-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്‍ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 36: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ്

Published

on

കെ. പി. എ. സി. യുടെയും, യുവകലാ സാഹിതിയുടെയും ആഭിമുഖ്യത്തില്‍ കായം കുളത്തു വച്ച് നടത്തിയ ' നാടക പഠന കളരിയില്‍ ' നിരീക്ഷകനായി പങ്കെടുക്കുവാന്‍ എനിക്കവസരം കിട്ടി. തോപ്പില്‍ ഭാസിയുടെയും, എസ്. എല്‍. പുരം സദാനന്തന്റെയും ഒക്കെ  നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ പഠന   കളരിയില്‍ മുപ്പത്തിലധികം പഠിതാക്കളും, ഞാനുള്‍പ്പടെ അഞ്ചു നിരീക്ഷകരുമാണ് ഉണ്ടായിരുന്നത്. അഞ്ചു ദിവസമായിരുന്നു കളരി. കായം കുളത്തെ പ്രശസ്തമായ കെ. പി. എ. സി. മന്ദിരത്തില്‍ വച്ച് കേരളത്തിലെ പ്രമുഖരായ നാടക പ്രവര്‍ത്തകരെയും, നാടക കൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈ കളരി, നാടകത്തിന്റെ അരങ്ങിലും അണിയറയിലും അറിഞ്ഞിരിക്കേണ്ട അനവധിയായ കാര്യങ്ങളെക്കുറിച്ചുള്ള ആധികാരികമായ ചര്‍ച്ചകളും, പഠന ക്‌ളാസുകളും, പ്രായോഗിക പരിശീലങ്ങളും പ്രഗത്ഭരുടെ അനുഭവ സാക്ഷ്യങ്ങളും കൊണ്ട് സജീവമായിരുന്നു. തോപ്പില്‍ ഭാസിയും, തോപ്പില്‍ കൃഷ്ണപിള്ളയും, കാന്പിശേരി കരുണാകരനും, എസ്. എല്‍. പുരവും, ജി. ശങ്കരപ്പിള്ളയും,  പ്രൊഫസര്‍ കെ. വിജയന്‍ നായരും,  ബഹുമാന്യനായ ശ്രീ നന്പ്യാര്‍ ഉള്‍പ്പടെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകരും, മറ്റു നാടക പണ്ഡിതരും ഒക്കെക്കൂടിയുള്ള  നിരവധി പ്രമുഖര്‍ പഠിതാക്കളുമായി നേരിട്ട് സംവദിച്ചപ്പോള്‍, പാശ്ചാത്യവും, പൗരസ്ത്യവുമായ നാടക മുന്നേറ്റങ്ങളെ പിന്‍ചേര്‍ത്തുകൊണ്ടു മലയാള നാടകത്തിന്റെ വര്‍ത്തമാനാവസ്ഥ ഇഴ കീറി പരിശോധിക്കുന്ന ഒരു സര്‍ഗ്ഗ സംവാദമാണ് കെ. പി. എ. സി. യില്‍ അരങ്ങേറിയത്. 

സ്വന്തം നാടക റിഹേര്‍സലുകള്‍ക്കായി പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് കെ. പി. എ. സി. നിര്‍മ്മിച്ചിട്ടുള്ള ഒരു താല്‍ക്കാലിക പന്തലില്‍ വച്ചായിരുന്നു പഠനക്കളരി. ഹോട്ടലുകളിലോ, ലോഡ്ജുകളിലോ താമസിച്ചു കൊണ്ടാവണം നാടക പ്രവര്‍ത്തകര്‍ കളരിയില്‍ എത്തിയിരുന്നത്. അത്രക്കുള്ള അവസ്ഥ ഇല്ലാഞ്ഞത് മൂലം പന്തലിനോട് ചേര്‍ന്നുള്ള അടച്ചുറപ്പുള്ള ഒരു മുറിയില്‍ ഉള്ള സൗകര്യങ്ങളില്‍ ഒതുങ്ങി ഞാന്‍ ഇടം കണ്ടെത്തി.  ജോസ് തോമസ് എന്ന് പേരുള്ള ഒരു യുവാവും, സി. പി. ഐ. യുടെ ഒരു ലോക്കല്‍ സെക്രട്ടറിയുമാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. 

ആദ്യ ദിവസങ്ങളില്‍ ഒന്നില്‍ കുളിക്കാനൊരുങ്ങിയപ്പോളാണ് സോപ്പു കൊണ്ട് വന്നിട്ടില്ല എന്ന് മനസ്സിലായത്. നമ്മുടെ നാടന്‍ രീതിയില്‍ കൂടെയുണ്ടായിരുന്ന സി. പി. ഐ. സഖാവിനോട് ഇന്നത്തേക്ക് ആ സോപ്പൊന്ന് തരാമോ എന്ന് ചോദിച്ചു. അതിനുത്തരമായി അദ്ദേഹം ചെറിയോരു സ്റ്റഡിക്ലാസ് തന്നെ എനിക്കെടുത്തു. ' ഒരേ സോപ്പ് രണ്ടു വ്യക്തികള്‍ ഉപയോഗിച്ചാല്‍ ജേംസ് എന്ന ' ജയിംസ് ' പരസ്പരം പകരുമെന്നും, അത് കൊണ്ട് സോപ്പ് തരാന്‍ പറ്റില്ലെന്നും ' അദ്ദേഹം തുറന്നു പറഞ്ഞു. വിശ്വമാനവീകത ലക്ഷ്യം വച്ച് ഭൗതിക വാദത്തിലധിഷ്ഠിതമായ ശാസ്ത്രീയ ജീവിതം നയിക്കുന്ന കമ്യൂണിസ്റ്റുകാരന്റെ ശാസ്ത്രീയ അവബോധം ഉള്‍ക്കൊണ്ടു കൊണ്ട് അന്ന് സോപ്പില്ലാതെ കുളിച്ചു. ( അമേരിക്കയിലെത്തിയ ആദ്യ കാലങ്ങളില്‍ ഒരു പെന്തക്കോസ്തു പാസ്റ്ററുടെ ബേസ്‌മെന്റില്‍ വാടകക്ക് താമസിക്കുന്‌പോള്‍,  ബേസ്‌മെന്റില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള അവരുടെ വാഷിങ്ങ് മെഷീന്‍ ഒരു നിശ്ചിത തുക വാടകയായി തന്നു കൊണ്ട് ഞങ്ങളും കൂടി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ പാസ്റ്ററുടെ ഭാര്യ പറഞ്ഞ മറുപടിയും ഇത് തന്നെയായിരുന്നു :  ' വേണ്ട വേണ്ട ' ജെയിംസ് ' പരസ്പരം പകരും. ' എന്ന്. രണ്ടു പേരുടെയും ചിന്തകളിലെ ആശയ പരമായ സാമ്യം എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. ഒരു കൂട്ടര്‍ മനുഷ്യനെ മുകളിലെ സ്വര്‍ഗ്ഗത്തില്‍ അയക്കുവാനും മറു കൂട്ടര്‍ മനുഷ്യനെ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ അയക്കുവാനുമാണല്ലോ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്?)

ഇതിനകം എന്റെ നാല് നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നാലിന്റെയും ഓരോ കോപ്പി വീതം ബഹുമാന്യരായ തോപ്പില്‍ ഭാസിക്കും, പ്രൊഫസര്‍ കെ. വിജയന്‍ നായര്‍ക്കും കൊടുത്തു. നാടകങ്ങള്‍ വായിച്ചു വിലയിരുത്തി തോന്നുന്ന അഭിപ്രായം എന്തായിരുന്നാലും അത് എഴുതി തരണം എന്ന് രണ്ടു പേരോടും അപേക്ഷിച്ചിരുന്നു. പ്രൊഫസര്‍ വിജയന്‍ നായര്‍ നല്ലതും, ചീത്തയും വിലയിരുത്തിക്കൊണ്ട് കനപ്പെട്ട  ഒരു നിരൂപണം എഴുതിത്തന്നു. ശ്രീ തോപ്പില്‍ ഭാസി അവര്‍കള്‍ പുസ്തകങ്ങള്‍ വായിച്ചുവോ എന്ന് തന്നെ സംശയമുണ്ട്. ഇന്നുവരെയും അദ്ദേഹത്തില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. നാലാമത് അച്ചടിച്ച ' അശനി ' ഏറ്റുമാനൂരിലെ ജി. ജെ. പ്രസ്സില്‍ നിന്ന് എന്‍. ബി. എസ്. ലേക്ക്  മാറ്റിയിരുന്നില്ല എന്നത് കൊണ്ട് ആ നിരൂപണം കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് നാടകം വില്‍പ്പനക്കെത്തിയത്. 

നാലഞ്ചു ദിവസത്തെ സഹവാസം കൊണ്ട് ശ്രീ ജോസ് തോമസ് ഉള്‍പ്പടെയുള്ള ചില ചെറുപ്പക്കാരുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. അവരില്‍ ചിലരെങ്കിലും കേരളത്തിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ ഇന്നും സജീവവുമാണ്. ജീവിത സമരത്തിന്റെ നേരറിവുകള്‍ക്കിടയില്‍ അവരില്‍ ആരുമായും വീണ്ടും ബന്ധപ്പെടുവാനോ, ആ സൗഹൃദങ്ങള്‍ നില നിര്‍ത്തുവാനോ സാധിച്ചില്ല. 

ബഹുമാന്യനായ പ്രൊഫസര്‍ നരേന്ദ്ര പ്രസാദും, ശ്രീ മുരളിയും, ശ്രീ ഗോപാലകൃഷ്ണനും കൂടി കനത്ത രെജിസ്‌ട്രേഷന്‍ ഫീസ് ഇടാക്കിക്കൊണ്ട് കേരളത്തിലെ ചില സ്ഥലങ്ങളില്‍ നാടക പരിശീലന ശിബിരങ്ങള്‍ നടത്തിയിരുന്നു.  സിനിമാ മേഖലയിലും ഇവര്‍ സജീവമായിരുന്നത് കൊണ്ടാവാം ധാരാളം പേര്‍ ഈ ക്‌ളാസുകളില്‍ പങ്കെടുത്തിരുന്നു. മൂവാറ്റുപുഴ ' മേള ' യുമായി സഹകരിച്ചു കൊണ്ട് ഇവര്‍ നടത്തിയ നാടക ശിബിരത്തില്‍ ഒരു നിരീക്ഷകനായി ഞാനും പങ്കെടുത്തിരുന്നു. ഡെമോണ്‍സ്‌ട്രേഷന്റെ  ഭാഗമായി മുരളി ഒരു കടുവയായും, ഗോപാല കൃഷ്ണന്‍ ആ കടുവയുടെ പരിശീലകനായും അഭിനയിച്ചു കാണിച്ചു കൊണ്ട് കൈയ്യടി നേടി. അക്കാദമി നാടക മത്സരത്തില്‍ ഏറ്റവും നല്ല രചനക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങള്‍  ലഭിച്ച  വ്യക്തികള്‍ എന്ന നിലയില്‍ പ്രൊഫസര്‍ എന്നെ തിരിച്ചറിയുമെന്നാണ് ഞാന്‍ കരുതിയത്. യാതൊരു ഭാവ ഭേദവും കാണാതിരുന്നതിനാല്‍ പോരാന്‍ നേരം അടുത്തു ചെന്ന്  ' സാര്‍ ഞാനാണ് ജയന്‍ വര്‍ഗീസ്, അക്കാദമി മത്സരത്തില്‍ രചനക്കുള്ള ഒന്നാം സ്ഥാനം സാറിനും, രണ്ടാം സ്ഥാനം എനിക്കുമായിരുന്നു  ഓര്‍ക്കുന്നുണ്ടോ? ' എന്ന് ചോദിച്ചിട്ടു പോലും ആ മനുഷ്യന്‍ മുഖമുയര്‍ത്തി എന്നെ നോക്കുകയോ, ഒരക്ഷരം മിണ്ടുകയോ ചെയ്തില്ല. സമീപത്തുണ്ടായിരുന്ന മുരളി എന്നെ കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു കളഞ്ഞു. അക്കാദമി നാടക മത്സരത്തില്‍ മോഡല്‍ റീജിയണല്‍ തീയറ്ററില്‍ വച്ച്  ' സൗപര്‍ണിക ' എന്ന അദ്ദേഹത്തിന്റെ നാടകത്തിന് ലഭിക്കാതെ പോയ കൈയടി, മുഴുവന്‍ പ്രേക്ഷകരും എഴുന്നേറ്റു നിന്ന് ' ആലയം താവളം ' എന്ന എന്റെ നാടകത്തിന് ലഭിച്ചതിലുള്ള നീരസം അന്ന് മുതലേ ദൃശ്യമായിരുന്നു എങ്കിലും അത് ഇത്രക്ക് കഠിനമായിരുന്നു എന്ന് ഇപ്പോളാണ് ശരിക്കും മനസിലായത്. ( വിശാലമായ അധിവാസ മേഖല സ്വന്തമാക്കി കാട്ടിലെ രാജാവായി വാഴുന്ന സിംഹങ്ങള്‍ തങ്ങളുടെ അധിവാസ മേഖലയില്‍ മറ്റൊരു സിംഹം കടന്നു വന്നാല്‍ അതിനെ ആക്രമിച്ച് ഓടിക്കും എന്ന് ' സഫാരി ' ചാനലിലെ ' അനിമല്‍ പ്ലാനെറ്റ് ' എന്ന പരിപാടിയില്‍ കാണിച്ചത് മനുഷ്യര്‍ക്കിടയിലും വാസ്തവമാണ് എന്ന് ശരിക്കും ബോധ്യപ്പെട്ടു കൊണ്ട് ഞാന്‍ തിരിച്ചു പൊന്നു.) 
                                                
( പഠനം കൊണ്ട് വാസന വളരും എന്ന വാക്യം പഴഞ്ചൊല്ലുപോലെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇത് മറിച്ചാണ് സംഭവിച്ചത്. സ്വച്ഛ സ്പടികമായ തടാക ജലത്തില്‍ കല്ല് വീണത് പോലെയുള്ള ഒരനുഭവമായിരുന്നു പഠനക്കളരികളില്‍ നിന്ന് എനിക്കുണ്ടായത്. ആ അലകള്‍ പിന്നെ ഒരിക്കലും അടങ്ങിയില്ല എന്നതിന് തെളിവായി നാടകക്കളരികള്‍ക്ക് ശേഷം ഒരൊറ്റ നാടകം പോലും എഴുതാന്‍ എനിക്ക് സാധിച്ചില്ല.)

വലിയ വലിയ ആളുകളുടെ മുന്നില്‍ നാണം കേട്ടിട്ടുള്ള ചരിത്രം ഇത് മാത്രമല്ല. എന്റെ നാട്ടില്‍ എന്റെ സുഹൃത്തുക്കളായി ഭാവിച്ചിരുന്ന ചിലരെങ്കിലും, പട്ടണങ്ങളിലെ അവരുടെ ഓഫിസുകളിലോ, ബിസിനസ് സ്ഥാപനങ്ങളിലോ ചെല്ലുന്‌പോള്‍ നമ്മളെ കണ്ടതായി ഭാവിക്കാതെ മുഖം തിരിച്ചു കളഞ്ഞ അനുഭവങ്ങള്‍ ധാരാളമുണ്ട്. ( അതെന്തിന് പറയുന്നു, അമേരിക്കയില്‍ വന്ന ആദ്യകാലങ്ങളില്‍ വാഹനമില്ലാത്ത നമുക്ക് ആരുടെയെങ്കിലും ' റൈഡ് ' വേണ്ടി വരുമല്ലോ? നാട്ടില്‍ അയല്‍ക്കാര്‍ ആയിരുന്ന ചിലരെങ്കിലും ഇതൊഴിവാക്കാനായി നമ്മളില്‍ നിന്ന് ഒരു നിശ്ചിത അകലം പാലിച്ചിരുന്നതായി അറിയാം. നമ്മുടെ കൈയിലും ഡോളര്‍ വന്നു നിറഞ്ഞപ്പോള്‍ ഒന്നുമറിയാത്തവരെപ്പോലെ അവരെല്ലാം വീണ്ടും നമ്മളോട് പച്ചിലയും, കത്രികയും പോലെ സുഹൃത്തുക്കള്‍ ആയിത്തീരുകയും, ഇന്നും അത് തുടരുകയും ചെയ്‌യുന്നു. 

എടുത്തു പറയാവുന്ന രണ്ട് അനുഭവങ്ങള്‍ എന്ന് പറയാവുന്നത്, ബഹുമാന്യരായ ശ്രീ കെ. എം. തരകനെയും, ശ്രീ ഡി. സി. കിഴക്കേമുറിയെയും കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായതാണ്. ശ്രീ തരകന്‍. കോതമംഗലം എം. എ. കോളേജില്‍ അധ്യാപകനും, മനോരമ വീക്കിലിയുടെ എഡിറ്ററും ആയിരിക്കുന്ന കാലം. സാഹിത്യ തല്പരനായ ഷാജി എന്ന എന്റെ ബന്ധു അന്ന് തരകന്റെ  സ്റ്റുഡന്റാണ്. ഷാജിയുടെ സുഹൃത്തും, കുറച്ചൊക്കെ എഴുതാന്‍ കഴിവുള്ളവനുമായ മറ്റൊരു പയ്യനോട് : ' നീ എന്തെങ്കിലും ഇങ്ങെഴുതിക്കൊണ്ടുവാ, ഞാന്‍ പ്രസിദ്ധീകരിക്കാം ' എന്ന് തരകന്‍ പറയാറുണ്ടെന്നും, ' സാറിനെക്കണ്ടാല്‍ ചേട്ടനെഴുതുന്നതു പുഷ്പം പോലെ പ്രസിദ്ധീകരിക്കും ' എന്ന ഷാജിയുടെ വാക്കും കേട്ട് കൊണ്ടാണ് ഞാന്‍ തരകനെ കാണാന്‍ കോട്ടയത്തു ചെല്ലുന്നത്. 

ഞാന്‍ ചെല്ലുന്‌പോള്‍ തരകന്‍ സാര്‍ തന്റെ മുന്നില്‍ രണ്ടു കസേരകളിലായി ഇരിക്കുന്ന രണ്ടു യുവതികളോട് പൊട്ടിച്ചിരിച്ചു  സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വാതിലില്‍ ഞാന്‍ മുഖം കാണിച്ചിട്ട് കാത്തു നിന്നു. ചര്‍ച്ച സാഹിത്യമാണെന്ന് പുറത്തു കാത്തു നിന്ന എനിക്ക് മനസ്സിലായി. പത്തിരുപതു മിനിട്ടു നിന്നിട്ടും ഒരനക്കവുമില്ല. ഒന്നുകൂടി വാതില്‍ക്കലേക്ക് നീങ്ങി '  സാറിനെ കാണാന്‍ വന്നതാണ് ' എന്ന് ആംഗ്യം കാട്ടി. അനക്കമില്ല. ഒരു അരമണിക്കൂര്‍ കൂടി അങ്ങിനെ നിന്ന് കാണണം. യുവതികള്‍ സംസാരം തുടരുകയാണ്.  ക്ഷമ നശിച്ച  ഞാന്‍ തുറന്നു കിടന്ന വാതിലിലൂടെ അകത്തു കടന്നു അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് അഭിവാദ്യം ചെയ്തു.  ( കുറച്ചു കൂടി ഞാന്‍ കാത്തു നില്‍ക്കണമായിരുന്നു എന്ന് എന്റെ മനസ്സ് തന്നെ പിന്നീട് എന്നോട് പറയുകയുണ്ടായിട്ടുണ്ട്.) 

മേശ വലിപ്പിലേക്ക് തല താഴ്ത്തിയിരിക്കുകയായിരുന്ന തരകന്‍ ' എന്താ ' എന്ന അര്‍ത്ഥത്തില്‍ തലയും , മുഖവും മുകളിലേക്ക്  തെറിപ്പിച്ചുയര്‍ത്തി  എന്നെ നോക്കി.  ' ഞാന്‍ സാറിനെക്കാണാന്‍......' എന്ന് ഞാന്‍ തുടങ്ങിയപ്പോളേക്കും ഉയര്‍ന്നിരുന്ന തല നാല്‍പ്പഞ്ചു ഡിഗ്രിയില്‍ വാതില്‍ക്കലേക്ക് തിരിച്ചു ' പുറത്തു പോകൂ ' എന്ന ശബ്ദമില്ലാത്ത ആജ്ഞ. ഒരു നിമിഷം അറിയാതെ ഞാന്‍ യുവതികളുടെ നേരെ നോക്കിപ്പോയി. അവര്‍ മൂക്കും, വായും പൊത്തി ഊറിച്ചിരിക്കുന്നു. ഒരു വിഡ്ഢിയെപ്പോലെ നിശബ്ദനായി ഞാന്‍ പുറത്തു കടന്നു നിന്നു. എനിക്ക് ദേഷ്യത്തെക്കാളുപരി സങ്കടം വന്നു. ' ഇവനെയൊന്നും നന്പിയിട്ടു കാര്യമില്ല, വീട്ടില്‍പോ ' എന്നൊരു ശബ്ദം അകത്തു നിന്ന് കേട്ടു. ' ഇനിയൊരു പത്രാധിപരുടെയും മുന്നില്‍ പോകില്ല '  എന്നൊരു ശപഥവുമായി അവിടെ നിന്ന് പൊന്നു. ഇതെഴുതുന്ന ഈ സമയം വരെയും അത് പാലിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.

സാഹിത്യ പരിപോഷണത്തിനായി ശ്രീ ഡി. സി. കിഴക്കേമുറി അനുഷ്ഠിക്കുന്ന സേവനങ്ങള്‍ പത്രത്താളുകളില്‍ നിറഞ്ഞു നിന്ന കാലത്താണ് ഞാന്‍ ഡി. സി. യെ കാണാന്‍ ചെല്ലുന്നത്. എന്റെ ' അജപാലകര്‍ക്ക് ഒരിടയഗീതം ' എന്ന നാടകം ഡി. സി. ബുക്‌സ് പ്രസിദ്ധീകരിക്കുമോ എന്നറിയാനായിരുന്നു സന്ദര്‍ശനം. ചെന്ന പാടെ അദ്ദേഹം ഇരിക്കാന്‍ പറയുകയും, സൗമ്യമായി കാര്യം തിരക്കുകയും ചെയ്തു. ഞാന്‍ ആവശ്യം പറഞ്ഞപ്പോള്‍ ' എന്താപേര്? ' എന്നദ്ദേഹം എന്നോട് ചോദിച്ചു. ' ഞാന്‍ ജയന്‍ വര്‍ഗീസ് ആണെന്നും, സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ടെന്നും, നാല് നാടകങ്ങള്‍ പ്രസിദ്ധീകരിച്ച്  എന്‍. ബി. എസ്. വഴി വിതരണം ചെയ്യുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. ' നിങ്ങളെക്കുറിച്ചു ഞാന്‍ കേട്ടിട്ടില്ല ' എന്ന് നിസ്സംഗനായി പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചു : ' ഞങ്ങള്‍ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളു. നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. പത്രങ്ങളിലൊക്കെ ധാരാളം എഴുതി നല്ല പേരാവുന്‌പോള്‍ വരിക, അപ്പോള്‍ നോക്കാം ' '  എവിടെയെങ്കിലും  പോയി നന്നായി നീന്തല്‍ പഠിച്ചിട്ടു വരിക, അപ്പോള്‍ വെള്ളത്തിലിറക്കാം ' എന്ന നിലയിലുള്ള ഈ ഉത്തരവും കേട്ട് മടങ്ങേണ്ടി വന്നു. 

(അമേരിക്കയിലെത്തിയപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ' റ്റുവാര്‍ഡ്‌സ് ദി ലൈറ്റ് ' എന്ന ഇഗ്‌ളീഷ് നാടകത്തിന്റെ ഒരു കോപ്പി അയച്ചു കൊടുത്ത് കൊണ്ട്, ഇതിന്റെ മലയാളത്തിലെ മൂല രചനയായ ' ജ്യോതിര്‍ഗമയ ' പ്രസിദ്ധീകരിക്കാമോ എന്നാരാഞ്ഞു കൊണ്ട് വീണ്ടും ഞാന്‍ ഡി. സി. ബുക്‌സിനെ സമീപിച്ചിരുന്നു. മറ്റുള്ളവര്‍ പ്രസിദ്ധീകരിച്ചതൊന്നും ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല എന്ന മറുപടി കിട്ടി. ഇതിനകം മണ്മറഞ്ഞ ഡി. സി. കിഴക്കേമുറിയുടെ മകനായിരുന്നു അപ്പോള്‍ ബുക്‌സിന്റെ ഉടമ. ) 

എന്‍. ബി. എസ്. ലെ പുസ്തക ഇടപാടുകളുമായി ബന്ധപ്പെട്ടു പലപ്പോഴും എനിക്ക് കോട്ടയത്തു പോകേണ്ടി വന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ശനത്തിനിടയിലാണ് ഞങ്ങളുടെ ഗ്രാമത്തിലെ മലയാള മനോരമയുടെ ഏജന്‍സി എനിക്ക് കിട്ടുന്നത്. മുന്‍ ഏജന്‍സിയെ കന്പനി നീക്കം ചെയ്തതറിഞ്ഞു ഞാന്‍ സമീപിക്കുകയും, എനിക്ക് ഏജന്‍സി അനുവദിക്കുകയും ആണുണ്ടായത്. പേരിന്  എനിക്കൊരു ബിസിനസ് ഉണ്ടായിരുന്നതിനാലും, നാടക സംബന്ധമായ ഇടപാടുകള്‍ വേറെയുണ്ടായിരുന്നതിനാലും, പത്ര ഏജന്‍സിപ്പണി അനുജന്മാരായ ബേബി ആന്‍ഡ് ബേബിമാരെ ഏല്‍പ്പിച്ചു. ( ഒരു ബേബി എന്റെ നേര്‍ അനുജനും, മറ്റേ ബേബി കൊച്ചപ്പന്റെ മകന്‍ അനുജനും. ) കുറച്ചു വര്‍ഷങ്ങള്‍ ഈ തൊഴിലിലൂടെ അവര്‍ക്ക് ന്യായമായ വരുമാനം ലഭിച്ചിരുന്നു. 

മനോരമ പത്രത്തിന്റെ ഏജന്‍സിയാണല്ലോ എന്ന ബലത്തിന്മേല്‍ ഒരു നാടകത്തിന്റെയെങ്കിലും റിവ്യൂ പത്രത്തില്‍ വരുത്താമോ എന്നാരാഞ്ഞു കൊണ്ട്  അന്ന് റിവ്യൂവിന്റെ ചുമതലക്കാരനായിരുന്ന ശ്രീ എം. കുര്യനെ സമീപിച്ച് ' അസ്ത്ര ' ത്തിന്റെ നാല് കോപ്പികള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. ' ഇപ്പ ശരിയാക്കിത്തരാം ' എന്ന് പറഞ്ഞ് അദ്ദേഹം കോപ്പികള്‍ വാങ്ങിച്ചു വച്ചു. ചാത്തമറ്റത്ത് നിന്ന് വെളുപ്പിന് ബസ് കയറി മൂവാറ്റുപുഴയിറങ്ങി, അവിടന്ന് ബസ് പിടിച്ചു കോട്ടയത്തിറങ്ങുന്‌പോള്‍ സമയം ഉച്ചയോടടുക്കും. ഒരു റിവ്യൂ വന്നു കാണാനുള്ള ആകാംഷ കൊണ്ട് ഇങ്ങനെ അഞ്ചാറു പ്രാവശ്യമെങ്കിലും മനോരമയില്‍ പോയിട്ടുണ്ടാവും.  '  അടുത്ത വെള്ളിയാഴ്ച ഉറപ്പായും റിവ്യൂ വരും '  എന്ന് ഉറപ്പു പറഞ്ഞ് അവസാന വട്ടം അദ്ദേഹമെന്നെ തിരിച്ചയച്ചു. 

വെള്ളിയാഴ്ചത്തെ പത്രത്തിലും റിവ്യൂ കാണാഞ്ഞ് വീണ്ടും ഞാന്‍ മനോരമയിലെത്തി. എനിക്ക് ശരിക്കും ദേഷ്യം വന്നു. അകത്തെ ദേഷ്യം പുറത്തു കാണിക്കാതെ സൂക്ഷിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല.  ദേഷ്യം വരുന്‌പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു നിറയുകയും, ചുണ്ടുകള്‍ വിറയ്ക്കുകയും ചെയ്യുന്നത് എനിക്കറിയാമെങ്കിലും, അത് നിയന്ത്രിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ലാ എന്നതിനാല്‍ ആ ഭാവമാറ്റം ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. വിറയ്ക്കുന്ന കൈകള്‍ നീട്ടി ' ഇനി റിവ്യൂ വേണ്ട, എന്റെ പുസ്തകം തിരിച്ചു തന്നേരെ ' എന്നായി ഞാന്‍. 

ശ്രീ എം. കുര്യന്‍ പുസ്തകം തപ്പിയിട്ടു കിട്ടുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളും മുറിഞ്ഞൊ എന്ന് സംശയമുണ്ട്. പതിനഞ്ചു ദിവസത്തിനകം റിവ്യൂ ഇട്ടുകൊള്ളാം എന്ന് അദ്ദേഹം  വീണ്ടും ഉറപ്പു തന്നു. പതിനഞ്ചു ദിവസത്തിനകം കാര്യം നടന്നു. രണ്ടു കോളം പത്രത്തില്‍ രണ്ടിഞ്ചില്‍ ഒതുങ്ങുന്ന ഒരു  കുഞ്ഞു റിവ്യൂ.   ( കള്ള് പാര്‍ട്ടികളും, കാല് നക്കലുകളും ഒക്കെ നടത്തിയിട്ടാണ് പലരും പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, നേരിട്ടറിയില്ല. ) 

( ശ്രീ എം. കുര്യനോട് ദേഷ്യപ്പെടേണ്ടി വന്ന ഈ സാഹചര്യം പില്‍ക്കാലത്ത് കൈരളിയില്‍ എഴുതിയപ്പോള്‍,  ' ശ്രീ എം. കുര്യനോട് ഞാന്‍ ദേഷ്യപ്പെട്ടിരുന്നുവെങ്കില്‍ കുര്യന്‍ എന്നെ ഹിംസിച്ചു കളഞ്ഞേനെ ' എന്ന അര്‍ത്ഥത്തിലായിരുന്നു ശ്രീ  ജോയന്‍  കുമരകം അതിനോട്  പ്രതികരിച്ചത്. ) 

മേല്‍ വിവരിച്ചിട്ടുള്ള അനുഭവങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ മിക്കവരും കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. അവരെക്കുറിച്ചുള്ള എന്റെ ഭാഷ കടുത്തു പോയിട്ടുണ്ടെങ്കില്‍ അതിനു മാപ്പു ചോദിച്ചു കൊണ്ട്, സത്യത്തിന്റെ മുഖം ചിലപ്പോഴൊക്കെ  നമ്മളറിയുന്നതിനേക്കാള്‍ പരമ വികൃതമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയ ചില കാര്യങ്ങള്‍ ആരോടും പരിഭവമില്ലാതെ സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു പോയി എന്നേയുള്ളു, ക്ഷമിക്കണം. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More