Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 31: ജയന്‍ വര്‍ഗീസ്)

Published on 31 August, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  31: ജയന്‍ വര്‍ഗീസ്)
കടത്തില്‍  നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി കണ്ടെത്തിയേ തീരൂഎന്ന നില വന്നു. അല്ലെങ്കില്‍ വാങ്ങിയ വസ്തു കയ്യില്‍ നിന്ന് പോയേക്കും. അവിടെയാണെങ്കില്‍ തെങ്ങും, റബ്ബറും ഉള്‍പ്പടെയുള്ള കൃഷികള്‍ തഴച്ചു വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പണം മറിക്കുവാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. അങ്ങിനെയാണ് ഇന്‍സ്റ്റാള്‍ മെന്റായി ചെറിയ സാധനങ്ങള്‍ കൊടുക്കുന്ന ഒരു ബിസ്സിനസ്സ് തുടങ്ങുന്നത്.

പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് ആവശ്യമുള്ള നൂറു രൂപയില്‍ താഴെയുള്ള സാധനങ്ങള്‍ തവണകളായി പണമടച്ചു വാങ്ങാവുന്ന ഒരു സ്കീം. ഇന്നത്തെ നിലക്ക് നൂറു രൂപ വീട്ടമ്മമാര്‍ക്ക് പുല്ലാണെങ്കിലും, പാവപ്പെട്ട ഗ്രാമീണ സ്ത്രീകളെ സംബന്ധിച്ച്  അന്നത് ഒരു വലിയ തുകയായിരുന്നു.  ആഴ്ചകളില്‍ മൂന്നു രൂപ വീതം മുപ്പത്തിമൂന്ന്  ആഴ്ചകളില്‍ വീടുകളിലെത്തി പിരിക്കും. ഒന്‍പതു രൂപാ കമ്മീഷന്‍ കഴിച്ചുള്ള തൊണ്ണൂറു രൂപക്കുള്ള സാധനം കോതമംഗലത്തുള്ള ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റ് വിലക്ക് വാങ്ങാം. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ ആള്‍ക്ക് മുഴുവന്‍ തുകക്കുള്ള സാധനം കിട്ടും. അയാള്‍ പിന്നെ പണമടക്കേണ്ടതില്ല. സ്റ്റീല്‍ പാത്രങ്ങള്‍ ഇറങ്ങുന്ന കാലമായിരുന്നു അത്. മിക്ക വീട്ടമ്മമാരും സ്റ്റീല്‍ പാത്രങ്ങള്‍ക്കായിട്ടാണ് സ്കീമില്‍ ചേര്‍ന്നിരുന്നത്.

ഇത്തരം സ്കീമുകള്‍ നടത്തി ആളുകളെ പറ്റിച്ചിട്ടുള്ള ചിലര്‍ ഉണ്ടായിരുന്നെങ്കിലും, എന്നെ ആളുകള്‍ക്ക് വിശ്വാസമായിരുന്നു. മുന്നൂറില്‍പ്പരം ആളുകള്‍ ഒരേ സമയം സ്കീമില്‍ ഉണ്ടായിരുന്നു. വീടുകളില്‍ നേരിട്ടെത്തിയാണ് പിരിവുകള്‍ നടത്തിയിരുന്നത്. സമീപത്തുള്ള പകുതി വീടുകളില്‍ പിരിക്കാന്‍ കൊച്ചപ്പന്റെ മകന്‍ ജോയിയെ ചുമതലപ്പെടുത്തി. സമീപ ഗ്രാമങ്ങളില്‍ ഞാന്‍ നേരിട്ടെത്തിയാണ് പിരിവു നടത്തിയിരുന്നത്.

പാവങ്ങളുടെ ജീവിത പരിസരങ്ങള്‍ നേരില്‍ കാണുവാനുള്ള ഒരവസരമാണ് ഇതിലൂടെ എനിക്ക് കിട്ടിയത്. നമ്മുടെ പ്രശ്‌നങ്ങളാണ് ഏറ്റവും വലുത് എന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ജീവിത വേദനകള്‍ നമ്മള്‍ കാണാത്തതു കൊണ്ടും, അന്വേഷിക്കാത്തത് കൊണ്ടുമാണ് ഇങ്ങിനെ ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ഈ യാത്രയിലൂടെ നൂറു കണക്കായ മനുഷ്യരാണ് എന്റെ സുഹൃത്തുക്കളായി തീര്‍ന്നത്.

മിക്ക പാവങ്ങളുടെയും ദാരിദ്രാവസ്ഥക്ക് കാരണമാവുന്നത് പ്രധാനമായും അവരുടെ  മൂന്നു ശീലങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒന്നാമതായി മദ്യപാനം.  എക്കാലത്തും വിലയുള്ള സാധനമാണ് മദ്യം. ഒരാള്‍ക്ക് സമൃദ്ധമായി മദ്യപിക്കാന്‍ അയാള്‍ക്ക് കിട്ടുന്ന  പണിക്കൂലി മുഴുവന്‍ തന്നെ വേണ്ടി വന്നേക്കാം. അഥവാ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ കുടിക്കാന്‍ അത് വേണം. കുടിയന്മാരുടെ മറ്റൊരു രോഗമാണ് അലസത. പണിയുണ്ടെങ്കിലും പോകാതെ ഷാപ്പില്‍ തന്നെ ചടഞ്ഞു കൂടും. ഫലത്തില്‍ വീട്ടിലേക്ക് ഇയാളില്‍ നിന്നും ഒന്നും കിട്ടുന്നില്ല. ഭാര്യ പാട് പെട്ടോ പാത്രം കഴുകിയോ ഉണ്ടാക്കി കഞ്ഞി വച്ചാല്‍ അതിന്റെ പങ്കു പറ്റാന്‍ ആള്‍  ഉണ്ടാവും താനും. തനിക്കോ, കുട്ടികള്‍ക്കോ ഒരു നല്ല തുണി വാങ്ങാന്‍ കഴിയാതെ, തലമുടിയില്‍ അല്‍പ്പം എണ്ണ പുരട്ടാന്‍ കഴിയാതെ ഇത്തരക്കാരുടെ സ്ത്രീകളും കുട്ടികളും നരക യാതന അനുഭവിക്കുകയാണ്.

രണ്ടാമത്തെ വില്ലന്‍ പുകവലിയാണ്. പുകവലിക്ക് വേണ്ടിവരുന്ന പണത്തേക്കാളുപരി അതുണ്ടാക്കുന്ന ജീവിത മലിനീകരണമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പുകവലിക്കാരനോടൊത്തു ജീവിക്കേണ്ടി വരുന്ന കുടുംബാംഗങ്ങള്‍ വിഷവായുവിന്റെ ഒരു വൃത്തത്തിനുള്ളിലാണ് ജീവിക്കുന്നത്. രോഗങ്ങള്‍ ആ വീട്ടില്‍ നിന്ന് പടിയിറങ്ങുകയില്ല. ജീവിത സന്പാദ്യത്തിന്റ നല്ലൊരു ഭാഗം ആശുപത്രികളില്‍ തവണയടക്കേണ്ടി വരും. വലിക്കുന്ന ആളുടെ പല്ലുപോലും കറുത്ത് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പൊഴിഞ്ഞു പോകും.

അകത്തുണ്ടാവുന്ന ദോഷങ്ങളെപ്പറ്റി കോടിക്കണക്കിന് രൂപാ മുടക്കിയിട്ടാണ് സര്‍ക്കാര്‍ പരസ്യം ചെയ്തു കൊണ്ടിരിക്കുന്നത്. പുകയിലയുല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ ഇതിന്റെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ് എന്ന പരസ്യം ആകര്‍ഷകമായ ബഹു വര്‍ണ്ണങ്ങളില്‍ തന്നെ അച്ചടിച്ചിട്ടുണ്ട്. ലോക വ്യാപകമായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ഈ  മണ്ടത്തരം ചോദ്യം ചെയ്യാന്‍ ഒരു ബുദ്ധി ജീവിയും മുന്നോട്ടു വന്നു കാണുന്നില്ല. പുകയിലച്ചെടിയുടെ കൃഷി സര്‍ക്കാര്‍ സബ്‌സിഡിയോടെ  പ്രോത്സാഹിപ്പിച്ചു വളര്‍ത്തി, ഫാക്ടറികളില്‍ അവ ഉല്പന്നങ്ങളാക്കി മേനിക്കൊഴുപ്പുള്ള പെണ്ണുങ്ങളെക്കൊണ്ട് പരസ്യം പറയിച്ചു വില്‍പ്പന നടത്തിയിട്ട്,  '  ഇത് ആരോഗ്യത്തിന് ഹാനികരമാണ് ' എന്ന് അച്ചടിച്ച് വിടുന്നതില്‍ എന്തൊരു ലോജിക്കാണുള്ളത് സാര്‍?  ലോക വ്യാപകമായി പുകയില കൃഷി  നിരോധിക്കുവാനുള്ള  അധിക്കാരവും, അവകാശവും കൈയിലുള്ള ഭരണ കൂടങ്ങളോടാണ് ഈ ചോദ്യം ?

മൂന്നാമത്തേതും, ഏറ്റവും ശക്തമായതുമാണ് സ്വര്‍ണ്ണം എന്ന മഞ്ഞ മണ്ണ്. ഇതില്‍ ഒരു തരി സ്വന്തം ശരീരം കുത്തിത്തുളച്ച് ചാര്‍ത്തിയാല്‍  അപകര്‍ഷതാ ബോധമുള്ള മനുഷ്യന് സ്വര്‍ഗ്ഗം കിട്ടിയ വാശിയാണ്. സ്വര്‍ണ്ണത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള  ' ഇറിഡിയം '  പോലുള്ള വിഷവസ്തുക്കളുടെ സാമീപ്യം മനുഷ്യ ശരീരത്തിന് രോഗങ്ങള്‍ സമ്മാനിക്കുന്നുണ്ട്  എന്നതോ പോകട്ടെ, ഇതിന്റെ ഒരു തരിക്ക് എന്താണ് വില? പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ച ബാധിച്ച് സര്‍ക്കാരാശുപത്രിയില്‍ മരുന്നിനു ക്യൂവില്‍ നില്‍ക്കുന്ന ദരിദ്രയായ 'അമ്മ പോലും തനിക്കും തന്റെ കുട്ടിക്കും ഒരു തരിയെങ്കിലും ഈ ലോഹം ചാര്‍ത്തിയിട്ടുണ്ടാകും. മനുഷ്യ നന്മക്ക് മാര്‍ഗ്ഗ രേഖകളാവേണ്ട മതങ്ങള്‍ പോലും തങ്ങള്‍ ചെയ്യുന്നത് ഇന്നത് എന്നറിയാതെ ഈ മഞ്ഞ മണ്ണിനെ പ്രൊമോട്ട് ചെയ്‌യുന്നു.  വിവാഹ മോതിരവും, സ്വര്‍ണ്ണത്താലിയുമൊക്കെ ഇങ്ങിനെ വന്നു ചേര്‍ന്നിട്ടുള്ളതാണ്. ആചാരങ്ങളുടെ വര്‍ണ്ണ മുഖം മൂടികള്‍ കൊണ്ട് ഇതിനെയൊക്കെ മറച്ചു സംരക്ഷിക്കുന്നവര്‍,  അവര്‍ യഥാര്‍ത്ഥ മനുഷ്യ സ്‌നേഹികള്‍ ആണെങ്കില്‍,  ഇത്തരം ആചാരങ്ങളെ പടിയിറക്കി വിടുകയല്ലേ ചെയ്യേണ്ടത് ? സൗന്ദര്യ വര്‍ദ്ധനക്ക് ഈ വസ്തു സഹായകമാവും എന്ന് പഠിപ്പിക്കുന്ന കോര്‍പ്പറേറ്റു സാമൂഹ്യ ദ്രോഹികള്‍,  തങ്ങള്‍ വില കൊടുത്ത് വാങ്ങിയ സിനിമാ സീരിയല്‍ ' താര ' ശരീരങ്ങളെ ഇടനിലക്കാരാക്കി വച്ച് കൊണ്ട് ' അണിഞ്ഞാനന്ദിക്കാനും, അവസാനം പണയം വയ്ക്കാനുമായി ' ദരിദ്രന്റെ മനസ്സിലെ അപകര്‍ഷതാ ബോധത്തില്‍ വിത്തെറിഞ്ഞു വിള കൊയ്യുകയാണെന്ന് ഒരു വിപ്ലവ പ്രസ്ഥാനവും  കണ്ടെത്തുകയോ, അത് മനുഷ്യനെ പഠിപ്പിക്കുകയോ ചെയ്യുന്നുമില്ല. പകരം, മാര്‍ക്‌സിയന്‍ വിപ്ലവ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവര്‍ പോലും സ്വന്തം കാതിലും, കഴുത്തിലും സ്വര്‍ണ്ണ ചങ്ങലകള്‍ അണിഞ്ഞു കൊണ്ടാണല്ലോ ലോക തൊഴിലാളി വര്‍ഗ്ഗത്തോട് കാലിലെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വീറോടെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത് ?

ചുരുക്കത്തില്‍ ഈ മൂന്നു വസ്തുക്കളും, സമാന വസ്തുക്കളും സ്വന്തം ജീവിതത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കാന്‍ ഒരാള്‍ക്കെങ്കിലും സാധിക്കുകയാണെങ്കില്‍, ആ വ്യക്തിക്കോ, കുടുംബത്തിനോ ദാരിദ്ര്യത്തില്‍ നിന്നും പൂര്‍ണ്ണ മോചനം ലഭിക്കുമെന്നാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള എന്റെ എളിയ നിഗമനം. അതി മനോഹരമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അത്യത്ഭുതകരമായ ഒരു രചനയാണ് മനുഷ്യ ശരീരം. മേല്‍പ്പറഞ്ഞ അന്യ വസ്തുക്കളുടെ ഉപയോഗം മൂലം നൈസര്‍ഗ്ഗികമായ അതിന്റെ സൗന്ദര്യ സത്ത ചോര്‍ന്നു പോവുക എന്നത് മാത്രമായിരിക്കും പ്രായോഗിക തലത്തില്‍ സംഭവിക്കുക.!

ആഴ്ചകള്‍ തോറും നിശ്ചിത സമയത്തുള്ള എന്റെ സന്ദര്‍ശനത്തില്‍ എന്നില്‍ നിന്ന് കേള്‍ക്കുവാന്‍ ചിലരെങ്കിലും തയ്യാറായിട്ടുണ്ട് എന്നതിനാല്‍ അവരോടൊക്കെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പ്രകൃതി ചികിത്സയിലുള്ള എന്റെ അറിവുകള്‍ അവരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നത് കൊണ്ട് ചില കുടുംബങ്ങള്‍ക്ക് എങ്കിലും അവരുടെ സ്ഥായിയായ ചില പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാന്‍ സാധിച്ചിട്ടുണ്ട്.

വ്യക്തി പരമായി എനിക്ക് ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങളില്‍ ഞാന്‍ എടുത്തു ചാടി ഇടപെടുകയും ചില പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരം കാണുകയും ചെയ്തു.
ഉദാഹരണമായി എന്റെ ഒരു കസ്റ്റമറുടെ വീടിനോടു ചേര്‍ന്ന് വലിയ ഒരാഞ്ഞിലി മരം നിന്നിരുന്നു. അയല്‍ക്കാരന്റെ അതിര് ഈ മരത്തില്‍ നിന്നും ഒരു മൂന്നരയടി ദൂരത്തിലാണ്. പക്ഷെ, നാടന്‍ ഗുണ്ടയായ അയല്‍ക്കാരന്‍ ഈ മരത്തിന് അവകാശം ഉന്നയിക്കുകയാണ്. അയാളുടെ കയ്യാലത്തൊണ്ടിലാണ് മരം നില്‍ക്കുന്നത് എന്നാണു അയാളുടെ വാദം. ഒരതിരില്‍ കയ്യാല കെട്ടുന്‌പോള്‍ ഉടമയുടെ സ്ഥലത്തു നിന്ന് കൊണ്ടായിരിക്കണം കയ്യാല പണിയേണ്ടത് എന്നതിനാല്‍  ഇതിനായി ഒരു ' കൊട്ടപ്പാട് ' ( ഒന്നരയടി ) സ്ഥലം കയ്യാലക്ക് പുറത്തു ഇട്ടിരിക്കും. അടുത്ത സ്ഥലമുടമയും ഇപ്രകാരം ഒന്നരയടി പുറത്തിട്ടു കയ്യാല കെട്ടുന്‌പോള്‍ രണ്ടു കയ്യാലക്കുമിടയില്‍ മൂന്നടി സ്ഥലം ഉണ്ടാവുകയും, ഇത് പൊതുവായ നടപ്പു വഴിയായി പൊതുജനം ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതാണ് നാടന്‍ രീതി. അയാളുടെ അതിരിന് കൊട്ടപ്പാട് ഉണ്ടെങ്കില്‍ തന്നെയും ആ ഒന്നര അടിയും കഴിച്ചു രണ്ടടി കൂടി മാറിയിട്ടാണ് മരം നില്‍ക്കുന്നത്. എന്ന് ഞാന്‍ കണ്ടെത്തി.

ഞാന്‍ ഇടപെട്ട് അയാള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുപ്പിക്കുകയും, പോലീസ് ഇടപെട്ടത് കൊണ്ട് പാവങ്ങളായ എന്റെ കസ്റ്റമേഴ്‌സിന് അവരുടെ മരം മുറിച്ചു വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്തു. കുറേക്കാലത്തേക്ക് ഞാന്‍ ഗുണ്ടയുടെ നോട്ടപ്പുള്ളി ആയിരുന്നുവെന്ന് അയാളുടെ തുറിച്ച നോട്ടത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയിരുന്നു. ആ ഭാഗത്തു കൂടി പോകുന്‌പോള്‍ ചെറിയൊരു ഉള്‍ഭയം എനിക്കുണ്ടായിരുന്നു എന്ന സത്യം തുറന്നു സമ്മതിക്കുന്നു. എങ്കിലും ഒന്നുമൊന്നും സംഭവിച്ചില്ല.

ഒന്നര വര്‍ഷത്തോളം ഇത് തുടര്‍ന്നു. ആഴ്ചയില്‍ ആയിരം രൂപാ മറിക്കുവാനുള്ള സൗകര്യം ഇതില്‍ നിന്ന് കിട്ടി. ഇത് മറിച്ചും തിരിച്ചുമൊക്കെയായി ഒരു വിധം മുന്നോട്ടു പോവുകയായിരുന്നു. അപ്പോളാണ് സാധനങ്ങളുടെ സപ്ലെയറായി ഏര്‍പ്പാട് ചെയ്തിരുന്ന കോതമംഗലത്തെ പേരുകേട്ട കുടുംബക്കാരനായ  കടയുടമ അയാളുടെ തനി നിറം കാണിച്ചു തുടങ്ങിയത്. പതിനായിരക്കണക്കിന് രൂപയുടെ ബിസിനസ്സ് ഞാന്‍ മൂലം അയാള്‍ക്ക് കിട്ടുന്നത് കൊണ്ട് അഞ്ചു ശതമാനം കമ്മീഷന്‍ എനിക്ക് തരാമെന്ന് അയാള്‍ സമ്മതിച്ചിരുന്നു. ഇതും കൂടി കിട്ടുന്‌പോളാണ് നറുക്കെടുപ്പിലൂടെ സൗജന്യമായി ഞാന്‍ കൊടുക്കുന്ന തുകകളുടെ നഷ്ടം പരിഹരിക്കപ്പെട്ടിരുന്നത്. ശരിയായ മാര്‍ക്കറ്റ് വിലയില്‍ തന്നെ കസ്റ്റമേഴ്‌സിന് സാധനങ്ങള്‍ കൊടുത്തിരിക്കണം എന്നായിരുന്നു കരാര്‍.

ആദ്യകാലങ്ങളില്‍ ക്ര്യത്യമായ വിലയ്ക്ക്  സാധനങ്ങള്‍ നല്‍കിയിരുന്ന അയാള്‍ ബിസ്സിനസ്സ് കൂടിയപ്പോള്‍ വില കൂട്ടാനാരംഭിച്ചു. മറ്റു കടകളിലേതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് തങ്ങള്‍ക്കു സാധനങ്ങള്‍ കിട്ടുന്നതെന്ന ആളുകളുടെ പരാതി എനിക്കും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അയാളുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് രൊക്കം പണം കൊടുത്ത് ഇടപാട് തീര്‍ത്തു. തവണകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവര്‍ ഇറക്കിയ പണം മുഴുവനുമായി തിരിച്ചു കൊടുത്ത് തലയൂരി. ഒരു തട്ടിപ്പുകാരന്‍ എന്ന ചീത്തപ്പേര് ഒഴിവാക്കാനായി ചെയ്ത ഈ രീതി മൂലം വലിയ നഷ്ടമാണ് എനിക്കുണ്ടായത്. അന്ന് അമേരിക്കയില്‍ ആയിരുന്ന ഭാര്യയുടെ കൊച്ചേച്ചി
ഞങ്ങളെ സഹായിക്കാനായി അയച്ചു തന്ന മൂവായിരം രൂപാ അതേപടി ഇക്കാര്യത്തില്‍ പോയിക്കിട്ടി.  (ശ്രീമതി എല്‍സി മാത്യു എന്ന ഈ കൊച്ചേച്ചിയാണ് ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത് ഇവിടെ കൊണ്ട് വന്നതും, ആറുമാസം ചെലവിന് തന്ന് കൂടെ താമസിപ്പിച്ചതും.)

ഇതിനകം ഞങ്ങളുടെ തെങ്ങുകള്‍ കായ്ച്ചു തുടങ്ങുകയും, റബ്ബര്‍ മരങ്ങളില്‍ ടാപ്പിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ, കട ബാധ്യതകളില്‍ നിന്ന്  പതുക്കെ കര കയറുകയും, വീണ്ടും ഞങ്ങളുടെ കൈയില്‍ ചെറിയ നിലയില്‍ സന്പാദ്യങ്ങള്‍ രൂപപ്പെട്ടു തുടങ്ങുകയും ചെയ്തു.

ആദ്യകാലങ്ങളില്‍ ഞാന്‍ തന്നെയാണ് ടാപ്പിംഗ് നടത്തിയിരുന്നത്. ഭാര്യ പാലെടുത്ത് ഉറയൊഴിച്ചു ബാക്കി കാര്യങ്ങള്‍ ചെയ്‌യും. ക്രമേണ റബ്ബര്‍ പാലിന്റെ സാമീപ്യം എന്റെ ദേഹത്ത് ചൊറിച്ചില്‍ ഉണ്ടാക്കുന്നതായി മനസ്സിലായപ്പോള്‍ അടുത്ത ഗ്രാമക്കാരനായ ഒരു കുഞ്ഞു മുഹമ്മദിനെ ടാപ്പിംഗ് ജോലികള്‍ ഏല്‍പ്പിച്ചു. എല്ലാ ജോലികളും കുഞ്ഞുമുഹമ്മദ് തന്നെ ചെയ്ത് ഷീറ്റടിച്ചു വീട്ടില്‍ കൊണ്ട് വന്നു ഉണക്കാനിട്ടു തരും. നല്ല ഉല്‍പ്പാദന ശേഷിയുള്ള ഇനമാണ് ഞങ്ങള്‍ കൃഷി ചെയ്തിരുന്നത് എന്നതിനാല്‍ നാട്ടിലെ ' റബ്ബര്‍ മുതലാളി ' മാരുടെ ലിസ്റ്റില്‍ പെടുത്തിയാണ് പിന്നീട് ആളുകള്‍ ഞങ്ങളെ കണ്ടു തുടങ്ങിയത്.

Join WhatsApp News
Ninan Mathulla 2019-09-02 19:23:44
Very interesting to read. Generally people like to hear and read life experiences rather than stories or fiction. In sermon also people like to hear real life experiences rather than theology as this gives them some comfort.
Ninan Mathulla 2019-09-02 23:19:25

Jesus said not to put your pearls in front of pigs. It means not to share thoughts you think valuable with people you know for sure that they will not accept or appreciate it. So I did not share my faith in my God with ‘kettu kettu maduthu’ or any other ‘Sanghi’.  A series on Ramayana stories were here recently, and I did not see this person respond the same way here. That means he is a ‘Sanghi’ writing anonymous. Such people are attacking Catholic Church here with Franco and Abhaya case and channel discussions in Kerala.

കേട്ട് കേട്ട് മടുത്തു 2019-09-02 22:32:13
അതെ അതെ റിയൽ ലൈഫ് എക്സ്പീരിയൻസ്സായിരിക്കണം മറ്റുള്ളവരുമായി ഷെയർ ചെയ്യേണ്ടത് . അല്ലാതെ സ്ത്രീ പുരുഷൻ ഇല്ലാതെ പരിശുദ്ധാത്മാവിനാൽ  ഗർഭം ധരിച്ചു,  മരിച്ചയാൾ മൂന്നാം നാൾ ഉയർത്തെഴുനേറ്റു ,  വെള്ളം വീഞ്ഞാക്കി, മരിച്ചയാളെ കല്ലറയിൽ നിന്ന് വിളിച്ചു പുറത്തുകൊണ്ടുവന്നു ആറ്റവും, ന്യോട്രോണും , ഇലെക്ട്രോണും ഒക്കെ  ഉണ്ടാക്കിയത് ദൈവമാണ് എന്നൊക്കെയുള്ള കള്ള കഥകൾ കേട്ട് കേട്ട് മടുത്തു . അതുകാരണം നിങ്ങൾ ഇനിയെങ്കിലും സത്യം പറഞ്ഞു പഠിക്കുക .  എത്രനാൾ ഈ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കും ? പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും അത് മറക്കണ്ട .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക