-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 30: ജയന്‍ വര്‍ഗീസ്)

Published

on

'അസ്ത്ര ' ത്തിന് തൃശൂര്‍ ജില്ലയിലെ ആന്പല്ലൂരില്‍ ഒരു ബുക്കിങ് കിട്ടി. ഒരു സ്കൂളിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് ഏതോ പ്രസ്ഥാനത്തിന്റെ ധനശേഖരണാര്‍ത്ഥമായിരുന്നു നാടകം. പോള്‍ കോട്ടില്‍ നേരിട്ട് വാക്കു കൊടുത്ത ഈ നാടകം അവതരിപ്പിക്കേണ്ടതിന് ഏതാനും ദിവസം മുന്‍പ് മായയായി അഭിനയിച്ചു കൊണ്ടിരുന്ന ലിസ്സി തോമസിന് വരാന്‍ കഴിയില്ലെന്ന അറിയിപ്പ് കിട്ടി. മായയുടെ റോള്‍ നാടകത്തില്‍ വളരെ പ്രധാനപ്പെട്ടത് ആയതിനാലും, ലിസ്സിയെപ്പോലെ കഴിവുറ്റ ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പം അല്ലാത്തതിനാലും എല്ലാവരും വളരെ വിഷമിച്ചു.

നാടകത്തിനു നാലഞ്ചു ദിവസം മുന്‍പ് തന്നെ ഞങ്ങള്‍ തൃശൂരിലെത്തി. ഇനിയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഒരു നടിയെ പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. പോള്‍  ഒന്നുരണ്ടു കുട്ടികളെ കണ്ടു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. എന്തും വരട്ടെ എന്നു കരുതി അന്ന് ബി. എ. കഴിഞ്ഞു നില്‍ക്കുകയായിരുന്ന എന്റെ സഹോദരി മീനയെയും കൂട്ടിയാണ് ഞാന്‍ ചെന്നത്. പ്രഭാകരന്‍ കോടാലിയുടെ വീട്ടിലായിരുന്നു ആദ്യ സംഗമം.  പ്രഭാകരന്റെ ഭാര്യ ലത മുന്‍കൈയെടുത്ത് കുടുംബം തയാറാക്കിയ രുചിയുള്ള ഭക്ഷണവും കഴിച്ചിട്ടാണ് ഞങ്ങള്‍ റിഹേഴ്‌സല്‍ തുടങ്ങിയത്. പൊതുവേ ഞാനൊരു വെജിറ്റേറിയന്‍ ആണെന്നറിയാമായിരുന്ന ലത എനിക്ക് വേണ്ടി മാത്രം ചില വെജിറ്റേറിയന്‍ ഐറ്റങ്ങളും കരുതിയിരുന്നു.

പോള്‍ കൊണ്ടു വന്ന പെണ്‍കുട്ടിയെയും, എന്റെ പെങ്ങള്‍ മീനയെയും മായയുടെ റോളില്‍ റിഹേഴ്‌സല്‍ ചെയ്തു നോക്കിയെങ്കിലും, നാടകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആ കുട്ടികള്‍ രണ്ടും പരാജയം  സമ്മതിച്ചു പിന്മാറി. മാത്രമല്ലാ, ഒരു പെങ്ങളെ നാടകത്തില്‍ കൊണ്ട് വരാനുള്ള അത്ര തീവ്രത വേണ്ട എന്ന് മൂക്കന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അന്ന് പ്രഭാകരന്റെ വീട്ടില്‍ താമസിച്ചു പിറ്റേ ദിവസം മീനയെ ഞാന്‍ വീട്ടില്‍ കൊണ്ടുവന്നാക്കി.

വളരെ അപ്രതീക്ഷിതവും, ഭാഗ്യകരവുമായി പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സുള്ള ഒരു പെണ്‍കുട്ടിയെത്തന്നെ സമിതിക്കു കണ്ടെത്താനായി. ആന്പല്ലൂര്‍ ലീല എന്ന് പേരുള്ള ആ പെണ്‍കുട്ടി കുറേക്കാലം ഏതോ പ്രൊഫഷണല്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്രോപൊളീസിന്റെ അവസ്ഥ അറിഞ്ഞു സമ്മതിച്ചതാണ്. സ്ഥിരമായി വരാനാകില്ലെന്നും അവള്‍ പറഞ്ഞിരുന്നു.

വെറും മൂന്നു ദിവസങ്ങളേയുള്ളു നാടകത്തിന്. റിഹേഴ്‌സല്‍ ക്യാംപ് മറ്റൊരു വീട്ടിലേക്കു മാറ്റി. തൃശൂര്‍ ചാലക്കുടി പ്രദേശങ്ങളില്‍ അറിയപ്പെടുന്ന ഒരു വലിയ കുടുംബത്തിലെ ഇളയ അംഗമായ ഒരു ലോനപ്പന്‍ ചേട്ടന്റെ വീട്ടില്‍. ചേട്ടന്മാരും, പെങ്ങന്മാരുമെല്ലാം വിവാഹം കഴിച്ചു വലിയ ബിസ്സിനസ്സുമൊക്കെയായി മാറിത്താമസിച്ചപ്പോള്‍ വിവാഹം കഴിക്കാത്ത ലോനപ്പന്‍ ചേട്ടന്‍ ഒറ്റക്ക് തറവാട്ടില്‍ പെട്ടു പോയി. ഭൂമിയും, കൃഷിയും, റബറുമൊക്കെയുള്ള ലോനപ്പന്‍ ചേട്ടന്‍ ഒരു ജോലിക്കാരനുമൊത്താണ് താമസം. റബര്‍ ടാപ്പിംഗിന് ആള് വരും. അത്രേയുള്ളു ലോനപ്പന്‍ ചേട്ടന്റെ ബന്ധങ്ങള്‍. ജോസ് അരീക്കാടനുമായുള്ള കുടുംബ ബന്ധത്തിന്റെ പേരിലാണ് പഴക്കമുള്ള വലിയ തറവാട്ടു വീട് മുഴുവനുമായി ഞങ്ങള്‍ക്ക്  തുറന്നു തന്നത്.

റിഹേഴ്‌സലിന്റെ ഓരോ നിമിഷങ്ങളിലും ലോനപ്പന്‍ ചേട്ടന്‍ ഞങ്ങളോടൊത്തുണ്ടാവും. ഭക്ഷണം സ്വയം പാകം ചെയ്യുന്ന രീതിയാണ് ഞങ്ങള്‍ സ്വീകരിച്ചിരുന്നത്. അഥവാ, ഹോട്ടലില്‍ പോകാമെന്നു വച്ചാലും ഉള്‍പ്രദേശത്തുള്ള ഈ വീട്ടില്‍ നിന്ന് നാലഞ്ചു മൈല്‍ ദൂരത്തിലാണ് ഹോട്ടലുള്ള പട്ടണങ്ങള്‍. ലോനപ്പന്‍ ചേട്ടനും, ജോലിക്കാരനും, ഞങ്ങളും ഒക്കെച്ചേര്‍ന്നാണ് പാചകം. വരാന്തയില്‍ നിരന്നിരുന്നു വാഴയിലയില്‍ ഊണ് കഴിക്കാന്‍ ലോനപ്പന്‍ ചേട്ടനും, ജോലിക്കാരനും ഞങ്ങളോടൊപ്പം ഉണ്ടാവും. ആഹാരം വിളന്പുന്നതില്‍ അതി വിദഗ്ദനായിരുന്നു മൂക്കന്‍ എന്നതിനാല്‍ അദ്ദേഹമായിരുന്നു മിക്കപ്പോഴും വിളന്പിയിരുന്നത്.

അരിയും, അത്യാവശ്യം പലചരക്കു സാധനങ്ങളും മാത്രം  വാങ്ങുവാനേ ലോനപ്പന്‍ ചേട്ടന്‍ സമ്മതിച്ചിരുന്നുള്ളു. ബാക്കിയെല്ലാം ഇവിടെയുണ്ട് എന്നാണു കക്ഷിയുടെ ഭാഷ്യം. മുറ്റത്തിന് താഴെ മാരിയില്‍ വിളഞ്ഞു നില്‍ക്കുന്ന വെണ്ണ പോലെ വേവുന്ന  കപ്പയായിരുന്നു രാവിലെയും, നാലുമണിക്കുമുള്ള ചായയോടൊപ്പം ഞങ്ങള്‍ കഴിച്ചിരുന്നത്. അരപ്പു ചേര്‍ക്കാതെ വെറുതെ വട്ടം മുറിച്ചു തൊലി പൊളിച്ചു ഉപ്പും, കറിവേപ്പിലയും മാത്രം ചേര്‍ത്തു പുഴുങ്ങിയെടുക്കുന്ന ഈ കപ്പ, വെളുത്തുള്ളിയും, കാന്താരിയും ചേര്‍ത്തു ജോലിക്കാരന്‍ ആന്റണിച്ചേട്ടന്‍ ചതച്ചെടുക്കുന്ന ചമ്മന്തിയും ചേര്‍ത്താണ് ഞങ്ങള്‍ കഴിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ ചമ്മന്തിക്ക് പകരം അക്കാലത്ത് കടകളില്‍ വാങ്ങാന്‍ കിട്ടുമായിരുന്ന ' പരവ ' എന്ന ഉണക്കമീന്‍ വെളിച്ചെണ്ണയില്‍ വറുത്തതായിരുന്നു കപ്പക്ക് കൂട്ടാന്‍. മൂന്നു ദിവസത്തെ ക്യാംപ് കൊണ്ട് ലോനപ്പന്‍ ചേട്ടന്റെ നല്ലൊരു തുകക്കുള്ള സാധനങ്ങള്‍ ഞങ്ങള്‍ തിന്നു തീര്‍ത്തിരുന്നു.

ഒരുവിധം ഭംഗിയായി നാടകം അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഞങ്ങളോടൊപ്പം ലോനപ്പന്‍  ചേട്ടന്‍ എപ്പോഴുമുണ്ടായിരുന്നു. നാടകം കഴിഞ്ഞ് ലോനപ്പന്‍ ചേട്ടനോടൊപ്പം അദ്ദേഹത്തിന്‍റെ വീട്ടിലേക്കാണ് ഞങ്ങള്‍ മടങ്ങിയത്. നേരം വെളുത്ത പാടേ ആന്റണിച്ചേട്ടന്‍ ചായയും, കപ്പയും, ചമ്മന്തിയും  ഉണ്ടാക്കി വച്ചു. വെളുപ്പിനേ പുറപ്പെടാന്‍ തുടങ്ങിയവരെ ലോനപ്പന്‍ ചേട്ടന്‍ തടഞ്ഞു. ചായ  കുടിച്ചിട്ടേ പോകാവൂ എന്ന് നിര്‍ബന്ധം. തലേ ദിവസം മുതല്‍ ലോനപ്പന്‍ ചേട്ടന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. എട്ടുമണിക്ക് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങാന്‍ നേരം ഒരു കൊച്ചുകുട്ടിയേപ്പോലെ ലോനപ്പന്‍ ചേട്ടന്‍ പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ ആശ്വാസ വാക്കുകളൊന്നും  അദ്ദേഹം ശ്രദ്ധിച്ചതേയില്ല. നരച്ച കുറ്റിത്താടിയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളുമായി  തറവാടിന്റെ ചിത്രത്തൂണില്‍ ഒന്നില്‍ ഒരു കൈ ചുറ്റിപ്പിടിച്ചു കരഞ്ഞു നില്‍ക്കുന്ന ലോനപ്പന്‍ ചേട്ടനെ അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍ പടിയിറങ്ങി. കലയും, കലാകാരനും മനുഷ്യ ബന്ധങ്ങളില്‍ പണിഞ്ഞുയര്‍ത്തുന്ന വലിയ ബന്ധങ്ങള്‍ക്ക് ഉദാഹരണമായി എത്രയോ കാലം മുന്‍പ് കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കാന്‍ ഇടയുള്ള പ്രിയപ്പെട്ട ലോനപ്പന്‍ ചേട്ടന്‍  ഇന്നും എന്റെ മനസ്സില്‍ ജീവിക്കുന്നു.

നാടക പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം കൊടുത്ത് ഞാന്‍ കടയില്‍ പോകുവാന്‍ തുടങ്ങി. കടയില്‍ നിന്നുള്ള ധാരാളം പൈസകള്‍ നാടകത്തിനായി നടക്കുന്‌പോള്‍ ചോര്‍ന്നു പോകുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. ഓരോ നാടക അവതരണങ്ങള്‍ക്കും ചെലവിനുള്ള തുക കിട്ടുന്നുണ്ടെന്നുള്ള കള്ളമാണ് ഭാര്യയോട് പറഞ്ഞിരുന്നത്. ചില സ്ഥലങ്ങളില്‍ നിന്ന് കുറച്ചു പൈസയൊക്കെ കിട്ടിയിരുന്നുവെങ്കിലും,  ' ആനവായില്‍ അകപ്പെട്ട അന്പഴങ്ങ പോലെ ' അത് ഒന്നുമേ ആയിരുന്നില്ല. എന്നെ എതിര്‍ക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് മുന്‍പേ അറിയാമായിരുന്നത് കൊണ്ടാവണം, പരസ്യമായ ഒരു വാക്കേറ്റത്തിന് ഭാര്യ തയാറായതുമില്ല.

ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. കച്ചവടം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പുരയിടത്തിലെ കൃഷികള്‍ക്കു പണം  വലിച്ചിരുന്നതും  കടയില്‍ നിന്നായിരുന്നു. ചരിഞ്ഞ സ്ഥലമായിരുന്നത് കൊണ്ട് ധാരാളം കല്ലു കയ്യാലകള്‍ പണിയേണ്ടി വന്നു. എന്റ  അപ്പനും, കൊച്ചപ്പനും കുറച്ചൊക്കെ കയ്യാലകള്‍ പണിഞ്ഞു തന്നുവെങ്കിലും, പുറത്തു നിന്നുള്ള കയ്യാലപ്പണിക്കാരെ കൂട്ടിയിട്ടാണ് കൂടുതല്‍ കയ്യാലകളും പണിഞ്ഞത്. കയ്യാല പണിക്കാര്‍ക്ക് സാധാരണ തൊഴിലാളികളേക്കാള്‍ കൂലി കൂടുതലായിരുന്നു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ചരിഞ്ഞ ഭൂമി ആയിരുന്നത് കൊണ്ട് മഴവെള്ളം കുത്തിയൊലിച്ചു വന്നു കെട്ടി നിന്ന് പല കയ്യാലകളെയും തകര്‍ത്ത് കൊണ്ട് താഴേക്കൊഴുകും.  ഇങ്ങനെ തകരുന്ന ഭാഗങ്ങള്‍ ഞാന്‍ ഒറ്റക്ക് റിപ്പയര്‍ ചെയ്യും. ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്താണ് ഞാനിതു ചെയ്തിരുന്നത്. ബലം പരീക്ഷിക്കാനായി മനപ്പൂര്‍വം മഴവെള്ളം തിരിച്ചു വിട്ട് റിപ്പയര്‍ ചെയ്ത ഭാഗത്ത് വെള്ളം കെട്ടിനിര്‍ത്തിച്ചു നോക്കും. ഞാന്‍ വച്ച കയ്യാലകള്‍ പിന്നീടൊരിക്കലും പൊട്ടിയിട്ടില്ല.

കച്ചവടം നിന്നുപോകും എന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. പണം കടമെടുക്കാതെ നിവര്‍ത്തിയില്ലെന്നു മനസ്സിലായി. നാടകത്തിനു നടന്ന് പൈസയെല്ലാം കളഞ്ഞു എന്ന  ആരോപണം ഭാര്യയുടെ ഭാവങ്ങളില്‍ ദേഷ്യത്തോടെ കത്തി നില്‍ക്കുന്നുണ്ട്.  എത്രയൊക്കെ നിഷേധിച്ചാലും കുറെയൊക്കെ അത് സത്യവുമായിരുന്നല്ലോ? നില നില്‍പ്പാണല്ലോ പ്രധാന പ്രശ്‌നം. കിട്ടാവുന്നിടത്ത് നിന്ന് വീണ്ടും കടം വാങ്ങിത്തുടങ്ങി. ചില പ്രായമുള്ളവരായിരുന്നു എന്റെ പ്രധാന ഫൈനാന്‍സിയേഴ്‌സ്. അന്പാട്ടെ അപ്പാപ്പന്‍, രാമന്‍ കുട്ടി മൂത്തയോര്‍  എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. നൂറിന് രണ്ടു രൂപയാണ് മാസപ്പലിശ. പലിശ മാസം തോറും കൊടുത്തിരിക്കണം എന്നാണു വ്യവസ്ഥ.

പലിശക്ക് പണമെടുക്കുന്നത് ദാഹം തീര്‍ക്കാന്‍ ഉപ്പുവെള്ളം കുടിക്കുന്നത് പോലെയാണ്. ദാഹം കൂടുകയല്ലാതെ കുറയുകയില്ല. എങ്കിലും  നമ്മള്‍ ആവശ്യപ്പെടുന്‌പോള്‍ യാതൊരു ഈടും കൂടാതെ വെറും വിശ്വാസത്തില്‍ കടം തരുന്നവരെ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ( 'വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് നാട്ടില്‍ തെണ്ടി നടപ്പൂ ' എന്ന പാട്ടും പാടി  കോര്‍പറേറ്റുകളുടെ ഇട നിലക്കാരായി പ്രവര്‍ത്തിക്കുന്ന കലാ പ്രതിഭകള്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് തങ്ങളുടെ ആരാധകര്‍ക്ക് നന്മയാണോ, തിന്മയാണോ ഉണ്ടാവാന്‍ പോകുന്നതെന്ന് മുന്‍കൂര്‍ ചിന്തിച്ചു വേണം ഇതിനൊക്കെ ഇറങ്ങിത്തിരിക്കാന്‍ എന്നൊരപേക്ഷ കൂടി എനിക്കുണ്ട്. രണ്ടു രൂപ വിലയുള്ളത് ഈടായി സ്വീകരിച്ചു കൊണ്ടാണല്ലോ ഒരു രൂപ കടം തന്ന് സാമൂഹ്യ സേവനത്തിന്റെ മുഖം മൂടിയണിഞ്ഞ കോര്‍പ്പറേറ്റ് തട്ടിപ്പുകാര്‍ ഇന്ത്യന്‍ ദരിദ്ര വാസിയുടെ ഉപ്പുചിരട്ട വരെ ജപ്തി ചെയ്തു കൊണ്ട് പോകുന്നത് ? വായ്പ മുതല്‍ തിരിച്ചു കൊടുത്തിട്ടും വീണ്ടും ചെണ്ടയും കൊട്ടിയെത്തുന്ന ഇവന്മാരെ നേരിടുവാന്‍ നട്ടെല്ലുള്ള വീട്ടമ്മമാര്‍ മൂര്‍ച്ചയുള്ള കൊയ്ത്തരിവാളുമായി മുന്നില്‍ നില്‍ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എവിടെ ചാനല്‍ ചര്‍ച്ചകളില്‍ വാലിട്ടിളക്കുന്ന ഫെമിനിസ്റ്റുകള്‍ ? )

ഞങ്ങളോട് പ്രത്യേകമായ ഒരു സ്‌നേഹം പ്രകടിപ്പിച്ചിരുന്ന കല്ലടയില്‍ പാപ്പുകുട്ടി ചേട്ടനും കുടുംബവും അവരുടെ കൈയിലുള്ള പൈസ എപ്പോള്‍ ചോദിച്ചാലും പലിശയില്ലാതെ ഞങ്ങള്‍ക്ക്  തന്നിട്ടുണ്ട്. മക്കളൊക്കെ പഠിച്ചു നല്ല നിലകളില്‍ എത്തിയിട്ടും, ഒരു സമയത്ത് സദുദ്ദേശത്തോടെ അവര്‍ കൈക്കൊണ്ട ചില തീരുമാനങ്ങള്‍ വിപരീതമായ ഫലം ഉളവാക്കിയതിനെ തുടര്‍ന്ന് ഒരു വൃദ്ധ സദനത്തില്‍ വച്ച് ചേട്ടനും ചേച്ചിയും മരണമടയുന്‌പോള്‍ ഞങ്ങള്‍ ഇവിടെ അമേരിക്കയില്‍ ആയിരുന്നു.

ഇത്തരം കൊടുക്കല്‍ വാങ്ങലുകളുടെ സമയത്തു നടന്ന അത്യത്ഭുതകരമായേ ഒരനുഭവം  ഇവിടെ പറഞ്ഞു കൊള്ളട്ടെ. അന്ന് പാപ്പുകുട്ടി ചേട്ടന്റെ രണ്ടായിരം രൂപാ എന്റെ കൈയിലുണ്ട്. ആരുടെയോ കടം വീട്ടാന്‍ വേണ്ടി വാങ്ങിച്ചതാണ്.  എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോള്‍ തന്നാല്‍ മതി എന്നാണു ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. പാപ്പുകുട്ടി ചേട്ടന്റെ വൃദ്ധ മാതാവും ആ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടന്നൊരു ദിവസം അസുഖം കൂടി ആശുപത്രിയില്‍ വച്ച് അമ്മച്ചി മരിച്ചു. പിന്നീടുള്ള ചെലവുകള്‍ക്ക് പണം വേണമല്ലോ? പൈസക്ക് വിഷമമില്ലെന്നും, ഇന്ന് തന്നെ എത്തിച്ചു കൊള്ളാമെന്നും, ചാടിക്കയറി ഞാന്‍ വാക്ക് പറഞ്ഞു. എവിടുന്നെങ്കിലും ഒന്ന് മറിക്കാം എന്ന എന്റെ പ്രതീക്ഷ നടപ്പിലായില്ല. ഈ സമയത്ത് പൈസ കൊടുത്തില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ ഒരു കൃത്യ വിലോപം എന്താണുള്ളത്.? വിവരങ്ങള്‍ അറിയാമായിരുന്ന മേരിക്കുട്ടി വല്ലാതെ അസ്വസ്ഥയായി. അവള്‍ പതിയെ കരയാന്‍ ആരംഭിച്ചു. അവളെ കടയിലിരുത്തിയിട്ട് ഞാന്‍ പുറത്തിറങ്ങി. ഒന്നുരണ്ടു പേര്‍ കൂടി മനസിലുണ്ട്. അവരോടു കൂടി ഒന്ന് ചോദിക്കനായി ഞാന്‍പുറപ്പെട്ടു.

മണിക്കൂറുകള്‍ ഒന്നുരണ്ടു കൂടി ഇഴഞ്ഞു നീങ്ങി. കണ്ണുനീര്‍ നിയന്ത്രിക്കാനാവാതെ കരയുകയായിരുന്നു എന്നാണു ഭാര്യ ( പിന്നീട്  ) പറഞ്ഞത്. അപ്പോള്‍ അതുവരെ നമ്മളുമായി വലിയ ഇടപാടുകളില്ലാതിരുന്ന  രാമന്‍ കുട്ടി മൂത്തയോര്‍ കടയിലേക്ക് വരുന്നു. " ഭര്‍ത്താവെവിടെ? " എന്ന് ഭാര്യയോട് തിരക്കുന്നു. " വെളിയില്‍ പോയതാണെന്നും, എന്തിനാണ് അന്വേഷിക്കുന്നതെന്നും," തിരക്കിയ ഭാര്യയോട് രാമന്‍കുട്ടി മൂത്തയോര്‍ പറഞ്ഞതിങ്ങനെയായിരുന്നു : " എന്റെ കയ്യില്‍ കുറച്ചു രൂപയുണ്ട്. വേറെയാര്‍ക്കും കൊടുക്കാന്‍ എനിക്ക് വിശ്വാസമില്ല. അവനാണെങ്കില്‍ ( ഞാന്‍ ) സമയത്ത് മുതലും, പലിശയും കിട്ടുമെന്ന് എനിക്കറിയാം. അത് കൊണ്ട് വന്നതാണ്. "

" എത്രയുണ്ട് മൂത്തയോരെ?"  മേരിക്കുട്ടി. " രണ്ടായിരം " മൂത്തയോര്‍. " ഇങ്ങു തന്നേരെ മൂത്തയൊരേ, ഞങ്ങള്‍ക്കാവശ്യമുണ്ട് " എന്ന് പറഞ്ഞു മേരിക്കുട്ടി പണം വാങ്ങിവച്ചു. രണ്ടു രൂപയാണ് പലിശ എന്നോര്‍മ്മിപ്പിച്ച് മൂത്തയോര്‍ മടങ്ങി.

സമീപിച്ചവരില്‍ നിന്നൊന്നും പണം കിട്ടാതെ നിരാശനായി വിയര്‍ത്തൊലിച്ചു ഞാന്‍ കടയിലെത്തുന്‌പോള്‍  പണം എന്നെയേല്പിച്ചു ഭാര്യ വിവരം പറഞ്ഞു . " എത്രയുണ്ട് ? " എന്ന എന്റെ ചോദ്യത്തിന് " എണ്ണി നോക്ക് " എന്ന് ഒരു ചെറുചിരിയോടെ മേരിക്കുട്ടിയുടെ മറുപടി. പണം എണ്ണി  നോക്കിയ ഞാന്‍ അത് അന്ന് ഞങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്ന രണ്ടായിരം ആണെന്ന് അറിഞ്ഞപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി.  ' വെറും യാദൃശ്ചികം ' എന്ന് ഇത്തരം സംഭവങ്ങളെ വിലയിരുത്തുന്നവരുണ്ടാവാം. എല്ലാ മനസുകളുടെയും മാസ്റ്റര്‍ മനസ്സായ പ്രപഞ്ച മനസ്സാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണു എന്റെ വിശ്വാസവും, നിഗമനവും. ( യാതൊരു നിര്‍വചനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വഴങ്ങാത്ത സംഭവങ്ങള്‍ വീണ്ടും വീണ്ടും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അത് പിന്നാലെ പറയുന്നതാണ്. )

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More