Image

ഇ-മലയാളി "ചര്‍ച്ചാ വേദി

Published on 16 March, 2012
ഇ-മലയാളി "ചര്‍ച്ചാ വേദി
അമേരിക്കന്‍ മലയാള സാഹിത്യം എന്നു നമ്മള്‍ ഇപ്പോള്‍ അടിക്കടി കേള്‍ക്കുന്ന
ഒരു പ്രസ്ഥാനം അമേരിക്കന്‍ മലയാളികള്‍ക്ക് ആവശ്യമുണ്ടോ?

അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റകാര്‍ ഒരു പക്ഷെ ഇവിടെ ഒരു "മലയാള സാഹിത്യം' വളര്‍ത്തണമെന്നോ, വളരാന്‍ സാദ്ധ്യതയുണ്ടെന്നോ വിചാരിച്ച് കാണില്ല. എന്നാലും ഗ്രഹാതുര സ്മരണകള്‍ അയവിറക്കികൊണ്ട് അവര്‍ ഓണവും, ക്രുസ്തുമസ്സും വിവിധ കലാ പരിപാടികളോടെ അവതരിപ്പിച്ചു. അന്നൊക്കെ മലയാള പ്രസിദ്ധീകരണങ്ങള്‍ ഇവിടെ വായിക്കാന്‍ കിട്ടുന്നത് അപൂര്‍വമായിരുന്നു.

കാലം മാറി.... കഥകള്‍ മാറി മാറി ഉണ്ടാകുന്നു, കവിതകള്‍ ഉണ്ടാകുന്നു. അമേരിക്കയിലങ്ങോളം ഇങ്ങോളം മലയാളത്തിന്റെ കനക ചിലങ്ക കിലുങ്ങുന്നു. അനേകം എഴുത്തുകാര്‍ രംഗപ്രവേശം ചെയ്യുന്നു. എഴുത്തുകാരുടെ സംഘടനകള്‍ ഉണ്ടാകുന്നു. ഒരാള്‍ തന്നെ കവിത, കഥ, ലേഖനം, നിരൂപണം, പത്രറിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. മിക്കവരും സര്‍വ്വകലാവല്ലഭന്മാരാകുന്നു. ഇന്നലെ വരെ ഇത്രമാത്രം സര്‍ഗ്ഗ പ്രതിഭ ഉള്ളിലൊതുക്കി അടങ്ങി കഴിഞ്ഞ ഇവരെ കണ്ട് ജനം അന്തം വിടുന്നു. എന്തോ ഒരു പന്തികേടു പലര്‍ക്കും അനുഭവപ്പെടുന്നു. വായനക്കാരില്ലെന്ന ശബ്ദം മുഴക്കി കൊണ്ട് എഴുത്തുകാര്‍ മുന്നേറുന്നു. ഇവിടത്തെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് വായനക്കാര്‍ക്ക് നാട്ടിലെ എഴുത്തുകാര്‍ എഴുതുന്നത് മതിയെന്നാണ്. പിന്നെയെന്തിന് ഇവിടെ എഴുത്തുകാര്‍ കഷ്ടപ്പെടുന്നു. അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ ഒരു പരിഹാസ പാത്രമാകുന്ന പോലെ ചില കമന്റുകള്‍ ശ്രദ്ധിക്കുക, കാശു കൊടുത്ത് എഴുതിക്കുന്നു, അവാര്‍ഡുകള്‍ കാശ് കൊടുത്ത് വാങ്ങുന്നു, പുസ്തകം സ്വന്തം ചിലവില്‍ അച്ചടിക്കുന്നു, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സൃഷ്ടികള്‍ നാട്ടിലെ പത്രങ്ങളില്‍ വരുന്നില്ല. ആരും വായിക്കാനില്ലെന്ന് എഴുത്തുകാര്‍ തന്നെ പരാതിപ്പെടുന്നു.

പണ്ടും പ്രവാസ എഴുത്തുകാര്‍ എഴുതിയിരുന്നു. ഡല്‍ഹിയില്‍ നിന്നും മുകുന്ദനും, വിജയനും, വി.കെ.എന്നും എഴുതി. അവരൊക്കെ അവരുടെ സൃഷ്ടികള്‍ നാട്ടിലാണ് പ്രസിദ്ധീകരിച്ചത്. അതെ പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടില്‍ മാത്രം പ്രസിദ്ധീകരിക്കണോ.?. അതോ അമേരിക്കന്‍ മലയാള സമൂഹത്തില്‍ വേറിട്ട് ഒരു മലയാളസാഹിത്യം രൂപംകൊള്ളണോ?.

എല്ലാ മലയാളികളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നു. നല്ല ചര്‍ച്ചകളിലൂടെ പലതും അറിയാനും, നേടാനും സാധിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക. പരസ്പരം സ്പര്‍ദ്ധ പുലര്‍ത്തിയും പരാതിപ്പെട്ടും കഴിയുന്നതിനു പകരം നല്ല ചര്‍ച്ചകളിലൂടെ നല്ല ധാരണയിലെത്തുക, വായനക്കാരും എഴുത്തുകാരും തമ്മില്‍ സഹകരിക്കുക.

നമ്മളെല്ലാം മാതൃഭാഷ സ്‌നേഹികളാണു. ഈ വിദേശത്ത് നമ്മുടെ ഭാഷക്ക് വളര്‍ച്ചയും വികാസവും ഉണ്ടാകുന്നെങ്കില്‍ അത് എത്ര അനുഗ്രഹപ്രദമാണ്. മലയാള ഭാഷക്ക് വേണ്ടി നില കൊള്ളുന്ന ഇ-മലയാളിയുടെ പ്രവര്‍ത്തകര്‍ക്ക് ഈ ചര്‍ച്ച സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
write below
editor@emalayalee.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക