Image

മാര്‍പാപ്പ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി

Published on 29 March, 2012
മാര്‍പാപ്പ  ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി
ഹവാന: ക്യൂബയില്‍ സന്ദര്‍ശനത്തിനെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിപ്‌ളവനേതാവ് ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ഹവാനയിലെ 'വിപ്ലവ ചത്വര'ത്തില്‍ നടന്ന ദിവ്യബലിക്കുശേഷമായിരുന്നു കൂടിക്കാഴ്ച.

ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പമാണ് എണ്‍പത്തിയഞ്ചുകാരനായ ഫിദല്‍ കാസ്‌ട്രോ മാര്‍പാപ്പയെ കാണാനെത്തിയത്. അരമണിക്കൂറോളം ഇരുവരും ഒന്നിച്ചു ചെലഴിച്ചു. ആരാധനക്രമത്തിലെ മാറ്റങ്ങളും മാറുന്ന ലോകത്തില്‍ മാര്‍പാപ്പയുടെ ഉത്തരവാദിത്വങ്ങളും പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമായി.

കൂടിക്കാഴ്ചയ്ക്കുമുമ്പ് നടന്ന ദിവ്യബലിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുത്തു. പ്രസിഡന്‍റ് റൗള്‍ കാസ്‌ട്രോയും ദിവ്യബലിക്കെത്തിയിരുന്നു. ക്യൂബയ്ക്കും ലോകത്തിനും മാറ്റം ആവശ്യമാണെന്ന് ദിവ്യബലിമധ്യേ മാര്‍പാപ്പ പറഞ്ഞു. മാറ്റം സംഭവിക്കണമെങ്കില്‍ ഓരോരുത്തരും സത്യം അന്വേഷിക്കാനും സ്‌നേഹത്തിന്റെ പാത തിരഞ്ഞെടുക്കുവാനും അനുരഞ്ജനവും സൗഹാര്‍ദവും വിതയ്ക്കുവാനുമുള്ള അവസ്ഥയിലാകണം. ക്യൂബയുടെ സത്യാന്വേഷണം വ്യക്തിയുടെ മാന്യതയെ ഹനിക്കാത്തതാവണമെന്നും മാര്‍പാപ്പ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകകക്ഷി ഭരണത്തെ എതിര്‍ത്ത് കൂടുതല്‍ രാഷ്ട്രീയസ്വാതന്ത്ര്യം ആവശ്യപ്പെട്ടവരെ പരോക്ഷമായി പരാമര്‍ശിക്കുന്നതാണ് മാര്‍പാപ്പയുടെ ഈ ആഹ്വാനം. മാര്‍പാപ്പയുടെ സന്ദര്‍ശനവേളയില്‍ ഇക്കൂട്ടരെ ക്യൂബന്‍ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ക്യൂബന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് നാഷണല്‍ റെക്കണ്‍സിലിയേഷന്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെ ടെലിഫോണ്‍ലൈനുകള്‍ തിങ്കളാഴ്ച മുതല്‍ വിച്ഛേദിച്ചിരിക്കുകയാണ്.

അടിസ്ഥാന സ്വാതന്ത്ര്യത്തിന് ആര്‍ക്കും പരിധികള്‍ വെക്കരുതെന്നും സ്വാതന്ത്ര്യത്തെ മാനിക്കേണ്ടത് അത്യാവശ്യമാണെന്നും വത്തിക്കാനിലേക്കു മടങ്ങുംമുമ്പ് ഹവാനയിലെ വിമാനത്താവളത്തില്‍ മാര്‍പാപ്പ പറഞ്ഞു. അതേസമയം, ക്യൂബയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് അമേരിക്കയെ അദ്ദേഹം വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക