Image

സിസ്‌റ്റര്‍ അഭയയുടെ മരണത്തിന്‌ 20 വയസ്‌

ഋഷി കെ മനോജ്‌ Published on 26 March, 2012
സിസ്‌റ്റര്‍ അഭയയുടെ മരണത്തിന്‌ 20 വയസ്‌
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന്‌ മാര്‍ച്ച്‌ 27-ന്‌ 20 വയസ്‌ തികയുന്നു. കേസ്‌ ഇപ്പോഴും തിരുവനന്തപുരം സി ബി ഐ (സ്‌പെഷല്‍ ) കോടതിയില്‍ വിചാരണയിലാണ്‌. 1992 മാര്‍ച്ച്‌ 27 ന്‌ രാവിലെയാണ്‌ സിസ്‌റ്റര്‍ അഭയയെ കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റ്‌ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ആദ്യം ലോക്കല്‍ പൊലീസും പിന്നിട്‌ ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച്‌ 29-ന്‌ സി ബി ഐ ഏറ്റെടുത്തു. തുടര്‍ന്ന്‌ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തില്‍, വൈദികരായ ഫാ. തോമസ്‌ എം കോട്ടൂര്‍ , ഫാ. ജോസ്‌ പൂതൃക്കയ്യില്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ കുറ്റാരോപിതരാക്കി സി ബി ഐ കേസ്‌ ചാര്‍ജ്‌ ചെയ്‌തു. 2008 നവംബര്‍ 18-ന്‌ മൂവരെയും സി ബി ഐ അറസ്‌റ്റ്‌ ചെയ്‌തു. 2009 ജൂലൈ 17-ന്‌ കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചു.

കോണ്‍വെന്റില്‍ സിസ്‌റ്റര്‍ അഭയയുടെ കൂടെ താമസിച്ചിരുന്ന സിസ്‌റ്റര്‍ ഷേര്‍ളി, ആ സമയം കോണ്‍വെന്റിലെ അടുക്കളപ്പണിക്കാരികളായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ, കേസ്‌ ആദ്യം അന്വേഷിച്ച ക്രൈം ബ്രാഞ്ച്‌ മുന്‍ പൊലീസ്‌ സൂപ്രണ്ട്‌ ( കോട്ടയം ) കെ.ടി മൈക്കിള്‍ എന്നിവരുടെ നാര്‍ക്കോഅനാലിസിസ്‌ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതു നടക്കുന്ന മുറയ്‌ക്ക്‌ അതിന്റെ റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കാമെന്നും 2009 ജൂലൈ 17-നു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ബി ഐ അന്വേഷണ സംഘം പറയുന്നുണ്ട്‌.

സിസ്‌റ്റര്‍ ഷേര്‍ളി, അച്ചാമ്മ , ത്രേസ്യാമ്മ എന്നിവരുടെ നാര്‍ക്കോ അനാലിസിസ്‌ പരിശോധന നടത്താന്‍ അനുവാദം തേടി സി ബി ഐ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. കെ.ടി മൈക്കിളിന്റെ നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ അനുവാദം തേടി സി ബി ഐ നല്‍കിയ അപേക്ഷ ഹൈക്കോടതിയും സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഈ സ്‌റ്റേ ഉത്തരവുകള്‍ ഒഴിവാക്കിക്കിട്ടാന്‍ സി ബി ഐ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.

2010 മേയ്‌ അഞ്ചിന്‌ മറ്റൊരു കേസില്‍ അന്നത്തെ സുപ്രീംകോടതി ചീഫ്‌ ജസറ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ പറയുന്നത്‌ നാര്‍ക്കോ അനാലിസിസ്‌, ബ്രെയിന്‍ മാപ്പിങ്‌, പോളിഗ്രാഫ്‌ തുടങ്ങിയ ശാസ്‌ത്രീയ കുറ്റാന്വേഷണ പരിശോധനകള്‍ നടത്താന്‍ അത്തരം കേസുകളിലെ കുറ്റാരോപിതരുടെ മുന്‍കൂര്‍ അനുവാദം രേഖാമൂലം വാങ്ങിയിരിക്കണമെന്നാണ്‌. അഭയ കേസുമായി ബന്ധപ്പെട്ട മുകളില്‍ പറഞ്ഞ ഈ നാലുപേരും രേഖാമുലം സമ്മതം നല്‍കിയിട്ടില്ലാത്തതിനാല്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധന നടത്താന്‍ ഈ സാഹചര്യത്തില്‍ സി ബി ഐയ്‌ക്ക്‌ കഴിഞ്ഞിട്ടുമില്ല.

നാര്‍ക്കോ അനാലിസിസ്‌ നടത്തുന്നതിനെതിരെ കോടതി സ്‌റ്റേ ഉള്ളതിനാല്‍ നിലവിലുള്ള മറ്റു തെളിവെടുപ്പ്‌ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ ഈ നാലു പേരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ നിര്‍ദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി ബി ഐ ഡയറക്‌ടര്‍ എ പി സിങ്ങിന്‌ അഭയക്കേസിലെ മുഖ്യ പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കഴിഞ്ഞ മാസം എട്ടിന്‌ പരാതി നല്‍കിയിരിക്കുകയാണ്‌. തിരുവനന്തപുരം സി ബി ഐ (സ്‌പെഷല്‍ ) കോടതിയില്‍ കേസ്‌ വാദിക്കാന്‍ ക്രിമനല്‍ കേസുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള പരിചയ സമ്പന്നനായ പ്രോസിക്യൂട്ടറെ സി ബി ഐ നിയോഗിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സിസ്‌റ്റര്‍ അഭയയുടെ മരണത്തിന്‌ 20 വയസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക