Image

ആഴങ്ങളിലേക്കൊരു വാതില്‍ (കവിത)- ഗീതാരാജന്‍

ഗീതാരാജന്‍ Published on 19 April, 2012
ആഴങ്ങളിലേക്കൊരു വാതില്‍ (കവിത)- ഗീതാരാജന്‍
കടല്‍ കാണുമ്പോഴെല്ലാം
സുനാമിയുടെ ആര്‍ത്തലയ്ക്കുന്ന
രുദ്രതാണ്ഡവം
ഒരു മിന്നല്‍പ്പിണര്‍പോലെ
എന്നിലേക്ക പ്രവഹിച്ചിരുന്നു!

തിരകളിലൂടെ അലഞ്ഞു
നടന്നു ഇണയെ തേടുന്ന
ഒറ്റച്ചെരിപ്പിന്റെ രോദനവും
അലകള്‍ മായ്ച്ചുകളഞ്ഞ
കാല്‍പ്പാടുകള്‍ തിരയുന്ന
നിഴലുകളുടെ നിലവിളിയും
എന്നും ഞാന്‍ കേട്ടിരുന്നു!

പ്രതീക്ഷയുടെ ഭാരം പേറി
നിന്റെ മടിത്തട്ടില്‍
കുടുങ്ങിപ്പോയവരുടെ
തേങ്ങലുകള്‍ തിരമാലകളായി
ഉയര്‍ന്നുതാഴുന്നത്
ഞാനറിഞ്ഞിരുന്നു
തിരയടിച്ചെത്തിയ നിന്റെ
ജലത്തില്‍ അവരുടെ
കണ്ണീരിന്റെ ഉപ്പു ഞാന്‍ രുചിച്ചിരുന്നു!!

കാഴ്ചയുടെ കടലിനിപ്പോള്‍
ഗൗമ്യമായ രൗദ്രഭാവം!
ഉള്ളിലെ കടലിളകുന്നതും
സുനാമിയായി ആഞ്ഞടിച്ച്.
സ്വപ്നസൗധം തകര്‍ത്തൊരു
പേമാരിയായ് മുകളിലോട്ട്
പെയ്യുന്നതും ഞാനറിയുന്നു!!

നിന്റെ ആഴങ്ങളിലേക്ക്
എത്തിപ്പെടാന്‍ ഞാന്‍
വല്ലാതെ കൊതിച്ചത്…
എന്നില്‍ ഒരു കടല്‍ തന്നെ
ഒളിഞ്ഞുകിടക്കുന്നത്
കൊണ്ടായിരുന്നു!!!

(Email: geethacr@gmail.com)
ആഴങ്ങളിലേക്കൊരു വാതില്‍ (കവിത)- ഗീതാരാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക