-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... അനുഭവക്കുറിപ്പുകള്‍-26- (ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ്

Published

on

എങ്ങിനെ ഞാനൊരു എഴുത്തുകാരനായെന്നോ, എന്തിന് ഞാനീ അതി സങ്കീർണ്ണമായ കർമ്മ മേഖല തെരഞ്ഞെടുത്തുവെന്നോ ഇന്നും എനിക്കറിയില്ല. വിദ്യാഭ്യാസ പരമായോ, സാന്പത്തികമായോ സാമൂഹ്യ കെട്ടുപാടുകൾ മൂലമോ അതിനുള്ള യോഗ്യത എനിക്കില്ലെന്ന ബോധ്യം എനിക്കുണ്ട്. എഴുത്തിലൂടെ നാലാളറിയുന്ന പ്രശസ്തനാവണമെന്നോ അതിലൂടെ ആള് കളിച്ചു നടക്കണമെന്നോ ഞാനാഗ്രഹിച്ചിട്ടില്ല. അതിനുള്ള ഒരു തെളിവായി ചൂണ്ടിക്കാട്ടാവുന്നത് എന്റെ പേരിൽ ഇതിനകം പ്രസിദ്ധീകരിച്ച അഞ്ചു പുസ്തകങ്ങളിലും ഞാൻ എന്റെ ഫോട്ടോ ചേർത്തിട്ടില്ല എന്നുള്ളതാണ്. എഴുത്തുകാരൻ എന്ന നിലയിൽ ഒരു പൊതു വേദിയിലും ഇടിച്ചു കയറി നിന്ന് ആളാവാൻ ശ്രമിച്ചിട്ടില്ല. യാതൊരു വിധ അടിസ്ഥാന ക്വളിറ്റികളുമില്ലാത്ത എത്രയോ പേർ സ്വന്തം മോർഫിയൻ ചിത്രങ്ങൾ കാലു പിടിച്ചും, കാശെറിഞ്ഞും പ്രസിദ്ധീകരിപ്പിച്ച്, അതിനടിയിൽ ഇല്ലാത്ത യോഗ്യതകളുടെ ഒരു സങ്കലനപ്പട്ടികയും ചേർത്ത് അതിന്റെ പേരിൽ  ആള് കളിച്ചു നടക്കുന്നു?  സ്വന്തം ജീവിതത്തിൽ ഇന്നുവരെ ഒരു പത്രാധിപരെയും നേരിൽ കാണാതെ, ഒരു പത്രമാപ്പീസിലും ശുപാർശയുമായി കയറിചെല്ലാതെ സ്വന്തം പരിമിതികളിൽ ചുരുണ്ടു കൂടുന്ന ഞാൻ എനിക്കജ്ഞാതമായ ഏതോ ഒരു ദാർശനിക നിയോഗത്താലാവണം ഈ മേഖല തെരഞ്ഞെടുത്തത് എന്നാണ് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. 

എഴുത്ത് എനിക്ക് സമ്മാനിക്കുന്ന ആത്മസംതൃപ്തിയുടെ ഒരു വിശാല മേഖലയുണ്ടെന്ന് സമ്മതിക്കുന്നു. എങ്കിലും അതിനേക്കാൾ എത്രയോ കൂടുതലാണ് അതിന്റെ പേരിൽ ഞാൻ  അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ ആത്മ പീഠനങ്ങൾ. ഒരു സാധാരണ മനുഷ്യനായി വീട്ടിലും, നാട്ടിലും ഞാൻ കാണപ്പെടുന്പോൾ  പോലും, എന്റെ മനസ്സിൽ ഞാൻ തന്നെ സൃഷ്ടിച്ചെടുത്തതും, എനിക്ക് മാത്രം അറിയാവുന്നതുമായ മറ്റൊരു ലോകത്തിലാണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനാൽ, നിങ്ങൾ കാണുന്ന ഭൗതികമായ ഞാൻ ഒരു യന്ത്രപ്പാവ മാത്രമായിട്ടാണ് വെറുതേ ചലിച്ചു കൊണ്ടിരിക്കുന്നത്.  ദാർശനികമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ഇത്തരം മനോരാജ്യ സന്നിവേശങ്ങളിൽ ആകൃഷ്ടനായിപ്പോകുന്നത് കൊണ്ടായിരിക്കണം, എത്രയോ തവണ ഞാനോടിക്കുന്ന വാഹനങ്ങൾ അപകടങ്ങളിൽ അകപ്പെട്ടിരിക്കുന്നു ? ഇതുമൂലം എന്റെ ഭാര്യയും, മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും  ഉൾപ്പടെ  ഞാനുമായി അടുത്തിടപെടുന്നവർക്ക് അവർ പ്രതീക്ഷിക്കുന്നതൊന്നും എന്നിൽ നിന്ന് കിട്ടുന്നില്ല എന്ന് മാത്രമല്ലാ, കയ്ച്ചിട്ടു ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും, മേലാത്ത ഒരവസ്ഥയിൽ അവർ എന്നെ സഹിച്ചു കൊണ്ടേയിരിക്കുകയാണ് എന്ന് എനിക്കറിയാം, ഞാൻ നിസ്സഹായനാണ്.

സാധാരണ ജീവിതത്തിൽ ഒരു കുടയുമായി വെളിയിൽ പോയാൽ എവിടെയെങ്കിലും വച്ച് അത് മറന്നിട്ട്  വീട്ടിലെത്തുന്ന ഞാൻ നാൽപ്പതോ. അന്പതോ വർഷം മുൻപ് വായിച്ചിട്ടുള്ളതൊക്കെയും മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. പെട്ടന്ന് അതിലൊന്ന് ചോദിച്ചാൽ ഒരുപക്ഷെ എനിക്ക് പറയാനായില്ലെങ്കിലും, ഞാനെഴുതുന്പോൾ അപ്പപ്പോൾ ആവശ്യമുള്ളത് പേനത്തുന്പിലൂടെ ഒഴുകി വീണു കൊണ്ടിരിക്കും. എഴുതാൻ വേണ്ടിയോ, അല്ലാതെയോ ഒരു റഫറൻസ് ലൈബ്രറി എനിക്കില്ല. വായിക്കുന്ന പുസ്തകങ്ങൾ ആവശ്യം കഴിഞ്ഞാൽ ആർക്കെങ്കിലും കൊടുക്കുകയോ, അതുമല്ലെങ്കിൽ കെട്ടുകളാക്കി ഗാർബേജിലെറിയുകയോ ചെയ്യുക എന്നതാണ് എന്റെ രീതി.

ചില സാഹിത്യനായകന്മാർ സ്വന്തം മുറിയിൽ മണിക്കൂറുകളോളം കതകടച്ചു തപസ്സു ചെയ്തിരുന്നിട്ടാണ് ഓരോ സൃഷ്ടിയും പടച്ചുണ്ടാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചടത്തോളം ഒരിക്കലും അങ്ങിനെ മണിക്കൂറുകൾ തപസ്സിരിക്കാനുള്ള ഒരവസരം കിട്ടിയിട്ടില്ല എന്നതിലുപരി, അടുത്ത നേരത്തെ ആഹാരത്തിനുള്ള അന്വേഷണത്തിനിടയിൽ അതിനു സാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്റെ സാഹിത്യ രചന നിർബാധം നടന്നു കൊണ്ടിരിക്കുന്നത് മനസ്സിലാണ്. മനസ്സിൽ വേണ്ടത്ര പാകമായ ശേഷം മാത്രമേ അത് പുറത്തെടുക്കുകയുള്ളു. അങ്ങിനെ പുറത്തേക്കു വരുന്ന രചനകളിൽ വെട്ടോ, തിരുത്തോ വേണ്ടി വരാറേയില്ല. കടലാസിൽ എഴുതുന്ന കാലത്ത് വളരെ വേഗതയിൽ എഴുതിപ്പോകുന്നത് കൊണ്ട് നല്ല അക്ഷര വടിവിൽ പിന്നീട് ഒന്ന് പകർത്തിയെഴുതും, അത്ര തന്നെ.

നാടകങ്ങൾ എഴുതിയിരുന്ന കാലത്ത് അതിലെ ആശയ സംഘട്ടനങ്ങൾ രൂപപ്പെടുത്താനായി വേനൽക്കാലങ്ങളിൽ ഞാൻ ചില യാത്രകൾ നടത്തിയിരുന്നു. എവിടെയാണ് പോകുന്നതെന്ന് ഭാര്യയോട് പോലും പറയുകയില്ല.  പറഞ്ഞാൽ ഒരുപക്ഷേ അവൾ അപ്പനമ്മമാരെ വിളിച്ചു പറഞ്ഞ് തടസ്സം സൃഷ്ടിച്ചേക്കും എന്ന ഭയം മൂലമാണ് പറയാതിരുന്നിട്ടുള്ളത്. സന്ധ്യക്കെ തിരിച്ചെത്തുകയുള്ളു എന്ന് മാത്രം പറയും. രാവിലെ ഏതെങ്കിലും ചായക്കടയിൽ നിന്ന് രണ്ടു കഷ്ണം പുട്ടും, ഒരേത്തപ്പഴവും, ചായയും കഴിക്കും. പിന്നെ രണ്ടു മൈൽ നടന്നു വനത്തിൽ കയറും. അര മൈൽ കൂടി നടന്നാൽ പുഴയിലെത്തും.  പോത്തുകുഴി എന്നാണ് ആഭാഗത്തിന് പേര്. ഗണപതി, തോണിക്കുഴി, കാക്ക മുതലായ കുറെ കുഴികളും കൂടി മുകൾ ഭാഗത്തുണ്ട്. മുള്ളരിങ്ങാടൻ മല നിരകളിൽ നിന്നാരംഭിച്ച്‌ പരീക്കണ്ണി, കുത്തുകുഴി ഭാഗങ്ങൾ പിന്നിട്ട്‌ കോതമംഗലം കൂടി കക്കടാശേരിയിൽ വച്ച് മൂവാറ്റു പുഴയാറിൽ ലയിക്കുന്ന ഈ പുഴ മൂന്നു പുഴകൾ സംഗമിക്കുന്ന മൂവാറ്റു പുഴയുടെ ഒരു പുഴയാണ്. പുഴയിൽ വെള്ളം കുറവായതു കൊണ്ട് മിനുത്ത പാറക്കല്ലുകൾ അടുക്കി വച്ചതു പോലെ പരന്നും, ഉയർന്നുമായി നിൽക്കുന്നുണ്ട്. അതിലൂടെ ചവിട്ടിയും ചാടിക്കടന്നുമാണ് മുകൾ ഭാഗത്തേക്കുള്ള യാത്ര.

ഗണപതിയിലെത്തുന്പോൾ മരച്ചാർത്തുകൾ തണൽ വിരിക്കുന്ന മിനുത്ത പാറപ്പുറത്ത് കുറെ കിടക്കും. ഒരു വശത്തുകൂടി നവ വധുവിനെപ്പോലെ നാണം കുണുങ്ങി പാറകളിൽ തട്ടി പതഞ്ഞൊഴുകുന്ന യുവതിയായ പുഴ. സഹസ്രാബ്ദങ്ങളുടെ കാലടിപ്പാടുകൾ പതിഞ്ഞു മിനുസമായിത്തീർന്ന പാറക്കൂട്ടങ്ങൾ. നനഞ്ഞ പാറയിലെ നറും പായലുകൾ നക്കി നക്കി പുളക്കുന്ന കല്ലേമുട്ടി മീനുകൾ. വനശീതളിമയിൽ പാടിപ്പറക്കുന്ന കാക്കാന്പീച്ചികളും, കാക്കക്കുയിലുകളും. പകലിരവില്ലാതെ വീണമീട്ടി പാടിപ്പാടി മരിക്കുന്ന ചീവീടുകൾ. 

ദൈവവും പ്രകൃതിയും മനുഷ്യനും ഇവിടെ ഒരേ നേർരേഖയിൽ വരുന്നതായി എനിക്ക് തോന്നും. മനസിന്റെ മായാലോകത്തു നിന്നും കഥയും, പാത്രങ്ങളും, സംഭാഷണങ്ങളും, സംഘട്ടനങ്ങളും ഒഴുകിയൊഴുകി വന്നു കൊണ്ടേയിരിക്കും. എഴുതാൻ എന്റെ കയ്യിൽ ഒന്നുമില്ല. മനസിൽ എവിടെയോ അനവരതം എഴുതിക്കൊണ്ടേയിരിക്കും. ഇത്തരം ഒരു യാത്ര പൂർത്തിയാവുന്പോഴേക്കും ഒരു നാടകം മുഴുവനുമായി എന്റെ മനസിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നെ വീട്ടിലെത്തിയാൽ സൗകര്യം പോലെ അത് കടലാസിലേക്ക് പകർത്തിയാൽ മതി. ഞാനെഴുതിയിട്ടുള്ള മിക്ക നാടകങ്ങളും ഇത്തരം വനയാത്രകൾക്കു ശേഷം എഴുതിയിട്ടുള്ളതാണ്. 

ഗണപതിയിൽ നിന്നും നേരെ വടക്കു കിഴക്കോട്ടു വനത്തിലൂടെ നടന്നാൽ പിന്നെ കുത്തനെയുള്ള കയറ്റമാണ്. മീനുളിഞ്ഞാൻ മുടി ( മല ) യുടെ തെക്കേ ചെരിവാണത്. ആ ചെരിവ് കുത്തനേ കയറി മുകളിലെത്തിയാൽ പിന്നെ നിരപ്പാണ്. ഈ നിരപ്പിലൂടെ കിഴക്കോട്ടു നടന്നാൽ നേര്യമംഗലം ഭാഗത്തു കൂടി കടന്നു പോകുന്ന ഇടുക്കിയിലേക്കുള്ള റോഡിൽ ഇറങ്ങാം. മല മുകളിലൂടെ സഞ്ചരിക്കുന്പോൾ താഴെ ചെന്പൻ കുഴി, ( ഈ ചെന്പൻ കുഴി സ്‌കൂളിൽ  ആർ. എസ് . തീയറ്റേഴ്സിന്റെ കാലത്ത്  ഞങ്ങൾ നാടകം അവതരിപ്പിച്ചുണ്ട്.) നീണ്ടപാറ ഭാഗത്തു കൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന കൃശ ഗാത്രിയായ പെരിയാർ കാണാം. സാധാരണ ഗതിയിൽ അവിടം വരെ പോയാൽ രാത്രിയായിപ്പോകും. റോഡിലിറങ്ങിയാൽ പിന്നെ ബസ് കിട്ടാൻ പ്രയാസമാകും.ഒരിക്കൽ ഇത്തരം ഒരബദ്ധം പറ്റിയത് കൊണ്ട് പിന്നീടുള്ള യാത്രകളിൽ സന്ധ്യക്ക്‌ മുന്പ് നേര്യമംഗലത്തിനു രണ്ടുമൂന്നു മൈൽ പിന്നിലുള്ള തലക്കോട് എന്ന സ്ഥലത്ത് റോഡിലിറങ്ങി തിരിച്ചു പോരും. 

തികച്ചും അര വട്ട് എന്നും, അപകടകരം എന്നും മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന ഇത്തരം ഏകാന്ത യാത്രകൾ കുറേ വർഷങ്ങളിൽ പതിവായി ഞാൻ നടത്തിയിരുന്നു. ആദ്യ കാലങ്ങളിൽ മുള്ളരിങ്ങാടിനും, വണ്ണപ്പുറത്തിനും ഇടയിൽ ഉയർന്നു നിൽക്കുന്ന ' തീയെരിയാൻ മുടി ' യുടെ മുകളിലൂടെയായിരുന്നു യാത്ര. മലമുകളിലെ നിരപ്പിലൂടെ കിഴക്കോട്ടു നടന്നാൽ  മുള്ളരിങ്ങാട്ടോ, വണ്ണപ്പുറത്തോ ഇറങ്ങി തിരിച്ചു പോരാം. മുകളിൽ നിന്ന് നോക്കുന്പോൾ ഇരു വശങ്ങളിലുമായി കോടമഞ്ഞു പുതച്ചുറങ്ങുന്ന ഈ മലമടക്കുകളിലൂടെ ഇപ്പോൾ വണ്ണപ്പുറം - മുള്ളരിങ്ങാട്  ടാർ റോഡും, ബസ് സർവീസുമുണ്ട്. തീയെരിയാന്റെ ഇരു വശങ്ങളിലുമായി ധാരാളം കയ്യേറ്റക്കാർ ഭൂമി കയ്യേറി താമസം തുടങ്ങിയത് കൊണ്ട് ആ വഴിയുള്ള യാത്രകൾ അവസാനിപ്പിക്കുകയാണുണ്ടായത്.

വലിയ പ്രകൃതി നാശം സംഭവിക്കാതെ മീനുളിഞ്ഞാൻ ഇപ്പോഴും നിലവിലുണ്ട്. മീനുളിഞ്ഞാന്റെ മുകളിൽ നിന്നാരംഭിക്കുന്ന അള്ളുങ്ങൽ തോട് ചുള്ളിക്കണ്ടം എന്നസ്ഥലത്തു വച്ച് പുഴയിൽ ചേരുന്നു. ജല സമൃദ്ധമായ ഈ തോട് പിറവിയെടുക്കുന്ന മീനുളിഞ്ഞാൻ മുടിയുടെ മുകളിൽ ' ആലി വീണ കുത്ത് ' എന്ന വെള്ളച്ചാട്ടമുണ്ട്. മഹാരാജാവിന്റെ കാലത്തെന്നോ  മുറിച്ചിട്ട മരങ്ങൾ വലിച്ചു മാറ്റാനെത്തിയ ഒരാനയും, ആനക്കാരനായ ആലിയും, ആന വലിച്ചിരുന്ന മരവും കൂടി ഈ കുത്തിൽ വീണു കാലപുരി പൂകിയെന്നും, അന്ന് മുതൽക്കാണ് ഈ കുത്ത് ( വെള്ളച്ചാട്ടം ) ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നും പഴമക്കാർ പറയുന്നു.

നാട്ടുകാരുടെ വിവരണങ്ങളിൽ ആലി വീണ കുത്ത് ഒന്നേയുള്ളൂ എന്നാണ് കേൾവി. ഏറ്റവും താഴത്തുള്ള ഏറ്റവും വലിയ കുത്ത്. ആലി വീണ കുത്തിൽ നിന്ന് വീണ്ടും മുകളിലേക്ക് ചെന്നാൽ മീനുളിഞ്ഞാൻ മുടിയുടെ വിവിധങ്ങളായ മടക്കുകളിൽ നിന്ന്, കരിന്പാറകളെ തഴുകി താഴേക്ക് നിപതിക്കുന്നതും, ആലിക്കുത്തിനോളം തന്നെയോ, അതിലും ചെറുതോ ആയ ആറോ, ഏഴോ കുത്തുകൾ കൂടിയുണ്ടെന്ന് ഞാൻ ഒറ്റക്ക്  നടന്ന് കണ്ടെത്തിയിട്ടുണ്ട്. നേച്വർ ടൂറിസത്തിനു വിശാല സാധ്യതകളുള്ള ഈ മേഖല ഇത് വരെയും വേണ്ടപ്പെട്ടവരുടെ കണ്ണിൽ പെട്ടിട്ടില്ലാ എന്ന് തോന്നുന്നു. 

ഇത്തരം വനയാത്രകളിൽ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത് വിശപ്പാണ്. ഭക്ഷണം കരുതിക്കൊണ്ടു പോകുന്ന ഒരു ശീലം പണ്ടേ എനിക്കില്ല. ( അങ്ങിനെ ചെയ്‌താൽ ഭാര്യ രഹസ്യം കണ്ടു പിടിക്കും എന്ന ഭയവും ഉണ്ട്.) ഉച്ച കഴിയുന്നതോടെ കഴിച്ച പുട്ടും പഴവും, ചായയുമൊക്കെ തീരും. പകുതി വഴി ആയിട്ടുമില്ല. വിശപ്പ് തീരെ സഹിക്കാൻ പറ്റാതെ വരുന്പോൾ ' വെട്ടി ' എന്ന് പേരുള്ള മരത്തിന്റെ തളിരിലകൾ കുറച്ചൊക്കെ ചവച്ച് തിന്നും. ഒട്ടൊരു ചെറു മധുരവും പുളിയുമുള്ള ഈ ഇലകൾ തിന്ന് അരുവിയിലെ വെള്ളവും കുടിച്ചു കഴിഞ്ഞാൽ വിശപ്പും ക്ഷീണവുമൊക്കെ മാറും. ഒരു സന്ദർഭത്തിൽ അരുവിയിൽ നിന്ന് കിട്ടിയ ' ചില്ലൻകൂരി ' എന്ന മീനിനെ പാറപ്പുറത്തിട്ട് അൽപ്പം ഉണക്കി പച്ചക്ക് തിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ( എന്നോ, എവിടെയോ എന്നെപ്പോലെ വിശന്നു വലഞ്ഞ ഏതോ ജപ്പാൻ കാരൻ കൈയിൽ കിട്ടിയ മീനിനെ പച്ചക്ക് ശാപ്പിട്ട അനുഭവത്തിൽ നിന്നാകുമോ ആധുനിക തീൻ മേശകളുടെ അവിഭാജ്യ ഘടകമായി മാറിയ ' സൂഷി '  നിലവിൽ വന്നത് എന്ന് ഇപ്പോൾ ഞാൻ സംശയിക്കുന്നുണ്ട്.) 

വനത്തിൽ മുഴുവൻ പാന്പാണ് എന്നൊരു സംസാരമാണ് നാട്ടിലുള്ളത്. ഈ യാത്രകളിൽ ഒരിക്കൽ പോലും ഞാനൊരു പാന്പിനെ കണ്ടിട്ടില്ല. കാട്ടു മൃഗങ്ങളും എന്റെ കണ്മുന്നിൽ വന്നിട്ടില്ല. എന്നെക്കണ്ട് ഭയന്നിട്ടാണോ എന്നറിയില്ല, പത്തോളം വരുന്ന ഒരു പന്നിക്കൂട്ടം കുറച്ചു ദൂരേക്കൂടി കല്ലുരുട്ടി, കാട് കുലുക്കി പാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. പിന്നെ കാണാറുള്ളത് കാട്ടു  കോഴികൾ. ആളനക്കം കണ്ടാൽ അതിവേഗത്തിൽ അവ അകലങ്ങളിൽ അപ്രത്യക്ഷരായിക്കൊള്ളും. " ഇപ്പപ്പോയാൽ കിഴക്കെത്താം,  തത്തിത്തത്തി തിരിച്ചെത്താം " എന്ന റിഥത്തിലുള്ള കാട്ടുകോഴിപ്പൂവൻമാരുടെ പ്രേമ സംഗീതം എവിടെയും കേൾക്കാം എന്നല്ലാതെ അവയെ നേരിട്ടു കാണുക വളരെ വിഷമമാണ്. 

( കാട്ടിൽ വച്ച് പാന്പുകളെ കണ്ടിട്ടില്ലെങ്കിലും,  ഒരു വലിയ മൂർഖൻ പാന്പിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരനുഭവവും എനിക്കുണ്ട്. ഞാറക്കാട്ടു നിന്ന് പാറത്തോട്ടിൽ താമസമാക്കിയ എന്റെ അമ്മയുടെ അപ്പനെ കാണാൻ പോയതാണ് ഞാൻ. പാറത്തോട്ടിൽ നിന്നും കുറെയേറെ മൈലുകൽക്കലെയുള്ള പതിനാറാം കണ്ടം എന്ന സ്ഥലത്ത് അപ്പൻ കുറെ ഭൂമി സ്വന്തമാക്കിയിരുന്നു. ഞാൻ ഒരു ഗതിയും, പരഗതിയുമില്ലാതെ നടക്കുന്ന കാലത്ത് എനിക്ക് കുറെ ഭൂമി തന്ന് ഒരു ജീവിത മാർഗ്ഗം ഉണ്ടാക്കി തരാനായിരുന്നു അപ്പന്റെ പ്ലാൻ. 

ആവേശം മൂത്ത് ഞാൻ പാറത്തോട്ടിലെത്തുന്പോൾ അപ്പൻ അവിടെയില്ല, പതിനാറാം കണ്ടത്തിൽ ആണ്. ' ആനയുള്ള വഴിയാണ്, തനിയെ പോകണ്ട ' എന്ന ചാച്ചന്റെയും, വല്യാമ്മയുടെയും  മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട്, ആരെയും ഒറ്റയടിക്ക് അനുസരിക്കാൻ  മടിയുള്ള ഞാൻ പതിനാറാം കണ്ടത്തിലേക്ക് പുറപ്പെട്ടു. സമയം ഉച്ചയായിട്ടുണ്ട്. പാറത്തോട്ടിൽ നിന്ന് കന്പിളികണ്ടം കൂടി ചിന്നാർ വരെ ഒരു ജീപ്പ് കിട്ടി. അവിടെ നിന്ന് വീണ്ടും മൈലുകൾ ഉണ്ട് സ്ഥലത്തേക്ക്. ചിന്നാറിൽ ഒരു ചായക്കട ഉണ്ടായിരുന്നതിൽ നിന്ന് ഒരു ചായ കുടിച്ചു. ചായക്കടയിൽ വച്ച് മുരിക്കാശേരിക്ക് പോകുന്ന രണ്ടു പേരെ കണ്ടു മുട്ടി. ഒരു മധ്യ വയസ്ക്കനും, മകനും. 

അനാഘ്രാതയായ ഒരു ഒരു നാടൻ പെണ്ണിനെപ്പോലെ മനോഹരിയായിരുന്നു അന്ന് ചിന്നാർ. കുണുങ്ങിയൊഴുകുന്ന ചിന്നാറിനു മുകളിലൂടെ ഒരു മരത്തടി പാലമായി ഉണ്ടായിരുന്നു. അതിലൂടെ നടന്നു അക്കരെയെത്തി. ഇനിയുള്ളത് വെറും നടപ്പു വഴിയാണ്. ചുറ്റും കാട്ടുപുല്ലുകൾ വളന്നു നിൽക്കുന്ന വഴി. അതിലൂടെ പതിനാറാം കണ്ടത്തിൽ എത്താനുള്ള മാർഗ്ഗമൊക്കെ മുന്നമേ ഞാൻ അന്വേഷിച്ചു അറിഞ്ഞിരുന്നു. ചിന്നാറിൽ നിന്ന് ചാലെയുള്ള കയറ്റമാണ്. സ്വന്തം കാര്യങ്ങൾ പരസ്പരം പറഞ്ഞ് അപ്പനും മകനും മുൻപേ. സമൃദ്ധമായ വന സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞാൻ കുറച്ചു പിറകിൽ. പുൽവഴി കഴിഞ്ഞാൽ പിന്നെ കുറെ ദൂരം ഏലക്കാടാണെന്നും, അവിടെ ആനയുണ്ടാവാൻ ഇടയുണ്ടെന്നുമാണ് ചാച്ചൻ പറഞ്ഞിരിക്കുന്നത്.

സമയം രണ്ടു മണി കഴിഞ്ഞു കാണണം. മുരിക്കാശേരിക്കുള്ളവർ വഴി തിരിഞ്ഞു പോയി. ' സൂക്ഷിച്ചു പോകണേ ' എന്ന അവരുടെ വാക്കുകളെ ' ഓ! ഇതൊക്കെ എനിക്ക് പരിചയമുള്ള വഴിയാ' എന്ന ഭാവത്തിൽ ഞാൻ തള്ളി. അര മൈൽ കൂടി നടന്നു കാണണം, പെട്ടെന്ന് കാൽച്ചുവട്ടിൽ പുൽത്തലപ്പുകളിൽ ഒരിളക്കവും പിടച്ചിലും. ഞാൻ നോക്കുന്പോൾ എന്റ  മുട്ടിനും മുകളിൽ വരുന്ന പൊക്കത്തിൽ തലയുയർത്തി നിന്ന്  ഉലക്കയോളം വണ്ണമുള്ള ഒരു മൂർഖൻ ചീറ്റുകയാണ്. വിടർന്ന പത്തിയിൽ വെയിലിൽ തിളങ്ങുന്ന കടുത്ത നീല നിറം. ഒന്നാഞ്ഞാൽ എന്നെ കൊത്താവുന്ന അത്ര അടുത്താണ് കക്ഷി. ഒന്നേ നോക്കിയുള്ളൂ. തിരിച്ചൊരൊറ്റയോട്ടമാണ്. പാന്പ് എന്റെ പിന്നാലെയുണ്ടെന്നാണ് എന്റെ ധാരണ. ഇറക്കമായതു കൊണ്ട് ഓടിയും, പറന്നുമാണ് ചിന്നാറിലെത്തി നിന്നത്. തടിപ്പാലത്തിൽ കയറി നിന്ന് ഒന്ന് തിരിഞ്ഞു നോക്കി. ഒന്നും സംഭവിച്ചിട്ടില്ല. പുൽ നാന്പുകൾ  തലയാട്ടുന്നു. ആരെയോ തേടിയുള്ള അനന്തമായ യാത്ര പോലെ ചിന്നാർ കുണുങ്ങിയൊഴുകുന്നു. 

പിറ്റേ ദിവസം ചാച്ചനോടൊപ്പം അപ്പനെ പോയിക്കണ്ടു. കുടിയേറ്റ മേഖലയിൽ കുറച്ചാളുകൾ. ഏറുമാടം കെട്ടി അതിലാണ് വാസം. പന്ത്രണ്ടു വയസുള്ള മന്ദ ബുദ്ധിയായ മകനോടൊപ്പം ഒറ്റക്ക് ഏറു മാടത്തിൽ താമസിക്കുന്ന യുവതിയായ ഒരമ്മയെയും ആ യാത്രയിൽ കണ്ടു. ഇഷ്ടമുള്ള ഭാഗത്ത് രണ്ടേക്കർ തെളിച്ചെടുത്തോളാൻ അപ്പൻ പറഞ്ഞു. അപ്പനോടും, ചാച്ചനോടും ഒപ്പം തിരിച്ചു പൊന്നു. പോരും വഴിയിൽ ഏലക്കാട്ടിലെ വഴിയിൽ ആവി പറക്കുന്ന ആനപ്പിണ്ടം. അടുത്ത കാടുകളിലെവിടെയോ  നിന്ന് ആനക്കൂട്ടത്തിന്റെ  ചിന്നം  വിളി. ' ഒച്ചയുണ്ടാക്കരുത് ' എന്ന അപ്പന്റെ വാക്കുകളുടെ മറപറ്റി ഏലക്കാടിനു പുറത്തു കടന്നു പോരുന്പോൾ ഞാൻ കണ്ടു, തലേ ദിവസം എന്നെ തിരിച്ചോടിച്ച മൂർഖന്റെ മേഖല. ഒന്നെനിക്കു മനസ്സിലായി  ഇന്നലെ  ആ സുഹൃത്ത് എന്നെ തിരിച്ചോടിച്ചില്ലായിരുന്നെങ്കിൽ, സന്ധ്യയോടെ ആ ആനക്കൂട്ടിൽ അകപ്പെട്ട് എന്റെ ചരിത്രം മറ്റൊന്നായി തീരുമായിരുന്നു എന്ന്. വീട്ടിലെത്തി വിവരം പറയുന്പോൾ 'അമ്മ തീരെ സമ്മതിക്കുന്നില്ല. " ഉള്ള കഞ്ഞി കുടിച്ചു വീട്ടിൽ കിടന്നാൽ മതി "  എന്ന് കൽപ്പന. )

ഒട്ടും ഭയമില്ലാതെ നമ്മുടെ അടുത്തെത്തി കഴുത്തു ചരിച്ചു നമ്മളെത്തന്നെ നോക്കി നിൽക്കുന്ന ഒരു പക്ഷിയുണ്ട്. ' കല്ലിറുങ്ങാണി ' എന്നാണ് വിളിപ്പേര്. ( വല്ല ശാസ്ത്രീയ നാമവും ഉണ്ടാവാം, അറിയില്ല ) പാറയും വെള്ളവും ഒക്കെച്ചേർന്ന പരിസരങ്ങളാണ് ഏറെയിഷ്ടം. നമ്മൾ അനങ്ങാതെ ഒരിടത്ത് ഇരിക്കുകയാണെങ്കിൽ നീലയും, പച്ചയും, ചുവപ്പുമണിഞ്ഞ ഈ സുന്ദരികൾ വളരെ അടുത്തെത്തി അത്ഭുതത്തോടെ നമ്മളെത്തന്നെ നോക്കികൊണ്ടിരിക്കും, നമ്മൾ അനങ്ങുന്നത് വരെ.  നമ്മൾ അനങ്ങിയാൽ പേടിച്ചരണ്ട് " കൊക്കരക്കി, കൊക്കി കൊക്കി " എന്ന് കരഞ്ഞു കൊണ്ട് ദൂരേക്ക് പറന്നു പോകും. മീനുളിഞ്ഞാൻ മുടിയുടെ പാറമടക്കുകളിലെ വെള്ളച്ചാട്ടങ്ങൾക്കരികിൽ നൂറു കണക്കിന് കല്ലിറുങ്ങാണികളെ ഞാൻ കണ്ടു മുട്ടിയിട്ടുണ്ട്. ( ഈ പക്ഷികൾ മലർന്നു കിടന്നാണ് ഉറങ്ങുന്നതെന്നും, കാലുകൾ ഉയർത്തി വിരലുകൾ നിവർത്തി വച്ചിരിക്കും എന്നും, ആകാശം ഇടിഞ്ഞു വീണാൽ തടുക്കാനാണ് അങ്ങിനെ ചെയ്യുന്നതെന്നും,  ഞാൻ ബാലനായിരിക്കുന്പോൾ ഞാറക്കാട്ടുള്ള കാഞ്ഞാന്പുറം പാറപ്പുറത്ത് വച്ച് കണ്ടു മുട്ടിയ ഒരു കല്ലിറുങ്ങാണിയെ ചൂണ്ടി 'അമ്മ പറഞ്ഞു തന്നിട്ടുണ്ട്.)u

Facebook Comments

Comments

  1. Jithin Rajeevan

    2020-03-18 00:54:39

    കല്ലിറുങ്ങാണി അഥവാ ചെങ്കണ്ണി തിത്തിരി. Scientific Name: [Vanellus indicus] Red-wattled Lapwing.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More