-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 34. : ജയന്‍ വര്‍ഗീസ്.)

ജയന്‍ വര്‍ഗീസ്

Published

on

തൊടുപുഴ ടൌണ്‍ ഹാളില്‍ നാടകം അവതരിപ്പിക്കേണ്ട സമയം അടുത്തു വരികയാണ്. ടീമിന്റെ ആത്മാവായി നില നിന്ന സൗഹൃദം പതിയെ കണ്ണികള്‍ പൊട്ടുന്നതായി ഏവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇടി വെട്ടിയവനെ പാന്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ഇനി നാടകത്തിനു വരുന്നില്ല എന്ന് ശോഭ അറിയിച്ചു. ( അവളുടെ അപേക്ഷയോട് ഞാന്‍ പ്രതികരിക്കാതെ ഇരുന്നത് കൊണ്ടാണ്  ഈ കടുത്ത തീരുമാനം എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. എന്റെ നിസ്സഹകരണം ആ കിളുന്തു പെണ്‍കുട്ടിയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് മനസ്സില്‍ തോന്നിയെങ്കിലും ആരോടും പറഞ്ഞില്ല ) അവതരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബാലന്റെ സുഹൃത്ത് ബുക്ക് ചെയ്തിട്ടുള്ള നാടകം എന്ന നിലയിലാവാം, ബാലന്‍ മുന്‍കൈയെടുത്ത് വൈറ്റിലക്കാരി തങ്കം എന്ന നടിയെ ശോഭ ചെയ്തിരുന്ന മാലതിയുടെ റോള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. തൊടുപുഴയിലെ ഒരു ലോഡ്ജുമുറിയില്‍ വച്ച് മാലതി രംഗത്തു വരുന്ന ഭാഗങ്ങള്‍ മാത്രമെ റിഹേഴ്‌സല്‍ എടുക്കുന്നുള്ളു എന്നും, ആയതിനാല്‍ ഞാന്‍ ചെല്ലേണ്ടതില്ല എന്നും,  നാടകാവതരണത്തിന് നാല് ദിവസം മുന്നേ നടി എത്തുമെന്നും, നാടകം കഴിഞ്ഞേ മടങ്ങുകയുള്ളു എന്നും ബാലന്‍ എന്നെ അറിയിച്ചു. 

നാടക ദിവസം വന്നു. ഒന്നും സംഭവിക്കാത്തത് പോലെ കാര്യങ്ങള്‍ നടന്നു. എന്റെ തൊണ്ടയില്‍ ഒരു ബോള്‍ തടഞ്ഞിരിക്കുന്നതു പോലെ അനുഭവപ്പെട്ടു. വളരെ മനോഹരമായി നാടകാവതരണത്തിനു മുന്പുള്ള അനൗണ്‍സ് നടത്തിയിരുന്ന എനിക്ക് വാക്കുകള്‍ മുറിഞ്ഞത് ഞാനറിഞ്ഞു. നാടകാവതരണം വലിയ ഭംഗിയായി എന്ന് പറയാനാവില്ല. ഒരു വിധം ചെയ്തു എന്നേയുള്ളു. എങ്കിലും ആളുകള്‍ക്കു നാടകം ഇഷ്ടപ്പെടുക തന്നെ ചെയ്തു. 

ഓരോ നാടകാവതരണങ്ങള്‍ക്കു ശേഷവും കുറെ ചടങ്ങുകളുണ്ട്. സാധനങ്ങളുടെ പാക്ക് ചെയ്യല്‍, സഹകാരികള്‍ക്കുള്ള പണമിടപാടുകള്‍ തുടങ്ങിയുള്ള കാര്യങ്ങള്‍. ഇതെല്ലാം കഴിഞ്ഞ് ബാലന്‍ എടുത്തിരുന്ന ലോഡ്ജ് മുറിയില്‍  ഞങ്ങള്‍ എത്തിയപ്പോള്‍ സമയം രണ്ടു മണി. ഒട്ടൊരു പരിഹാസത്തോടെയാണ് ബാലന്‍ എന്നെ നോക്കുന്നത്. മൂക്കനെ അന്വേഷിച്ച എന്നോട് അടുത്ത മുറിയിലേക്ക് ചൂണ്ടി ' ദാ അവിടെ. പോയി നോക്ക് ' എന്ന് ബാലന്‍. 

ആ മുറിയുടെ ചാരിയിരുന്ന വാതില്‍ തുറന്നു ഞാന്‍ ുനോക്കുന്‌പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. മുറിയിലെ രണ്ടു കട്ടിലുകള്‍ ചേര്‍ത്തിട്ടിരിക്കുകയാണ്. ആ കട്ടിലുകളില്‍ ഒന്നില്‍ കമിഴ്ന്നു കിടന്നു കൊണ്ട്, കട്ടിലുകള്‍ക്കിടയിലെ ചെറിയ വിടവില്‍ മുഖം ചേര്‍ത്തു വച്ച് മൂക്കന്‍ ഛര്‍ദ്ദിച്ചു കൊണ്ടേയിരിക്കുകയാണ്. മുറിയിലാകെ മദ്യത്തിന്റെ അസഹ്യമായ നാറ്റം. പുറത്തു വന്ന എന്നെത്തന്നെ നോക്കി ബാലന്‍ ഊറിച്ചിരിക്കുകയാണ്. ബാലനും മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു നാലണത്തുട്ട് എന്റെ നേരെ നീട്ടിക്കൊണ്ട് ബാലന്‍ പറയുകയാണ് : ' ജയന്‍ വര്‍ഗീസിന് പൈസക്ക് ദാരിദ്ര്യമല്ലേ? ഇന്നാ ഇതിരിക്കട്ടെ.' 

എനിക്ക് വേദന തോന്നി. എങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. ( ഒരുപക്ഷെ ഞാന്‍ മറുപടി പറഞ്ഞിരുന്നെങ്കില്‍ അതൊരു വലിയ വഴക്കായി തീരുമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ) അവിടുത്തെ അപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ എന്റെ സമിതികളില്‍ ഞാന്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന എല്ലാ നിയങ്ങളും തങ്ങള്‍ തെറ്റിച്ചുവെന്നും, ' തനിക്കെന്താ ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യ് ' എന്നൊരു വെല്ലുവിളിയുമായിട്ടാണ് ചിലരെങ്കിലും അവിടെ നില്‍ക്കുന്നതെന്നും എനിക്ക് മനസ്സിലായി. 

സമയം വെളുപ്പിന് മൂന്നു മണി. ഇനിയും അവിടെ നിക്കുന്നത് ഭംഗിയല്ലാ എന്ന് എനിക്ക് തോന്നി.  അര മൈല്‍ ദൂരമുണ്ട് തൊടുപുഴയിലെ െ്രെപവറ്റ് ബസ് സ്റ്റാന്റിലേക്ക്. ആരോടും ഒന്നും പറയാതെ അവിടെയുണ്ടായിരുന്ന ' ആലയം താവള' ത്തിന്റെ കൈയെഴുത്തു പ്രതി മടക്കി കക്ഷത്തില്‍ വച്ച് കൊണ്ട് ഞാനൊറ്റക്ക് ബസ് സ്റ്റാന്റിലേക്കു നടന്നു പോന്നു. നാലുമണിക്ക് മൂവാറ്റുപുഴയിലേക്കുള്ള ബസ് പിടിച്ചു മൂവാറ്റു പുഴയിലിറങ്ങി, കാളിയാര്‍ ബസ്സില്‍ പൈങ്ങോട്ടൂരില്‍ ഇറങ്ങി രണ്ടു മൈല്‍ നടന്ന് നേരം വെളുത്ത പാടെ വീട്ടിലെത്തി.

അങ്ങിനെ ഞാനുള്‍പ്പടെയുള്ള ടീമിന് ഒരു ജീവിതമാര്‍ഗ്ഗം ആയേക്കുമായിരുന്ന ഒരു നാടക കൂട്ടായ്മ അവസാനിച്ചു. മാനുഷികമായ പോരായ്മകള്‍ ഞാനുള്‍പ്പടെ ഏവര്‍ക്കും ഉള്ളതായതു കൊണ്ട് ഇങ്ങിനെയൊക്കെ സംഭവിച്ചു എന്നേയുള്ളു. എങ്കിലും നാടക സംബന്ധമായ എല്ലാ മേഖലകളെ കുറിച്ചുമുള്ള ബാലന്റെ അറിവും, ആ രംഗത്ത് അദ്ദേഹം പുലര്‍ത്തിയിരുന്ന ധാര്‍മ്മിക നൈതികതയും, അനുഭവിച്ചിട്ടുള്ളവരാണ് മധ്യ കേരളത്തില്‍ അന്ന് ജീവിച്ചിരുന്ന എല്ലാ നാടക പ്രവര്‍ത്തകരും. ആ മാധുര്യം ആവോളം അനുഭവിക്കാന്‍ കഴിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഇതിനകം കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞ ആത്മ സുഹൃത്തിന് ഹൃദയപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

ഒരു മലയോര കുഗ്രാമമായ വെട്ടിമറ്റത്തു നിന്ന് അനിവാര്യമായ ജീവിതായോധനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മധ്യകേരളത്തിലെ നാടക മത്സര വേദികള്‍ കീഴടക്കി, കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് തുടരെ രണ്ടു തവണ കരസ്ഥമാക്കിയ നാടക പ്രതിഭയായ ശ്രീ ഡി. മൂക്കനെ ആരെങ്കിലും അറിഞ്ഞോ?, ആദരിച്ചോ?, ബഹുമാനിച്ചോ? തുടരെ രണ്ടു തവണ ഈ അവാര്‍ഡ് ലഭിച്ച ആരെങ്കിലും വേറെയുണ്ടോ കേരളത്തില്‍? എന്റെ അറിവിലില്ല. എന്നിട്ടും ആ കലാകാരനെവിടെ? കള്ള നാണയങ്ങള്‍ അരങ്ങു നിറഞ്ഞാടുന്ന നമ്മുടെ സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കിടയില്‍ ആരാലും അറിയപ്പെടാതെ എവിടെയെങ്കിലും അയാളുണ്ടാവാം ; എന്നെപ്പോലെ. 

എന്റെ നാടക ജീവിതത്തിന് ഒരിടവേള സംഭവിക്കുകയായിരുന്നു. ഒന്നും എഴുതാന്‍  കഴിയാതെ കുറേക്കാലം കഴിഞ്ഞു? ഇതിനിടയില്‍ എന്റെ നാല് വയസ്സുകാരന്‍ മകന് കഠിനമായ ഒരു രോഗം പിടിപെട്ടു. എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥ. കുറേക്കാലം അതിനുള്ള ചികിത്സയുമായി നടന്നെങ്കിലും എന്താണ് രോഗം എന്നാര്‍ക്കും മനസിലാവുന്നില്ല. ഒരു ദിവസം വൈകിട്ട് ഞാന്‍ കടയടച്ചു പോത്താനിക്കാട്ടെ ആശുപത്രിയില്‍ ചെല്ലുന്‌പോള്‍ ഭാര്യയുടെ മടിയിലിരുന്ന്  അവന്‍ തുടരെ ഛര്‍ദ്ദിച്ചു കൊണ്ടേയിരിക്കുകയാണ്. അതിനിടയിലും ഞാന്‍ വിളിക്കുന്‌പോള്‍ അവന്‍ അവശനായി ' എന്തോ ' എന്ന് വിളി കേള്‍ക്കുന്നുണ്ട്. 

ഒരാത്മ ദര്‍ശനം കിട്ടിയത് പോലെ ഞാന്‍ കുട്ടിയേയും എടുത്തു കൊണ്ട് ഓടി. കിട്ടിയ ബസ്സിന് കയറി കോതമംഗലം കൂടി മൂവാറ്റുപുഴയില്‍ അന്ന് ബഹുമാന്യനായ ഡോക്ടര്‍ ഉതുപ്പാന്‍ നടത്തിയിരുന്ന വെട്ടുകാട്ടില്‍ ചില്‍ഡ്രന്‍സ് ക്ലിനിക്കില്‍ എത്തി. പിന്നെ കുറേക്കാലം അവിടെയായിരുന്നു. കടയും കച്ചവടവുമെല്ലാം മറന്നു. അതി വിദഗ്ധനും അഹങ്കാരമില്ലാത്തവനുമായ ഡോക്ടറുടെ നിരന്തര നിരീക്ഷണത്തില്‍ പാന്‍ക്രിയാസിനുണ്ടായ വീക്കമാണ് രോഗ കാരണമെന്ന് കണ്ടെത്തി. അതിനുള്ള ചികിത്സയുമായി കുറേക്കാലം അവിടെ കഴിഞ്ഞുകൊണ്ട്  രോഗം പൂര്‍ണ്ണമായും സുഖപ്പെട്ട് ഞങ്ങള്‍ മടങ്ങി. ( ഇക്കാലത്തുണ്ടായ ഒരനുഭവമാണ് എന്റെ ഭാര്യയുടെ ക്ഷമാശീലത്തെപ്പറ്റി പറയാന്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത്.)

( ഇതിനും ഒന്നര വര്‍ഷം മുന്‍പ് തന്നെ '  അസ്ത്രം ' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.  അക്കാഡമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കേറ്റ് അറ്റാച്ചു ചെയ്തു സമര്‍പ്പിച്ചത് കൊണ്ടാവാം എസ് . പി. സി. എസ്  ന്റെ വായനക്കമ്മറ്റിയുടെ അംഗീകാരം കിട്ടിയത്. ( വലിയ വലിയ റെക്കമെന്റേഷനില്‍ ആണ് ഇക്കാര്യം നടക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ) പുസ്തകത്തിന്റെ അച്ചടിച്ചിലവിനുള്ള പണം നമ്മള്‍ അടക്കണം. സംഘത്തിന്റെ സ്റ്റാന്‍ഡേര്‍ഡില്‍ സ്വന്തം പ്രസ്സില്‍ അച്ചടിച്ച് എന്‍. ബി. എസ് .വഴി അവര്‍ വിതരണം  ചെയ്യും. വില്‍പ്പന വിലയുടെ നാല്‍പ്പത് ശതമാനം ഓരോ ആറു മാസത്തിലൊരിക്കല്‍ നമുക്ക് തരും, ഇതാണ് വ്യവസ്ഥ. 

അന്ന് പുരയിടത്തില്‍ നിന്നുള്ള ആദായം കിട്ടിത്തുടങ്ങിയിരുന്നില്ല.  അത് കൊണ്ട് പണത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വന്നു. ഞങ്ങളുടെ പള്ളിയില്‍ എന്റെ അപ്പന്‍ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച കാലത്ത് വികാരിയായിരുന്ന ഒരു അച്ചനുണ്ട്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇദ്ദേഹം പുരോഹിത വൃത്തി സ്വീകരിക്കുകയായിരുന്നു എന്നതിനാല്‍ എസ് . ഐ. അച്ചന്‍ എന്നാണ് ആളുകള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. എസ്. ഐ. അച്ചന്റെ  ഭാര്യ മൂവാറ്റുപുഴയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. അച്ചനോട് വിവരം പറഞ്ഞപ്പോള്‍ ' പേരപ്പന്റെ ( എന്റെ അപ്പനെ പേരപ്പന്‍ എന്നാണ്  അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്  ) മകനല്ലേ? നീയൊരു അപേക്ഷയുമായി അങ്ങ് വന്നേര് '  എന്നായിരുന്നു മറുപടി.  

പറഞ്ഞപോലെ തന്നെ അച്ചന്‍ നേരിട്ട് കോസൈന്‍ ചെയ്ത് ലോണ്‍ ശരിയാക്കിത്തന്നു. ആ പണം എന്‍. ബി. എസ്. ല്‍ അടച്ചിട്ടാണ് പുസ്തക പ്രസിദ്ധീകരണം സാധ്യമായത്. ( പുസ്തക വില്‍പ്പനയില്‍ നിന്നുള്ള ആദായം കൊണ്ട് ലോണ്‍ അടക്കാം എന്ന  കണക്കു കൂട്ടലൊക്കെ  പൊളിഞ്ഞു. അന്നേ പൊളിഞ്ഞു തുടങ്ങിയ എന്‍. ബി. എസ്. ല്‍ നിന്ന് പുസ്തക വില്പനയൊന്നും കാര്യമായി നടന്നില്ല. ( സ്വര്‍ണ്ണം ഒരാവശ്യ വസ്തുവല്ലാ എന്ന എന്റെ നിലപാട് മൂലം  അപ്പന്‍ വാങ്ങിക്കൊടുത്ത മകന്റെ അരഞ്ഞാണം വിറ്റ് കടം വീട്ടിയതിന്  ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ ഇന്നും  കേട്ടു കൊണ്ടേയിരിക്കുന്നു. ) ആദ്യകാലങ്ങളില്‍ കൃത്യമായി സ്‌റ്റേറ്റ്‌മെന്റും, ചെക്കും തന്നിരുന്ന ആ സ്ഥാപനം പിന്നെപ്പിന്നെ അതും മുടക്കി. ഈയിടെ ഒരു സ്‌റ്റേറ്റുമെന്റിനു വേണ്ടി വിളിച്ചിട്ട് തരാം, തരാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. )

പുരയിടത്തില്‍ നിന്നു കിട്ടിത്തുടങ്ങിയ ആദായവും, എന്‍. ബി. എസ്. ല്‍  ഉണ്ടായ സുഹൃത് ബന്ധങ്ങളും ഉപയോഗപ്പെടുത്തി മൂന്നു നാടകങ്ങള്‍ കൂടി രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചു. എഴുതിയ ക്രമത്തിലായിരുന്നെങ്കില്‍ അശനി, അസ്ത്രം, ആലയം താവളം, പ്രഭാതയാമം എന്നിവയായിരുന്നു ആ നാടകങ്ങള്‍. ( അഞ്ചാം നാടകമായ ' ജ്യോതിര്‍ഗമയ ' പ്രസിദ്ധീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്ന സമയത്താണ് അമേരിക്കന്‍ വിസാ കിട്ടുന്നതും, പ്രസിദ്ധീകരണം കാന്‍സല്‍ ചെയ്ത് അതുമായി ഇങ്ങോട്ടു കുടിയേറിയതും. ) 

മകന്റെ അസുഖമൊക്കെ സുഖപ്പെട്ട് സ്വസ്ഥമായിരിക്കുന്ന കാലത്താണ് പോള്‍ കോട്ടില്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമായി ' പ്രഭാത യാമം ' എഴുതുന്നത്. അക്രൊപ്പോളീസിലെ യുവാക്കള്‍ എന്റെ ഒരു നാടകത്തിനായി കാത്തിരിക്കുകയാണെന്നും, തങ്ങളെ സംരക്ഷിച്ചതിന്റെ പേരിലാണല്ലോ തൊടുപുഴ വിഭാഗം എന്നെ തള്ളിക്കളഞ്ഞത് എന്നതിനാല്‍ എന്റെ തന്നെ ഒരു നാടകം അവതരിപ്പിച്ചു കൊണ്ട് അവരോടു പകരം വീട്ടണം എന്നുമൊക്കെ അവര്‍ വാദിച്ചു. 

അങ്ങിനെ ഞാന്‍ പ്രഭാതയാമം എഴുതി. നാട്ടില്‍ നടമാടുന്ന രാഷ്ട്രീയ  സാമൂഹ്യ കൊള്ളരുതായ്മകള്‍ പച്ചയായി തുറന്നു കാട്ടിക്കൊണ്ട് വിമര്‍ശനാത്മകമായി മുന്നേറുന്ന നാടകം റിയലിസവും, സര്‍റിയലിസവും കേട്ട് പിണഞ്ഞു കിടക്കുന്ന ഒരു രചനാ ശൈലിയാണ് സ്വീകരിച്ചത്. ' അക്കരെ ' എന്ന അതിമനോഹരമായ സ്വപ്നവുമായി ഇക്കരെയുള്ള കോണ്‍ട്രാക്ടര്‍ പാപ്പിയുടെ ഷാപ്പിലെത്തുന്ന 
' പഥികന്‍ ' ആണ്  നായകന്‍. അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകവും, ഷാപ്പിലെ വില്പനക്കാരിയുമായ കത്രീന അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ വക്താവായ പഥികന്റെ ആരാധികയാവുന്നു. 

ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ പ്രതീകമായി വരുന്ന പാപ്പിയും, പാപ്പിയുടെ വാലായി പ്രവര്‍ത്തിക്കുന്ന നേതാവുമാണ് മറ്റു രണ്ടു പ്രമുഖ പാത്രങ്ങള്‍. പാപ്പിയെ പാടിപ്പുകഴ്ത്തുന്ന കവി കാവക്കാടനും, പാപ്പിയുടെ മദ്യലോബിയിലെ ഗുണ്ടയായ ഔസേപ്പച്ചനും ഒക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട്. നദിക്കു മുകളില്‍ അക്കരേക്കുള്ള പാലം കെട്ടിയ കോണ്‍ട്രാക്ടര്‍ പാപ്പി, പാലത്തിലൂടെ ആരെയും അക്കരെ കടക്കാന്‍ അനുവദിക്കുന്നില്ല. സിമന്റിനു പകരം തവിടു ചേര്‍ത്തു പണിത പാലത്തില്‍ ഭാരം കയറിയാല്‍ പാലം തകരും എന്ന് പാപ്പിയുടെ ആശ്രിതനായ എന്‍ജിനീയര്‍ തന്നെ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് കാരണം. ഉല്‍ഘാടനം നടത്തി ബില്ല് മാറിക്കഴിഞ്ഞാല്‍ പിന്നെ എന്താണ്  വേണ്ടതെന്ന് പാപ്പി പ്ലാന്‍ ചെയ്തിട്ടുണ്ട്. പാലത്തിന്റെ അക്കരെ നില്‍ക്കുന്ന മുതുക്കന്‍ ആല്‍മരം പാലത്തിനു ഭീഷണിയാണെന്നും, അത് മുറിക്കേണ്ടതാണെന്നും നേതാവിനെ വച്ച് ജനങ്ങളെക്കൊണ്ട് പ്രക്ഷോഭമുണ്ടാക്കിക്കുന്നു. ആല് മുറിക്കാനുള്ള ഓര്‍ഡര്‍ കിട്ടുന്നതോടെ പാപ്പിയുടെ ഗുണ്ടയായ ഔസേപ്പച്ചന്‍ തന്നെ ആല് മുറിക്കുന്നു. ഒരു കൈയബദ്ധം എന്ന നിലയില്‍ ആല് പാലത്തിലേക്ക് തന്നെ വീണു പാലം തകരണം എല്ലാം ശുഭം.അതാണ് പ്ലാന്‍. 

ഇതിനിടയില്‍ നാട്ടില്‍ പ്രളയമുണ്ടാവുക മൂലം തല്‍ക്കാലം ഉത്ഘാടനത്തിനില്ലെന്ന് മന്ത്രി അറിയിക്കുന്നു. വിമാനത്തില്‍ പ്രളയം കാണാന്‍ പോകുന്ന മന്ത്രിയുടെ അകന്പടിക്കാരനായി ഔസേപ്പച്ചനെത്തന്നെ ഒരു വലിയ ചാക്കും കൊടുത്ത് പാപ്പി അയക്കുന്നു. വിമാനത്തില്‍ വച്ച് പ്രലോഭനങ്ങളുടെ ഈ ചാക്ക് വിടര്‍ത്തണമെന്നും, പാപ്പിയുടെ ചാക്കാണെന്നറിയുന്‌പോള്‍ മന്ത്രി അതിനകത്തു കയറുമെന്നും, ഉടനേ ചാക്ക് കെട്ടി വല്ല കടലോ, കായലോ കാണുന്‌പോള്‍ തട്ടിയേക്കണം എന്നുമാണ് നിര്‍ദ്ദേശം. 

ഇതിനിടെ നമ്മുടെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘത്തിന്റെ തലവന്‍ ഒരു മിസ്റ്റര്‍ അപൂര്‍വനും അയാളുടെ അസ്സിസ്റ്റന്റും കേരളത്തിലെ  അപൂര്‍വ ജീവികളെ കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ക്കായി ബൈനോക്കുലറുമായി എത്തുന്നു. കേരളത്തിലെ പല അപൂര്‍വ ജീവികളെയും ബൈനോക്കുലറിലൂടെ നിരീക്ഷിച്ചു നടക്കുന്ന അവര്‍ ചാക്കുകെട്ടിന്റെ രൂപത്തിലുള്ള ഒരപൂര്‍വ ജീവി ആകാശത്തു നിന്ന് വരുന്നത് കാണുകയും, തങ്ങളുടെ ശാസ്ത്രീയ ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തി അതിനെ പിടിച്ചെടുത്ത് ഒരു മുളം തണ്ടില്‍ തൂക്കി ചുമന്ന് കൊണ്ട് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ലബോറട്ടറിയിലേക്കു പോകും വഴി പാപ്പിയുടെ ഷാപ്പിനു മുന്നിലെത്തുന്നു. അപകടം മണത്ത പാപ്പി  പാലത്തിന് കാവലായി കവാത്ത് നടത്തിക്കൊണ്ടിരുന്ന പൊലീസുകാരെ തന്ത്ര പൂര്‍വം ഷാപ്പിലയച്ചു മയക്കുന്നു. ആകാശത്തു നിന്ന് വന്ന ഈ അപൂര്‍വ ജീവിയെ ഒന്ന് കാണുവാന്‍ അനുവദിക്കണം എന്ന അപക്ഷയുമായി പാപ്പി ചാക്കുകെട്ടിന്റെ കെട്ടഴിക്കുകയും, 'എവിടേ നാട ' എന്ന ചോദ്യവുമായി കത്രിക വിടര്‍ത്തിപ്പിടിച്ച ഒരു കൈ ചാക്കുകെട്ടിനുള്ളില്‍ നിന്ന് നീണ്ടു വരികയും ചെയ്‌യുന്നതോടെ ' ഇത് ഞണ്ടു വര്‍ഗ്ഗത്തിലുള്ള ജീവിയാണെന്നും, അതിന്റെ ഇറുക്കുകാലാണ് ചാക്കില്‍ നിന്ന് നീണ്ടു വരുന്നതെന്നും അപൂര്‍വനും, അസ്സിസ്റ്റന്റും വിലയിരുത്തുന്നു. പാപ്പി നീട്ടിക്കൊടുത്ത നാട മുറിച്ചുകൊണ്ട് സുസ്‌മേര വദനനായി ചാക്കുരിഞ്ഞു പുറത്തു വരുന്ന മന്ത്രി പാലം ഉത്ഘാടനം നടന്നതായി പ്രഖ്യാപിക്കുന്നുക. 

അപകടകരമായി നില്‍ക്കുന്ന ആല്‍മരം വീഴാനിടയുള്ളതിനാല്‍ പാലത്തിലൂടെയുള്ള യാത്ര പാടില്ലെന്ന പോലീസിന്റെ വിലക്ക്  അവഗണിച്ചു കൊണ്ട് മുന്നോട്ടോടിയ പഥികനും കത്രീനയും ഉള്‍പ്പടെയുള്ള ജനക്കൂട്ടത്തിനു നേരെ പോലീസ് വെടി വയ്ക്കുന്നു. നെഞ്ചില്‍ മുറിവേറ്റ കത്രീനയേയും താങ്ങി അക്കര എന്ന സ്വപ്നത്തിലേക്ക് പഥികന്‍ നടന്നടുക്കുന്‌പോള്‍ ആല്‍മരം വീണ്  പാലം തകരുന്നു.
 
' അക്കര ഒരു സ്വപ്നം മാത്രമാണ് സഹോദരാ, മുക്ത മനസ്സുകള്‍ കാക്കുന്ന വ്യര്‍ത്ഥ സ്വപ്നം.' എന്ന് പറഞ്ഞു കൊണ്ട് കത്രീന പഥികന്റെ ശരീരത്തിലൂടെ ഊര്‍ന്നു മരിച്ചു വീഴുന്നു. ഒരു കൈകൊണ്ട് ആ ശരീരം ചേര്‍ത്തു പിടിച്ച്, തനിക്കു പിന്നില്‍ ആര്‍ത്തലക്കുന്ന ജനങ്ങളെ നോക്കി ' വ്യര്‍ത്ഥമായ പ്രയാണത്തില്‍ ലക്ഷ്യം തെറ്റിയ തലമുറകളേ, സ്വപ്നഭൂമിയുടെ ശവപ്പറന്പില്‍ വിലപിക്കാതെ തിരിച്ചു പോകൂ...ഒന്നിലേക്ക്,...അടിയിലേക്ക്,...അടിത്തറയിലേക്ക് ....' എന്ന ഡയലോഗുമായി പഥികന്‍  പിന്നിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്‌പോള്‍  നാടകം അവസാനിക്കുന്നു.

അക്രോപ്പാളീസ് ആര്‍ട്‌സ് ക്ലബ്ബ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചുവെങ്കിലും, സംവിധായകന്‍ എന്ന നിലയില്‍ ശ്രീ പോള്‍ കോട്ടില്‍ നാടകത്തില്‍ തിരുകിക്കയറ്റിയ ആര്‍ക്കും മനസ്സിലാവാത്ത ചില സിംബലുകള്‍ മൂലമാകാം ' പ്രഭാത യാമ' ത്തിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നീട് പോള്‍ കോട്ടില്‍ തന്നെ എഴുതി സംവിധാനം ചെയ്ത ' തുളസിവനം ' എന്ന നാടകവുമായി സമിതി കുറേക്കാലം മുന്‍പോട്ടു പോയെങ്കിലും, നാടകത്തില്‍       അഭിനയിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയുമായി സംവിധായകന്‍ പ്രേമത്തിലായിയെന്നും, ഭാര്യയേയും കുട്ടികളെയും വിട്ട് അവളോടൊപ്പം താമസമാക്കിയെന്നും, അവര്‍ക്ക് ഒരു പെണ്‍കുട്ടി പിറന്നുവെന്നും ഒക്കെ പിന്നീടറിഞ്ഞു. ( നമ്മുടെ കലാ സാഹിത്യ  സിനിമാ ജീനിയസുകളില്‍ വളരെപ്പേരും സ്വന്തമായി ഒരു ചിന്നവീട് സൂക്ഷിക്കുന്നുണ്ട് എന്നത് ഒരു സത്യമായിരിക്കെ അവരുടെയൊക്കെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന ഈ മനുഷ്യനെ കുറ്റപ്പെടുത്താനും സാധിക്കുന്നില്ല. ) 

( അതോടെ, ' നാടകക്കാരന് കെട്ടിച്ചു തരാന്‍ എന്റെ വീട്ടില്‍ പെണ്ണില്ല ' എന്ന് ആദ്യം അടിമാലിയില്‍ കാണാന്‍ പോയ പെണ്ണിന്റെ വല്യാപ്പന്‍ എന്നോട് പറഞ്ഞതിന്റെ അര്‍ഥം കൂടുതല്‍ വ്യക്തമായി എനിക്ക് മനസ്സിലായി.) Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

View More