-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്‍ടു പോലെ... (അനുഭവക്കുറിപ്പുകള്‍ 23: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ്

Published

on

എന്റെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ യുവകലാ സാഹിതിയുടെ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഞാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ശ്രീ സി. രാധാകൃഷ്ണന്‍ സംസ്ഥാന പ്രസിഡണ്ടും, കെടാമംഗലം സദാനന്ദന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു ആ സമയത്ത്. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സാംസ്‌കാരിക സംഘടനയായിരുന്നു അത്. കൊച്ചിയില്‍ വച്ച് നടന്ന സി.പി. ഐ. യുടെ പതിനൊന്നാം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടത്തിയ അഖില ഭാരത നാടക രചനാ മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു എന്നതിനാലാവാം, ഇതുമായി ബന്ധപ്പെട്ട ആരെയും എനിക്ക് നേരിട്ട് പരിചയമില്ലാതിരുന്നിട്ടു കൂടി ഈ സംഘടനയുടെ ശ്രദ്ധയില്‍ ഞാന്‍ പെട്ടത് എന്നാണു എന്റെ നിഗമനം. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് വിരമിച്ച ശ്രീ സി. അച്യുതമേനോന്‍ യുവകലാ സാഹിതിയുമായി സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന സമയമായിരുന്നു അത് എന്നതിനാല്‍, അദ്ദേഹം പങ്കെടുത്തിരുന്ന പല സാംസ്‌കാരിക പരിപാടികളിലും ഭാഗ ഭാക്കാകുവാനും, ചെറായിയില്‍ വച്ച് നടന്ന ഒരു യോഗത്തില്‍ അദ്ദേഹത്തോടൊപ്പം സഹ പ്രാസംഗികനാകുവാനും എനിക്ക് സാധിച്ചു.

യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ ഭാരതീയ വിദ്യാഭവന്‍  ഓഡിറ്റോറിയത്തില്‍ വച്ച്, ആഗസ്റ്റ് ആറ് മുതല്‍ ഒന്‍പതു വരെ 72 മണിക്കൂര്‍ നീണ്ടു നിന്ന ഹിരോഷിമാ  നാഗസാക്കി ദിനാചരണ ഉപവാസ യജ്ഞത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നു വാളന്റിയര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. ശ്രീ സി. അച്യുതമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ച പ്രസ്തുത യജ്ഞത്തില്‍ സംസ്ഥാന പ്രസിഡന്റ് സി. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെടാമംഗലം സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഞാനുള്‍പ്പടെ പതിനൊന്നു പേര്‍ ഉപവാസം ആരംഭിച്ചുവെങ്കിലും, രണ്ടാം ദിവസം തന്നെ സെക്രട്ടറി വേണാട് ശിവന്‍ കുട്ടി ഉള്‍പ്പടെയുള്ള ചിലര്‍ പിന്മാറികളഞ്ഞു. ഉപ്പിട്ട് തിളപ്പിച്ച ചൂടുവെള്ളം മാത്രം നുണഞ്ഞു കൊണ്ടുള്ള ആ ഉപവാസം 72 മണിക്കൂര്‍ പിന്നിട്ട് , ജസ്റ്റീസ് വി. ആര്‍. കൃഷ്!ണയ്യര്‍ നീട്ടിയ നാരങ്ങാ വെള്ളം കുടിച്ചവസാനിപ്പിക്കുന്‌പോള്‍, കൊച്ചിയിലെ അഴുക്കുചാല്‍ കൊതുകുകളുടെ കടിയേറ്റ് എന്റെ രണ്ടു കാല്‍ വണ്ണകളും നീര് വച്ച് വീര്‍ത്തിരുന്നു.

പഴുപ്പും, വേദനയുമായി വിഷമിച്ച്  വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആയുര്‍വേദക്കാര്‍ ' രക്തവാതപ്പൊട്ട് ' എന്നും, അലോപ്പൊതിക്കാര്‍ 'എക്‌സിമ ' എന്നും വിളിക്കുന്ന ഒരു ശല്യ രോഗമായി ഇത് രൂപം മാറുകയും, ആയുര്‍വേദം, ഹോമിയോ, യൂനാനി, എന്നീ ചികിത്സകള്‍ ചെയ്തിട്ടും ഫലം കാണാതെ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ഡര്‍മറ്റോളജി വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മിസ്സിസ് അന്നാമ്മ മാമ്മന്‍ എന്ന മഹതിയുടെ ചികിത്സയില്‍  എത്തിപ്പെടുകയും ചെയ്തു ഞാന്‍. 

ഈ വനിതയെ ഞാന്‍ മഹതി എന്ന് വിളിക്കാന്‍ കാരണം, അവരുടെ പെരുമാറ്റത്തിലും, ജീവിതരീതികളിലും അവര്‍ പുലര്‍ത്തിയ ലാളിത്യമാണ്. അവരുടെ ഭര്‍ത്താവായ ഡോക്ടര്‍ മാമ്മന്‍ ചെറിയാന്‍ ആ സ്ഥാപനത്തിന്റെ മേധാവി ആയിരുന്നിട്ടു കൂടി ഒരു സാധാരണക്കാരിയുടെ ജീവിത രീതികളാണ് അവര്‍ പിന്തുടര്‍ന്നത്. വെളുപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇളം കളര്‍ 
കോട്ടണ്‍ വോയില്‍ സാരികളാണ് എന്നും അവര്‍ ധരിച്ചിരുന്നത്. അവര്‍ ആഭരണങ്ങള്‍ അണിഞ്ഞിരുന്നതായി ഞാന്‍ കണ്ടിട്ടില്ല. നൂലുപോലെയുള്ള ഒരു ചെറിയ മാല അവര്‍ അണിഞ്ഞിരുന്നത് തന്നെ താലി എന്ന സാധനം കോര്‍ത്തിടുന്നതിനു മാത്രമായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്

കുറച്ചു കാലം അവരുടെ ചികിത്സയില്‍ ഞാന്‍ കഴിഞ്ഞു. ഓരോ വിസിറ്റിങ്ങിലും അവര്‍ എനിക്ക് മാറി മാറി മരുന്നുകള്‍ തന്നു. യാതൊരു ഫലവും കാണാതെ അവസാന വിസിറ്റിങ്ങില്‍ അവര്‍ എനിക്ക് മരുന്നുകള്‍ തന്നതേയില്ല. അടുത്ത തവണ വരുന്‌പോള്‍ കുളിക്കാതെ, കഴുകാതെ വൃണങ്ങള്‍ പഴുത്തിരിക്കുന്ന അവസ്ഥയില്‍ വരണമെന്നും, അതിനകത്തു നിന്ന് കുറച്ചു ചലം കുത്തിയെടുത്ത് അത് നോക്കിയിട്ടു വേണം ഇനി മരുന്ന് കുറിക്കേണ്ടതെന്നും അവര്‍ പറഞ്ഞയച്ചു. 

വീട്ടില്‍ ചെന്ന് ഞാന്‍ വളരെ ആലോചിച്ചു.( കടുത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം, ഒരു അധഃസ്ഥിത മനോഭാവം ഇതിനകം എന്നില്‍ വേരൂന്നിയിരുന്നത് ഞാനറിഞ്ഞിരുന്നു.) പഴുത്തളിക്കുന്ന വൃണങ്ങളുമായി ഞാന്‍ ആശുപത്രിയില്‍ ചെല്ലുക, സുന്ദരികളായ അവിടുത്തെ നേഴ്‌സുമാര്‍ എന്റെ കാലില്‍ നിന്ന് ചലം കുത്തിയെടുക്കുക, ഒരു സുന്ദരക്കുട്ടപ്പനായി ഭാവിക്കുന്ന എന്നെ കാണാതെ അവര്‍ പരസ്പ്പരം നോക്കി കണ്ണിറുക്കുക, ഇങ്ങനെയൊക്കെയാവും സംഭവിക്കുക എന്ന് ചിന്തിച്ചു പോയ ഞാന്‍ പിന്നെ ആ വഴിക്ക് പോയില്ല.

ഇങ്ങനെ ചികിത്സകള്‍ മാറി, മാറി ചെയ്തിട്ടും, പൂര്‍ണ്ണ സുഖം കിട്ടാതെ വന്നപ്പോളാണ്, പ്രകൃതി ചികിത്സാ ആചാര്യനായ ശ്രീ സി. ആര്‍. ആര്‍. വര്‍മ്മയെപ്പറ്റി കേട്ടറിഞ്ഞതും,  അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു കൊണ്ട് ആ പാദാന്തികങ്ങളില്‍ വീണ് അദ്ദേഹത്തിന്റെ ശിഷ്യത്വം  സ്വീകരിച്ച്, അദ്ദേഹത്തോടൊപ്പം നടന്ന് പ്രകൃതി ചികിത്സ പഠിച്ച്, ആ രീതിയില്‍ ചികില്‍സിച്ചിട്ടാണ് അസുഖം പൂര്‍ണ്ണമായും മാറിക്കിട്ടിയത്. 

എന്നെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ' ജഗന്നിയന്താതാവായ ജഗദീശ്വരന്‍ തന്നെ ഗുരു ' എന്ന് അദ്ദേഹം അനുഗ്രഹിച്ച നിമിഷം മുതല്‍ എന്റെ ജീവിതത്തില്‍ വിപ്ലവകരമായ ഒരു മാറ്റം തന്നെ സംഭവിച്ചു. എന്റെ കുടുംബത്തിലെയും, എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളിലേയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ കൈവരുത്തുന്നതില്‍ ഈ ചികിത്സാ രീതി വഹിച്ച പങ്കു വളരേ വലുതായിരുന്നു എന്ന് മാത്രമല്ലാ, ആരോഗ്യ കരമായ, അധികം പണം മുടക്കില്ലാത്ത ഈ രീതി ഇന്നും ഞങ്ങള്‍ ആകാവുന്നിടത്തോളം പിന്തുടരുകയും ചെയ്യുന്നു.

( എന്റെ ഗുരുവായിരിക്കെ ശ്രീ വര്‍മ്മാജി അമേരിക്കയില്‍ വിസിറ്ററായി വരികയും, ഞങ്ങളോടൊപ്പം കുറച്ചു ദിവസങ്ങള്‍ താമസിക്കുകയും ഉണ്ടായി എന്നത് അഭിമാനത്തോടെ ഇവിടെ ഓര്‍മ്മിക്കുന്നു. കഠിനമായ ജീവിത നിയന്ത്രണങ്ങള്‍ പാലിച്ചിരുന്ന അദ്ദേഹം പോലും 72  ആം വയസില്‍ മരിച്ചു പോയി എന്നത് മനുഷ്യ ചിന്തകള്‍ക്ക് അതീതമായി വര്‍ത്തിക്കുന്ന ഒരു സനാതന സത്യത്തിന്റെ സജീവ സാന്നിധ്യമാണ് മനുഷ്യരാശിയെ ഓര്‍മ്മിപ്പിക്കുന്നത്. )

ബഹുമാന്യനായ ശ്രീ പോള്‍ കോട്ടിലിന്റെ  സംവിധാനത്തില്‍ എറണാകുളത്തെ കുന്പളങ്ങി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സമിതി 'അജപാലകര്‍ക്ക് ഒരിടയ ഗീതം ' എന്ന എന്റെ നാടകം എറണാകുളം ടൗണ്‍ ഹാളില്‍ അവതരിപ്പിച്ചു.  നീതിമാനും, ന്യാധിപനുമായ ഒരു ജേഷ്ഠന്,  കുറ്റവാളിയായ അനുജനെ  തൂക്കിക്കൊല്ലാന്‍ വിധിക്കേണ്ടി വരികയും, അനുജനോടുള്ള അതുല്യ സ്‌നേഹം നിമിത്തം അനുജന്റെ വേഷത്തില്‍ ജയിലിലെത്തി തൂക്കുകയര്‍ ഏറ്റു വാങ്ങി മരണം വരിക്കുന്നതുമാണ് കഥ. ക്രിസ്തീയ തത്വ ദര്‍ശനങ്ങളുടെ അന്തസത്ത എന്നത് പള്ളികളില്‍ തൊള്ള തുറക്കപ്പെടുന്ന മുതല്‍ മുടക്കില്ലാത്ത വിലകുറഞ്ഞ ' സ്‌നേഹം ' അല്ലെന്നും, അപരന്റെ ജീവിത സംരക്ഷണത്തിന് വേണ്ടി സ്വയം നഷ്ടപ്പെട്ടു കൊണ്ടും നടപ്പിലാക്കേണ്ടുന്ന വിലയേറിയ ' കരുതല്‍ ' ആണെന്നും, ഈ നാടകത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു ഞാന്‍. സാമാന്യം ഭേദപ്പെട്ട നിലയില്‍ തികഞ്ഞ സാങ്കേതിക തികവോടെ അരങ്ങിലെത്തിയ ഈ നാടകം കാണാന്‍ യുവകലാ സാഹിതിയിലെ പ്രമുഖരെയെല്ലാം ഞാന്‍ ക്ഷണിക്കുകയും, അവര്‍ ആസ്വദിച്ച് നാടകം കാണുകയും ചെയ്തു. 

പത്ര മാധ്യമങ്ങളും, സാംസ്‌ക്കാരിക വേദികകളുമായി സജീവ കെട്ടുപാടുകള്‍ ഉണ്ടായിരുന്ന യുവ കലാ സാഹിതിയിലെ ചേട്ടന്മാര്‍ എറണാകുളം ടൗണ്‍ ഹാള്‍ പോലെയുള്ള ഒരു ഉന്നത വേദിയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍  ആദ്യ അവതരണം നടത്തിയ എന്റെ നാടകത്തെക്കുറിച്ച് നല്ലതോ, ചീത്തയോ ആയ എന്തെങ്കിലും ഒരഭിപ്രായം എഴുതുമെന്നോ, പറയുമെന്നോ ഒക്കെ ഞാന്‍ കരുതി. ഒന്നുമുണ്ടായില്ല. ( ഇപ്പോള്‍ അമേരിക്കയിലെ മലയാളി വായനക്കാര്‍ അനുവര്‍ത്തിക്കുന്നത് പോലെ, ) അങ്ങിനെ ഒരു സംഭവം നടന്നതായി ഭാവിക്കുന്നേയില്ല. ഇത് അവരുടെ പൊതു സ്വഭാവം ആയിരുന്നെങ്കില്‍ സാരമില്ലായിരുന്നു. ഈ ചേട്ടന്മാര്‍ മുള്ളുകയോ, തൂറുകയോ ചെയ്താല്‍  പിറ്റേ ദിവസം വെണ്ടക്കയായി അത് പത്രത്തില്‍ ഉണ്ട് താനും. വന മേഖലയിലെ കുഗ്രാമത്തില്‍ നിന്ന് വന്ന ഇവന്‍ അത്രക്കങ്ങു പൊങ്ങേണ്ട എന്നായിരിക്കും ചേട്ടന്മാരുടെ മനസ്സിലിരിപ്പ് എന്ന് ഞാന്‍ വായിച്ചു. സാറേ,സാറേ എന്നെയൊന്ന്  പൊക്കണം എന്നും പറഞ്ഞ് ഒരുത്തന്റെയും കാല്  നക്കി നടന്ന ചരിത്രം എന്റെ അമ്മയെപ്പോലെ എനിക്കും ഉണ്ടായിരുന്നുമില്ല.

' തേനുള്ള പൂക്കളെ തേടി വണ്ടുകള്‍ പറന്നു വരും ' എന്ന് ശ്രീ തിലകന്‍ പറയുന്നതും, ശ്രീ ലോഹിത ദാസ് എഴുതിയതുമായ ഒരു സിനിമാ ഡയലോഗുണ്ട്. ഏതാണ്ട് അത് തന്നെയായിരുന്നു എന്റെ ജീവിത വീക്ഷണവും. എന്നാല്‍ ഇത് ശരിയല്ലെന്നും, ഓരോ രംഗത്തെയും പ്രമാണിമാരുടെ കാലു നക്കിയും, ആസനം താങ്ങിയുമാണ്, മത  രാഷ്ട്രീയ  സാമൂഹ്യ  സാംസ്‌ക്കാരിക കലാ  സാഹിത്യ  സിനിമാ രംഗങ്ങളില്‍ അറിയപ്പെടുന്ന താപ്പാനകള്‍ സ്ഥാനം ഉറപ്പിക്കുന്നതെന്നും, ഉള്ള സത്യം  ഇന്നെനിക്കറിയാം. അതിനു തെളിവായിട്ടാണല്ലോ, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള സെലിബ്രിറ്റികളുടെ എടുത്തു കൊടുപ്പുകാരായി ' പണ്ട് അപ്പന്‍ നന്പൂതിരിക്കു തുപ്പാന്‍ കോളാന്പിയുമായി പിറകെ നടന്ന തുപ്പന്‍ നന്പൂതിരിയെപ്പോലെ ' ചിലരൊക്കെ ഇക്കൂട്ടരുടെ പിറകേ കൂടിയിരിക്കുന്നത്? ( സിനിമാ മേഖലയിലെ ഈ നക്കലിന്റെ ഓമനപ്പേരാണ് ചാന്‍സ് ചോദിക്കല്‍ ) സിനിമയുള്‍പ്പടെയുള്ള മേഖലകളില്‍ ഏതു നീര്‍ക്കോലിക്കും ' ഫാന്‍സ് അസോസിയേഷനുകള്‍ ' ഉണ്ടാക്കി നടക്കുന്നവരാണ് ഈ തുപ്പന്‍ നന്പൂതിരിമാരുടെ പുത്തന്‍ കൂട്ടം  എന്നതിനാല്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള സെലിബ്രിറ്റികളുണ്ടെങ്കില്‍ അവര്‍ നേരിട്ടിടപെട്ട് ഈ കാലു നക്കല്‍ അവസാനിപ്പിക്കേണ്ടതാണ്. 

( എന്തെങ്കിലുമൊക്കെ തടഞ്ഞാലോ എന്ന മോഹവുമായി ഇത്തരത്തിലൊക്കെ തരം താഴാന്‍ എന്നെ കിട്ടുകയില്ല എന്നതിനാലാവാം, ഞാനര്‍ഹിക്കുന്ന അംഗീകാരം  എനിക്ക് കിട്ടാതെ പോയിട്ടുള്ളത് എന്നും ഞാനറിയുന്നുണ്ട്. എന്നിട്ടും  2019 ല്‍ ഇതെഴുതുന്‌പോള്‍ പതിന്നാല് അവാര്‍ഡുകള്‍ എന്നെ തേടി വന്നിട്ടുണ്ട്. ഈ അവാര്‍ഡുകള്‍ എനിക്ക് സമ്മാനിച്ച ഇന്ത്യയിലെയും, അമേരിക്കയിലെയും സംഘടനകളെയോ, അവയുടെ ഭാരവാഹികളെയോ ഇന്നും എനിക്ക് നേരിട്ടറിയില്ലാ എന്ന സത്യം കൂടി ഇവിടെ തുറന്നു പറഞ്ഞു കൊള്ളട്ടെ.) 

യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പിറ്റേ വര്‍ഷവും ഹിരോഷിമാ നാഗസാക്കി ദിനങ്ങള്‍ ആഘോഷിച്ചു. തലേ വര്‍ഷത്തെ ത്രിദിന ഉപവാസം പലരുടെയും അടപ്പിളക്കിയിരുന്നു. അതുകൊണ്ടു തന്നെയാവണം ആരോ നിര്‍ദ്ദേശിച്ച ഒരു ഈസീപ്ലാന്‍ അംഗീകരിക്കപ്പെട്ടു. ആണവ മിസൈലിന്റെ ഒരു വന്‍ മാതൃക ഉണ്ടാക്കുക, അത് ചുമന്നു കൊണ്ട് പോയി മറൈന്‍ െ്രെഡവില്‍ വച്ചു കത്തിക്കുക  ഇതാണ് പ്ലാന്‍. നിശ്ചിത ദിവസം എല്ലാവരും എറണാകുളം നോര്‍ത്തിലുള്ള ടൗണ്‍ ഹാളിന്റെ മുന്നില്‍ ഒത്തുകൂടി. വന്പന്‍ മിസൈല്‍ ഒരെണ്ണം ഉണ്ടാക്കി വച്ചിട്ടുണ്ട്. രണ്ടു മണിക്ക് മിസൈല്‍ യാത്ര പുറപ്പെടണമെന്നാണ് മുന്‍ തീരുമാനം. ചീറിപ്പായുന്ന ജീപ്പില്‍ വച്ചുകെട്ടിയ കോളാന്പി മൈക്കിലൂടെ ആണവായുധങ്ങള്‍ക്കെതിരെ അരങ്ങേറാന്‍ പോകുന്ന ആക്ഷന്‍ പരിപാടിയെപ്പറ്റി അനൗണ്‍സ് നടന്നു കൊണ്ടേയിരിക്കുന്നു. 

സമയം രണ്ടു മണിയായി. എല്ലാവരും കൂടി മിസൈല്‍ പൊക്കിയെടുത്ത് തോളില്‍ വച്ചു. അപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ ഓടി വന്നു പറയുന്നു : ' നിര്‍ത്തു! പത്രക്കാര് വന്നിട്ടില്ല അവര് വന്നിട്ടേ പൊക്കാന്‍ പറ്റൂ ' എന്ന്. പൊക്കിയ മിസൈല്‍ താഴെ വച്ചു. ഉടനെ ഒരു പിശിരന്‍ മഴ ആരംഭിച്ചു. മഴ ഒന്നൊന്നര മണിക്കൂര്‍ നീണ്ടു നിന്നു. അപ്പോഴേക്കും പത്രക്കാരും, പടം പിടുത്തക്കാരും എത്തി. ഉടന്‍ ക്യാമറക്കണ്ണിലൂടെ ചാറ്റല്‍ മഴയും നനഞ്ഞു യാത്ര. മറൈന്‍ െ്രെഡവില്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് രണ്ടു ജപ്പാന്‍ ടൂറിസ്റ്റുകളെ കണ്ടുമുട്ടുന്നു. ' ആനന്ദ ലബ്ധിക്കിനിയെന്തു വേണം ' എന്ന നിലയില്‍ കത്തുന്ന മിസൈലിനെ  നോക്കി നില്‍ക്കുന്ന ടൂറിസ്റ്റുകളോടൊപ്പം നിന്ന് കൊണ്ട് ഭാരവാഹികള്‍ സമൃദ്ധമായി പടമെടുപ്പിച്ചു പത്രത്തിലിട്ട് സായൂജ്യമടഞ്ഞു.     

എന്തുകൊണ്ടോ ഇത്തരം പ്രകടനങ്ങളിലൊന്നും സ്ഥായിയായ 
ഒരാത്മാര്‍ത്ഥത ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചില്ല. ഓരോരുത്തരും താന്‍പോരിമക്കു വേണ്ടി നടത്തുന്ന ' ആളാവല്‍ നാടകങ്ങളാണ് ' ഇതൊക്കെ എന്നാണു ഞാന്‍ വിലയിരുത്തിയത്. ഓരോ പ്രകടനങ്ങളിലും ' സമൂഹത്തിന് എന്ത് കൊടുക്കാന്‍ കഴിയും എന്നതിലുപരി, സമൂഹത്തില്‍ നിന്ന് എനിക്കെന്തു കിട്ടും?'  എന്നാണു എല്ലാവരുടെയും നോട്ടം എന്ന് തിരിച്ചറിഞ്ഞു മനസിലാക്കിയ ഞാന്‍ പിന്നെ ആ വഴി പോയിട്ടില്ല. ആനക്കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഉഗ്രന്‍ വാര്‍ത്തകളുമായി യുവകലാ സാഹിതി  മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് വല്ലപ്പോഴും ഞാനും കാണാറുണ്ട്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More