Image

മൂല്യമാലിക- 8 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 16 April, 2012
മൂല്യമാലിക- 8 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
71) കാശുകയ്യിലുള്ളപ്പോള്‍
സാധുക്കളോടൊരിക്കലും
പോയിവരാന്‍ പറയാതെ
ഉള്ളതപ്പോള്‍ കൊടുക്കണേ!

72) നിഷ്‌ക്കളങ്കരൊരിക്കലും
നിസ്സഹായരായിടൊല്ല,
ദൈവമപ്പോളവരുടെ
കൂട്ടിനുള്ളതു കാണുക!

73) നീതിയും, ന്യായവും, നേരും
വിശ്വസ്ത സഹചാരികള്‍!
ഭീതികൂടാതെ ജീവിപ്പാന്‍
വിശ്വസ്തരാം സഹായികള്‍!

74)വസ്ത്രത്തില്‍ തീ കൊണ്ടുപോയാല്‍
വെണ്ണീറായതു നിര്‍ണ്ണയം!
മരിപ്പിക്കുന്ന പാഷാണം
പരസ്ത്രീയുടെ ചക്കര!

75) നീതിമാന്മാരുടെ സംഖ്യ
ദേശത്തിന്റെ മഹാധനം!
ദുഷ്ന്മാരുടെ നോട്ടം
സര്‍വ്വനാശകരം സദാ

76) അന്യായാര്‍ജ്ജിത ധനം
ഒന്നും നില്‍ക്കില്ല നീണ്ടനാള്‍
അദ്ധ്വാനത്തിന്റെ നേട്ടങ്ങള്‍
ആര്‍ക്കും കാണാമെവിടെയും.

77) ശിക്ഷ നല്ലതാണെന്നാല്‍
ശിക്ഷയ്ക്കും അതിരുണ്ടഹോ!
പ്രത്യാശയില്ലെന്നായാല്‍
ശിക്ഷ നീട്ടരുതൊട്ടുമേ.

78) ശിക്ഷ ന്യായമെങ്കിലും
താന്‍ താനല്ലതു ചെയ്യുക
ദൈവത്തിനതു വിട്ടാല്‍
ഒന്നുമതിനോടൊക്കൊലാ

79) വിത്തവാനാകുവാനാരും
ബദ്ധപ്പെട്ടാല്‍ നടക്കൊലാ,
ദൈവേഷ്ടമതിലുണ്ടെങ്കില്‍
ആ വിധമേ നടന്നീടൂ.

80) സത്യം വില്ക്കുന്നവനാരും
നീണ്ടു നില്‍ക്കില്ലൊരുനാളും
സത്യം വാങ്ങുന്നുവെങ്കിലോ
ലഭ്യമാകുന്നു വന്‍ ജയം.
മൂല്യമാലിക- 8 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക