Image

ഈസ്റ്റര്‍ സന്ദേശം (ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക)

Published on 05 April, 2012
ഈസ്റ്റര്‍ സന്ദേശം (ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക)
യേശുക്രിസ്‌തുവില്‍ വിശ്വസിച്ചവര്‍ക്ക്‌ ആശ്വാസവും ആനന്ദവും പകര്‍ന്ന്‌ ഉയിര്‍പ്പ്‌ ഇന്ന്‌ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.

അസമാധാനവും, അശാന്തിയും പരത്തി യുദ്ധവും, പ്രകൃതിക്ഷോഭങ്ങളും, ആഭ്യന്തര കലഹവും ഇന്ന്‌ ലോകത്തെ കീഴടക്കി വാഴുന്നു. വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമങ്ങളും വഴിവിട്ട ജീവിതവും ശിഥിലമായികൊണ്ടിരിക്ക ുന്ന കുടുംബബന്ധങ്ങളും, പണത്തിനുവേണ്ടി എന്തും ചെയ്യാമെന്നുള്ള മാനസിക വൈകാരിക പ്രവര്‍ത്തനങ്ങളും, ധാര്‍മ്മികത കൈവെടിയുന്ന യുവതലമുറയും, ഉന്നത വിദ്യാഭ്യാസമുള്ള വികല മൂല്യങ്ങള്‍ നിറഞ്ഞ അഭ്യസ്ഥവിദ്യരും സാമൂഹിക മൂല്യങ്ങള്‍ നഷ്‌ടമായ ജനവും മദ്യവും മയക്കുമരുന്നും നടമാടികൊണ്ടിരിക്കുന്ന ആഘോഷവേളകളും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രകളായി തീര്‍ന്നിരിക്കുന്നത്‌ അതിയായ വേദനയോടുകൂടി മാത്രമെ കാണുവാന്‍ കഴിയൂ.

ക്രിസ്‌തു നമുക്ക്‌ പ്രവര്‍ത്തിച്ച്‌ കാണിച്ച്‌ തന്ന വഴികളും പഠിപ്പിച്ച ദുരിതപൂര്‍ണ്ണമായ പാഠങ്ങളും ദുരിത പൂര്‍ണ്ണമായ ഇത്തരം സാഹചര്യങ്ങളില്‍ നമ്മെ വഴി നടത്തുവാനുതകുന്നതാണ്‌. അധികാരം സേവനമാക്കി യേശു പ്രവര്‍ത്തിച്ചു. അധികാരദുര്‍മോഹവും അക്ഷമയും അസഹനവും മനുഷ്യനെ ദൈവത്തില്‍ നിന്ന്‌ അകറ്റുന്ന പാപകാരണങ്ങളായി വര്‍ത്തിക്കപ്പെടുന്നു. സര്‍വ്വലോകത്തിന്റെയും സൃഷ്‌ടിതാവും രാജാവുമായിരിക്കുന്നവന്‍ മനുഷ്യനായി മനുഷ്യകുലത്തിനുവേി നിര്‍ദ്ദോഷിയായി വധിക്കപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ പുതിയൊരു പ്രത്യാശ ലോകത്തിന്‌ നല്‍കുകയും ചെയ്‌തു.

അധികാരം സേവനമാണ്‌, സഹനമാണ്‌, സംരക്ഷകനാണ്‌, സഹായകനാണ്‌. ഇവയെല്ലാം യേശുക്രിസ്‌തുവില്‍ മാത്രം ദര്‍ശിക്കാവുന്നതുമാണ്‌. യേശുവിനെ പിന്‍ പറ്റുന്ന ആദിമ സഭയും വിശ്വാസ സമൂഹവും ഈ തീക്ഷ്‌ണത ഉള്‍കൊണ്ടിരുന്നു എന്നതിന്‌ അവരുടെ ജീവിതത്യാഗം സാക്ഷ്യം നല്‍കുന്നു. സനാദനമായ മൂല്യങ്ങള്‍ മനുഷ്യനെ ദൈവത്തിലേക്കും മനുഷ്യഹൃദയത്തിലേക്കും അടുപ്പിക്കും. അതിലൂടെ നിത്യ സ്‌മരണാര്‍ഹരായി തീരുകയും ചെയ്യുന്നു.

ദൈവവചനവും ദൈവത്തിന്റെ ഏക പുത്രനും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവുമായ യേശുക്രിസ്‌തുവില്‍ ആശ്വാസം കണ്ടെത്തുക എന്നുള്ളത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്‌. പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ വിശ്വാസം മുറുകെ പിടിച്ചും വിശ്വാസത്തിന്റെ പരിശുദ്ധി കാത്ത്‌സൂക്ഷിച്ചും ആത്മരക്ഷയാകുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുവാനും നമുക്കും കഴിയണം. രോഗങ്ങളാലും ആകുലതയാലും ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടി ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവില്‍ പ്രത്യാശയും സമാധാനവും കണ്ടെത്തുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതൊടൊപ്പം ജാതിമതഭേദമന്യേ സന്തോഷത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പെരുന്നാളായി ഈ ഈസ്റ്റര്‍ ദിനം മാറ്റപെടട്ടെ എന്ന്‌ ആശംസിക്കുന്നു.
ഈസ്റ്റര്‍ സന്ദേശം (ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക