Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 28: ജയന്‍ വര്‍ഗീസ്)

Published on 18 August, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  28: ജയന്‍ വര്‍ഗീസ്)
അസ്ത്രം എഴുതിത്തീര്‍ന്ന സമയത്തു തന്നെ കേരള സംഗീത നാടക അക്കാദമിയുടെ 79 ലെ സംസ്ഥാന നാടക മത്സരത്തിലേക്കുള്ള രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് പത്രങ്ങളില്‍ വന്നു. കേരളത്തെ ഉത്തരമേഖല, മദ്ധ്യമേഖല, ദക്ഷിണമേഖല എന്നിങ്ങനെ  മൂന്നു മേഖലകളാക്കി തിരിച്ച്,  മേഖലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന നാടക മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഈരണ്ടു നാടകങ്ങള്‍ ചേര്‍ന്ന ആറ് നാടകങ്ങളായിരിക്കും സംസ്ഥാന നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ചെറിയൊരു തുക അവതരണ ചെലവിലേക്കായി കിട്ടും.

ജ്വാലയുടെ ബാനറില്‍ സ്ക്രിപ്റ്റ് അയക്കുകയും, പാലായില്‍ വച്ച് നടക്കുന്ന മദ്ധ്യ മേഖലാ നാടക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ( അക്കാലത്ത് വിവിധങ്ങളായ നാടക മത്സരങ്ങളിലേക്ക് ഞാനയച്ച സ്ക്രിപ്റ്റുകളില്‍ ഒന്ന് പോലും നിരാകരിക്കപ്പെട്ടതായി ഓര്‍മ്മയില്ല.) നാടകാവതരണത്തിന് രണ്ടു മാസം കൂടി സമയമുണ്ട്. അക്കാദമിയുടെ മത്സരമാവുന്‌പോള്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച മെറ്റിരിയലുകള്‍ ഉപയോഗപ്പെടുത്തണം എന്ന് തീരുമാനമായി. പോള്‍ കൊട്ടിലും, ജോസ് അരീക്കാടനും, പ്രഭാകരന്‍ കോടാലിയും തൃശൂരില്‍ നിന്ന് വരും. അംബി ജോസഫ്, പി. സി. ജോര്‍ജ്  എന്നിവര്‍ ജ്വാലയില്‍ എന്നോടൊപ്പമുണ്ട്. പരീക്കണ്ണിയിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ചെറിയാന്‍ പരീക്കണ്ണി അഭിനേതാവായി വരാമെന്നു സമ്മതിച്ചു. അപ്പോളും പ്രൊഫസറുടെയും, മായയുടെയും റോളുകള്‍ക്കുള്ള പ്രതിഭകള്‍ വന്നിട്ടില്ല. അങ്ങിനെയാണ് ഞാനും  പി. സി. ജോര്‍ജ്ജും കൂടി അജ്ഞാതരായ ആ പ്രതിഭകളെ തേടി ഇറങ്ങുന്നത്.

മലയാള നാടക വേദിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. ഓരോ ഗ്രാമാന്തരങ്ങളിലും ആര്‍ട്‌സ് ക്‌ളബ്ബുകള്‍ സജീവമായിരുന്ന കാലം. ഈ ക്‌ളബുകളിലെല്ലാം നിഷ്ക്കാമ കര്‍മ്മികളായ പ്രതിഭാശാലികള്‍ നാടക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. മിക്കവരും വര്‍ഷം  തോറും നാടകങ്ങള്‍ അവതരിപ്പിക്കുകയോ, അതുമല്ലെങ്കില്‍ ഒരു നാടക മത്സരം സംഘടിപ്പിക്കുകയോ ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലുമുള്ള ജനങ്ങള്‍ ഈ ക്‌ളബ്ബുകളുടെ സഹായികളും, സഹകാരികളും ആയിരുന്നു കൊണ്ട് നാടകങ്ങള്‍ ആസ്വദിക്കുകയു, അതിലൂടെ മഹത്തായ ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഭാഗഭാക്കാകുകയും ചെയ്തിരുന്നു. നഗരങ്ങളില്‍ ധാരാളമായി ഉടലെടുത്ത ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികള്‍ പ്രൊഫഷണല്‍ നാടക ട്രൂപ്പുകള്‍ക്കു മാത്രമല്ലാ, അമേച്വര്‍ നാടക വേദിയിലെ പ്രതിഭാ ശാലികള്‍ക്ക് വേണ്ടിയും തങ്ങളുടെ വേദികള്‍ മലര്‍ക്കെ തുറന്നു കൊടുത്തിരുന്നു.

സംഘര്‍ഷാത്മക സാഹചര്യങ്ങളുടെ സംഘട്ടനങ്ങളില്‍ വലിഞ്ഞു മുറുകി വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍ നിന്ന്  സംവദിച്ച്  ആശയ വിസ്‌പോടനങ്ങളുടെ അഗ്‌നിജ്വാലകള്‍ നെഞ്ചിലേറ്റി ജീവിച്ച ഒരു ജന സമൂഹമാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്. അറുപതുകളും, എഴുപതുകളും, എണ്‍പതുകളും ഉള്‍ക്കൊള്ളുന്ന മൂന്നു ദശകങ്ങള്‍. ഈ ദശകങ്ങളില്‍ നിറഞ്ഞു നിന്ന സമാധാന പരവും, സംതൃപ്തവുമായ സാമൂഹ്യാന്തരീക്ഷം എങ്ങിനെ സൃഷ്ടിക്കപ്പെട്ടുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്ക് ഗവേഷണം നടത്താവുന്നതാണ്. സത്യസന്ധരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ കലാ  സാഹിത്യ  സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഭാ വിലാസങ്ങളില്‍ നിന്നാണ് ഈ സാമൂഹ്യ കാലാവസ്ഥ രൂപപ്പെട്ടത് എന്ന് നിങ്ങള്‍ക്ക് അനായാസം കണ്ടെത്താവുന്നതുമാണ്.

( ജന ജീവിതത്തിന്റെ നെഞ്ചിടിപ്പുകള്‍ ഏറ്റു വാങ്ങിക്കൊണ്ട്, മഹത്തായ ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ കുതിരക്കുളന്പടികളില്‍,  ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെയെ വിരിയിച്ചെടുക്കാന്‍ സുസജ്ജമായി തയാറെടുത്തു കൊണ്ടിരുന്ന യഥാര്‍ത്ഥ സഹൃദയന്റെ മനസ്സിലേക്കാണ്, തൃശൂരിലെയും, തിരുവനന്തപുരത്തെയും അക്കാദമിക് നാടക ദൈവങ്ങള്‍ ' തനതു നാടക വേദി ' എന്ന പേരും ചാര്‍ത്തിച്ച്  കാലം കുഴിച്ചു മൂടിയ ഗോത്രകാല കലാ രൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ എഴുന്നള്ളിച്ചു കൊണ്ട് വന്നത്. അതിന്റെ അസഹ്യമായ നാറ്റം സഹിക്കാനാവാതെ സംസ്കൃത ചിത്തരായ സഹൃദയ സംഘങ്ങള്‍ വേദികളില്‍ നിന്ന് തിരിച്ചു നടന്നു. ഫലമോ? സമുജ്ജ്വലമായ മലയാള നാടക വേദിയുടെ മരണം. അന്ന് മരിച്ച മലയാള നാടക വേദിയില്‍ നിന്ന്  ശ്രദ്ധേയമായ ഒരു നാടകമോ, നാടക കാരനോ ഇന്ന് വരെയും ഉയിര്‍ത്തെഴുന്നേറ്റു വന്നതായി എനിക്കറിയില്ല

 മലയാള നാടക വേദിയുടെ മാത്രമല്ലാ, ലോക നാടകവേദിയുടെ തന്നെ തല തൊട്ടപ്പന്മാരായി അടിപൊളിയന്‍ മീഡിയകളാല്‍ വാഴ്ത്തപ്പെട്ട് ചരിത്രത്തിന്റെ ചുവരുകളില്‍ ചാര്‍ത്തപ്പെട്ട തനതു നാടക വേദിയുടെ പ്രയോക്താക്കളില്‍  മിക്കവരും  ഇതിനകം മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു എന്നതിനാല്‍ അവരുടെ പേരുകള്‍ ഇനിയിവിടെ പറയുന്നില്ല. മലയാള നാടക വേദിയുടെ തലത്തോട്ടപ്പന്മാര്‍ എന്ന് ഇന്നും കൊട്ടി ഘോഷിക്കപ്പെടുന്ന അവരാണ് മലയാള നാടക വേദിയെ കൊന്നു കുഴിച്ചു മൂടിയത് എന്ന് കേള്‍ക്കുന്നത് അവരുടെ അക്കാദമിക് അരുമകളെ കോപാകുലര്‍ ആക്കിയേക്കാം എന്നതിനാലാണ് ആ പേരുകള്‍ പറയാതിരിക്കുന്നത്. മലയാള നാടക വേദിയുടെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് ആ പേരുകള്‍ ഓര്‍മ്മയില്‍ എത്തുന്നുണ്ടാവുമല്ലോ ?

ആളൊഴിഞ്ഞു പോയ ഈ സാംസ്കാരിക  അരങ്ങുകളില്‍ പിന്‍വാതിലിലൂടെ കടന്നു വന്നു സ്ഥാനമുറപ്പിച്ചു മിമിക്രി ഇളിപ്പുകാരുടെ കോപ്രായങ്ങള്‍ സംവദിച്ച് വഷളായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സഹൃദയരാണ്, പടിഞ്ഞാറന്‍ നാടുകള്‍ പോലും പടം കൊഴിച്ചു കളഞ്ഞ ' എന്‍ജോയ് ദി ലൈഫ് ' ന്റെ പഴഞ്ചന്‍ ഉറ ഭ്രാന്തമായ ആവേശത്തോടെ എടുത്തണിഞ്ഞു കൊണ്ടും,  ചിന്താ ശേഷിയുടെ വരിയുടച്ച കാളകളായി സ്വയം രൂപപ്പെട്ടു  കൊണ്ടും,  മത തീവ്ര വാദത്തിന്റെ പേരില്‍ ഇന്ന്  മനുഷ്യനെ കൊല്ലുന്നതും, മൂന്ന് വയസുകാരി മുതല്‍ മൂത്ത മുത്തശ്ശിക്ക് വരെ വീട്ടില്‍ കിടന്നുറങ്ങാന്‍ മേലാത്ത ലൈംഗിക അരാജകത്വത്തില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യാവസ്ഥ ക്രിയേറ്റ് ചെയ്തുണ്ടാക്കിയതും. ഇത്തരക്കാര്‍ കാലുറപ്പിച്ചു കഴിഞ്ഞ മലയാളത്തിലെ ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനില്‍ നിന്നും ഇറങ്ങുന്ന പ്രൊഡക്ടുകളില്‍ ഏറിയ പങ്കും കേരളത്തിലെ മനുഷ്യനെ ലോക മനുഷ്യന്റെ മുന്നില്‍ നാണം കെടുത്താനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നുമില്ല. )

നാടക മത്സര വേദികളിലായിരുന്നു ഞങ്ങളുടെ അന്വേഷണം. അക്കാലത്തു മദ്ധ്യകേരളത്തിലെ മത്സര വേദികളില്‍ ജ്വാലയോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്ന ചില സമിതികള്‍ കൂടിയുണ്ടായിരുന്നു. ബഹുമാന്യനായ ശ്രീ  സേവ്യര്‍ പുല്‍പ്പാട് നയിച്ചിരുന്ന ഒരു സമിതി, മാനത്തൂര്‍ കേന്ദ്രമായി ശ്രീ ഓ. സി. സെബാസ്റ്റിയന്‍ നയിച്ചിരുന്ന ' അമച്ചേഴ്‌സ് അരീന ' എന്ന സമിതി, വെട്ടിമറ്റം കേന്ദ്രമായി ശ്രീ ഡി. മൂക്കന്‍ നയിച്ചിരുന്ന ' നീലിമ ' എന്ന സമിതി എന്നിവ അവയില്‍ ചിലതു മാത്രമായിരുന്നു. മത്സര വേദികളില്‍ ഇവര്‍ അവതരിപ്പിച്ചു സമ്മാനങ്ങള്‍ നേടിയ ഡസന്‍ കണക്കിന് നാടകങ്ങളില്‍ ഞങ്ങള്‍ പ്രൊഫസറുടെ മുഖംതേടി. അവസാനം വെട്ടിമറ്റം നീലിമ അവതരിപ്പിച്ച ' പുറത്തേക്കുള്ള വഴി ' എന്ന നാടകത്തില്‍ അനിതരസ്സാധാരണമായ അഭിനയ വിസ്മയം കാഴ്ചവച്ച ശ്രീ ഡി. മൂക്കനെയും, അതേ നാടകത്തില്‍ നായികയായി അഭിനയിച്ച കൂത്താട്ടുകുളം സ്വദേശിനിയായ കുമാരി ലിസ്സി തോമസിനെയും ഒരേ വേദിയില്‍ നിന്ന് തന്നെ ഞങ്ങളുടെ പ്രൊഫസറും, മായയുമായി ഞങ്ങള്‍ കണ്ടെത്തി.

വളരെ ഉദാരമായ വ്യവസ്ഥകളോടെ അവര്‍ ' അസ്ത്ര' ത്തില്‍ സഹകരിക്കാം എന്നേറ്റു. മാത്രമല്ലാ, മൂക്കന്റെ വിശാലമായ നാടക പരിചയം ഉപയോഗപ്പെടുത്തി നല്ല നിലവാരമുള്ള പിന്നണി പ്രവര്‍ത്തകരെയും ഞങ്ങള്‍ക്ക് കണ്ടെത്താനായി. നാടകാവതരണത്തിന്റെ എല്ലാ മേഖലകളിലും അസാമാന്യ ഭാവനയും, വൈഭവും, വൈദഗ്ദ്യവും സ്വായത്തമാക്കിയിരുന്ന ശ്രീ ആര്‍. സി. ബാലന്‍ ജ്വാലയുടെ ലൈറ്റ് ആന്‍ഡ് സൗണ്ട്, പിന്നണി സംഗീതം എന്നിവയുടെ ചുമതലക്കാരനായി വന്നതോടെ വളരെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ നാടകം അവതരിപ്പിക്കാനാകുമെന്ന ആത്മ വിശ്വാസം എല്ലാവര്‍ക്കുമുണ്ടായി.

വെട്ടിമറ്റത്തിന് സമീപമുള്ള വിജയന്‍ ചേട്ടന്‍ എന്ന ഒരു സഹൃദയ സുഹൃത്ത് സ്വന്തം വീടിന്റെ പുത്തന്‍ ഔട്ട് ഹാവുസ് ഞങ്ങള്‍ക്ക് റിഹേഴ്‌സലിനായി തന്നു. ഒറ്റയടിക്ക് നാടകം പഠിച്ചു തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ രണ്ടാഴ്ചത്തെ റിഹേഴ്‌സല്‍ ക്യാംപ് ആണ് നിശ്ചയിക്കപ്പെട്ടത്. എന്റെ പോക്കറ്റ് ശുഷ്കമാണെന്നും, സ്വന്തം ചിലവിനുള്ളത് കരുതണമെന്നും, അക്കാദമിയില്‍ നിന്ന് എന്തെങ്കിലും കിട്ടുകയാണെങ്കില്‍ വീതം വച്ച് തരാമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഏവരും ഈ വ്യവസ്ഥ സമ്മതിച്ചു കൊണ്ടാണ് ക്യാന്പില്‍ പങ്കെടുത്തിരുന്നത് എങ്കിലും, എനിക്കാവും വിധത്തില്‍ ചിലവുകള്‍ ഞാനും വഹിച്ചിരുന്നു.

വളരെ സന്തോഷകരമായ ദിവസങ്ങള്‍. രാവിലെ കുടയത്തൂര്‍ പുഴയില്‍ കുളി. ചായക്കടയില്‍ നിന്ന് മൂന്നു നേരം ഭക്ഷണം. മൂക്കന്റെ വീട് അധികം അകലെയല്ലാത്തതിനാല്‍ മിക്കവാറും മൂക്കന്‍ വീട്ടിലെ ഭക്ഷണമാണ് കഴിച്ചിരുന്നത്. ഇടക്ക് ഒന്നോ, രണ്ടോ തവണ എല്ലാവരും സ്വതം വീടുകളില്‍  പോയി വന്നു. എത്ര തവണ വേണ്ടെന്ന് പറഞ്ഞിട്ടും, മിക്ക വൈകുന്നേരങ്ങളിലും വീട്ടുകാരിയായ ചേച്ചി  കാപ്പിയും, കപ്പപ്പുഴുക്കുമൊക്കെ ഞങ്ങള്‍ക്ക് വിളന്പിയിരുന്നു.

മൂക്കന്റെ അപാരമായ നാടകാവതരണ പരിചയം നാടകാവതരണത്തില്‍ ക്രിയാത്മകമായ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു. . പ്രാകൃതന്റെ താണ്ഡവത്തില്‍  മയങ്ങി വീഴുന്ന പ്രൊഫസറെ ഉണര്‍ത്താനായി മായ നൃത്തം ചെയ്യുന്ന ഭാഗങ്ങളില്‍ മൂക്കന്‍ ഒരു മാറ്റം വരുത്തി. മായ നൃത്ത ശില്പമായി നിശ്ചലം നില്‍ക്കുന്‌പോള്‍ വലതു മൂന്നരങ്ങില്‍ അപ്പോള്‍ തെളിയുന്ന കടുത്ത മഞ്ഞ വെളിച്ചത്തിന്നടിയില്‍ മായയുടെ ആത്മാവായി മറ്റൊരു നര്‍ത്തകിയാണ് നൃത്തം ചെയ്യുന്നത്. പ്രൊഫസര്‍ ഉണര്‍ന്നു കഴിയുന്‌പോള്‍ ഒരു നിമിഷം അണഞ്ഞു തെളിയുന്ന വേദിയില്‍ പിന്നെ പ്രൊഫസറും, മായയും മാത്രമായി സാധാരണ നിലയില്‍ നാടകം മുന്നോട്ടു പോകുന്നു. ഈ രീതി കൂടുതല്‍ ഭാവനാത്മകമാണെന്ന്  എല്ലാവരും അംഗീകരിച്ചു. മലങ്കര സ്വദേശിനിയായ വത്സല എന്ന നര്‍ത്തകിയെക്കൂടി ട്രൂപ്പില്‍ ഉള്‍പ്പെടുത്തി. സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പി. സി. ജോര്‍ജ് ( ജി. സ്വരൂപ് ) നിര്‍ദ്ദേശിച്ചതനുസരിച്ചു മൂക്കനെക്കൂടി സംവിധായകനായി ഉള്‍പ്പെടുത്തി.

നാടകാവതരണ ദിവസം അടുക്കുകയാണ്. ക്യാംപില്‍ നിന്നുതന്നെ പാലായിലേക്ക്  പോകാം എന്ന് തീരുമാനമായി. അതിനായി എല്ലാവരും വീടുകളില്‍ ഒന്ന് പോയി വന്നു. എന്റെ ഭാര്യ മേരിക്കുട്ടിയും, അനുജത്തി ലീലയും നാടകം കാണാന്‍ വന്നു. ചാത്തമറ്റത്തു നിന്ന് അന്ന് ഞങ്ങളുടെ പഞ്ചായത്തു മെന്പറായിരുന്ന പടിഞ്ഞാറ്റില്‍ തോമ്മാച്ചന്‍ ചേട്ടനും, കര്‍ഷകത്തൊഴിലാളികളായ മത്തനും, മറ്റു ചിലരും നാടകം കാണാന്‍ പാലായില്‍ വരും എന്നറിയിച്ചു. വാഴക്കുളം കൊവേന്തയുടെ വകയായുള്ള ഒരു മിനി വാന്‍ ഏര്‍പ്പാടാക്കി അതിലാണ് ട്രൂപ്പിന്റെ യാത്ര. നാട്ടുകാരോടും, വീട്ടുകാരോടും നന്ദി പറഞ്ഞ് എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങള്‍ നാടകാവതരണത്തിനു പുറപ്പെട്ടു.

പാലായിലെ മുന്‍സിപ്പല്‍ സ്‌റ്റേഡിയം പ്രൗഢമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. ഒരു അക്കാദമി നാടക മത്സരത്തിന്റെ നിലവാരം പുലര്‍ത്തുന്ന സന്നാഹങ്ങളാണ് എല്ലായിടത്തും. സംഘാടക സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്ന മണര്‍കാട് പാപ്പന്‍ ചേട്ടന്‍  ഒരു സംഘത്തോടൊപ്പം ഞങ്ങളുടെ അടുത്തു വന്ന് ഞങ്ങളെ പരിചയപ്പെടുകയും, എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്ന് അറിയിച്ചിട്ട് പോവുകയും  ചെയ്തു. അക്കാദമിയുടെ ഭാര വാഹികളും, ഉദ്യോഗസ്ഥരുമായി കുറേപ്പേര്‍ വന്നിട്ടുണ്ടെങ്കിലും ആരെയും പരിചയമില്ല. ബഹുമാന്യനായ ശ്രീ വൈക്കം ചന്ദ്രശേഖരന്‍ നായരെ മാത്രം തിരിച്ചറിഞ്ഞു. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ നരച്ച തലമുടി കഴുത്തോളം വളര്‍ത്തിയ അദ്ദേഹത്തിന്‍റെ ചിത്രം പലപ്പോഴും പത്രങ്ങളില്‍ കണ്ടിരുന്നത് കൊണ്ട് മാത്രം.

 രണ്ടു നാടകങ്ങളാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇന്നലെ രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നത്തെ രണ്ടാമത്തെ നാടകമാണ് അസ്ത്രം. ആദ്യ നാടകം ഏതാണെന്നോ, ആരുടെയാണെന്നോ ഒന്നും അന്വേഷിക്കുവാനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല. ഞങ്ങള്‍ ഗ്രീന്‍ റൂമില്‍ ആയിരുന്നപ്പോള്‍ ആണ് മുന്‍ നാടകം അവതരിപ്പിക്കപ്പെട്ടത് എന്നത് കൊണ്ട് ആ നാടകം കാണുവാന്‍ ഞങ്ങളിലാര്‍ക്കും സാധിച്ചുമില്ല. ഓരോരുത്തരുടെയും നെഞ്ചിടിപ്പ് അവരവര്‍ക്കു തന്നെ കേള്‍ക്കാവുന്ന അവസ്ഥയില്‍ കാത്തിരുന്ന ഞങ്ങളെ നാടകാവതരണത്തിന് ക്ഷണിച്ചു.

നാടകം ആരംഭിച്ചു. എണ്ണയിട്ട യന്ത്രം പോലെ ഓരോരുത്തരും പ്രവര്‍ത്തിച്ചു. പ്രോംപ്റ്ററായി ഞാന്‍ പിറകില്‍ ഉണ്ടായിരുന്നെങ്കിലും, എല്ലാവരുംതന്നെ നാടകം മന:പ്പാഠമാക്കിയിരുന്നു. ആയിരക്കണക്കിനാളുകള്‍ നാടകം കണ്ടിരുന്നിട്ടും, ഒരു മൊട്ടു സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. ഒന്നാം രംഗം കഴിഞ്ഞുള്ള ചെറിയ ഇടവേളയില്‍ പോലും ആരും തന്നെ പുറത്തു പോയില്ലാ എന്നാണു നാടകം കാണാന്‍ വന്ന തോമ്മാച്ചന്‍ ചേട്ടന്‍ പറഞ്ഞത്.

ഒരുവിധം തൃപ്തികരമായി നാടകം ചെയ്തു എന്ന സംതൃപ്തിയോടെ നില്‍ക്കുന്‌പോള്‍ ബഹുമാന്യനായ ശ്രീ വൈക്കം ചന്ദ്ര ശേഖരന്‍ നായര്‍ സ്‌റ്റേജിലേക്ക് വന്നു. എന്റെ പേര് ചോദിച്ചു വന്ന് എന്നെ പരിചയപ്പെട്ടു. ' വെല്‍ ഡണ്‍ , എന്ന് പറഞ്ഞു കൊണ്ട് എന്റെ തോളത്തു തട്ടി. കര്‍ട്ടന്‍ ഉയര്‍ത്തപ്പെട്ടു. മൈക്ക് കൈയിലെടുത്ത് അദ്ദേഹം പ്രേക്ഷകരോട് ഇങ്ങനെ പറഞ്ഞു : " ലോക നാടക വേദിയോട് ഒപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമായ നാടകങ്ങള്‍ എഴുതുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ഈ നാടകം തെളിയിച്ചിരിക്കുന്നു. ലോക പൗരന്മാരെ കഥാ പാത്രങ്ങളാക്കിക്കൊണ്ടുള്ള നാടകങ്ങള്‍ എഴുതുവാന്‍ നമ്മുടെ കുട്ടികള്‍ക്കു  സാധിക്കുമെന്നും ഈ നാടകം നമ്മെ ബോധ്യപ്പെടുത്തുന്നു. മദ്ധ്യ മേഖലാ നാടക മത്സരത്തില്‍ നിന്ന്  ഈ നാടകം അവാര്‍ഡ് നേടിയതായി പ്രഖ്യാപിക്കുകയും, കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന മത്സരത്തിലേക്ക്   ' അസ്ത്രം ' തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുകയും ചെയ്തു കൊള്ളുന്നു. " (  അദ്ദേഹം ഞങ്ങളെ കുട്ടികള്‍ എന്ന് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഞങ്ങളെല്ലാം തന്നെ അന്ന്  മുപ്പതു വയസില്‍ താഴെയുള്ളവരായിരുന്നു. എനിക്കും അന്ന് അത്രയൊക്കെ ആയിരുന്നുവെങ്കിക്കും, എന്നെക്കണ്ടാല്‍ അത്രയൊന്നും പ്രായം തോന്നിപ്പിക്കാത്ത കൃശ ഗാത്രനായ ഒരു യുവാവായിരുന്നുവല്ലോ ഞാനും ?


Join WhatsApp News
Dr. Know 2019-08-19 22:24:31
One has retroactive memory and the other one has retrospective memory and it gets mixed up too. So what ever you read may not be true because  it is blended with wild imagination.  The book of Revelation in the bible was due to the same mix  up happened to John. Some people call this eccentricity  
Ninan Mathulla 2019-08-19 21:37:48
My memory is fading. So I wonder how Jayan could remember minute details now. You must have kept daily notes. These are moments where  the invisible hand let you go through emotional roller coaster.
Jack Daniel 2019-08-20 00:02:12
Your diagnosis may be correlated with god hidden  Whistle blowing - They both believe in a God controlling from another planet.  It could be a sarcastic way of telling him that it is not real memory but he is making up everything . Still under investigation.  The operation of 'spirit' is mysterious 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക