Image

പാടുന്നു പാഴ്മുളം തണ്‍ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 25: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 06 August, 2019
പാടുന്നു പാഴ്മുളം തണ്‍ടു പോലെ...  (അനുഭവക്കുറിപ്പുകള്‍  25:  ജയന്‍ വര്‍ഗീസ്)
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു ഇടപെടല്‍ എനിക്ക് നടത്താനായത് എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന എന്റെ അനുജന്‍ റോയിയെ യാത്രയയക്കാന്‍ ചെന്നതായിരുന്നു ഞാന്‍. റിസര്‍വേഷന്‍ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ റോയിക്ക് ട്രെയിനില്‍ കയറി സീറ്റു പിടിക്കാന്‍ കഴിഞ്ഞു. ഞാന്‍ വെറുതേ നോക്കി നില്‍ക്കുന്‌പോള്‍ അറുപതു വയസ്സിലധികം പ്രായമുള്ള ഒരു മുസ്ലിം ഉമ്മച്ചി ' സുഹ്‌റാ, മോളെ സുഹ്‌റാ ' എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് ഓരോ കന്പാര്‍ട്ടു മെന്റിലും നോക്കി നോക്കി പിന്നോട്ട് പിന്നോട്ട് ഓടുകയാണ്. ഉമ്മച്ചിയെ തടഞ്ഞു നിര്‍ത്തി ഞാന്‍ കാര്യം തിരക്കിയപ്പോളാണ് അറിയുന്നത്, ഒരുമിച്ചു ഡല്‍ഹിക്കു പോകാന്‍ ഇറങ്ങിത്തിരിച്ച  ഉമ്മച്ചിയുടെ മകളും, രണ്ടു കുട്ടികളും ട്രെയിനില്‍ കയറിപ്പറ്റിയിട്ടുണ്ട്, ഉമ്മച്ചിക്കു കയറാന്‍ പറ്റിയില്ലെന്നു മാത്രമല്ലാ, അവര്‍ എവിടെയാണെന്ന് ഉമ്മച്ചിക്കു നിശ്ചയമില്ലാ താനും. അവരെ തിരക്കിയാണ് കരഞ്ഞു വിളിച്ചു കൊണ്ട് ഉമ്മച്ചി ഓരോ ബോഗികളിലും നോക്കി പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 

പെട്ടെന്ന് ഞാന്‍ നടത്തിയ ഒരന്വേഷണത്തില്‍ എന്‍ജിന്റെ ഭാഗത്തുള്ള ഒരു ജനറല്‍ കന്പാര്‍ട്ടുമെന്റില്‍  നിന്ന് ഒരു യുവതിയും, രണ്ടു കുട്ടികളും കൈകള്‍ പുറത്തേക്കിട്ടുകൊണ്ട്  ' ഉമ്മാ, ഉമ്മാ ' എന്ന് കരഞ്ഞു വിളിക്കുന്നത് ഞാന്‍ കണ്ടു. ഇത്രയും സമയം കൊണ്ട് തന്നെ ഒരു മൈലോളം നീളമുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിന്റെ പിന്നറ്റത്തോളം എത്തിക്കഴിഞ്ഞിരുന്നു ഉമ്മച്ചി. തിരിച്ചൊടിച്ചെന്ന് ഞാന്‍ ഉമ്മച്ചിയോട് വിവരം പറയുകയും, നടക്കാന്‍ വിഷമമുള്ള തടിച്ചിയായ അവരുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് ഓടിയും, നടന്നുമായി മകളും കുട്ടികളും ഉള്ള ബോഗിയുടെ അടുത്തെത്തിയെങ്കിലും എത്ര ശ്രമിച്ചിട്ടും അവരെ ട്രെയിനിലേക്ക് കയറ്റാന്‍ സാധിക്കുന്നില്ല.

അക്കാലത്തെ ജനറല്‍ കന്പാര്‍ട്ടുമെന്റുകള്‍ ഗുണ്ടകളായ പോര്‍ട്ടര്‍മാരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാര്‍ക്ക് സീറ്റു പിടിച്ചു കൊടുക്കലാണ് ഇവന്മാരുടെ തരികിട. നല്ല കൈമടക്ക് സ്വീകരിച്ചു കൊണ്ടാണ് ഇവരുടെ ഈ പരിപാടി. ട്രെയിന്‍ വന്നു നിന്നാലുടനെ പോര്‍ട്ടര്‍മാരും, അവരുടെ ശിങ്കിടികളുമായ അഞ്ചാറുപേര്‍ ഡോറില്‍ കെട്ടിത്തൂങ്ങി ഒരു കൃത്രിമ തിരക്ക് സൃഷ്ടിച്ചെടുക്കും. എന്നിട്ട് ആ തിരക്കിനിടയിലൂടെ തങ്ങള്‍ക്ക് പണം തന്നിട്ടുള്ളവര്‍ വരുന്‌പോള്‍ സൂത്രത്തില്‍ അകത്തേക്ക് കയറ്റി വിടും. മറ്റുള്ളവര്‍ കയറാന്‍ ചെന്നാല്‍ ഉന്തിയും, തള്ളിയും, കട്ടത്തെറി വിളിച്ചും ഇവര്‍ അവരെ അകറ്റി നിര്‍ത്തും.  

ഉമ്മച്ചിയുമായി ഞാന്‍ ചെല്ലുന്‌പോളും നാലഞ്ചു പേര്‍ ഡോറില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. ഉമ്മച്ചിയെ അകത്തു കയറ്റാനുള്ള എന്റെ ശ്രമങ്ങളെ അവര്‍ ദയനീയമായി പരാജയപ്പെടുത്തിക്കളഞ്ഞു. ട്രെയിന്‍ കൂവിത്തുടങ്ങി...വിസിലടിയും, പച്ചക്കൊടിയുമൊക്കെ ആയിക്കഴിഞ്ഞു. തങ്ങളുടെ കസ്റ്റമേഴ്‌സിനോട് കണക്കു പറഞ്ഞു പ്രതിഫലം വാങ്ങിക്കുന്ന തിരക്കിലാണ് ഗുണ്ടകള്‍. എന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയേ ഉള്ളു എന്നെനിക്കു തോന്നി. ട്രെയിനിലെ യുവതി ഉമ്മയെക്കണ്ടു കൊണ്ട് വെപ്രാളപ്പെടുന്നത് എനിക്ക് കാണാം. ട്രെയിന്‍ അനങ്ങാന്‍ തുടങ്ങുകയാണ്...പ്രതികൂല സാഹചര്യങ്ങളില്‍ എനിക്ക് ലഭ്യമാവുന്നതും, ' ദൈവീകം ' എന്ന് ഞാന്‍ വിളിക്കുന്നതുമായ ഒരു ഊര്‍ജ്ജ സന്നിവേശമുണ്ട് ; അത് വന്നു. 

പിന്നെ ഒന്നും നോക്കിയില്ല പോര്‍ട്ടര്‍ ഗുണ്ടകള്‍ പോലും അത് വരെ കേള്‍ക്കാത്ത തരത്തിലുള്ള കട്ടത്തെറി വിളിയുമായി ഞാന്‍ ഡോറില്‍ ചാടിക്കയറി. തടിമാടന്മാരായ അവരെ ഒരു വശത്തേക്ക് തള്ളി മാറ്റി ഉണ്ടാക്കിയെടുത്ത വിടവിലൂടെ ഉമ്മച്ചിയെ അകത്തേക്ക് വലിച്ചു കയറ്റി.  ഉമ്മച്ചിയുടെ കൈ എന്റെ കയ്യില്‍ നിന്ന് മകള്‍ ഏറ്റു വാങ്ങിയപ്പോളേക്കും ട്രെയിന്‍ ഉരുണ്ടു തുടങ്ങിയിരുന്നു. അവിടെ ചാടിയിറങ്ങിയ ചില പോര്‍ട്ടര്‍മാര്‍ക്കൊപ്പം  ഞാനും ചാടിയിറങ്ങി. ചാടിയിറങ്ങിയവര്‍ എന്റെ പിറകേയുണ്ടോ എന്നും, ആ തടിയന്മാരുടെ കൈയില്‍ നിന്നും എന്റെ എലുന്പന്‍ ശരീരം  അടി മേടിക്കുമോ എന്നും എനിക്ക് പേടിയുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ കലര്‍ന്ന് ആര്‍ക്കും മുഖം കൊടുക്കാതെ ഒരു വിധത്തില്‍ കെ. എസ് . ആര്‍. ടി. സി. ബസ്റ്റാന്റിലെത്തി. മുഖമൊളിച്ചു ബസ്സിനുള്ളില്‍ പതുങ്ങിയിരുന്ന എന്റെ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു. ബസ് സിറ്റിയുടെ അതിര്‍ത്തി കടന്നതിന് ശേഷമാണ്  ശ്വാസം നേരെ വീണത്. 

മറ്റൊരിക്കല്‍ ഒരു ബസ്സിലെ പോര്‍ട്ടറോട് ഏറ്റുമുട്ടി കുഴപ്പത്തിലായ ഒരനുഭവവും എനിക്കുണ്ട്. മൂവാറ്റുപുഴയിലുള്ള പൂവന്‍ ബ്രദേഴ്‌സ് എന്ന ഹോള്‍സെയില്‍ തുണിക്കടയില്‍ നിന്നും എന്റെ കടയിലേക്കുള്ള തുണികളും വാങ്ങി വരികയാണ് ഞാന്‍. ഏകദേശം മുപ്പതു കിലോ തൂക്കമുള്ളതും, ചതുരാകൃതിയില്‍ പാക്ക് ചെയ്തതുമായ ഒരു തുണിക്കെട്ടാണ് എന്റെ കൈയിലുള്ളത്. ബസ് നെഹ്രു പാര്‍ക്കില്‍ വന്നു നിന്നു. ഒരു വിധം തിരക്കുണ്ട്. ' ലെഗേജ് മുകളിലിടണം ' എന്ന് പോര്‍ട്ടര്‍ വിളിച്ചു പറയുന്നുണ്ട്. മുപ്പതു കിലോ ബസ്സിന്റെ മുകളിലെത്തിക്കാനുള്ള ആരോഗ്യം എനിക്കുണ്ടായിരിക്കാമെങ്കിലും, അതിനുള്ള പ്രാക്ടീസ് തീരെയില്ല. എന്റെ പ്രായവും തടിയുമുള്ള ഒരുത്തനാണ് പോര്‍ട്ടര്‍. അയാളെ വിളിച്ചിട്ടു ഗൗനിക്കുന്നില്ല. അയാള്‍ മുന്‍വശത്ത് ഏതോ തിരക്കിലാണ്. ബസ് പുറപ്പെടാന്‍ തുടങ്ങുകയുമാണ്. പിന്നിലെ നീളത്തിലുള്ള സീറ്റിന്റെ അടിയില്‍ ഒരിടം കണ്ടെത്തി തുണിക്കെട്ട് അവിടെ ഒതുക്കി വച്ച് ഞാനും കയറി. 

ബസ് പുറപ്പെട്ടു കഴിഞ്ഞു. അടുത്ത സ്‌റ്റോപ്പായ ചന്തക്കവലയില്‍ എത്തിയതേ സീറ്റിനടിയിലെ ലഗേജ് പോര്‍ട്ടര്‍ കണ്ടുപിടിച്ചു. ' ആരുടെയാണ് ലെഗേജ് ' പോര്‍ട്ടര്‍ കോപത്തിലാണ്. ' എന്റെയാണ് ' ഞാന്‍ പറഞ്ഞു. ' തന്നോട് മുകളില്‍ കയറ്റണമെന്ന് പറഞ്ഞതല്ലേ ' പോര്‍ട്ടര്‍. ' പറ്റിയില്ല സുഹൃത്തേ ' ഞാന്‍.  ' പറ്റിയില്ലെങ്കില്‍ ഈ ബസ്സില്‍ ഇത് കൊണ്ട് പോകത്തില്ല ' പോര്‍ട്ടര്‍ തുണിക്കെട്ടു വലിച്ചു റോഡിലിട്ടു. ' എന്തുപറ്റി 'എന്ന് ചോദിച്ച യാത്രക്കാരോട് ' ഇത്തരം തെണ്ടികളെ പണിക്കു വച്ചാല്‍ ഇങ്ങിനെ വരും ' എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ താഴയിറങ്ങിയതും, ' നീയെന്തെടാ വിളിച്ചത് ' എന്ന് ചോദിച്ചു കൊണ്ട് പോര്‍ട്ടറും താഴെയിറങ്ങി. എന്റെ മൂക്കിനോട് മൂക്ക് മുട്ടും വിധം നിന്നുകൊണ്ട് ' ധൈര്യമുണ്ടെങ്കില്‍ ഒന്ന് കൂടി വിളിക്കെടാ തെണ്ടിയെന്ന് ' എന്ന് വെല്ലുവിളിച്ച അവനോടു ' നീ പോടാ തെണ്ടി ' എന്ന് തന്നെ ഞാന്‍ മറുപടി പറഞ്ഞു. 

തുടര്‍ന്ന് രണ്ടു ' ചന്ത ' കളെപ്പോലെ ഞങ്ങള്‍ തമ്മിലുള്ള ഒരു മല്‍പ്പിടുത്തമാണ് ' ചന്തക്കവല ' എന്ന് പേരുള്ള ആ സ്ഥലത്തു നടന്നത്. ഞങ്ങളെ പിടിച്ചുമാറ്റാനെത്തിയ ബസ് ജീവനക്കാരില്‍ ഒരാള്‍ എന്റെ ഒരു കൈ പിടിച്ചു പിന്നിലേക്ക് വലിച്ചു മാറ്റുകയും, ആവലിയില്‍ കൈ ഉരത്തില്‍  നിന്ന് തിരിഞ്ഞു പോവുകയും ഉണ്ടായി. കഠിനമായ വേദനയുമായി ഞാന്‍ പുളഞ്ഞു നില്‍ക്കുന്‌പോള്‍ പോര്‍ട്ടറെയും വലിച്ചു കയറ്റി ബസ് വിട്ടു പോയി. പിന്നീട് വന്ന ഒരു ബസ്സില്‍ ഒരു വിധത്തില്‍ തുണിക്കെട്ടും കയറ്റി ഞാന്‍ തിരിച്ചെത്തി. 

പിന്നീടുള്ള ജീവിതകാലത്ത് ഇന്നുവരെയും വലതു കൈ എനിക്കൊരു ഭീഷണിയാണ്. ഒരു പ്രത്യേക പൊസിഷനില്‍ ഈ കൈ എപ്പോളെത്തിയാലും കഠിനമായ വേദനയോടെ ഉരത്തില്‍ നിന്നും അത് തിരിഞ്ഞു പോകും. പിന്നെ ശരിയായി വരാന്‍ കുറെ സമയമെടുക്കും. നല്ലൊരു മരം കയറ്റക്കാരനായിരുന്ന എനിക്ക് ഈ സംഭവത്തോടെ ആ കഴിവ് നഷ്ടപ്പെട്ടു. എല്ലാറ്റിലുമുപരി മരണത്തെ മുഖാമുഖം കണ്ട ഒരു സന്ദര്‍ഭവും ഇത് മൂലം ഉണ്ടായിട്ടുണ്ട്. 

സംഗീത നാടക അക്കാദമിയില്‍ അവതരണാനുമതി ലഭിച്ച ' ആലയം താവളം ' എന്ന എന്റെ നാടകത്തിന്റെ റിഹേഴ്‌സലുമായി ഞങ്ങള്‍  വാഴക്കുളത്തിന് അടുത്തുള്ള ആനിക്കാട്ടെ  ഒരു വീടിന്റെ ഔട്ട് ഹവ്‌സില്‍ കൂടിയിരിക്കുകയാണ്.  തൊടുപുഴ മേഖലയിലെ നാടക പ്രവര്‍ത്തകരുടെ കുലഗുരു എന്ന് വിളിക്കാവുന്ന ശ്രീ ആര്‍. സി. ബാലന്‍ ഏര്‍പ്പെടുത്തി തന്നതാണ് ഈ വീട്. ബാലന്റെ സുഹൃത്തും, ആരാധകനുമായ ശ്രീ ജോണിയുടെ പിതാവാണ് വീട്ടുടമ. തികഞ്ഞ കത്തോലിക്കാ തറവാട്ടുകാരായ ഇവരുടെ വീട് ഏതോ നാട്ടില്‍ നിന്ന് വന്നു ചേരുന്ന നാടകക്കാര്‍ക്ക് റിഹേഴ്‌സലിനു കിട്ടുക എന്നത് അത്ര എളുപ്പമല്ല. ബാലന്റെ കറതീര്‍ന്ന വ്യക്തിത്വവും, ' അസ്ത്രം ' നാടകത്തിന്റേത് ഉള്‍പ്പടെയുള്ള എന്റെ നാടക ക്യാംപുകളില്‍ ഞാന്‍ നിര്‍ബന്ധ പൂര്‍വം പുലര്‍ത്താറുള്ള ധാര്‍മ്മികമായ പെരുമാറ്റ രീതികളും മുന്നമേ അറിഞ്ഞിട്ടുള്ളത് കൊണ്ടാണ് ഈ വീട്ടുകാര്‍ ഞങ്ങള്‍ക്കായി അവരുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു തന്നത്.

ഓരോ റിഹേഴ്‌സലുകളും ഉത്സവങ്ങളായിട്ടാണ് നടന്നിരുന്നത്. ആരെയും കാണിക്കാതെ മൂടിക്കെട്ടി റിഹേഴ്‌സല്‍ നടത്തുന്ന പഴയ രീതി ഞാന്‍ തിരുത്തിക്കുറിച്ചു. വീട്ടുകാരും, നാട്ടുകാരുമായി ധാരാളം പേര്‍ റിഹേഴ്‌സല്‍ കാണാന്‍ എന്നുമുണ്ടാവും. അഭിനേതാക്കള്‍ക്ക് പറ്റുന്ന ചെറിയ പാളിച്ചകള്‍ പോലും ചൂണ്ടിക്കാണിക്കുവാന്‍ തക്കവണ്ണം ഈ കാഴ്ചക്കൂട്ടം അറിവ് നേടുകയും, അതിന് അവരെ അനുവദിക്കുകയും ചെയ്തിരുന്നു. മദ്യമോ, പുകവലിയോ, മാത്രമല്ലാ, അപക്വമായ സംസാരമോ, പെരുമാറ്റമോ ക്യാംപിന്റെ പരിസരങ്ങളില്‍ അനുവദിച്ചിരുന്നില്ല.

ആനിക്കാട് പഞ്ചായത്തിന്റെ വകയായുള്ള ഒരു വലിയ കുളം സമീപത്തു തന്നെയുണ്ട്. ഞങ്ങള്‍ പതിനഞ്ചോളം പേര്‍ അവിടെയാണ് കുളിക്കാന്‍ പോയിരുന്നത്. കരിങ്കല്‍ കെട്ടിയുണ്ടാക്കിയ നാലുവശത്തുമുള്ള പടവുകളില്‍ ധാരാളം പേര്‍ കുളിക്കാനുണ്ടാവും. അവരില്‍ പലരും ഞങ്ങളുടെ ക്യാംപിനെപ്പറ്റി കേട്ടിട്ടുമുണ്ടാവും. അധികം ആഴമില്ലെങ്കിലും വലിയ നീളം വീതിയുള്ള കുളമാണ്. ഒരു ദിവസം ഞങ്ങളില്‍ ചിലര്‍ക്ക് ഈ കുളം കുറുകെ ഒന്ന് നീന്തിക്കടക്കണം എന്ന മോഹം. ഡി. മൂക്കനും, ജോസ് മൂക്കനും, തൃശൂരില്‍ നിന്നുള്ള പ്രഭാകരന്‍ കോടാലിയും, നീന്തല്‍ തുടങ്ങി. അവരുടെ കൂടെ നീന്തണമെന്ന് എനിക്കും മോഹം.  കൈയുടെ കാര്യമൊക്കെ ഒരു നിമിഷത്തേക്ക് മറന്നു. അവരുടെ കൂടെ ഞാനും ചാടി. കരയില്‍ നിന്ന് നോക്കുന്‌പോള്‍ കുളത്തിന്റെ നീളം അത്രക്കങ്ങു തോന്നുകയില്ലെങ്കിലും, നീന്തിയാലും, നീന്തിയാലും തീരാത്തത്ര നീളമുണ്ട് കുളത്തിന്. പകുതി കഴിയുന്‌പോള്‍ തന്നെ ഏവരും കിതക്കുകയാണ്. കിതച്ചും വലിച്ചും ഞാനും പകുതിയിലെത്തി. 

പെട്ടന്നാണത് സംഭവിച്ചത്. എന്റെ കൈ തിരിഞ്ഞു പോയി. കഠിനമായ വേദനയോടെ ഞാന്‍ കരഞ്ഞെങ്കിലും ആരും അത് കേട്ടില്ല. ഒരു കൈ നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ വെള്ളത്തില്‍ പതച്ചു കിടന്നു. മറ്റുള്ളര്‍ അക്കരെ എത്തുകയാണ്. ഞാനെന്തു പറഞ്ഞാലും ഇരു കരകളിലുമുള്ളവര്‍ കേള്‍ക്കുകയില്ല. തിരിഞ്ഞുപോയ കൈ അനക്കാതെ ഒരു കൈ കൊണ്ട് ഞാന്‍ നീന്തല്‍ തുടര്‍ന്നു. പലേ സന്ദര്‍ഭങ്ങളിലും വെള്ളത്തില്‍ താണുപോകും എന്ന് ഞാന്‍ കരുതി. താണില്ല. വെള്ളത്തില്‍ വീണ പുഴുവിനെപ്പോലെ ഇഴഞ്ഞാണ് എന്റെ നീക്കം. കുറച്ചു കഴിഞ്ഞപ്പോള്‍ കൈ നേരെയായെങ്കിലും അനക്കുന്‌പോള്‍ കഠിനമായ വേദന. അങ്ങിനെ ഇഴഞ്ഞും, വലിഞ്ഞുമായി ഒരു വിധത്തില്‍ ഞാനും കരയിലെത്തി. ഒപ്പമെത്താന്‍ കഴിയാഞ്ഞിട്ട് ഞാന്‍ മനഃപൂര്‍വം ഉഴപ്പിയതാണെന്നാണ് എല്ലാവരും കരുതിയത്. ജയന്‍ വര്‍ഗീസ് തീരെ മോശക്കാരനായ ഒരു നീന്തല്‍ക്കാരനാണ് എന്ന് കൂട്ടുകാര്‍ വിചാരിച്ചു കാണും. ആരോടും ഒന്നും പറഞ്ഞില്ല. അല്‍പ്പം വേദനയൊക്കെ ഉണ്ടായിരുന്നെങ്കിലും, അതൊന്നും ആരെയും അറിയിക്കാതെ ഞാനും അവരോടൊപ്പം കൂടി. 

ഇത്തരത്തിലുള്ള മുന്‍പിന്‍ നോക്കാത്ത എടുത്തു ചാട്ടങ്ങള്‍ എന്റെ ജീവിതത്തില്‍ ധാരാളം സംഭവിക്കുകയും അതിന്റെ മുക്തവും, തിക്തവുമായ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കേള്‍വിക്കാര്‍ ' മണ്ടത്തരം ' എന്ന് വിലയിരുത്തിയേക്കാവുന്ന ഇത്തരം ഇടപെടലുകളില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങളെ ആത്മ സംതുപ്തിയുടെ വളപ്പൊട്ടുകള്‍ എന്ന നിലയില്‍ മനസിന്റെ നിധിയറകളില്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്.

പാടുന്നു പാഴ്മുളം തണ്‍ടു പോലെ...  (അനുഭവക്കുറിപ്പുകള്‍  25:  ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക