊപ്പം നിന്നു. ബെനിഫിറ്റ് ഷോ നടന്ന ദിവസം അത് അലങ്കോലപ്പെടുത്തുവാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളും, ഞങ്ങളും, ഞങ്ങളോടൊപ്പം നിന്ന നാട്ടുകാരും ചേര്‍ന്ന് പരാജയപ്പെടുത്തി. ഇതോടെ ഞങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന വലതു പക്ഷക്കാരുടെ ചെറുതെങ്കിലും ഒരു എതിര്‍ ചേരി രൂപം കൊണ്ടു.

എല്ലാ ചിലവും കഴിച്ചു രണ്ടായിരത്തില്‍ പരം രൂപാ ലാഭം നേടിത്തന്നു കൊണ്ട് ബെനിഫിറ്റ് ഷോ അവസാനിച്ചു. ലാഭം കിട്ടിയ രൂപാ ഹെഡ്മാസ്റ്ററുടെ ചുമതലക്കാരനായ അദ്ധ്യാപകനെ ( ഇദ്ദേഹത്തെ ഇനി മുതല്‍ അവര്‍കള്‍ എന്ന് വിളിക്കുന്നു.) ഏല്‍പ്പിക്കണം എന്ന നിര്‍ദ്ദേശം പി. ടി. എ. യിലെ അദ്ധ്യാപക വിഭാഗത്തില്‍ നിന്ന് വന്നു. പണം ചെലവഴിക്കുന്നത് ഞങ്ങളാണെന്നും, ആവശ്യം വരുന്‌പോഴൊക്കെ അവര്‍കള്‍ സാറിനെ സമീപിക്കേണ്ടി വരുന്നത് പ്രായോഗികമല്ലെന്നും പറഞ്ഞു ഞങ്ങള്‍ ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. രണ്ടായിരം രൂപയൊക്കെ ഒരുമിച്ചു കാണുന്‌പോള്‍ ദരിദ്ര വാസികളായ ഞങ്ങള്‍ പൂര്‍വികരെപ്പോലെ പുട്ടടിക്കുമോ എന്ന സംശയമായിരിക്കാം അവരെക്കൊണ്ട് ഇങ്ങിനെയൊരു നിര്‍ദ്ദേശം വയ്ക്കുവാന്‍ ഇടയാക്കിയത് എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. എന്തായിരുന്നാലും ഇതോടെ പി. ടി. എ. യിലെ അധ്യാപകരും ഞങ്ങളും തമ്മില്‍ മനസ്സുകൊണ്ട് അകന്നു. പുറത്തുള്ള വലതു പക്ഷക്കാരുടെ പിന്തുണയോടെ അധ്യാപകര്‍ ഞങ്ങള്‍ക്കെതിരെയുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ കൈയിലുള്ള പണം കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ഇനിയും പിരിവിനിറങ്ങാന്‍ തങ്ങളില്ലെന്നും പറഞ്ഞു കൊണ്ട് അധ്യാപക വിഭാഗം പതിയെ തങ്ങളുടെ തല വലിച്ചു കളഞ്ഞു.

പതിനായിരം രൂപയോളം വേണ്ടി വരാവുന്ന ഒരു പദ്ധതിക്ക് രണ്ടായിരം കൊണ്ട് എന്താവാനാണ് ? കോതമംഗലം താലൂക്കിലെ കൊള്ളാവുന്ന വ്യക്തികളെയും, സ്ഥാപനങ്ങളെയും കണ്ട് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ ഞങ്ങള്‍ ഇറങ്ങി. ബാങ്കുകള്‍, പള്ളികള്‍, മഠങ്ങള്‍, വലിയ ബിസിനസുകാര്‍, പുരോഹിതര്‍, മെത്രാന്മാര്‍, ബാവാമാര്‍ എന്നിവരെയെല്ലാം നേരിട്ട് സമീപിച്ചു ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കുറെയേറെ സ്ഥാപനങ്ങളും, വ്യക്തികളും അവര്‍ക്കാവും വിധം ഞങ്ങളെ സഹായിക്കുകയോ, സഹായം ഓഫര്‍ ചെയ്യുകയോ ചെയ്തു. കോതമംഗലത്തെ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ചുമതലക്കാരനായിരുന്ന റവറണ്‍ ഫാദര്‍ ഈശ്വരന്‍ കുടി എന്ന മാന്യ ദേഹം ഞങ്ങള്‍ക്കാവശ്യമായ ഇലക്ട്രിക് പന്പും, അനുബന്ധ വസ്തുക്കളും  ഓഫര്‍ ചെയ്തതോടെ ഒരു വലിയ കടന്പയാണ് ഞങ്ങള്‍ക്ക് കടക്കാന്‍ കഴിഞ്ഞത്. ഞങ്ങളുടെ നാട്ടിലുള്ള അദ്ദേഹത്തിന്‍റെ പള്ളിയില്‍ വരുന്‌പോള്‍ ഞങ്ങളുടെ ആത്മാര്‍ത്ഥതയും, പ്രവര്‍ത്തനങ്ങളും അദ്ദേഹം മുന്നമേ അറിഞ്ഞിരുന്നുവത്രേ!

മലങ്കര യാക്കോബായ സഭയുടെ ആസ്ഥാനം അന്ന് കോതമംഗലം വലിയ പള്ളിയില്‍ ആയിരുന്നു. സഹായാഭ്യര്‍ത്ഥനയുമായി ഞങ്ങള്‍ ചെല്ലുന്‌പോള്‍ സഭയുടെ തലവന്‍ അവിടെ ഉണ്ടായിരുന്നില്ല. സഹായ മെത്രാനായി അവിടെ ഉണ്ടായിരുന്ന ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ടിരുന്ന ശേഷം അദ്ദേഹം പറഞ്ഞ മറുപടി : ' താന്‍ സഹായ മെത്രാന്‍ മാത്രമാണെന്നും, സഹായങ്ങള്‍ കൊടുക്കുന്ന വിഭാഗം സഭാ തലവനായ ബാവായുടെ ചുമതലയില്‍ ആണെന്നും, അത് കൊണ്ട് അദ്ദേഹത്തെ കണ്ടാണ് സഹായം അഭ്യര്‍ത്ഥിക്കേണ്ടതെന്നും, ഞങ്ങളുടെ ഉദ്യമത്തിന് എല്ലാ നന്മകളും നേരുന്നുവെന്നും ' പറഞ്ഞ് അദ്ദേഹം ഞങ്ങളെ തിരിച്ചയച്ചു.

പിറ്റേ ഞായറാഴ്ച ഞങ്ങള്‍ അഞ്ചുപേര്‍ ബാവായെ പോയിക്കണ്ടു. വളരെ സ്‌നേഹപൂര്‍വ്വം അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി. സഹായ മെത്രാന്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കും എന്നാണു ഞങ്ങള്‍ കരുതിയത്. എവിടെ? എല്ലാ കാര്യങ്ങളും ആദ്യം മുതല്‍ ഒന്നുകൂടി ബാവയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും കേട്ട് കഴിഞ്ഞിട്ടു വളരെ സന്തോഷത്തോടെ ബാവ ഞങ്ങളോട് : " മക്കളെ നിങ്ങളുടെ ഉദ്ദേശം വളരെ നല്ലതാണ്. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. " എന്ന് അനുഗ്രഹിച്ചു. സഹായത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ ' തീര്‍ച്ചയായും വേണ്ടത് ചെയ്യാമെന്നും, ഇപ്പോള്‍ ഇവിടെ പൈസയൊന്നും ഇരിപ്പില്ലെന്നും, നിങ്ങള്‍ പോയിട്ട് അടുത്ത ആഴ്ച വരിക ' എന്നും പറഞ്ഞു അദ്ദേഹവും ഞങ്ങളെ തിരിച്ചയച്ചു.

പിന്നത്തെ ഞായറാഴ്ച്ച വീണ്ടും ഞങ്ങള്‍ ബാവയെ പോയിക്കണ്ടു. അദ്ദേഹത്തിന്‍റെ മുഖത്ത് പഴയ വാത്സല്യമില്ല. ഞങ്ങളെക്കണ്ടു ബാവ വാതില്‍ക്കലേക്കു വന്നു. അരമനയുടെ സെക്രട്ടറി സ്ഥലത്തില്ലെന്നും, പണപരമായ കാര്യങ്ങള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നതെന്നും, പോയിട്ട് അടുത്തയാഴ്ച വരണമെന്നും, അപ്പോഴേക്കും എല്ലാം ഏര്‍പ്പാടാക്കി വയ്ക്കാമെന്നും ബാവ പറഞ്ഞു. അത് കെട്ടും കൊണ്ട് വീണ്ടും ഞങ്ങള്‍ മടങ്ങി.

' ബാവ നമ്മളെ കളിപ്പിക്കുകയാണോ ' എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചുവെങ്കിലും, ' വലിയ തിരക്കുള്ള ആളല്ലേ, നമ്മുടെ കാര്യം മാത്രം നോക്കിയാല്‍  പോരല്ലോ ' എന്ന് പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്തു. കൊണ്ട് ഞങ്ങള്‍ മടങ്ങി. അടുത്തയാഴ്ച തീര്‍ച്ചയായും പോകണം എന്ന തീരുമാനത്തില്‍ അന്ന് ഞങ്ങള്‍ പിരിഞ്ഞു.

പറഞ്ഞിരുന്നത് പോലെ കൃത്യ സമയത്തു തന്നെ ഞങ്ങള്‍ കോതമംഗലത്തെത്തി. അരമനയില്‍ ചെന്നപ്പോള്‍ അവിടെ വാതില്‍ അടഞ്ഞു കിടക്കുന്നു. അകത്തു ആരും ഉള്ളതിന്റെ ലക്ഷണമൊന്നും കാണാനില്ല. ഒന്നുരണ്ടു വട്ടം കോളിംഗ് ബെല്‍ അമര്‍ത്തിയിട്ടും അനക്കമൊന്നുമില്ല. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം ചൂടനായ ഒരു യുവാവ് മൂന്നാം വട്ടം ബെല്‍ ബട്ടണ്‍ അല്‍പ്പനേരം അമര്‍ത്തിപ്പിടിച്ചു കൊണ്ട് നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വെളുത്ത മുണ്ടും, ഷര്‍ട്ടും ധരിച്ച ഒരു നാല്പതുകാരന്‍ വന്നു വാതില്‍ തുറന്നു. " എന്താ ? " എന്നദ്ദേഹം ഞങ്ങളോട് ചോദിച്ചു. " നിങ്ങളാരാ? " എന്ന ഞങ്ങളുടെ ചോദ്യത്തിന്  " ഞാനിവിടുത്തെ സെക്രട്ടറി എന്ന് മറുപടി. " ഞങ്ങളോട് ഇന്ന് വരാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കെന്തെങ്കിലും പൈസ തരാന്‍ ബാവ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് " ഇല്ലല്ലോ." എന്നുത്തരം. " ബാവയെവിടെ? " എന്ന് ചോദിച്ചതിന് " അപ്പൊ നിങ്ങളോട് പറഞ്ഞില്ലേ? അദ്ദേഹം ഇന്നലെ ഗള്‍ഫിനു പോയല്ലോ? " ഒന്നും സംഭവിക്കാത്തത് പോലെ സെക്രട്ടറി വാതില്‍ അകത്തു നിന്ന് അടച്ചു. ഒന്നും സംഭവിക്കാത്തത് പോലെ ഞങ്ങളും അരമനപ്പള്ളിയുടെ അനേകങ്ങളായ പടികള്‍ ഒന്നൊന്നായി തിരിച്ചിറങ്ങി.

( പില്‍ക്കാലത്ത് ഞാന്‍ അമേരിക്കയില്‍ വന്നശേഷം ബാവാ തിരുമേനി ഇവിടെ എന്റെ വീട് സന്ദര്‍ശിക്കുകയും, സാരമായ ഒരു കൈമുത്ത് സ്വീകരിക്കകുകയും, ചെയ്ത ശേഷം നാട്ടില്‍ ചെന്ന്  ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ എന്നെപ്പറ്റി വളരെ പുകഴ്ത്തി ഒരു പ്രസംഗം നടത്തിയതായി  അറിഞ്ഞു. സഹായ മെത്രാനാവട്ടെ എന്റെ കൊച്ചമ്മയുടെ ശവമടക്ക് ചടങ്ങില്‍ ഒന്ന് പ്രാര്‍ത്ഥിക്കാന്‍ വന്നതിന്റെ പേരില്‍ തനിക്കും, തന്റെ കൂടെയുള്ള അച്ഛനും, െ്രെഡവര്‍ക്കും ' പടി' യായി നല്ലൊരു തുക എന്റെ അനുജന്‍ ബേബിയോട് കണക്ക് പറഞ്ഞു വാങ്ങിക്കുകയും ഉണ്ടായി. തങ്ങളുടെ പടി ( നിരക്ക് ) ഇത്രയാണെന്ന് പറയുന്നത് മേല്പട്ടക്കാരല്ലാ, അവരുടെ കൂടെ നിഴല്‍ പോലെ നടക്കുന്ന അച്ചന്മാര്‍ ആയിരിക്കും. ' ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ ' എന്ന ഭാവത്തിലായിരിക്കും പരിശുദ്ധ പിതാക്കന്മാരുടെ നില്‍പ്പ്. )

ബഹുമാനപ്പെട്ട ഈശ്വരന്‍കുടി അച്ഛന്‍ പറഞ്ഞിരുന്നത് പോലെ മോട്ടോറും അനുബന്ധ സാധനങ്ങളും വാങ്ങിത്തന്നു. അത്യാവശ്യം വേണ്ടത്ര പണമൊക്കെ ഇതിനകം ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. പണി തുടങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്‌പോഴേക്കും പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുത്തെത്തി. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാവാം പണികള്‍ എന്ന പൊതു തീരുമാനപ്രകാരം എല്ലാം നിര്‍ത്തി വച്ചുകൊണ്ട് ഏവരും തെരഞ്ഞെടുപ്പില്‍ സജീവമായി.

നാട്ടില്‍ നടന്ന നാലാമത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പായിരുന്നു അത്. ഞങ്ങളുടെ ഒന്നാമത്തെ പഞ്ചായത്തു മെംബര്‍ സി. വി. കുര്യാക്കോസ് എന്ന ചിറപ്പുറത്തെ കുര്യാക്കോസ് ചേട്ടനായിരുന്നു. അല്‍പ്പം കവിതയെഴുത്ത് ഒക്കെയുണ്ടായിരുന്ന ഇദ്ദേഹത്തിനു എന്റെ അപ്പന്റെ പ്രായം ഉണ്ടായിരുന്നെങ്കിലും, എഴുതുവാനുള്ള എന്റെ കഴിവിനെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ മകനായ സി. കെ. ബാബു എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു നില്‍ക്കുന്ന കാലത്താണ് ആര്‍. എസ്. തീയറ്റേഴ്‌സ് അവതരിപ്പിച്ച ' ഒരു മനുഷ്യന്റ കഥ ' എന്ന എന്റെ നാടകത്തില്‍ ഒരു പ്രധാന റോള്‍ അഭിനയിച്ചിരുന്നത്. ഇപ്പോള്‍ പശ്ചിമജര്‍മ്മനിയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ബാബുവുമായി അധികമൊന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

കുര്യാക്കോസ് ചേട്ടന്റെ മൂത്ത മകനായ കുഞ്ഞാപ്പച്ചനും, ഞാനും, പുതിയിടത്തു മത്തായിയും കൂടി വനത്തില്‍ കള്ളത്തടി വെട്ടാന്‍ പോയ ഒരു കഥയും കൂടിയുണ്ട്. എന്റെ വിവാഹത്തിനും ഒക്കെ മുന്‍പ് വട്ടച്ചിലവിന് കാശില്ലാതെ നടന്ന ഒരു കാലമായിരുന്നു അത്. അയല്‍പക്കത്തെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഫോറസ്റ്റ് ഗാര്‍ഡുമാരില്‍ നിന്ന് ഒരു ചെറിയ തീപ്പെട്ടി മരം മുറിച്ചെടുക്കുവാനുള്ള അനുവാദം കുഞ്ഞാപ്പച്ചന് കിട്ടിയിരുന്നു. ആ അനുവാദത്തിന്റെ ബലത്തില്‍ ഞങ്ങള്‍ മൂവരും, മാര്‍ക്കോസ് എന്ന പണിക്കാരനും കൂടി രാത്രിയില്‍ കാട്ടിലെത്തി അറുപത് ഇഞ്ചിനും മേല്‍ വണ്ണമുള്ള വലിയൊരു ഇലവ്  മരം വാള്‍ വച്ച് മുറിച്ചിടുകയും, വന്‍മരം മറിഞ്ഞു മറ്റൊരു വന്‍മരത്തില്‍ തങ്ങിയത് മൂലം രാത്രിയുടെ നിശബ്ദതയില്‍ വലിയൊരു ശബ്ദം ഉണ്ടാവുകയും, ശബ്ദം കേട്ടു മൂന്ന് ഫോറസ്റ്റ് ഗാര്‍ഡുമാര്‍ എത്തി ഞങ്ങളെ പിടികൂടുകയും, " സാറ് പറഞ്ഞിട്ടല്ലേ? " എന്ന് ചോദിച്ച കുഞ്ഞാപ്പച്ചനോട് : " അയ്പ്പച്ചാ, ഇത്രക്ക് കരുതിയില്ലല്ലോടാ " എന്ന് കര്‍ത്താവ് എന്ന് പേരുള്ള ഗാര്‍ഡ് പറയുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീടുള്ള കാലമത്രയും  ഞങ്ങള്‍  പരസ്പരം ' അയ്പ്പച്ചാ ' എന്നാണു സ്വയം  കളിയാക്കി വിളിച്ചിരുന്നത്.

വ്യക്തി ബന്ധങ്ങളുടെ പേരില്‍ ഞങ്ങളെ അവര്‍ വിട്ടയച്ചു. പക്ഷെ ഞങ്ങള്‍ വാടകക്കെടുത്ത വട്ടവാള്‍ അവര്‍ കൊണ്ട് പോയി. ഉടമസ്ഥന് മറ്റൊരു വാള്‍ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടായിരുന്നില്ല. അതുകൊണ്ട് പിറ്റേ ദിവസം മുതല്‍ വാള്‍ യാചിച്ചു കൊണ്ട് ഗാര്‍ഡുമാരുടെ പിറകേ ഞങ്ങള്‍ കൂടി. അവസാനം ഇലവ് മരം കഷണങ്ങളാക്കി മുറിച്ചു ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ആട്ടി വച്ച് കൊടുത്ത് കൊള്ളാം എന്ന വ്യവസ്ഥയില്‍ വാള്‍ വിട്ടു തന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ വേണ്ടി വന്നു മരം കഷണങ്ങളാക്കുവ്വാന്‍. മഴ പെയ്‌യുന്‌പോള്‍ തോട്ടില്‍ കൂടുതല്‍ വെള്ളം വരും. ആ വെള്ളത്തിലൂടെ ഒഴുക്കിക്കൊണ്ട് വന്നിട്ട് വേണം തോടിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന ഓഫീസ് മുറ്റത്ത് അട്ടിയിടുവാന്‍.

ഒരു ദിവസം വൈകിട്ട് വലിയ മഴ പെയ്തു. തോട് നിറഞ്ഞൊഴുകി. ഞങ്ങള്‍ മൂവരും മാര്‍ക്കോസും കൂടി മുപ്പതിലധികം വരുന്ന മരമുട്ടികള്‍ ഒഴുക്കിക്കൊണ്ടു വരികയാണ്. സമയം രാത്രി. ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ചിന്ത. " എന്തിന് ഈ തടി ഇവിടെ കേറ്റണം? കൊണ്ടുപോയി വില്‍ക്കടാ പിള്ളേരെ. " എന്നായിരുന്നു ആ ചിന്ത. പിന്നെ നേരേ  താഴോട്ട്. രണ്ടു മൈല്‍ താഴെ ഞങ്ങളുടെ ഏരിയായിലുള്ള വിജനമായ ഒരു പുരയിടത്തില്‍ ഉരുട്ടിക്കയറ്റി അവിടെ സമൃദ്ധമായി ഉണ്ടായിരുന്ന തൊട്ടാവാടിക്കാടിനടിയില്‍ മുഴുവന്‍ മുട്ടികളും ഒളിപ്പിച്ചു വച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക