Image

സ്‌നേഹത്തിന്റെ വലിയ തമ്പുരാന് 101 വയസ്സ് : ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി വിശ്വാസലോകം

അനില്‍ പെണ്ണുക്കര Published on 26 April, 2018
സ്‌നേഹത്തിന്റെ വലിയ തമ്പുരാന് 101 വയസ്സ് : ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി വിശ്വാസലോകം
ചിരിയുടെയും,ചിന്തയുടെയും തമ്പുരാന് ഇന്ന് നൂറ്റിയൊന്ന് വയസ്സ് .ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച അഭിവന്ദ്യ ഇടയശ്രേഷ്ഠന് ഈ പിറന്നാള്‍ രാജ്യത്തിന്റെ ആദരവ് കൂടിയാണ് .ഭാരതം നല്‍കുന്ന പരമോന്നതെ ബഹുമതി പദ്മഭൂഷണ്‍ ലഭിച്ച ശേഷമുള്ള ആദ്യ പിറന്നാള്‍ .സഭയും വിശ്വാസികളും ആഘോഷിക്കുന്ന പിറന്നാള്‍ .പത്തനംതിട്ട ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രില്‍ 27ന് ആണ് ക്രിസോസ്റ്റം തിരുമേനി ജനിച്ചത്.

മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത് ആലുവ യു.സി കോളജ് ആയിരുന്നു. അതിനു ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തിയ അദ്ദേഹത്തിന് 1944ല്‍ ശെമ്മാശ, കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.1953ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007ല്‍ സ്ഥാനത്യാഗം ചെയ്തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം വലിയ മെത്രാപ്പൊലീത്ത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. വലിയ മെത്രാപോലീത്തയുടെ ജീവിതം ഇന്ന് ഏതെങ്കിലും ഒരു സഭയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹം ഒരു മെത്രാനായിട്ട് ആറരപ്പതിറ്റാണ്ടിലേക്കടുക്കുന്നു. പ്രായംകൊണ്ടും ഇടയശുശ്രൂഷയിലും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയ്‌ക്കൊപ്പം നില്‍ക്കാന്‍ മറ്റാരുമില്ല. അതുകൊണ്ടുതന്നെ െ്രെകസ്തവസഭകള്‍ക്കു മാത്രമല്ല, കേരളീയ സമൂഹത്തിനാകമാനം അദ്ദേഹം വലിയതിരുമേനി തന്നെയാണ്. പകരംവയ്ക്കാനില്ലാത്ത നാമം.

എല്ലാ ആളുകളെയും തമാശയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു മനസിലാക്കുവാനും രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒരേ ഒരാള്‍ ആണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത .ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ തിരുമേനി കണ്ടു കഴിഞ്ഞപ്പോള്‍ മലയാളം തിരുമേനിക്ക് മുന്നില്‍ തലകുനിച്ചു .ലോകമെങ്ങുമുള്ള സമൂഹത്തിനു താന്‍ ഇത്രത്തോളം സ്വീകാര്യന്‍ ആയിരിക്കുമെന്ന് തിരുമേനിപോലും കരുതിയിരിക്കില്ല.അച്ഛന്‍ മാരാമണ്‍ കണ്‍ കണ്‍ വന്‍ഷനു കൊടുത്തുവിട്ട പൈസയില്‍ അല്പമെടുത്തു കടല വാങ്ങി കൂട്ടുകാര്‍ക്കൊപ്പം കൊറിച്ചുനടന്ന ആ പയ്യന്‍ അറുപതു തവണ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രാസംഗികന്‍ ആയതു ചരിത്രം.തിരുമേനിയുടെ കൈ മുത്താത്ത സെലിബ്രിറ്റികള്‍ ഇല്ല.ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ നീളുന്നു ആ പട്ടിക.

ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും മെത്രാപോലീത്ത സാധാരണക്കാര്‍ക്കു കൂട്ടാണ്. അവരുടെ ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയും അദ്ദേഹം തികഞ്ഞ ഗൗരവത്തോടെ സമീപിക്കും. പക്ഷേ, മറുപടികള്‍ ലഘുവാകും. എനിക്ക് രണ്ട് സ്ത്രീകളെ മാത്രമേ അറിയൂവെന്ന് തിരുമേനി എപ്പോഴും പറയും. ഒന്ന് തന്റെ അമ്മയും രണ്ടാമത് തന്റെ സഹോദരിയും.
നര്‍മങ്ങളിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത തനിക്കു ജീവിതത്തില്‍ ലഭിച്ച മറ്റൊരു അനുഗ്രഹമായി അതിനെ കാണുന്നു. ചിരിയുടെ തമ്പുരാനെന്ന് മുദ്രകുത്തുമ്പോഴും ക്രിസോസ്റ്റം തിരുമേനിയുടെ ചിന്തകളുടെ അര്‍ഥവും ആഴവും വലുതാണ്.

നിത്യജീവിതത്തിലെ ആധ്യാത്മികതയ്‌കൊപ്പം മാനുഷിക മൂല്യങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന കണ്ണിയാണ് അദ്ദേഹം.
ദൈവത്തിന്റെ മഹാദാനമായി തന്റെ ജീവിതത്തെ കാണുന്ന വലിയ മെത്രാപോലീത്ത അതു മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. നൂറ്റിഒന്നിന്റെ നിറവില്‍ നില്‍ക്കുന്ന വലിയതിരുമേനി ജനഹൃദയങ്ങളെ കീഴടക്കിയത് ഈ നന്‍മയും ധാര്‍മിക വിശുദ്ധിയും ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്.എന്തും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന തിരുമേനിയുടെ ശൈലി കേരളജനത മനസാ ഏറ്റുവാങ്ങിയതാണ്.അതുകൊണ്ട് ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി മലയാളികള്‍ കാതോര്‍ക്കും .

സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ തിരുമേനി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട് .ഇപ്പോള്‍ തിരുവല്ല വൈ എം സി എ യുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള ചുക്കാന്‍ പിടിക്കുകയും അതിന്റെ എല്ലാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കുകയാണ് ഈ ചിരിയുടെ തമ്പുരാന്‍.

ഈ ദൈവനാവുകാരന് ഇ-മലയാളിയുടെ ജന്മദിനാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക