Image

പ്രിയ താജ്, നിന്നെയും കാവിപുതപ്പിക്കുന്നുവോ? (ദല്‍ഹി കത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 23 October, 2017
പ്രിയ താജ്, നിന്നെയും കാവിപുതപ്പിക്കുന്നുവോ? (ദല്‍ഹി കത്ത് - പി.വി.തോമസ്)
ആഗ്രയിലെ താജ്മഹല്‍ ഇന്‍ഡ്യയുടെ ചരിത്ര സാംസ്‌ക്കാരിക പൈതൃകത്തിന് ഒരു കളങ്കം ആണെന്നും അത് ഒരു ശിവക്ഷേത്രം ആയിരുന്നുവെന്നും ഉള്ള സംഘപരിവാറിന്റെ പഴയവാദം ഇപ്പോള്‍ സംഘികളായ ചിലനിയമനിര്‍മ്മാതാക്കള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താജ്മഹലിനെ ഉത്തര്‍പ്രദേശിലെ വിനോദസഞ്ചാര പ്രധാന ചരിത്ര സ്മാരക പട്ടികയില്‍ സംസ്ഥാന ഗവണ്‍മെന്റ് ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലി ഒരു വന്‍വിവാദം ഉയര്‍ന്നതാണ്. കാരണം ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഭരിക്കുന്നത് ബി.ജെ.പി.ആണ്. മുഖ്യമന്ത്രി ഒരു യോഗിയും. ഇവരുടെ മുസ്ലീം വിരുദ്ധതയുടെ ഫലം ആയി മുഗള്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായ താജ്മഹലിനെ വിനോദസഞ്ചാര ഭൂപടത്തില്‍ നിന്നും മനഃപൂര്‍വ്വം ഒഴിവാക്കി എന്നതായിരുന്നു ആരോപണം. ആ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ഏതാന് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നിയമസഭയിലെ ഒരു ബി.ജെ.പി. അംഗം, സംഗീത് സോം, വീണ്ടും താജ് വിരുദ്ധപ്രചരണവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സോം മുസഫര്‍നഗര്‍ ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപത്തിലെ ഒരു പ്രധാനപ്രതിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം താജ് ഇന്‍ഡ്യയ്ക്ക് ഒരു കളങ്കം ആണ്. രവീന്ദ്രനാഥ ടാഗോര്‍ ഈ പ്രണയ കാവ്യത്തെ വിശേഷിപ്പിച്ചത് കാലത്തിന്റെ കവിളിലെ ഒരു കണ്ണുനീര്‍ തുള്ളി എന്ന് ആണ്. പക്ഷേ, ഈ തെമ്മാടി രാഷ്ട്രീയക്കാരന് ഇത് ഒരു ചരിത്ര-സംസ്‌ക്കാര കളങ്കം ആണ്! അദ്ദേഹം ചോദിച്ചു എന്താണ് താജിന്റെ ചരിത്ര-സാംസ്‌ക്കാരിക പ്രസക്തി? താജ് എന്ത് ചരിത്രം ആണ് നല്‍കുന്നത്? എന്ത് സംസ്‌ക്കാരത്തെ ആണഅ പ്രതിനിധീകരിക്കുന്നത്? താജ് ഇന്‍ഡ്യന്‍ സംസ്‌ക്കാരത്തിന്റെയോ ചരിത്രത്തിന്റെയോ ഭാഗം അല്ല എന്ന് സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. ശരിയാണ്. അതാണ് സംഘപരിവാറിന്റെ സൗന്ദര്യ-ചരിത്ര-സംസ്്ക്കാര വീക്ഷണം. അവര്‍ ഒരിക്കലും ഒരു ബഹു സംസ്‌ക്കാര-വിശ്വാസ സമുദായത്തെ അംഗീകരിക്കുന്നില്ല. പക്ഷേ, അതാണ് ഇന്‍ഡ്യ. അതാണ് താജ്. ഒരു താജ് മഹല്‍ മാത്രമെ ഇന്‍ഡ്യക്കുള്ളൂ. ലോകത്തിനും. ചരിത്രത്തെയും സാംസ്‌ക്കാരിക പൈതൃകത്തെയും തിരുത്തി എഴുതുവാനുള്ള സംഘപരിവാറിന്റെ സംരംഭം നിന്ദ്യാര്‍ഹമാണ്.

സംഗീത് സോമിന്റെ അജ്ഞാനിയുടെ വേദപുസ്തകത്തില്‍ നിന്നും ഉള്ള ജല്പനത്തിന്റെ അനുബന്ധനം ആയിട്ടാണഅ ബി.ജെ.പി. രാജ്യസഭ അംഗം വിനയകട്ട്യാറിന്റെ പ്രകോപനകരമായ പ്രഖ്യാപനം വരുന്നത്. അദ്ദേഹം ആവര്‍ത്തിച്ചു താജ് ഒരു ശിവക്ഷേത്രം ആയിരുന്നുവെന്ന്. ഇത് വളരെ പഴയ ഒരു രാഷ്ട്രീയ സ്വയം സേവക് സംഘ തിയറി ആണ്. ഇതിന് യാതൊരുവിധ ചരിത്ര സാക്ഷ്യവും ഇല്ല. ഇതുപോലുള്ള അവകാശവാദങ്ങളുടെ ഭാഗമായി മഥൂരയിലെ ഒരു മുസ്ലീം പള്ളി ശ്രീകൃഷ്ണ ജന്മഭൂമി ആണെന്നും വേളാങ്കണ്ണി മാതാവിന്റെ ദേവാലയം ഒരു ഹൈന്ദവക്ഷേത്രം ആയിരുന്നുവെന്നും ഒക്കെ വിവാദങ്ങള്‍ ഉണ്ട്.

കട്ട്യാര്‍, ബാബരിമസ്ജിദ്/ ഭേദന മുന്നേറ്റത്തിന്റെ ഒരു മുന്നണിശില്പി, ഉത്തര്‍പ്രദേശിലെ ഫയ്‌സാബാദില്‍ ഒക്ട്‌ടോബര്‍ 18-ാം തീയതി പറഞ്ഞത് അനുസരിച്ച് താജ്മഹല്‍ ഒരു ശിവക്ഷേത്രം ആയിരുന്നു. എനിക്ക് ഇത് ഒരു പുതിയ വാര്‍ത്തയൊന്നും അല്ല. ഇതുപോലുള്ള ആരോപണ-അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പല പ്രാവശ്യം പ്രമുഖ മാധ്യമങ്ങളില്‍ ഗവേഷണം നടത്തി എഴുതിയിട്ടുള്ളത് ആണ്. അപ്പോള്‍ എ്ന്താണ് കട്ട്യാര്‍ വീണ്ടും പറയുന്നത്? നോക്കാം. താജ് മഹല്‍ തേജോ മഹല്‍ എന്ന ഒരു ശിവക്ഷേത്രം ആയിരുന്നു. അവിടെ ശിവന്റെ ഒരു വിഗ്രഹം ഉണ്ടായിരുന്നു. മുഗള്‍ചക്രവര്‍ത്തി ഷാജഹാന്‍ ആ വിഗ്രഹത്തെ അവിടെനിന്നും മാറ്റി തേജോമഹലിനെ ഒരു ശവസംസ്‌ക്കാര ഭൂമി ആക്കി. അദ്ദേഹത്തിന്റെ ഭാര്യ മുംതാസ് മഹലിനെ അവിടെ സംസ്‌ക്കരിച്ചു. അങ്ങനെ ഒരു ശിവക്ഷേത്രത്തെ ഒരു ശവക്കല്ലറയാക്കി. അതിനായി ക്ഷേത്രത്തിന്റെ നാലു ഭാഗത്തും ഓരോ ഗോപുരങ്ങള്‍ പണിതു. അങ്ങനെ അതിന് ഒരു മോസ്‌ക്കിന്റെ ആകൃതി നല്‍കി. അതിനെ താജ്മഹല്‍ എന്ന് പേരും ഇട്ടു.

താജ്മഹലിന്റെ നെറുകയിലെ ചന്ദ്രക്കല ശിവജഡയിലെ ചന്ദ്രക്കല ആണെന്നും അവകാശം ഉണ്ട്. എന്താണ് ഇതിന്റെ ഒക്കെ തെളിവ്? ചരിത്രമോ, കെട്ടുകഥയോ, മാനസിക വിഭ്രാന്തിയോ?
1989 ല്‍ പി.എന്‍.ഓക്ക് എന്നൊരു സായ്പ്പ് ഇതു സംബന്ധിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. ഇതാണ് സംഘപരിവാറിന്റെ വേദപുസ്തകം. ഇതുപ്രകാരം-താജ്മഹല്‍, ദ ്ട്രൂ സ്റ്റോറി- തേജോ മഹാലയ് എന്ന ശിവക്ഷേത്രം 1155-ല്‍ പണിതത് ആണ്. അത് മുളന്മാരുടെ ആഗമനത്തിന് വളരെ മുമ്പെ ആയിരുന്നു. അതാണ് പിന്നീട് താജ്മഹല്‍ ആയത്. പക്ഷേ, 2015 നവംബറില്‍ ലോകസഭയില്‍ മോഡി ഗവണ്‍മെന്റിന്റെ സാംസ്‌ക്കാരിക മന്ത്രാലയം ഒരു ചോദ്യത്തിന് ഉത്തരമായി നല്‍കിയ രേഖ പ്രകാരം താജിന്റെ സ്ഥാനത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നതിനായി യാതൊരു തെളിവും ഇല്ലത്രെ. പക്ഷേ, സംഘപരിവാര്‍ താജിനെ ഇന്‍ഡ്യ ചരിത്രത്തിലെ ഒരു കളങ്കമായിട്ടും അമ്പലഭേദനത്തിന്റെ ഭാഗമായിട്ടും കാണുന്നു. ഇന്‍ഡ്യാചരിത്രം തന്നെ അബദ്ധ ജഡിലം ആണെന്നും തിരുത്തി എഴുതപ്പെടേണ്ടതാണെന്നും ഇവര്‍ വാദിക്കുന്നു.

സംഗീത് സോമും വിനയകട്ട്യാറും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. യോഗി ആദിത്യനാഥ് ഇപ്പോള്‍ ഇവരില്‍ നിന്നും സൗകര്യപൂര്‍വ്വമായ ഒരു ദൂരം സൂക്ഷിക്കുന്നുണ്ടെങ്കിലും താജിനെക്കുറിച്ചും അതിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളവ ഇതു തന്നെയാണ്. താജ് ഇന്‍ഡ്യന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകം അല്ല. ഇപ്പോള്‍ അദ്ദേഹം ഒരു ആപത്ത് തടയല്‍ പ്രക്രിയ എന്നവണ്ണം താജ് നിര്‍മ്മിച്ചത് ഇന്‍ഡ്യാക്കാരായ തൊഴിലാളികളുടെ ചോരയും വിയര്‍പ്പും കൊണ്ടാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അദ്ദേഹവും താജിനെ ദേശീയ പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. ഇപ്പോഴത്തെ പ്രസ്താവനകള്‍ ഒരു ഭരണാധികാരിയുടെ, രാഷ്ട്രീയക്കാരന്റെ കാപട്യത്തിന്റെ ഭാഗം മാത്രം ആണ്.

താജിനെ സോമും കട്ട്യാറും തള്ളിപറഞ്ഞതിന്റെ പ്രതികരണം ആയി മുസ്ലീം മത രാഷ്ട്രീയ നേതാക്കന്മാര്‍ റെഡ് ഫോട്ടും, പാര്‍ലിമെന്റും, രാഷ്ട്രപതി ഭവനം ഇടിച്ചു നിരത്തുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതുമായ ചെങ്കോട്ടയും മുഗളന്മാരുടെ സൃഷ്ടിയാണ്.

ഇന്‍ഡ്യക്ക് ഒരു സമ്മിശ്ര സംസ്‌ക്കാര-ചരിത്ര-കലാ പൈതൃകം ആണ് ഉള്ളത്. ഗോവയും, പോണ്ടിച്ചേരിയും, മഹാരാഷ്ട്രയും, ഉത്തര്‍പ്രദേശും, പഞ്ചാബും, കാശ്മീരും, കേരളവും എല്ലാം ഇതിന് ഉദാഹരണം ആണ്. ഇന്‍ഡ്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയും, ക്രിസ്ത്യന്‍ ദേവാലയവും, ജൂദപള്ളിയും നിലകൊള്ളുന്ന കേരളം അതില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടത്. അതിനെ അധിനിവേശ സംസ്‌ക്കാരത്തിന്റെ അടയാളമായി അപലപിക്കുന്നത് സംസ്‌ക്കാര നിന്ദയാണ്. താജ് മഹലും അയോദ്ധ്യയിലെ രാമക്ഷേത്രവും, അവിടത്തെ തന്നെ ബാബരിമസ്ജിദ്ദും, അജന്ത-യെല്ലോറ ഗുഹകളും, സൂര്യക്ഷേത്രവും, കജൂരാഹോ രതിവിഗ്രഹങ്ങളും ഇന്‍ഡ്യയുടെ തന്നെ സാംസ്‌ക്കാരിക-ചരിത്ര പൈതൃക ചിഹ്നങ്ങളാണ്. എന്തിന് അവയെ കളങ്കമായി കാണണം. അധമന്റെ വേദപുസ്തകത്തില്‍ മാത്രമെ അവ കളങ്കം ആവുകയുള്ളൂ. താജ്മഹല്‍ ശിവക്ഷേത്രം പൊളിച്ച്, അല്ലെങ്കില്‍ രൂപഭേദം നടത്തി നിര്‍മ്മിച്ചത് ആണെന്ന് സ്ഥാപിക്കുവാന്‍ എന്ത് പുരാവസ്തു- വാസ്തു ശില്പ- ചരിത്രതെളിവ് ആണ് ഉള്ളത്? ശിവക്ഷേത്രം ഉണ്ടായിരുന്നുവെങ്കില്‍ അതിന് മുമ്പ് ഒരു ബുദ്ധക്ഷേത്രം ഇല്ലായിരുന്നു അവിടെ എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? സംഗീത് സോമുമാരും വിനയ് കട്ട്യാര്‍മാരും ആണ് ആധുനീക ഭാരതത്തിന്റെ തീരാകളങ്കം.

യോഗി ആദിത്യനാഥ് 1, 87, 213 മണ്‍വിളക്കുകള്‍ അയോദ്ധ്യയില്‍ ദീപാവലി ദിവസം
തെളിയിച്ചുകൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയതുകൊണ്ടൊന്നും ഈ കളങ്കം തീരുകയില്ല. അല്ലെങ്കില്‍ 1000 അടി ഉയരമുള്ള ശ്രീരാമപ്രതിമ സരയൂനദിക്കരയില്‍(അയോദ്ധ്യ) പടുത്തുയര്‍ത്തിയതുകൊണ്ടോ മതത്തിന്റെ പേരിലുള്ള നരനായാട്ടോ മനുഷ്യാവകാശ ധ്വംസനത്തിന്റെ കളങ്കമോ കഴുകി കളയുവാന്‍ ആവുകയില്ല.

പ്രിയ താജ്, നിന്നെയും കാവിപുതപ്പിക്കുന്നുവോ? (ദല്‍ഹി കത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക