81) സത്യത്തിന്റെ പ്രതാപങ്ങള്‍
'നാം' എന്നു പറഞ്ഞീടവേ
ദാരിദ്ര്യത്തിന്റെ നിസ്വത
'ഞാന്‍' എന്നാണു പറയുക.
82) യുദ്ധത്തെ നിര്ത്തുവാനാര്ക്കും
യുദ്ധംകൊണ്ടു കഴിവരാ!
വിത്തപ്രതാപങ്ങളൊക്കെ
നീണ്ടു നില്ക്കാനിതാപണി.
83) സ്നേഹത്തേക്കാള്‍ വലുതായി
ട്ടൊന്നുമില്ലെന്ന തോര്‍ക്കുക
സ്നേഹസിദ്ധൗഷധമത്രേ
ശത്രുസംഹാരസാധകം.
84)മനുഷ്യവാഹനത്തിന്റെ
ഇന്ധന മാ'ണാലോചന'
അതില്‍ മായം കലരുകില്
വണ്ടിയോട്ടമനിശ്ചിതം!
85) ദൈവത്തിന്റെ വച:സുകള്
പാഴായിടാത്ത വിത്തുകള്‍
വംശവൃക്ഷങ്ങളെക്കാത്തു-
സംരക്ഷിക്കുന്ന ശൃംഖല!
86) നിഷ്ക്കളങ്കതയില്ക്കൂടി
നീതിയെ നിലനിര്ത്തുകില്
ഭീതി കൂടാതെ ദൈവത്തിന്-
താങ്ങാലില്ത്തന്നെ നിന്നിടാം.
87)ദൈവത്തെ നാം ഭയപ്പെട്ടാല്‍
ശതുതാനേ തുലഞ്ഞു പോം
സര്വ്വശക്തന് തുണ നിന്നാല്‍
പിന്നെയാരേ ഭയപ്പെടാന്‍?
88) നീതിമാന് നിസവനെങ്കിലോ
ദൈവം താന്‍ തുണയെപ്പൊഴും,
നീതിമാന് തന് മടിശീല
ദൈവത്തിന് തൃക്കരങ്ങളില്‍.
89) ആര്‍ക്കുമൊന്നും കൊടുക്കാതെ
എല്ലാം തന്നോനെയോര്ക്കാതെ
എല്ലാം താനെന്നു ചിന്തിച്ചീ-
മണ്ണില്‍ വാണാല് ഗതിയെന്ത്!
90) നാം പറിച്ച്, പശി തീര്ത്തിടുന്നൊരീ-
മാമ്പഴങ്ങളുമിവറ്റയൊക്കെയും
അന്പിയന്ന മമ താത തൃക്കര
ത്തുമ്പുനട്ടതരു ശാഖിയല്ലയോ!