Image

പൗരോഹിത്യ ജീവിതം ക്രിസ്തുവിനായുള്ള സമര്‍പ്പണമാണ്: മാര്‍പാപ്പ

Published on 07 April, 2012
പൗരോഹിത്യ ജീവിതം ക്രിസ്തുവിനായുള്ള സമര്‍പ്പണമാണ്: മാര്‍പാപ്പ
5 ഏപ്രില്‍ 2012, വത്തിക്കാന്‍
പെസഹാ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ രൂപതയിലെ (റോമാ രൂപതയിലെ) വൈദികരും സന്യസ്തരുമായി അര്‍പ്പിച്ച തൈലാശിര്‍വാദ ബലിമദ്ധ്യേ വചനപ്രഘോഷണം നടത്തി. അതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പൗരോഹിത്യ സമര്‍പ്പണത്തെക്കുറിച്ചാണ് മാര്‍പാപ്പ ചിന്തകള്‍ പങ്കുവച്ചത്.
“അവര്‍ സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു” (യോഹന്നാന്‍ 17, 19). ക്രിസ്തുവിന്‍റെ പൗരോഹിത്യ പ്രാര്‍ത്ഥനയുടെ ഉച്ചസ്ഥായിയും തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥനയുമാണിത്. ക്രിസ്തുവാണ് സത്യം. ക്രിസ്തുവാണ് വൈദികരെ അഭിഷേചിച്ചിരിക്കുന്നത്. ഈ അഭിഷേചനംവഴി അവിടുന്നു അവരെ എന്നേയ്ക്കും ദൈവത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. ദൈവസ്നേഹം മനുഷ്യരുമായി പങ്കുവച്ചുകൊണ്ട് പൗരോഹിത്യ ശുശ്രൂഷയിലൂടെ സകലരേയും ദൈവത്തിലേയ്ക്ക് നയിക്കുവാന്‍ വൈദികര്‍ക്കു സാധിക്കണം. അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, ക്രിസ്തുവുമായി സാരൂപ്യപ്പെട്ട വ്യക്തികളായി വൈദികര്‍ ലോകസമക്ഷം ജീവിക്കുന്നതാണ് സമര്‍പ്പണം. സ്വയം പരിത്യജിച്ചും ക്രിസ്തുവിനോട് സാരൂപ്യപ്പെട്ടും പൗരോഹിത്യത്തിലൂടെ ഏറ്റെടുത്തിട്ടുള്ള വ്രതങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും അനുസൃതമായി ജീവിക്കുന്നുണ്ടോ എന്ന് ഈ പെസഹാ നാളില്‍ പരിശോധിക്കേണ്ടതാണ്.
പൗരോഹിത്യ ജീവിതം ക്രിസ്തുവിനായുള്ള സമര്‍പ്പണമാണ്. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും സ്വയം ദാനമായി നല്കുവാനെത്തിയ ക്രിസ്തുവിനോടാണ് പുരോഹിതന്‍ സാരൂപ്യപ്പെടേണ്ടത്. എനിക്കെന്തു കിട്ടും എന്നതിനേക്കാള്‍ ക്രിസ്തുവിനായും മറ്റുള്ളവര്‍ക്കുമായി എനിക്കെന്തു നല്കാനാവും എന്നാണ് പുരോഹിതന്‍ ചിന്തിക്കേണ്ടത്.

പൗരോഹിത്യ ധര്‍മ്മങ്ങളെയും സഭാ പ്രബോധനങ്ങളെയും അടുത്തകാലത്ത് പരസ്യമായി നിഷേധിച്ച വൈദികര്‍ യൂറോപ്പിലുണ്ട്. സ്ത്രീകളുടെ പൗരോഹിത്യം അംഗീകരിക്കണം എന്നു പറഞ്ഞവര്‍ സഭാ പ്രബോധനങ്ങള്‍ പരസ്യമായി നിഷേധിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പൗരോഹിത്യപട്ടം നല്കുകയുമുണ്ടായി. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അവസാനമായി അവരോട് പറഞ്ഞത് ഇങ്ങനെയാണ്, സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്കുന്നതിന് സഭയ്ക്ക് കര്‍ത്താവില്‍നിന്നും അധികാരം ലഭിച്ചിട്ടില്ല, എന്നായിരുന്നു. അനുസരണക്കേട് സഭയെ നവീകരിക്കാനുള്ള മാര്‍ഗ്ഗമല്ല. നവീകരണത്തിനുള്ള ആകാംക്ഷയായിരിക്കാം ഈ വൈദികരെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിച്ചത്. പുരോഗതിയുടെ പാതയില്‍ സഭ പഴഞ്ചനാണെന്നും പതുക്കെയാണെന്നും ഇക്കൂട്ടര്‍ ചിന്തിക്കുന്നുണ്ട്. യഥാര്‍ത്ഥമായ നവീകരണത്തിന് ആവശ്യമായ സത്യത്തോടും ക്രിസ്തുവിനോടോള്ള പൗരോഹിത്യത്തിന്‍റെ അനുരൂപണം ഇവിടെ കാണുന്നില്ല, മറിച്ച് സ്വന്തം താല്പര്യങ്ങളും ആശയങ്ങളുമാണ് മുന്‍പന്തിയില്‍ നില്ക്കുന്നത്. ദൈവഹിതത്തെയും വചനത്തെയും ഞെക്കിഞെരുക്കാനുള്ള മാനുഷിക സംരംഭങ്ങളെ ക്രിസ്തു എതിര്‍ത്തിട്ടുണ്ട്. ദൈവഹിതത്തോടുള്ള സമ്പൂര്‍ണ്ണ വിധേയത്വം പുനഃര്‍പ്രതിഷ്ഠിക്കാനാണ് ക്രിസ്തു തന്‍റെ ജീവന്‍ സമര്‍പ്പിച്ചത്. മനുഷ്യന്‍റെ നിഷേധഭാവത്തെ ക്രിസ്തു അനുസരണംകൊണ്ടും വിധേയത്വംകൊണ്ടുമാണ് പ്രത്യുത്തരിച്ചത്. അവിടുത്തെ ദൈവികതയില്‍ വിധേയത്വവും വിയവും പ്രകടമായിരുന്നു. ഈ വിധേയത്വത്തിലും വിനയത്തിലുമാണ് അവിടുന്ന് ദൈവഹിതം പൂര്‍ത്തീകരിക്കുന്നത്.

സഭയില്‍ നവീകരണം നടന്നിട്ടുള്ളത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെയാണ്. മനുഷ്യരുടെ സജീവ പ്രസ്ഥാനങ്ങളിലൂടെയാണ് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം സഭയുടെ അക്ഷയ ചൈതന്യമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥമായ നവീകരണത്തിന്‍റെ ഫലപ്രാപ്തിക്ക് ആഴമായ വിശ്വാസവും മൗലികമായ അടിസ്ഥാനവും സജീവമായ പ്രത്യാശയും സ്നേഹത്തിന്‍റെ പിന്‍ബലവും ആവശ്യമാണ്. ക്രിസ്തുവിനോടുള്ള അനുരൂപപ്പെടല്‍ ഏതു നവീകരണത്തിനും അനിവാര്യമായ വ്യവസ്ഥയാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ വ്യക്തിത്വം നമ്മുടെ മാനുഷികതയില്‍ സമുന്നതവും അപ്രാപ്യവുമായി തോന്നാം. അപ്പോഴും അവിടുത്തെ സമുന്നതമായ ദൈവിക വ്യക്തിത്വത്തിന് പരിഭാഷയും, പ്രാപ്യവുമായ മാതൃകളുണ്ട്. ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടല്‍ മഹാരഹസ്യവും ദാനവുമാകയാല്‍ ചരിത്രത്തില്‍ വിശുദ്ധാത്മാക്കള്‍ കാണിച്ചു തന്നിട്ടുള്ള അതിന്‍റെ സമാന്തര രൂപവും പരിഭാഷയും നമുക്ക് പ്രാപ്യവും അനുകരണീയവുമാണ്. വന്‍ വിജയങ്ങളുടെ പ്രകമ്പങ്ങളെക്കാള്‍ കടുകുമണിയുടെ ലാളിത്യമാണ് ക്രിസ്തു വിശുദ്ധാത്മാക്കളുടെ ചരിത്രത്തില്‍ വെളിപ്പെടുത്തി തരുന്നത്. അത് ദൈവരാജ്യത്തിന്‍റെ രൂപവും ശൈലിയുമാണ് എന്നോര്‍ക്കണം. വൈദികര്‍ ക്രിസ്തുവിന്‍റെ ദാസന്മാരും ദൈവിക രഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമാണ്, എന്നാണ് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടുള്ളത് (1കൊറി.4, 1). വൈദികര്‍ അവരുടെ അജപാലന ശുശ്രൂഷയിലൂടെയും പ്രബോധനങ്ങളിലൂടെയും ക്രിസ്തുവിന്‍റെ മുഖവും ഹൃദയവും ലോകത്തിനു കാണിച്ചുകൊടുക്കുന്ന ദൈവിക രഹസ്യങ്ങളുടെ കാര്യസ്ഥന്മാരാകണം. ഇന്ന് ലോകത്ത് ഏറെ മതാത്മകമായ അജ്ഞതയുണ്ട് എന്നത് വലിയ സത്യമാണ്. വിശ്വാസത്തെ സ്നേഹിച്ചുകൊണ്ടും അതു ജീവിച്ചുകൊണ്ടുമാണ് നാം ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ശ്രവിക്കുകയും ചെയ്യേണ്ടത്.

നവമായ ഉണര്‍വോടും സന്തോഷത്തോടുംകൂടെ വിശ്വാസ സത്യങ്ങള്‍ പ്രഘോഷിക്കാന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ജൂബിലി വര്‍ഷത്തില്‍ ആരംഭിക്കുന്ന വിശ്വാസ വത്സരം സഹായിക്കട്ടെ. വിശ്വാസ സത്യങ്ങള്‍ തിരുവെഴുത്തുകളിലാണ് പ്രഥമമായും അടങ്ങിയിരിക്കുന്നത്. സഭയുടെ പ്രമാണരേഖകളില്‍, വിശിഷ്യ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭരണകാലത്ത് ധാരാളമായി ഇറങ്ങിയിട്ടുള്ള അമൂല്യമായ പ്രബോധനങ്ങളിലും ദൈവിക രഹസ്യങ്ങള്‍ മനോഹരമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും നാം അവയെ പഠിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.

എന്‍റെ പ്രബോധനങ്ങള്‍ എന്‍റേതല്ല, എന്നെ അയച്ചവന്‍റേതാണ്, (യോഹ. 7, 16) എന്നാണ് ക്രിസ്തു പറഞ്ഞത്. അതുപോലെ സഭയിലെ ശുശ്രൂകരായ വൈദികര്‍ സ്വന്തമായ തത്വങ്ങളോ ആശയങ്ങളോ അല്ല പ്രഘോഷിക്കേണ്ടത്. അവര്‍ സേവിക്കുന്ന സഭയുടെ ചിന്തകളാണ് പഠിപ്പിക്കേണ്ടത്. വൈദികന്‍ ക്രിസ്തുവിനാല്‍ നിറഞ്ഞവനും രൂപാന്തരപ്പെട്ടവനുമാണെങ്കില്‍ പിന്നെ അവിടുത്തെ സന്ദേശവാഹകനും ആയിത്തീരണം. ക്രിസ്തുവിലുള്ള വിശ്വാസംവഴിയും അവിടുത്തോടുള്ള സ്നേഹത്താലും പ്രേരിതരായി വൈദികര്‍ ജീവിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ വിശ്വാസയോഗ്യരായി തീരുന്നു. ഹൃദയത്തില്‍ ക്രിസ്തു നിറഞ്ഞ ആര്‍സിലെ വികാരി, ജോണ്‍ വിയാന്നി പണ്ഡിതനായിരുന്നില്ല. ക്രിസ്തുവിനാല്‍ നിറഞ്ഞിരുന്നതിനാല്‍ എല്ലാവരും അദ്ദേഹത്തെ ശ്രവിച്ചു. സാധരണ ജനങ്ങളുടെ ഹൃദയത്തെ ജോണ്‍ വിയാന്നി സ്പര്‍ശിച്ചു. അവര്‍ക്ക് സൗഖ്യവും സമാശ്വാസവും പകര്‍ന്നു.

വൈദികര്‍ ആത്മാക്കള്‍ക്കായി തീകഷണതയുള്ളവരായിരിക്കണം. സമഗ്ര പുരോഗതിക്കായി പരിശ്രമിക്കുമ്പോഴും ആത്മാവും ശരീരവുമുള്ള മനുഷ്യന്‍ നിത്യത ലക്ഷൃമാക്കി ജീവിക്കേണ്ടവനാണ്. ആത്മരക്ഷയാണ് നിത്യത. കാരണം ശരീരത്തോടൊപ്പം ആത്മാവും ഉള്ളവനാണല്ലോ മനുഷ്യന്‍. അതുകൊണ്ടു തന്നെ ആത്മാക്കള്‍ക്കായുള്ള തീക്‍ഷണത പഴഞ്ചന്‍ ആശയമായി കാണരുത്. പീഡിതരുടേയും രോഗികളുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും വിമോചനത്തിനായി പ്രവര്‍ത്തിക്കുമ്പോഴും, സത്യത്തിനും സ്നേഹത്തിനുംവേണ്ടിയുള്ള മനുഷ്യദാഹം മറക്കാനാവില്ല. ഉണര്‍വ്വോടെ നമ്മുടെ കര്‍മ്മപദ്ധതികളിലേയ്ക്കു കടക്കാം. എന്നാല്‍ കടമകൊണ്ടു മാത്രമല്ല വൈദികന്‍ ശുശ്രൂഷ ചെയ്യേണ്ടത്. വൈദികരെ സംബന്ധിച്ചിട്ടത്തോളം സമയമോ തനിക്കുള്ളതോ വസ്തുവകകളോ ഒന്നും അയാളുടേതല്ല. വൈദികന്‍ തനിക്കായുള്ളവനല്ല, മറിച്ച് ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനുംവേണ്ടിയുളളതാണ്. കര്‍ത്താവിന്‍റെ സുവിശേഷജോലിയില്‍ സന്തുഷ്ടരാക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം. അങ്ങനെ അവിടുത്തെ സത്യത്തിന്‍റേയും സ്നേഹത്തിന്‍റേയും തീക്ഷ്ണതയുള്ള വൈദികരായി ജീവിക്കാന്‍ ദൈവം ഇടയാക്കട്ടെ!
Vatican radio
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക