Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 33: ജയന്‍ വര്‍ഗീസ്)

Published on 06 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  33: ജയന്‍ വര്‍ഗീസ്)

തുടര്‍ന്ന് ആലയം താവളം അരങ്ങിലെത്തി. ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചടുലമായ സംഭാഷണങ്ങളും, അതി തീവ്രമായ നാടകീയ മുഹൂര്‍ത്തങ്ങളും കൊണ്ട് സന്പന്നമായിരുന്നു നാടകം. അടിച്ചമര്‍ത്തപ്പെട്ട ആദിവാസി സമൂഹങ്ങളുടെ അക്ഷരമില്ലാ ഭാഷയില്‍ അവര്‍ പ്രകടിപ്പിക്കാറുള്ള പ്രാകൃതമായ ഒരു കരച്ചില്‍ സ്വയം സന്നിവേശിപ്പിച്ച കൊണ്ടാണ് ശ്രീ മൂക്കന്‍ തന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നാടകാവതരണത്തിലെ വൈകാരിക തീവ്രത കൊണ്ടായിരിക്കണം, തികഞ്ഞ അച്ചടക്കത്തോടെയാണ് സഹൃദയര്‍ നാടകം കണ്ടു തീര്‍ത്തത്. ഞങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ അത്രക്ക് കുറ്റമറ്റതായിരുന്നില്ലാ എന്ന് സ്വയം സമ്മതിക്കുന്‌പോള്‍പ്പോലും നാടകാവതരണം കഴിഞ്ഞപ്പോള്‍, അക്കാദമിയില്‍ അവതരിപ്പിക്കപ്പെടാറുള്ള അതി നിലവാരമുള്ള നാടകങ്ങളുടെ ആസ്വാദകരായിട്ടുള്ള ആ മുഴുവന്‍ പ്രേക്ഷകരും എഴുന്നേറ്റു നിന്ന് വളരെ നേരം കൈയടിക്കുകയുണ്ടായി എന്നത് ഇന്നും ഓര്‍മ്മിക്കുന്നു. ഞങ്ങളുടെ നാടകത്തിന് മുന്‍പ് അവതരിപ്പിച്ചതും, പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് രചിച്ചതുമായ ' സൗപര്‍ണിക ' അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രേക്ഷകനും എഴുന്നേറ്റ് നിന്ന് കൈയടിച്ചില്ല എന്നതും സാന്ദര്‍ഭികമായി ഇവിടെ ഓര്‍ക്കുന്നു. ( ഈ വിരോധം മനസ്സില്‍ വച്ച് കൊണ്ടാണോ എന്നറിയില്ല, പിന്നീട് കണ്ടു മുട്ടിയപ്പോള്‍ പ്രൊഫസര്‍ നരേന്ദ്ര പ്രസാദോ, നടന്‍ മുരളിയോ അങ്ങോട്ട് ചെന്ന് സംസാരിച്ചിട്ട് പോലും ഒരക്ഷരം മിണ്ടാതെ വിട്ടു പോയത് എന്ന് നിശ്ചയമില്ല ; പിന്നീട് വിശദീകരിക്കുന്നുണ്ട്. )

ഇതിനകം ആറ് നാടകങ്ങള്‍ അരങ്ങിലെത്തിയ നാടകോത്സവത്തിലെ അവസാന നാടകമായിരുന്നു ' ആലയം താവളം' ഒരു വിധം ഭംഗിയായിത്തന്നെ അവതരണം സാധ്യമായി എന്ന സംതൃപ്തിയുമായി ഞങ്ങള്‍ നില്‍ക്കുന്‌പോള്‍ ഫല പ്രഖ്യാപനം വന്നു. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് വീണ്ടും ഡി. മൂക്കന്. നടിക്കുള്ള ഒരവാര്‍ഡ് ആലയം താവളത്തിലെ രജനിയെ അവതരിപ്പിച്ച മുത്തോലപുരം കമലത്തിന്. നാടകരചനക്കുള്ള രണ്ടാംസ്ഥാനം എനിക്ക്. ( ഒന്നാം സ്ഥാനം പ്രൊഫസര്‍ നരേന്ദ്ര പ്രസാദിനു തന്നെ കിട്ടി. ) നാടകം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോരുന്നതിനു മുന്‍പ് തന്നെ തൃശൂര്‍ ജില്ലയിലെ രണ്ടു സ്ഥലങ്ങളില്‍ നാടകത്തിന് ബുക്കിഗ് കിട്ടി. അത്തരം കാര്യങ്ങള്‍ അക്രോപോളീസ് ആര്‍ട്‌സ് ക്ലബ്ബിനെ ഏല്‍പ്പിച്ചു ഞങ്ങള്‍ മടങ്ങി.

എന്റെ നാടക ജീവിതത്തില്‍ അതുവരെ അനുഭവപ്പെടാത്ത കല്ലുകടികള്‍ അനുഭവപ്പെട്ടു തുടങ്ങിയത് ആലയം താവളത്തിന്റെ അക്കാദമി അവതരണത്തിന് ശേഷമായിരുന്നു. ആ നാടകത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത് പോള്‍ കോട്ടില്‍ ആയിരുന്നു എങ്കിലും, രംഗ ഭാഷയുടെ ആവിഷ്‌ക്കാരത്തില്‍ എന്റെ വലിയ പങ്കും ഉണ്ടായിരുന്നു? പരിചയ സന്പന്നനായ ഒരു നാടക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീ മൂക്കന്‍ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും അവ സ്വീകരിക്കപ്പെടുകയും ഉണ്ടായി. കുന്നം കുളത്തെ അവതരണത്തെക്കാള്‍ വളരെ ഉന്നതമായിരുന്നു തൃശൂരിലെ അവതരണം എന്നും സമ്മതിക്കാം.

ആദ്യമായി ഈ നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ച ആള്‍ എന്ന നിലയില്‍ ശ്രീ പോള്‍ കോട്ടിലിന്റെ പേര് തന്നെ അക്കാദമിയിലും ഞാന്‍ എഴുതിക്കൊടുത്തു. ഇത് മൂക്കന്റെ ആരാധകനായ ബാലനും, മറ്റു ചിലര്‍ക്കും ഇഷ്ടപ്പെട്ടില്ല. സംവിധായകനായി മൂക്കന്റെ പേര് വയ്ക്കണം എന്നായിരുന്നു ബാലന്റെ ആവശ്യം. ബാലന്‍ ഇത് സൂചിപ്പിച്ചപ്പോള്‍ കുന്നംകുളം ' ബാര്‍ ' അംഗീകരിച്ച അവതരണത്തിന്റെ തുടര്‍ച്ചയാണ് തൃശൂരിലെ ' അക്കാദമി ' അവതരണമെന്നും, അതില്‍ നമ്മള്‍ ഓരോരുത്തരുടെയും സംഭാവനകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് സംവിധായകനെ മാറ്റിച്ചേര്‍ക്കേണ്ടതില്ലെന്നും ഞാന്‍ വിശദീകരിച്ചപ്പോള്‍ ബാലന്‍ നിശബ്ദനായി. ( പക്ഷെ, ഇതൊരു കനലായി ബാലന്‍ ഗ്രൂപ്പിന്റെ മനസ്സില്‍ ഉണ്ടായിരുന്നു എന്നത് ഞാന്‍ മനസ്സിലാക്കുന്നത് വളരെ വൈകിയിട്ടാണ്.)

സംഗീത നാടക അക്കാദമിയുടെ രണ്ടു സംസ്ഥാന നാടക മത്സരങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ' അസ്ത്രം ' , ' ആലയം താവളം ' എന്നീ രണ്ടു നാടകങ്ങളുടെയും രചയിതാവ് ഞാന്‍ ആയിരുന്നത് കൊണ്ട് എന്റെ കര്‍ശനമായ നിയന്ത്രണവും, സ്വാധീനവും ട്രൂപ്പിന്മേല്‍ ഉണ്ടായിരുന്നു. ജ്വാലയുടെ രക്ഷാധികാരി തന്നെ ഞാനായിരുന്നുവല്ലോ? അക്രോപോളീസ് തൃശൂരിലെ പിള്ളേര്‍ രൂപീകരിച്ചതാണെങ്കിലും, എന്റെ നാടകങ്ങള്‍ അവതരിപ്പിച്ച സമയങ്ങളില്‍ എല്ലാം ഞാന്‍ തന്നെയായിരുന്നു അവസാന വാക്ക്. ആലയം താവളത്തിന്റെ അക്കാദമി അവതരണത്തിന് വേണ്ടിവന്ന തുകയുടെ നല്ലൊരു ഭാഗം ചെലവഴിച്ചതും ഞാനായിരുന്നു.

' ആലയം താവള ' ത്തിന് തൃശൂര്‍ ജില്ലയില്‍ നാലഞ്ചു ബുക്കിങ്ങുകള്‍ കിട്ടി. ശ്രീ മാള അരവിന്ദനാനായിരുന്നു വെള്ളിക്കുളങ്ങരയിലെ അവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ ഗ്രീന്‍ റൂമില്‍ അകത്തായിരിക്കുന്‌പോള്‍ ഒരു വിശിഷ്ട അഥിതി എന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാന്‍ ചെന്നു കണ്ടു.

വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളില്‍ പകുതിലേറെയും വെള്ളിക്കന്പികളായിത്തീര്‍ന്ന, കാവി മുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച, തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെ സുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തില്‍ ചിലപ്പോഴൊക്കെ വീഴാന്‍ പോവുകയും ചെയ്യുന്ന ഒരു സുസ്മേര വദനനെയാണ് ഞാന്‍ കാണുന്നത്. ' ഞാന്‍ സുരാസു. ' എന്ന് പറഞ്ഞ് അദ്ദേഹം എന്റെ കൈ പിടിച്ചു കുലുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം നാടക ജീനിയസ്സായ സുരാസുവാണെന്ന് ഞാനറിഞ്ഞിരുന്നു. എന്റെ നാടകം കാണണമെന്നുള്ള എന്റെ അപേക്ഷ തന്റെ തിരക്ക് മൂലം അദ്ദേഹം നിരാകരിച്ചുവെങ്കിലും, ' കുറച്ചു നേരം കാണാം ' എന്നാശ്വസിപ്പിച്ച് അദ്ദേഹമെന്നെ തിരിച്ചയച്ചു. ( ഒന്നാം രംഗം തീരുന്നതു വരെ തറയിലിരുന്നു നാടകം കണ്ട അദ്ദേഹം അതിനു ശേഷം തന്റ സഞ്ചിയുമായി എങ്ങോ മറഞ്ഞു. )

( മറ്റൊരു നാടക ജീനിയസ്സായ ശ്രീ സിവിക് ചന്ദ്രനെ ഞാന്‍ പരിചയപ്പെടുന്നതും, തൃശൂര്‍ ജില്ലയിലെ തന്നെ മറ്റൊരു നാടകാവതരണ സ്ഥലത്തു 'വച്ചായിരുന്നു. പോള്‍ കോട്ടിലിന്റെ സുഹൃത്തായിരുന്ന അദ്ദേഹം നാടകം കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീ നവാബ് രാജേന്ദ്രന്‍ ആയിരുന്നുവോ എന്ന് സംശയമുണ്ട് ; ഉറപ്പില്ല.) ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുന്‌പോള്‍, താന്‍ വിപ്ലവ നാടകമായ ' പടയണി ' യുടെ പ്രവര്‍ത്തനത്തിലാണെന്നും, കഴിയുമെങ്കില്‍ അതുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുവെങ്കിലും, എനിക്ക് സാധിച്ചില്ല.)

എന്റെ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കര്‍ശനമായി ഞാന്‍ നടപ്പിലാക്കിയ ചില നിയമങ്ങളുണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാന്പുകളിലോ. നാടകാവതരണ വേദികളിലോ മദ്യപിച്ചു കൊണ്ട് പങ്കെടുക്കരുത് എന്നതായിരുന്നു അതിലൊന്ന്. ക്യാംപില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് വാക്കിലും, നോക്കിലും മാന്യത പുലര്‍ത്തണം എന്നുള്ളതായിരുന്നു മറ്റൊന്ന്. ഞാനുള്‍പ്പടെയുള്ള സാധാരണ മനുഷ്യര്‍ ശീലങ്ങളുടെയും, ദവ്ര്‍ബല്യങ്ങളുടെയും അടിമകളാണ് എന്ന് സമ്മതിക്കുന്‌പോള്‍ തന്നെ, ആ ശീലങ്ങള്‍ വിളവിറക്കുന്നതിനുള്ള നിലങ്ങളാക്കി പവിത്രമായ നാടക വേദിയെ ദുരുപയോഗപ്പെടുത്തരുത് എന്നതായിരുന്നു പ്രധാന നിബന്ധന.

രണ്ടായിരത്തി അഞ്ഞൂറില്പരം വര്‍ഷങ്ങളായി, അതായത് ക്രിസ്തുവിനും അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് മൂതല്‍ നിലനില്‍ക്കുന്ന നാടകം എന്ന ഈ കലാരൂപം പുരാതന ഗ്രീക്ക് സംസ്‌കൃതിയില്‍ ദൈവാരാധനക്ക് വേണ്ടി ക്ഷേത്രങ്ങളില്‍ നേരിട്ട് സമര്‍പ്പിക്കപ്പെട്ട നെവേദ്യങ്ങള്‍ ആയിരുന്നു എന്നതാണ് ചരിത്ര സത്യം. പുരാതന ഭാരതീയ സംസ്‌കൃതിയിലും, mമറ്റു ലോക സംസ്‌കൃതികളിലും ദൈവാരാധനയുടെ ഭാഗമായിട്ടോ, ദൈവീക പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനോ, ദൈവ സാന്നിധ്യം അറിയിക്കുന്നതിനോ ഒക്കെ വേണ്ടിയിട്ടായിരുന്നു നാടക അവതരണങ്ങള്‍. പുരാതന ഗ്രീക്ക് നാടകങ്ങളുടെ രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇന്നും പള്ളികളില്‍ അവതരിപ്പിക്കപ്പെടുന്ന കുര്‍ബാന എന്ന കലാരൂപം. ക്രിസ്തുവിന്റെ ജീവിതവും, പ്രവര്‍ത്തികളും പ്രത്യേക വേദിയില്‍, പ്രത്യേക വേഷം ധരിച്ചു നില്‍ക്കുന്ന പുരോഹിതന്‍ എന്ന അഭിനേതാവ്, സഹായികളുടെയും, കര്‍ട്ടന്റെയും, മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ അഭിനയിച്ചു കാണിക്കുക എന്നതാണല്ലോ അവിടെ നടക്കുന്നത്.

മനുഷ്യ വംശ ചരിത്രത്തിലെ എത്രയോ പ്രതിഭാ ശാലികള്‍ ഈ കലാരൂപവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.? ഭാരതതീയാചാര്യന്മാരായ ഭാസനും, കാളിദാസനും മാത്രമല്ലാ, പാശ്ചാത്യ ദേശങ്ങളില്‍ നിന്നുള്ള സോഫോക്‌ളീസും, യൂറിപ്പിഡീസും, യെസ് കൈലസും, അരിസ്റ്റോഫനീസും മുതല്‍ ഇബ്സണും, ബ്രഷ്തും, സാമുവല്‍ ബക്കറ്റും ഷേക്‌സ്പിയറും, ബര്‍ണാഡ്ഷായും വരെയുള്ള മഹാ രഥന്മാര്‍ നടന്നു പോയ വഴിയിലൂടെയാണ് ഓരോ നാടക പ്രവര്‍ത്തകനും നടക്കുന്നത് എന്ന ഒരു അവബോധം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു എന്നതിനാലാവാം, പിള്ളേര് കളിക്കുള്ള ഒരു തമാശക്കളമായി നാടക വേദിയെ കാണാന്‍ എനിക്ക് കഴിയാതെ പോയത് എന്നാണു ഞാന്‍ സ്വയം ആശ്വസിക്കുന്നത്.

ഏതൊരു കാലഘട്ടങ്ങളിലെയും നാടകങ്ങള്‍ക്ക് സമകാലീന ജീവിത പരിസരങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കു കാരണമായിത്തീരാന്‍ സാധിക്കുമെന്നതു കൊണ്ട് , നമ്മുടെ നാടക പരിസരങ്ങള്‍ ജീവിത വിശുദ്ധി വിളയാടുന്ന സമര്‍പ്പണ വേദികള്‍ ആയിരിക്കണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിരുന്നത് എന്റെ സബോര്‍ഡിനേറ്റുകള്‍ അക്ഷരം പ്രതി പാലിച്ചിരുന്നു എന്ന സത്യം അവരോടുള്ള എല്ലാ സ്‌നേഹാദരവുകളോടെയും ഇവിടെ അനുസ്മരിക്കുന്നു. എന്റെ പെരുമാറ്റത്തില്‍ ഉണ്ടായേക്കാവുന്ന ചെറിയ പാളിച്ചകള്‍ പോലും നിയമത്തിന്റെ ഈ നൂല്‍ച്ചരട് പൊട്ടിച്ചു കളഞ്ഞേക്കാം എന്ന തിരിച്ചറിവോടെ വളരെ കരുതലോടെയാണ് ഞാനും പെരുമാറിയിരുന്നത്. ഇതുമൂലമാവാം, അനിര്‍വചനീയമായ ഒരു സുഹൃത് ബന്ധവും, കൂട്ടായ്മയും, കെട്ടുറപ്പും ഞങ്ങളുടെ സമിതികളില്‍ നില നിന്നിരുന്നു.

ഈ കെട്ടുറപ്പിനാണ് ബാലന്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തിലൂടെ ആദ്യ വിള്ളല്‍ വീണത്. പിന്നീടുണ്ടായ നാടകാവതരണങ്ങളില്‍ പണം പങ്കു വയ്ക്കുന്നതിനെക്കുറിച്ചും ബാലന്റെ നിര്‍ദ്ദേശങ്ങള്‍ വന്നു. ആയിരം രൂപയാണ് ഒരു നാടക അവതരണത്തിന് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. അതില്‍ സെറ്റ്, മേക്കപ്പ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, പിന്നണി മ്യൂസിക്, ലേഡീസ്, എന്നിവയുടെ നിശ്ചിത നിരക്കുകള്‍ കഴിച്ചു ബാക്കി വരുന്നതില്‍ മൂക്കന് എഴുപത്തി അഞ്ച്, തൊടുപുഴയിലെയും, തൃശൂര്‍ സൈഡിലേയും മുന്‍പരിചയമുള്ളവര്‍ക്ക് അന്‍പതു വീതം, തൃശൂരില്‍ നിന്നുള്ള പുതു മുഖങ്ങള്‍ ആയിട്ടുള്ളവര്‍ക്ക് ഇരപത്തി അഞ്ചു വീതം. ഇതായിരുന്നു നിരക്ക്. എല്ലാം കൊടുത്തു കഴിയുന്‌പോള്‍ എനിക്കും കിട്ടിയിരുന്നു നൂറു രൂപ.

ബാലന്റെ പുതിയ നീക്കത്തില്‍ മൂക്കന് നൂറു രൂപയും, തൊടുപുഴ സൈഡിലുള്ള മറ്റുള്ളവര്‍ക്ക് എഴുപത്തി അഞ്ചു രൂപ വീതവും വേണം എന്ന നിര്‍ദ്ദേശം വന്നു. അങ്ങിനെ കൊടുത്താല്‍ തൃശൂരില്‍ നിന്നുള്ളവര്‍ക്ക് ഒന്നും തന്നെ കിട്ടാതെ വരും എന്ന എന്റെ വാദം ബാലന്‍ തള്ളി. തൊടുപുഴയിലുള്ളവര്‍ പ്രൊഫഷണലുകള്‍ ആണെന്നും, പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടുന്നതാണ് വലിയ കാര്യം എന്നുമാണ് ബാലന്റെ പക്ഷം. ഇത് സമ്മതിക്കാന്‍ സാധ്യമല്ലെന്നു ഞാന്‍ പറഞ്ഞതോടെ ടീമിന്റെ സൗഹൃദത്തില്‍ ഉടലെടുത്ത വിള്ളല്‍ കുറേക്കൂടി വലുതായി.

കിട്ടിയ ബുക്കിങ്ങുകളില്‍ രണ്ടെണ്ണം കൂടി ബാക്കിയുണ്ട്. ചാലക്കുടി കലാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടേതാണ് ഒന്ന്. രണ്ടാമത്തേത് തൊടുപുഴ ടൌണ്‍ ഹാളില്‍ ബാലന്റെ സുഹൃത്തും, പില്‍ക്കാലത്ത് സിനിമാ അഭിനയത്തില്‍ എത്തിപ്പെട്ട ആളുമായ ശ്രീ ആന്റണി മാത്യു കോണ്‍ട്രാക്ട് ചെയ്തിട്ടുള്ളത്.
( വര്‍ഷങ്ങള്‍ക്ക് ശേഷം എന്നോടൊപ്പം ശ്രീ ആന്റണി മാത്യുവും കൂടി പേട്രണ്‍ പാനലില്‍ ഉള്‍പ്പെട്ട ' ഉത്സവ് ' എന്ന സാംസ്‌കാരിക സംഘടനയുടെ പരിപാടിയായി ' 'ജ്യോതിര്‍ഗമയ ' എന്ന എന്റെ നാടകം ന്യൂ യോര്‍ക്കില്‍ ഫ്‌ളഷിങ്ങിലെ ഹിന്ദു ടെന്പില്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചപ്പോള്‍ ശ്രീ ആന്റണി മാത്യു ആയിരുന്നു സംവിധായകന്‍. പിന്നാലെ വിശദീകരിക്കുന്നുണ്ട്. ) ചാലക്കുടി കലയില്‍ വച്ച് അക്കാദമി അവാര്‍ഡ് വിന്നേഴ്സ് എന്ന നിലയില്‍ മൂക്കനും, എനിക്കും കമലത്തിനും സ്വീകരണവും ഒരുക്കിയിട്ടുണ്ട്. അതിനു ശേഷമാണ് നാടകം. ഞാനുള്‍പ്പടെ തെക്കന്‍ ഭാഗത്തു നിന്നുള്ളവര്‍ ബസ്സിലാണ് സ്ഥലത്തെത്തിയത്.

ചാലക്കുടി കലാ ഓഡിറ്റോറിയത്തിന്റെ കസ്റ്റോഡിയന്‍ ആയി പ്രവര്‍ത്തിക്കുന്ന അറുപതിനും, എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു റപ്പായിച്ചേട്ടന്‍ എന്നെ വിടാതെ പിന്തുടരുകയാണ്. ഞാന്‍ നോക്കുന്‌പോള്‍ ആള്‍ ഒന്ന് പുഞ്ചിരിക്കുകയും, വലതു കൈത്തലം തലയോളം ഉയര്‍ത്തി ഒന്ന് അഭിവാദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് രീതി. പല തവണ ഇതാവര്‍ത്തിച്ചപ്പോള്‍ എനിക്കും ജിജ്ഞാസയായി. കാരണം അന്വേഷിച്ചപ്പോള്‍ വെള്ളിക്കുളങ്ങരയില്‍ വച്ച് അദ്ദേഹം നാടകം കണ്ടിരുന്നുവെന്നും, ചാലക്കുടി കലയില്‍ അക്കാലത്ത് അവതരിപ്പിച്ച എല്ലാ പ്രൊഫഷണല്‍ നാടകങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും, ഇത് പോലൊരു നാടകം ജീവിതത്തില്‍ ആദ്യം കാണുകയാണെന്നും, ഇതെഴുതിയ എന്റെ കാല്‍ തൊട്ടു നിറുകയില്‍ വയ്ക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ശരിക്കും ഞാന്‍ നാണിച്ചു പോയി. എന്റെ വല്യാപ്പനാവാന്‍ പ്രായമുള്ള ഒരാള്‍. അദ്ദേഹത്തിന് എന്റെ കാല്‍ തൊട്ടു നിറുകയില്‍ വയ്ക്കണമത്രേ ! എന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് അദ്ദേഹം എന്റെ കാല്‍ തൊട്ടു നിറുകയില്‍ വച്ചു. ഞെട്ടിത്തെറിച്ചു പോയ ഞാന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് എന്റെ നെറുകയിലും വച്ചു. ഈ മനുഷ്യന് വട്ടായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ അദ്ദേഹം ഒരു വലിയ വീട്ടിലെ അംഗമായിരുന്നുവെന്നും, വിവാഹം കഴിക്കാഞ്ഞതിനാല്‍ ഒറ്റയ്ക്ക് ജീവിക്കുകയാണെന്നും, തനിക്കു നല്ലതെന്ന് തോന്നുന്ന എല്ലാറ്റിനെയും ആരാധിച്ചു നടക്കുന്നയാളാണെന്നും, ഇപ്പോള്‍ ' കല ' ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ജീവാത്മാവായി പ്രവര്‍ത്തിക്കുകയാണെന്നും, തനിക്കു ബഹുമാനം തോന്നുന്നവരോട് ഇതാണ് പെരുമാറ്റ രീതി എന്നും മനസ്സിലായി.

കലാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ചെറിയ സ്വീകരണ യോഗത്തില്‍ എല്ലാവര്‍ക്കും വേണ്ടി നന്ദി പറഞ്ഞത് ഞാനായിരുന്നു. കലയുടെ ഉപഹാരമായി ഓരോ പൂച്ചെണ്ട് ഞങ്ങള്‍ക്ക് കിട്ടി. യോഗാനന്തരം നടന്ന നാടകാവതരണം നല്ല വിജയമായിരുന്നു. അതിരാവിലെയുള്ള ഒരു തിരുവനന്തപുരം ഫാസ്റ്റിനാണ് ഞങ്ങള്‍ മടങ്ങിപ്പോന്നത്. ബസ്സില്‍ അല്‍പ്പം തിരക്കുണ്ടായിരുന്നു. കമലക്കും, ശോഭക്കുമായി ഒരു സീറ്റു തരപ്പെട്ടു . ഞാന്‍ എത്ര നിരസിച്ചിട്ടും ബാലന്‍ നിര്‍ബന്ധിച്ചു ബലമായി ആ പെണ്‍കുട്ടികളുടെ നടുവില്‍ എന്നെ പിടിച്ചിരുത്തി. മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുവാനുള്ള എന്റെ ശ്രമങ്ങളെ ബാലന്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തി.

രണ്ടു പേര്‍ക്കുള്ള ഒരു സീറ്റില്‍ യുവതികളും,സുന്ദരികളുമായ രണ്ടു പെണ്‍കുട്ടികളുടെ നടുവില്‍ യുവാവായ ഞാന്‍. സൂപ്പര്‍ ഫാസ്റ്റിന്റെ അതിവേതയിലുള്ള ഓട്ടം. ഞാന്‍ നടപ്പിലാക്കിയ നിയമങ്ങളോട് ഞാന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കാനാണ് ബാലന്‍ ഇത് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. എന്റെ വ്യക്തിഗത ബലഹീനതകള്‍ വിളവിറക്കാനുള്ള വേദിയല്ല നാടകം എന്ന് മുന്നമേ തിരിച്ചറിഞ്ഞു നടപ്പിലാക്കിയിരുന്ന ഞാന്‍ തികഞ്ഞ മാന്യതയോടെ ആ പെണ്‍കുട്ടികള്‍ക്ക് നടുവിലിരുന്നു യാത്ര ചെയ്ത് മൂവാറ്റുപുഴയിലെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലിറങ്ങി വീട്ടില്‍പ്പോന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇരുപത് വയസ്സുകാരിയും, അതി സുന്ദരിയുമായ ശോഭയുടെ ഒരു കത്ത് എനിക്ക് കിട്ടി. ആ കത്തില്‍ ശോഭക്ക് എന്നോട് പ്രണയമാണെന്നും, എന്നോടൊത്തു ജീവിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്നും, ഞാന്‍ വിവാഹിതനാണ് എന്നത് ഒരു പ്രശ്നമല്ലെന്നും, അവളുടെ മാതാ പിതാക്കളെ അവള്‍ സമ്മതിപ്പിച്ചു കൊള്ളാമെന്നും, എത്രയും വേഗം പാലായിലെത്തി അവളെ കാണണം എന്നുമായിരുന്നു കത്ത്.

സത്യം പറഞ്ഞാല്‍ എന്റെ ഹൃദയം പിടയുക തന്നെ ചെയ്തു. നാടകം മുഖാന്തിരം ബന്ധപ്പെട്ട ഒരു പെണ്‍കുട്ടി അല്ലായിരുന്നു ശോഭയെങ്കില്‍ ഒരുപക്ഷെ ഞാന്‍ പാലായ്ക്ക് പോയി അവളെ സന്ധിക്കുമായിരുന്നു എന്നാണ് അന്നും, ഇന്നും എനിക്ക് തോന്നുന്നത്. നാടകം ഒരു വിശുദ്ധ വേദിയായി കണക്കാക്കുന്ന ഞാന്‍ ആ വേദി സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയില്ല എന്ന എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന് കൊണ്ട് ആ വഴി പോയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക