-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ... (അനുഭവക്കുറിപ്പുകള്‍-22 -ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ്

Published

on

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ' അശനി ' എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു.  ശ്രീ പോള്‍  കോട്ടില്‍ സംവിധാനം നിര്‍വഹിച്ച ഈ നാടകത്തില്‍  രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങള്‍ മാത്രമേയുള്ളു.  ആണ്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് കോര്‍മലയില്‍ നിന്നുള്ള  പോള്‍ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞു തുളഞ്ഞ അല്‍പ്പ വസ്ത്ര ധാരിയായ നായിക ' മനീഷ' യെ അവതരിപ്പിക്കാന്‍ തയ്യാറായി വന്നത് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമമായ കടവൂര്‍ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയെയായിരുന്നു. നാടക പ്രവര്‍ത്തകനായ ഭര്‍ത്താവിനോടൊപ്പം ഒരു അമേച്വര്‍ നാടക നടിയായി അറിയപ്പെട്ടിരുന്ന  ട്രീസ ഒരു കഴിവുറ്റ സുന്ദരിയായിരുന്നു.  സാന്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്നറിഞ്ഞിട്ടും, ട്രീസക്കും, അവളുടെ ഭര്‍ത്താവായ ശശിക്കും നാടക രംഗത്തോടുള്ള ആരാധനയും, എന്നോടുള്ള ബഹുമാനവും കൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചത്. എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമറ്റത്തു നിന്ന് മൂന്നര നാല് മൈല്‍ ദൂരെയാണ് ട്രീസയുടെ വീട്. അര മൈലിലധികം ദൂരം നടന്നു വേണം ട്രീസയുടെ വീട്ടിലെത്താന്‍. ഒരു സൈക്കിള്‍ പോലും പോകാത്ത വഴിയാണത്. അഭനയിക്കാന്‍ സമ്മതിക്കുന്‌പോള്‍ത്തന്നെ ട്രീസ പറഞ്ഞിരുന്നു, അവള്‍ക്ക് വീടും, കുട്ടിയേയും വിട്ട് ദൂരെയൊന്നും വരാന്‍ കഴിയില്ലെന്ന്. കഥാപാത്രത്തിന് പറ്റിയ രൂപവും, ഭാവവും മാത്രമല്ലാ, കഴിവും ഉള്ളവള്‍ ആയിരുന്നത് കൊണ്ട് അവള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ സമ്മതിച്ചു. 

റിഹേഴ്‌സല്‍ ട്രീസയുടെ വീടിന്റെ ഒരു ചെറിയ മുറിയില്‍ വച്ച് ആരംഭിച്ചു. മൂന്നു ദിവസങ്ങള്‍ വീതമുള്ള കുറെ തവണകള്‍ നിശ്ചയിക്കപ്പെട്ടു  പോളും, ജോസേട്ടനും എന്റെ വീട്ടില്‍ ആണ് കിടപ്പ്. ട്രീസയുടെ ഭര്‍ത്താവിന് പകല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ജോലിയായതു കൊണ്ട് ആറു മണി കഴിഞ്ഞേ റിഹേഴ്‌സലിന് സൗകര്യമുള്ളു. പകലൊക്കെ എന്റെ വീട്ടിലും പരിസരങ്ങളിലുമൊക്കെയായി കഴിഞ്ഞു കൂടുന്ന ഞങ്ങളും, പി.സി.ജോര്‍ജിനെപ്പോലെ വളരെ അടുത്ത സുഹൃത്തുക്കളും മാത്രം സന്ധ്യയോടെ ട്രീസയുടെ വീട്ടിലെത്തി റിഹേഴ്‌സല്‍ ആരംഭിക്കുന്നു. രണ്ട് റിഹേഴ്‌സല്‍ എന്നാണ് പ്ലാനിട്ടിരുന്നത് എങ്കിലും ഒരു റിഹേഴ്‌സലിനു മാത്രമേ സമയം തികഞ്ഞിരുന്നുള്ളു. 

രണ്ടുമൂന്നു  ടേമുകള്‍ കഴിഞ്ഞു.കുറേ റിഹേഴ്‌സലുകള്‍ ഭംഗിയായി നടന്നു. നാടകാവതരണത്തിന് രണ്ടാഴ്ച മാത്രം ബാക്കി. രണ്ടാം വട്ട റിഹേഴ്‌സല്‍ ക്യാന്പു കഴിഞ്ഞു മടങ്ങിപ്പോയ ജോസേട്ടന്റെ ഒരു കാലിന് ഏതോ ഭയങ്കര വേദനയാണെന്ന് പോള്‍ അറിയിച്ചു. തീരെ നടക്കാന്‍ മേല. താങ്ങിപ്പിടിച്ചിട്ടാണ് പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നടക്കുന്നത്. റിഹേഴ്‌സലിനു ഇനി വരാന്‍ പറ്റില്ലെന്ന് ജോസേട്ടന്റെ കുടുംബം അറിയിച്ചതായി പോള്‍ പറഞ്ഞു. നാടകം ഉപേക്ഷിക്കുകയല്ലാതെ വേറേ മാര്‍ഗ്ഗമില്ല  എന്ന ഒരു വേദനയില്‍ എല്ലാവരും എത്തി. 

ഒരു ദിവസം വൈകുന്നേരം എന്റെ കടയുടെ മുന്നില്‍ ഞങ്ങളുടെ ' അനിത ' ബസ് നിറുത്തി. നോക്കുന്‌പോള്‍ ജോസ് അരീക്കാടനെ പോള്‍ കോട്ടില്‍ താങ്ങിപ്പിടിച് ഇറക്കുകയാണ്. ഒരു കാല്‍ പൊക്കിപ്പിടിച്ചു തന്നെ കടയിലേക്ക് കയറ്റി; പിന്നെ വീട്ടിലേക്കും. പിറ്റേന്ന് റിഹേഴ്‌സല്‍ തുടങ്ങുകയാണ്. ജോസേട്ടാ, സാരമില്ല എന്ന് പറഞ്ഞെങ്കിലും, എന്നെ അവിടെ എത്തിച്ചാല്‍ മതി എന്നായി കക്ഷി. വഴിയുള്ള സ്ഥലം വരെ സൈക്കിളിന്റെ പിന്നിലിരുത്തി യാത്ര. ( അന്ന് ഓട്ടോ റിക്ഷകള്‍ വ്യാപകമായിട്ടില്ല ) പിന്നെ പോളും പി. സി.യും കൂടി രണ്ടു വശത്തും നിന്ന് ജോസേട്ടന്റെ ഓരോ കൈകള്‍ തങ്ങളുടെ കഴുത്തിലൂടെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഒരു കാല്‍ മാത്രം ഇടയ്ക്ക് നിലത്തു കുത്തിച്ചു കൊണ്ട് തൂക്കിയെടുത്താണ് യാത്ര. ഇരുന്നു കൊണ്ടുള്ള റിഹേഴ്‌സല്‍ മതിയെന്ന് പറഞ്ഞെങ്കിലും ജോസേട്ടന്‍ സമ്മതിച്ചില്ല. അത്രക്ക് വയ്യെങ്കില്‍ മാത്രമേ അദ്ദേഹം ഇരുന്നുള്ളു. 

ട്രീസയുടെ വീട്ടിലെ ഉള്ള സൗകര്യത്തില്‍ താമസിക്കാം എന്ന ഓഫര്‍ ജോസേട്ടന്‍ സ്വീകരിച്ചില്ല. തിരിച്ചു വീട്ടിലേക്കും ഇതേപോലെ യാത്ര. എന്തോ ആയുര്‍വേദ മരുന്നുകള്‍ ഒക്കെ കൊണ്ട് വന്നിട്ടുണ്ട്. അതിന്റെ പ്രയോഗവും, ചൂട് വെള്ളത്തില്‍ കുളിയും ഒക്കെയായി പകല്‍ എന്റെ വീട്ടില്‍. രാത്രിക്കു മുന്‍പ് പഴയ പടുതിയില്‍ റിഹേഴ്‌സല്‍ സ്ഥലത്തേയ്ക്ക്. റിഹേഴ്‌സലുകള്‍ മുടങ്ങാതെ നടന്നു എന്ന് മാത്രമല്ലാ, ജോസേട്ടന്‍ കാല്‍ വേദനയില്‍ നിന്ന് പതുക്കെ മുക്തി നേടുന്നതുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടത്. ആത്മ നിഷ്ഠമായ കലാ സപര്യയ്ക്ക് ശാരീരിക രോഗങ്ങള്‍ ശമിപ്പിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസിലാക്കി.  വൈദ്യ രത്‌നം പി. എസ് . വാര്യര്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയോടൊപ്പം കോട്ടക്കല്‍ കഥകളി സംഘത്തെയും വളര്‍ത്തിയെടുത്തത് ഇത് കൊണ്ടായിരിക്കണം  എന്നും ഞാന്‍ തിരിച്ചറിഞ്ഞു. എക്കാലത്തും എന്റെ പിന്നില്‍ എനിക്ക് തണലായി നിന്നിട്ടുള്ള എന്റെ ദൈവത്തിനെ ഞാന്‍ വീണ്ടും ഓര്‍ത്തു. 

വിജയകരമായി റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി എല്ലാവരും മടങ്ങി. നാടകത്തിലെ പശ്ചാത്തല സംഗീതവും, എഫെക്ടുകളും റെക്കാര്‍ഡ് ചെയ്തിരുന്നു. അന്ന് ഒരു ടേപ്പ് റിക്കാര്‍ഡര്‍ സ്വന്തമായി ഉണ്ടായിരുന്ന കടവൂരില്‍ തന്നെയുള്ള ശ്രീ പദ്മകുമാര്‍ എന്ന നാടക പ്രവര്‍ത്തകനാണ് പശ്ചാത്തല സംഗീതത്തിന്റെ ചുമതലയേറ്റു കൊണ്ട്  ഇത് ചെയ്തു തന്നത്. ആഗോള ആറ്റം സ്‌പോടനത്തിനു ശേഷമുള്ള ഭൂമിയില്‍ അത്ഭുതകരമായി അവശേഷിച്ച മൂന്നു മനുഷ്യരുടെ കഥയാണ് അശനി. അപ്രതീക്ഷതമായി കണ്ടു മുട്ടി സൗഹൃദം സ്ഥാപിച്ച അവര്‍ക്കിടയില്‍ ക്രമേണ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഇരയുടെയും, ഇണയുടെയും അവകാശ തര്‍ക്കങ്ങളില്‍ വീണ്ടും അവര്‍ ആയുധമെടുത്ത് ഏറ്റുമുട്ടുന്‌പോള്‍ തന്റെ ചോയിസ് നില നിര്‍ത്താനായി  തങ്ങള്‍ക്ക് കിഴങ്ങു മാന്താനായി സംഘം കണ്ടെടുത്ത ഇരുന്പു ദണ്ട് കൊണ്ട്  സ്ത്രീക്ക് ഒരു പുരുഷനെ കൊല്ലേണ്ടി വരുന്നു. ആയുധം സൂക്ഷിക്കുന്‌പോള്‍ അതുപയോഗിക്കേണ്ടി വരുന്നു എന്ന തിരിച്ചറിവുമായി ഉണ്ടായിരുന്ന ആയുധം വലിച്ചെറിഞ്ഞു കൊണ്ട് പുതിയ കാല സ്വപ്നങ്ങളിലേക്ക് അവര്‍ നടന്നു മറയുന്‌പോള്‍ നാടകം അവസ്സാനിക്കുന്നു. എല്ലാം നശിച്ചു കഴിഞ്ഞ ഭൂമിയില്‍ പൊടിയും, ചാരവും പറത്തിയെത്തുന്ന പിശിരന്‍  കാറ്റിന്റെ ഇരന്പല്‍ മാത്രമാണ് പശ്ചാത്തല സംഗീതം.  കാറ്റിലൂടെ പറന്നു വരുന്ന ചാരം അവതരിപ്പിക്കുവാന്‍ ബ്ലോവറും, മൃദുവായ യഥാര്‍ത്ഥ ചാരവും ഉപയോഗിക്കുക വഴി എറണാകുളം കലാഭവന്‍ ഓഡിറ്റോറിയത്തിലെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ചിലരെയെങ്കിലും ചുമ കൊണ്ട് വിഷമിപ്പിക്കേണ്ടി വന്നതില്‍ ഇന്നും വേദനിക്കുന്നു. മറ്റൊരു ചോയിസ് ഉണ്ടായിരുന്നില്ല. 

നാടകം വലിയ വിജയമായിരുന്നു. വിശിഷ്ട അതിഥികളില്‍ ചിലര്‍ സ്‌റ്റേജിനു പിന്നിലെത്തി അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. നാടകമെഴുതിയ എന്നെ പ്രത്യേകമായി പലരും പരിചയപ്പെട്ടു. നാടകാവതരണത്തിന് അനുവദിക്കപ്പെട്ട തുകയും കൈപ്പറ്റി പാതിരാ കഴിഞ്ഞ നേരത്ത് ഞങ്ങള്‍ പുറത്തിറങ്ങി. ഒന്ന് തല ചായ്ക്കുവാനുള്ള ഏര്‍പ്പാടുകളൊന്നും മുന്നമേ ചെയ്തിരുന്നില്ല. അതിനുള്ള സാമാന്യ വിവരം പോലും ഞാനുള്‍പ്പടെ ആര്‍ക്കും തോന്നിയില്ല. ട്രീസയും, ഭര്‍ത്താവും, പദ്മ കുമാറും, തബലിസ്റ്റും ഞങ്ങള്‍ വന്ന കാറില്‍ തിരിച്ചു പോയി. ട്രൂപ്പിലെ മിക്കവരും ബസ്സിലാണ് എത്തിയത് എന്നതിനാല്‍ രാവിലെ ബസില്‍ വേണം തിരിച്ചു പോകാനും. അടുത്തുള്ള ഒരു ലോഡ്ജില്‍ ചെന്ന് മുറി കെഞ്ചി. ദൂരെ നിന്ന് നാടകം കളിക്കാന്‍ വന്നവര്‍ എന്ന പരിഗണന കൊണ്ടാവാം, ഒഴിവുണ്ടായിരുന്ന ഒരു സിംഗിള്‍ റൂം കിട്ടി. രണ്ടാള്‍ മാത്രമേ കിടക്കാവൂ എന്ന കരാറില്‍. ബാക്കിയുള്ളവര്‍ക്ക് ഇടനാഴിയില്‍ കഴിയാനുള്ള ഒരു മൗനാനുവാദവും.
   
പി. സി. യും, ജോസ് അരീക്കാടനും മുറിയില്‍ കിടന്നു. ബാക്കിയുള്ളവര്‍ ഇടനാഴിയില്‍ കൂടി. ഞാനും, പോളും, ടീമിലെ സഹായിയും, ജ്വാലയുടെ ബി. ടീമിലെ പ്രധാന നടനുമായ ഭാസ്‌ക്കരനും, മറ്റു ചിലരും കൂടിയുണ്ട്. ഓരോരുത്തരായി ചാഞ്ഞു തുടങ്ങി. തോര്‍ത്തുമുണ്ടും, പത്രക്കടലാസും ഒക്കെ വിരിച്ചിട്ടാണ് ഇടനാഴിയുടെ കുറുകെയുള്ള കിടപ്പ്. ഭിത്തിയില്‍ ചാരി തല അല്‍പ്പം ഉയര്‍ത്തി വയ്ക്കാനുള്ള സൗകര്യം നോക്കി ആദ്യത്തയാള്‍ ചെയ്തത് നോക്കിയിട്ടാണ് എല്ലാവരും ഈ രീതിയില്‍ കിടന്നത് എന്ന് തോന്നുന്നു. 

വെളുപ്പിന് നാലുമണി കഴിഞ്ഞ് കാണണം, ഒരു മദാമ്മ പുറത്തേക്ക് പോകാനായി ഇടനാഴിയിലെത്തുന്നു. ഞങ്ങളെല്ലാം കൂര്‍ക്കം വലിച്ചുറക്കമാണ്. മദാമ്മ എന്തൊക്കെയോ പറയുകയും, ആംഗ്യം കാണിക്കുകയും ഒക്കെ ചെയ്തുവെന്ന് ഉറങ്ങാതെ കിടന്ന ഭാസ്‌ക്കരന്‍ പറയുന്നു. കുറച്ചുനേരത്തെ ഇത്തരം പരിശ്രമങ്ങള്‍ക്ക് ശേഷം സഹികെട്ട മദാമ്മ ഓരോരുത്തരെയായി കവച്ചു കടക്കുകയാണ്. ഉറക്കം നടിച്ച് ഉറങ്ങാതെ കിടന്ന ഭാസ്‌ക്കരന്‍ ആ നിമിഷങ്ങളെക്കുറിച്ച് പിറ്റേ ദിവസം പി. സി. ജോര്‍ജിനോട് വിവരിച്ചതിങ്ങനെയാണ് : ' ഒരു ചുവപ്പ് കണ്ടു ചങ്ങാതീ! '

തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ ' അശനി ' ക്ക് ഏതാനും ബുക്കിങ്ങുകള്‍ കിട്ടുകയും, അക്രോപ്പോളീസ് ആര്‍ട്‌സിന്റെ ബാനറില്‍ അവിടങ്ങളില്‍ നാടകം അവതരിപ്പിക്കുകയും ചെയ്തുവെങ്കിലും,  അര്‍ദ്ധ നഗ്‌നയായി അഭിനയിക്കേണ്ടി വരുന്ന ട്രീസയുടെ അഭ്യര്‍ത്ഥനയെക്കൂടി മാനിച്ച് രംഗാവതരണം അവസാനിപ്പിച്ചു. 

1982 ലെ റേഡിയോ നാടകോത്സവത്തിന്റെ ഭാഗമായി ഈ നാടകം തെരെഞ്ഞെടുക്കപ്പെടുകയും, തൃശൂര്‍ നിലയം ഡയറക്ടറായിരുന്ന ശ്രീ സി. പി. രാജശേഖരന്റെ സംവിധാനത്തില്‍ കേരളത്തിലെയും, ഇന്ത്യയിലെയും, പോര്‍ട് ബ്ലെയറിലെയും ആകാശവാണി  നിലയങ്ങള്‍ ' പ്രവാസം. ' എന്ന പേരില്‍ പല തവണ പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി. ശ്രീമതി സുധാ വര്‍മ്മ, ശ്രീ സി. കെ. തോമസ്, ശ്രീ എന്‍. സോമസുന്ദരം എന്നീ കലാ പ്രതിഭകളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്റെ  മറ്റു ചില നാടകങ്ങളും ആകാശവാണിയുടെ കേരളത്തിലേയും, പോര്‍ട് ബ്‌ളയറിലേയും നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുകയുണ്ടായിട്ടുണ്ട്.

ശ്രീ സി. പി. രാജശേഖരനുമായുള്ള പരിചയത്തില്‍ ആകാശവാണിയുടെ നാടകങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹമെന്നെ ഓഡീഷന്‍ ടെസ്റ്റിന് വിധേയനാക്കിയെങ്കിലും ഞാന്‍ പരാജയപ്പെട്ടു. പണ്ട് കെ.പി. വര്‍ക്കി സാറിന്റെ മലയാളം ക്ലാസില്‍ ' മഡ്‌സ്ടണ്‍ ' എന്ന പേര് മറ്റാരേക്കാളും വ്യക്തമായി ഉച്ചരിച്ചിരുന്ന ഞാന്‍, ഇവിടെ ടെസ്റ്റിന്റെ ഭാഗമായി   ' ചരുവിലൊരു ചരലുരുളുന്നു, ചരുവിലൊരുരലുരുളുന്നു ' എന്ന് പല വട്ടം പറയുന്‌പോള്‍ നാക്കു കുഴഞ്ഞു പോയി എന്നതായിരുന്നു പരാജയ കാരണം. 

വീണ്ടും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ആകാശവാണിയുടെ   ' സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ' വിഭാഗത്തിലേക്കള്ള ഉദ്യോഗാര്‍ത്ഥിയായി ഞാന്‍ അപേക്ഷിച്ചുവെങ്കിലും, ആ തസ്തികയുടെ മിനിമം വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആയിരുന്നു എന്നതിനാല്‍ ഞാന്‍ തഴയപ്പെട്ടു. സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നാടക രചയിതാവിനുള്ള അവാര്‍ഡ് ലഭിച്ചയാളും, റേഡിയോ നാടകോത്സവത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നാടകത്തിന്റെ രചയിതാവും ഒക്കെ ആയിരുന്ന ഞാന്‍ ആ തസ്തികയില്‍ ഉദ്യോഗം നേടാന്‍ സര്‍വഥാ യോഗ്യനാണ് എന്ന ധാരണയില്‍ ആയിരുന്നു സി.പി. എന്നോട് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് എങ്കിലും, എന്റെ അക്കാദമിക് വിദ്യാഭ്യാസ യോഗ്യത വെറും വട്ടപ്പൂജ്യം മാത്രമായിരുന്നുവെന്ന്  മറ്റു പലരെയും പോലെ ബഹുമാന്യനായ ശ്രീ സി. പി. രാജശേഖരനും അറിയില്ലായിരുന്നുവല്ലോ ?

എനിക്ക് വിധിച്ചിട്ടുള്ളത് സര്‍ക്കാര്‍ ഉദ്യോഗമല്ലാ എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ലളിതമായ എന്റെ ജീവിത പരിസരങ്ങളിലേക്ക് ഞാന്‍ മടങ്ങിപ്പോരുമ്പോള്‍, സാധാരണയായി കോളേജ് അധ്യാപനത്തില്‍ കുറയാത്ത സാമൂഹ്യ പദവികളില്‍ വിരാജിക്കുന്നവരാണ് സാഹിത്യത്തിന്റെ സങ്കീര്‍ണ്ണ വേദിയില്‍ പയറ്റുന്നത് എന്ന യാഥാര്‍ഥ്യം എനിക്കറിയില്ലായിരുന്നു. കുറേ മാസ്‌റ്റേഴ്‌സും, ഡോക്ടറേറ്റും ഒക്കെ എടുത്തിട്ടുള്ള പ്രതിഭാ ശാലികളായ  വലിയ വലിയ ആളുകള്‍ തങ്ങളുടെ തൊപ്പിയില്‍ മറ്റൊരു വര്‍ണ്ണത്തൂവല്‍ കൂടി ചാര്‍ത്താനുള്ള  ശ്രമവുമായി മാറ്റുരയ്ക്കുന്ന ഈ അഭിനവ അരീനയില്‍ അതിനുള്ള യാതൊരു ക്വളിറ്റിയുമില്ലാത്ത ഞാന്‍ വന്നു പെടരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.  നമ്മുടെ താല്പര്യങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമല്ലല്ലോ കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നതിനാല്‍, ഒരു ജീവിത കാലം അനുഭവിച്ച അവഗണനയും, ആക്ഷേപവും   സഹിച്ച്  ഇത് വരെ വന്ന എനിക്കിനി എത്ര ശ്രമിച്ചാലും എല്ലാം അവസാനിപ്പിച്ച് മടങ്ങിപ്പോകാനും സാധിക്കുന്നില്ല. ഉള്ളില്‍ ഊറിക്കൂടുന്ന നൊന്പരച്ചിരിയില്‍ എല്ലാം ഒളിപ്പിച്ചു കൊണ്ട് മുന്നോട്ടു തന്നെ  പോവുകയേ നിവര്‍ത്തിയുള്ളു എന്നതാണ് സത്യം. കലപ്പയില്‍ കൈ വച്ചിട്ട് തിരിഞ്ഞു നോക്കരുത് എന്നാണല്ലോ പ്രമാണം ?

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More