-->

EMALAYALEE SPECIAL

സിസ്റ്റര്‍ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും (ജോസഫ് പടന്നമാക്കല്‍)

Published

on

കോട്ടയം പയസ് മൌണ്ട് കോണ്‍വെന്റിലെ അന്തേവാസിനിയായിരുന്ന സിസ്റ്റര്‍ അഭയ മരിച്ചിട്ട് കാല്‍നൂറ്റാണ്ടില്‍പ്പരം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 'സിസ്റ്റര്‍ അഭയക്കൊലക്കേസ്' 1990 കാലങ്ങളിലെ പ്രക്ഷുബ്ധമായ വാര്‍ത്തകളില്‍ ഒന്നായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ തീ കെട്ടടങ്ങിയിട്ടില്ല. ഇത് ഒരു പാവം പെണ്‍കുട്ടിയുടെ ദാരുണമായ കഥയാണ്. നിയമത്തിനും നീതിക്കും ബലമില്ലെന്ന സത്യം അഭയക്കൊലക്കേസ് ചൂണ്ടി കാണിക്കുന്നു. ദരിദ്രര്‍ക്കും ബലഹീനര്‍ക്കും നീതി നിഷേധിക്കപ്പെടുന്നതിന്റെ അടയാളമാണ് അവര്‍. ഇന്ത്യന്‍ കോടതികളുടെ നീക്കങ്ങള്‍ വളരെ സാവധാനമായതുകൊണ്ടു ഈ കേസ് ഇന്നും അവസാനിപ്പിച്ചിട്ടില്ല. അതിലെ കുറ്റക്കാരെ ശിക്ഷിച്ചുമില്ല. കേസിനോടനുബന്ധിച്ചു 2008-ല്‍ രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രിയെയും അറസ്റ്റു ചെയ്തിരുന്നു.

കോട്ടയം സമീപമായി അരീക്കരയെന്ന സ്ഥലത്ത് വെറും സാധാരണ കര്‍ഷകനായി ജീവിച്ച അയക്കരക്കുന്നേല്‍ തോമസിന്റെ മകളായിട്ടാണ് അഭയ ജനിച്ചത്. വീട്ടിലെ സാമ്പത്തിക ഭദ്രത ഇല്ലായ്മയാലും കല്ല്യാണപ്രായം വരുമ്പോള്‍ വിവാഹം കഴിപ്പിക്കാന്‍ നിവൃത്തിയില്ലാത്തതിനാലും, ചില കന്യാസ്ത്രികളുടെ പ്രേരണയാലുമാണ് ഈ പെണ്‍കുട്ടി അന്ന് മഠത്തില്‍ ചേര്‍ന്നത്. കൊല നടക്കുന്ന സമയം ഈ പത്തൊമ്പതുകാരി, ക്‌നാനായ സമുദായ വക സെന്റ് ജോസഫ്‌സ് കോണ്‍വെന്റില്‍ നൊവിഷ്യറ്റായി പ്രീഡിഗ്രിക്കു പഠിച്ചിരുന്നു. പിറ്റേ ദിവസം പരീക്ഷയായിരുന്നതുകൊണ്ട് നേരം അതിക്രമിച്ചിട്ടും അവള്‍ ഉറങ്ങിയിരുന്നില്ല.

1992 മാര്‍ച്ച് ഇരുപത്തിയേഴാം തിയതി അതിരാവിലെ അഭയയെ കാണുന്നില്ലെന്ന് വിവരം വന്നു. ദൃക് സാക്ഷി വിവരം അനുസരിച്ച് അവരെ മാര്‍ച്ച് ഇരുപത്തിയേഴാം തിയതി വെളുപ്പിനെ നാലുമണിക്ക് വെള്ളം കുടിക്കാനായി അടുക്കളയില്‍ പോയതായി കണ്ടവരുണ്ട്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ അടിയില്‍ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. മറ്റേ ചെരിപ്പ് ഹോസ്റ്റലിന്റെ കിണറിന്റെ സമീപവും. പെട്ടെന്ന് തന്നെ അവരുടെ ശരീരം കിണറിനുള്ളില്‍ കാണപ്പെട്ടു. പോസ്റ്റ് മാര്‍ട്ടം ചെയ്യാന്‍ മൃതശരീരം അയച്ചപ്പോള്‍ ശരീരത്തില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകമെന്ന് നല്ല തെളിവുകള്‍ ഉണ്ടായിട്ടും അഭയ മുങ്ങി മരിച്ചതെന്നും ആത്മഹത്യയെന്നും വരുത്തി വെച്ച് ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട് തയാറാക്കി.

ആദ്യം അഭയായുടെ മരണം പത്രങ്ങളില്‍ വെറും ചരമയറിയിപ്പുകള്‍ പോലെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകളുടെ പ്രവാഹമായി മാറുകയായിരുന്നു. സംഭവങ്ങളുടെ നൂലാമാലകള്‍ കേരള കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. കുറ്റാന്വേഷണങ്ങള്‍, സാമൂഹികമായ ഉരസലുകള്‍, ഒച്ചപ്പാടുകള്‍, രാഷ്ട്രീയക്കളികള്‍, സമുദായത്തിന്റെ പ്രതികളെ രക്ഷിക്കാനുള്ള നെട്ടോട്ടങ്ങള്‍, കേസിലേക്ക് കോടികളുടെ പണത്തിന്റെ ഒഴുക്ക് ഇതെല്ലാം അഭയാക്കേസിന്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും കൊലക്കേസിന് നാളിതുവരെയും ഒരു അവസാന തീരുമാനം കല്പിച്ചിട്ടില്ല. സ്ഥലത്തെ പോലീസ് അന്ന് അന്വേഷണങ്ങളുമായി മുമ്പോട്ട് പോയി. പക്ഷെ കുറ്റാന്വേഷണത്തില്‍ മുഴുകിയിരുന്ന ഓഫിസര്‍മാര്‍ അഭയായുടെ മരണം ഒരു ആത്മഹത്യയായി സ്ഥിതികരിക്കുകയായിരുന്നു.

1992-ല്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ അഭയക്കേസിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്കുവാനാവശ്യപ്പെട്ടുകൊണ്ട് ഒരു കമ്മറ്റി രൂപീകരിച്ചു. അന്വേഷണത്തില്‍ പോരായ്മകളും പരിമിതികളും ചൂണ്ടിക്കാണിച്ച് അതിനെതിരായി സാമൂഹിക പ്രവര്‍ത്തകരും മുമ്പോട്ടു വന്നിരുന്നു. കൂടാതെ സിബിഐ ഈ കേസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു 67 കന്യാസ്ത്രികള്‍ ഒപ്പിട്ട ഒരു പെറ്റിഷന്‍ മുഖ്യമന്ത്രിക്കും അയച്ചു. 1993 മാര്‍ച്ച് ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ. പുതിയ അന്വേഷണം ആരംഭിച്ചു. അഭയാക്കേസിന്റെ ഘാതകനെ കണ്ടുപിടിക്കുമെന്നു പ്രതിജ്ഞ ചെയ്ത ജോമോന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ കാശു തട്ടുന്നുവെന്ന ആരോപണങ്ങളുമായി അഭയായുടെ പിതാവ് തന്നെ രംഗത്തു വന്നിരുന്നു. അതിനിടയ്ക്ക് ശ്രീ പുത്തന്‍പുരയ്ക്കല്‍ പത്ര ആഫീസുകള്‍ കയറിയിറങ്ങി അഭയ മരണത്തിനുമുമ്പ് ബലാല്‍സംഗം ചെയ്തുവെന്ന വാര്‍ത്തയും ഇറക്കി. ആ വാര്‍ത്തയുടെ നായകനായി അയാള്‍ അവിടെ നിറഞ്ഞു നിന്നിരുന്നു. ഈ കേസ് മറ്റാരും കൈകാര്യം ചെയ്യരുതെന്ന ദുരുദ്ദ്യേശ്യവും അയാള്‍ക്കുണ്ടായിരുന്നു. കേസ് ഡയറിയുമായി ബോളിവുഡ് ഫിലിമിന്റെ പ്രൊഡക്ഷനിലും പങ്കാളിയാകാനും സാധിച്ചു. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ചിരുന്ന ശ്രീ പുത്തന്‍പുരക്കല്‍ കോടതികള്‍ക്കു പോലും ശല്യങ്ങളായിരുന്നുവെന്നു പരാമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടി സമരിയാക്കാരനായി അഭിനയിച്ചു നടക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കലെന്നും പറയുന്നു. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും തടസം നിന്നതും ഇദ്ദേഹമായിരുന്നു.

സിബിഐ ഓഫിസര്‍ വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ അന്ന് കേസ് സി ബി ഐ ഏറ്റെടുത്തു. വര്‍ഗീസ് പി തോമസ് ഈ കേസ് കൈകാര്യം ചെയ്യുകയും ഇതൊരു കൊലപാതകമെന്ന് ഡയറിയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അക്കൊല്ലം ഡിസംബര്‍ മാസത്തില്‍ കാര്യങ്ങള്‍ ഒന്നുകൂടി വഷളാവുകയായിരുന്നു. കേസന്വേഷണത്തില്‍ നിന്നും പിന്മാറി ശ്രീ വര്‍ഗീസ് തോമസ് തന്റെ ജോലി രാജിവെക്കുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹം ഒരു പ്രസ് കോണ്‍ഫെറന്‍സ് വിളിച്ചുകൂട്ടി സത്യമായ ദിശയില്‍ കേസന്വേഷിക്കാന്‍ തന്റെ മേലുദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലായിരുന്നുവെന്നും പറഞ്ഞു. 1994 ജനുവരിയില്‍ കൊച്ചിയില്‍ നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സില്‍ 'തന്റെ മനസാക്ഷി തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അനുവദിക്കാത്തതുകൊണ്ടു ജോലി രാജി വെച്ചുവെന്നു' അറിയിച്ചു. കേസ് ഡയറിയില്‍ 'അഭയാ' ആത്മഹത്യ ചെയ്തെന്ന് എഴുതുവാന്‍ ഉന്നത ഓഫിസര്‍മാരില്‍ നിന്ന് സ്വാധീനമുണ്ടായിരുന്നു. സിബിഐ യുടെ കൊച്ചി യൂണിറ്റ് മേധാവിയായിരുന്ന ത്യാഗരാജനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ഒരു പെറ്റിഷന്‍ ഫയല്‍ ചെയ്തിരുന്നു. 1994-ല്‍ ഏതാനും എംപി മാരും ത്യാഗരാജനെ ആ സ്ഥാനത്തുനിന്നും മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. തന്മൂലം ശ്രീ എം.എല്‍.ശര്‍മ്മ സിബിഐ ഡയറക്റ്റര്‍ ആയി അഭയായുടെ ചുമതലകള്‍ വഹിക്കാന്‍ നിയമിതനായി.

ഈ കേസിനെ സംബന്ധിച്ചു സി ബി ഐ തയാറാക്കിയ 1996-ലെ ആദ്യത്തെ റിപ്പോര്‍ട്ടില്‍ അഭയാ കൊല്ലപ്പെട്ടതോ, ആത്മഹത്യയോ എന്നത് സ്ഥിതികരിച്ചില്ല. അതിനുശേഷം മൂന്നു കൊല്ലം കഴിഞ്ഞു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതൊരു കൊലപാതകമായിരുന്നുവെന്നു സ്ഥിതികരിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ കുറ്റവാളികള്‍ ആരെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 2005-ല്‍ സിബിഐ മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ക്‌നാനായ രൂപതയില്‍ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉള്‍പ്പടെ നാലുപേരെ പ്രതികളാക്കിയിരുന്നു. രൂപതയുടെ ചാന്‍സലരായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതുക്കയില്‍, കന്യാസ്ത്രി സിസ്റ്റര്‍ സെഫി, ഹോസ്റ്റലിലെ ഒരു അന്തേവാസി എന്നിവരെ നാര്‍ക്കോട്ടിക് ടെസ്റ്റിന് വിധേയമാക്കി. 2008 നവംബര്‍ പത്തൊമ്പതാം തിയതി അവരില്‍ പുരോഹിതരും കന്യാസ്ത്രിയുമടക്കം മൂന്നുപേരെ സി.ബി.ഐ. അറസ്റ്റു ചെയ്തു.

പയസ് കോണ്‍വന്റിലുള്ള സിസ്റ്റര്‍ സെഫി കോടാലികൊണ്ടു അഭയായുടെ തലയ്ക്കിട്ടു മൂന്നു പ്രാവശ്യം തല്ലിയെന്നു എറണാകുളത്തെ ചീഫ് മജിസ്റെറ്റിനോട് സിബിഐ വെളിപ്പെടുത്തി, കോടാലിയുടെ കൈപിടികൊണ്ടു വലത്തെ ചെവിയില്‍ രണ്ടുപ്രാവശ്യം തല്ലിയ വിവരവും മൂന്നാമത്തേത് തലയിലെന്ന വിവരവും കോടതിയെ അറിയിച്ചു. സംഭവിച്ചതു മുഴുവന്‍ കോണ്‍വെന്റിലെ അടുക്കളയില്‍ വച്ചായിരുന്നു. തലയില്‍ തല്ലിയ ഉടന്‍ അഭയാ ബോധം കെട്ടു പോയിരുന്ന വിവരവും സിബിഐ അറിയിച്ചു. കിണറ്റില്‍ അഭയ മരിച്ചുവെന്ന് ബോദ്ധ്യം വന്ന ശേഷമാണ് കുറ്റവാളികള്‍ അവിടെനിന്നും പോയത്. കുറ്റവാളികളില്‍ തോമസ് കോട്ടൂര്‍ ഒന്നാം പ്രതിയും പുതുക്ക രണ്ടാം പ്രതിയും സെഫി മൂന്നാം പ്രതിയുമാണ്. തലയില്‍ അടിയേറ്റശേഷം ബോധ രഹിതയായ അഭയായുടെ ശരീരം സിസ്റ്റര്‍ സെഫിയുടെ സഹായത്തോടെ വലിച്ചിഴച്ച് കിണറ്റില്‍ വലിച്ചെറിഞ്ഞു. അഭയായുടെ മരണം തീര്‍ച്ചയാക്കുന്നവരെ മൂന്നുപേരും അവിടെ കാത്തിരുന്നുവെന്നും സിബിഐ പറഞ്ഞു.

അഭയാ കിണറ്റില്‍ മരിച്ചതിനുശേഷം കുറ്റവാളികള്‍ അടുക്കളയുടെ വാതില്‍ പുറത്തുനിന്നു പൂട്ടി. തെളിവുകളെല്ലാം ഉടന്‍ തന്നെ നശിപ്പിക്കാന്‍ പ്രതികള്‍ ആരംഭിക്കുകയും ചെയ്തു. ഇരുപത്തിയാറു വയസുള്ള സിസ്റ്റര്‍ സെഫി അഭയായുടെ തലയ്ക്കിട്ടു ഒരു കോടാലികൊണ്ടു അടിച്ച വിവരം സിബിഐ വെളിപ്പെടുത്തിയപ്പോള്‍ കത്തോലിക്കാ സമുദായവും പ്രത്യേകിച്ച് ക്‌നാനായ സമുദായവും ഒരു ഞെട്ടലോടെയാണ് വാര്‍ത്ത ശ്രവിച്ചത്. കോണ്‍വെന്റിലെ അടുക്കളയുടെ സമീപമായി ഒരു ചെറിയ മുറിയില്‍ ലൈംഗികത പങ്കിടുന്നത് അഭയാ കണ്ടതായിരുന്നു ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. സ്വന്തം മാനം നഷ്ടപ്പെടുമെന്ന ഭയം വൈകാരികമായ സ്‌ഫോടനമുണ്ടാക്കിയിരുന്നു.

സിബിഐ കോടതിയില്‍ പറഞ്ഞു, ഈ രണ്ടു പുരോഹിതരും കന്യാസ്ത്രീയും കൂടി സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ അഭയായുടെത് ആത്മഹത്യയെന്ന് വരുത്തി വെക്കാന്‍ എല്ലാ തെളിവുകളും നശിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യഗസ്ഥരെയും സ്ഥലത്തെ പോലീസുകാരെയും പിന്നീട് ക്രൈം ബ്രാഞ്ചിനെ തന്നെ സ്വാധീനിക്കുകയും ചെയ്തു. ഇതില്‍ കുറ്റവാളികള്‍ മറ്റു പലരുമുണ്ടെങ്കിലും വ്യക്തമായ തെളിവുകളോടെ ഇവരെ മാത്രമേ ഈ കൊലപാതകമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നുമില്ല. ഡോക്ടര്‍ സി രാധാകൃഷ്ണന്‍ തയ്യാറാക്കിയ മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടിലും മൂന്നു ഗുരുതരമായ മുറിവുകള്‍ തലയില്‍ കണ്ടുവെന്നുണ്ടായിരുന്നു. സിബിഐ യ്ക്ക് എതിരെ പ്രതിഷേധ റാലികളും മറ്റു പ്രകടനങ്ങളും ക്‌നാനായ സമുദായം സംഘടിപ്പിക്കുന്ന വിവരവും സിബിഐ കോടതിയെ ബോദ്ധ്യപ്പെടുത്തി. പ്രധാന ഉദ്ദേശ്യം കേസ് അട്ടിമറിക്കാനെന്നും കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ കൃത്യമായി കണ്ട ഒരു സാക്ഷി, 'സഞ്ജു മാത്യുവിന്റെ' വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രിയെയും സിബിഐ അന്ന് കസ്റ്റഡിയില്‍ എടുത്തത്. ഈ കേസ് അന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ ശ്രീ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ചിങ്ങവനം ചാലിച്ചറയില്‍ വീട്ടില്‍ കൈകളില്‍ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അഗസ്റ്റിന്റെ ശരീരം കണ്ടെത്തിയത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്വം സിബിഐ ആണെന്നും അവരുടെ പീഡനങ്ങളില്‍ പൊറുതി മുട്ടി മരിക്കുന്നുവെന്നും നാലു വരികളുള്ള ഒരു ആത്മഹത്യക്കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. അഭയാ ആത്മഹത്യ ചെയ്ത വിവരം അന്ന് തയ്യാറാക്കിയത് ശ്രീ അഗസ്റ്റിനായിരുന്നു. അഭയാ കൊല്ലപ്പെട്ട ശേഷം നിര്‍ണ്ണായകമായ പല തെളിവുകളും നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തത് മരിച്ച അദ്ദേഹമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് 1996, 1999, 2005 എന്നീ വര്‍ഷങ്ങളില്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയുടെ അനുവാദം തേടി ഒരു റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍ മൂന്നു തവണയും സിബിഐ യുടെ അപേക്ഷ എറണാകുളം ജുഡീഷ്യല്‍ കോടതി തള്ളിക്കളയുകയായിരുന്നു. അന്വേഷണം തുടരാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് മൂന്നു പ്രതികള്‍ക്കും കുറ്റപത്രം നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് സിബി ഐ സ്ഥിതികരിച്ചിട്ടുണ്ടങ്കിലും കേസിനു ഒരു തുമ്പും കിട്ടാതെ തീരുമാനമാകാതെ കേസ് നീട്ടിക്കൊണ്ടു പോവുന്നു. അഭയാക്കേസിന്റെ വഴിതിരിച്ചുവിട്ട അദൃശ്യ ശക്തികള്‍ കേസിനെ ഇല്ലാതാക്കാന്‍ ഇന്നും നിഗുഢതയില്‍ അതി രഹസ്യമായി തന്നെ പ്രവര്‍ത്തിക്കുന്നു. കോടിക്കണക്കിന് രൂപയാണ് പ്രതികളെ രക്ഷിക്കാന്‍ അജ്ഞാതരായി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. മൂന്നുപേരും ജാമ്യത്തിലും നടക്കുന്നു. കേസിനെപ്പറ്റി അറിയാമെന്നു ധരിക്കുന്ന മറ്റു മൂന്നു പേരെക്കൂടി നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാനും സിബിഐ ശ്രമിക്കുന്നുണ്ട്.

അഭയക്കേസിന്റെ തുടക്കം മുതല്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ക്കും കേസിനാസ്പദമായ വസ്തുതകള്‍ക്കും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നതും പതിവായിരുന്നു. യാദൃശ്ചികമായ അത്തരം സംഭവങ്ങള്‍ കേസിന് തടസവും സൃഷ്ടിച്ചിരുന്നു. ഈ കേസന്വേഷണത്തോട് ബന്ധപ്പെട്ടിരുന്ന ഏതാനും ഉദ്യോഗസ്ഥരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളും ചിന്തിക്കേണ്ടതായുണ്ട്. തുടക്കത്തില്‍ കെ.ടി.മൈക്കിള്‍ എന്ന പോലീസ് ഓഫീസറാണ് നിര്‍ണ്ണായകമായ ഈ കേസ് കൈകാര്യം ചെയ്തത്. അദ്ദേഹം ഈ കേസ് ആത്മഹത്യയെന്നു വരുത്തി വെച്ചു. ഐ.എ.എസ് കേഡറിലുണ്ടായിരുന്ന ഓഫിസര്‍ കിഷോറില്‍ നിന്ന് അഭയാ ഉപയോഗിച്ചിരുന്ന തൊണ്ടി സാധനങ്ങള്‍ മടക്കി മേടിക്കുന്നതിനും ഉത്തരവ് നേടി. അതെല്ലാം കോര്‍ട്ടില്‍നിന്നും തിരികെ മേടിച്ചതു കാരണം അഭയാ ഉപയോഗിച്ചിരുന്ന തലയില്‍ ഇടുന്ന മുണ്ട്, ചെരിപ്പ്, വ്യക്തിപരമായ ഡയറി, മുതലായ അതിപ്രധാനമായ തെളിവുകള്‍ നശിപ്പിക്കാനും സാധിച്ചു. 1997 മാര്‍ച്ച് ഇരുപതാം തിയതി സിബിഐ കേസ് പുനഃരന്വേഷണം ആരംഭിച്ചു. കെ.ടി. മൈക്കിള്‍ തുടക്കത്തില്‍ തന്നെ ഈ കേസിന് തുരങ്കം വെച്ചെന്നും സി.ബി.ഐ. കണ്ടെത്തി. സി.ബി.ഐ. യുടെ ഈ കണ്ടെത്തല്‍ കേരള ഹൈക്കോടതിയ്ക്കും ബോധ്യപ്പെട്ടിരുന്നു. ഏതോ അജ്ഞാതമായ കരങ്ങള്‍ ആരംഭം മുതല്‍ ഈ കേസിനെ തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സി.ബി.ഐ.യ്ക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റം തെളിയാതിരിക്കാന്‍ ആരോ സ്വാധീനമുള്ളവര്‍ കുറ്റാന്വേഷണ ഏജന്‍സികളെയും സര്‍ക്കാരിനെയും സ്വാധീനിച്ചുകൊണ്ടിരുന്നു.

2008 നവംബര്‍ ഇരുപത്തിയഞ്ചു വരെ കേസില്‍ വേണ്ടത്ര പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കാര്യങ്ങള്‍ വീണ്ടും വിവാദമാവുകയും വഷളാവുകയും 2008 നവംബര്‍ ഇരുപത്തിയഞ്ചാം തിയതി അഭയായുടെ ഓട്ടോപ്‌സി ചെയ്യാന്‍ നേതൃത്വം കൊടുത്ത അസി. സബ് ഇന്‍സ്പെക്ടര്‍ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതികള്‍ക്ക് ജാമ്യം കൊടുക്കുന്ന അപേക്ഷയില്‍ രണ്ടു ജഡ്ജിമാര്‍ തമ്മില്‍ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പ്രകടമാക്കുകയൂം ചെയ്തു. പിന്നീട് ഫോറെന്‍സിക്ക് ഡയറക്ടര്‍ മാലിനിയുടെ സംഭവം സംസാര വിഷയമായി. തോമസ് കോട്ടൂരിന്റെയും ജോസ് പുതുക്കയുടെയും നാര്‍ക്കോ ടെസ്റ്റ് നടത്തിയത് മാലിനിയുടെ നേതൃത്വത്തില്‍ ആയിരുന്നു. അതിലെ ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സിഡി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു. സിഡിയില്‍ കൃത്രിമത്വം കാണിച്ചുവെന്ന് അന്ന് ആരോപണങ്ങളുമുണ്ടായി. ജഡ്ജ് രാംകുമാര്‍ കേരളാ ഹൈക്കോടതിയില്‍ നിന്ന് ഡോ. മാലിനിയെ നാര്‍ക്കോ ടെസ്റ്റിംഗ് സംബന്ധിച്ച് ചോദ്യം ചെയ്തുകൊണ്ട് കത്തയച്ചിരുന്നു. ജസ്റ്റിസ് ഹേമയും സിഡി യില്‍ കൃത്രിമത്വം കാണിച്ചുവെന്നു ആരോപിച്ചിരുന്നു. കോടതിയില്‍ അസല്‍ സീഡി ഹാജരാക്കാന്‍ ഓര്‍ഡറും കൊടുത്തു. ദൗര്‍ഭാഗ്യവശാല്‍ ജനന സര്‍ട്ടിഫിക്കേറ്റ് തിരുത്തിയ കേസില്‍ ഡോ. മാലിനിയെ സര്‍വീസില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു.

തുടര്‍ച്ചയായുള്ള ഇത്തരം സംഭവപരമ്പരകളില്‍ നിന്നും മനസിലാക്കേണ്ടത് ഏതോ സ്വാധീനമുള്ള വ്യക്തികള്‍ ആരംഭം മുതല്‍ അഭയാക്കേസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ്. തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ടുകള്‍ തിരുത്തിയെഴുതിയിരുന്നുവെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ അറിയുന്നതും വര്‍ഷങ്ങള്‍ക്കു ശേഷമാണ്. കൊലപാതകമെന്ന് തീര്‍ച്ചയാക്കാന്‍ ഒരു ഡമ്മി ടെസ്റ്റും നടത്തിയിരുന്നു. സി.ബിഐ ഇതൊരു കൊലപാതകമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ശരിയായ തെളിവിന്റെ അഭാവത്തില്‍ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഓരോരോ കാലഘട്ടത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കേസ് 2008 വരെ കാര്യമായി പുരോഗമനമില്ലാതെ അന്വേഷിക്കുകയുണ്ടായി.

പതിനാറു വര്‍ഷത്തിനുശേഷമാണ് 2008 നവംബര്‍ പത്തൊമ്പതാം തിയതി രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും അവരുടെ പേരില്‍ കുറ്റങ്ങള്‍ ചാര്‍ത്തുകയുണ്ടായി. പുരോഹിതരുടെയും കന്യാസ്ത്രിയുടെയും നാര്‍ക്കോ ടെസ്റ്റുകള്‍ വാര്‍ത്തകളിലും ചാനലുകളിലും ടെലിവിഷനിലും കാണിച്ചത് വലിയ വിവാദമായിരുന്നു. അതില്‍ കുറ്റവാളികള്‍ കുറ്റം സമ്മതിക്കുന്നുണ്ട്. പുറത്താക്കിയ വീഡിയോ പൗരന്മാരുടെ അവകാശം ലംഘിക്കലെന്ന പേരില്‍ പിന്‍വലിക്കുകയും ചെയ്തു.

സിസ്റ്റര്‍ അഭയാക്കേസില്‍ ചരടുകള്‍ വലിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടാത്തവര്‍ പലരുമുണ്ട്. കണ്ടിട്ടും കാണാതെ ആ ചരടുകള്‍ വലിച്ചുകൊണ്ടിരിക്കുന്നതും പള്ളിമേടകളില്‍നിന്നാണ്. ഏതു തരം ക്രിമിനല്‍ക്കേസുകള്‍ എടുത്താലും അതിന്റെ പിന്നില്‍ ചരട് വലിക്കാന്‍ കഥാപാത്രങ്ങള്‍ കാണും. ഇതില്‍ ഒന്നാം പ്രതി കുറ്റകരമായി മൗനം ദീക്ഷിക്കുന്ന സഭാ നേതൃത്വമാണ്. പള്ളിയും പട്ടക്കാരനും ഉള്‍പ്പെടുന്ന ആദ്യത്തെ കേസല്ല ഇത്. മാടത്തരുവി കേസ് മുതല്‍ എത്രയോ കേസുകള്‍ തെളിയാതെ മാഞ്ഞു പോവുന്നു. സിബിഐയും പോലീസുമല്ല മന്ത്രിസഭ തന്നെ താഴെയിടാന്‍ കെല്‍പ്പുള്ളവരാണ് സഭാ നേതൃത്വമെന്നത് കഴിഞ്ഞ കാല രാഷ്ട്രീയ സ്ഥിതികള്‍ തന്നെ ഉദാഹരണങ്ങളാണ്. അതിനൊക്കെ കൈത്താങ്ങും വിളക്കുമായി പത്രക്കാരും മെത്രാന്‍ പുരോഹിത ശിങ്കടികളും കാണും.

അഭയായുടെ മരണത്തിനുമുമ്പ് തന്നെ പയസ് മൗണ്ടിലെ രാത്രി സഞ്ചാരികളെപ്പറ്റി കോട്ടയം പട്ടണം മുഴുവന്‍ പാട്ടായിരുന്നു. ഇന്നും കോട്ടയം നിവാസികളില്‍ അത്തരം സഞ്ചാരികളെപ്പറ്റി വിവരങ്ങള്‍ അറിയാവുന്ന അനേക ദൃക്സാക്ഷികളുണ്ട്. പക്ഷെ കോടതികളും വിസ്താരങ്ങളും സാക്ഷികളുമായി പോവാന്‍ ആരും തയാറാവുകയില്ല. സഭയുടെ വളര്‍ത്തുമക്കളായ കുഞ്ഞാടുകളില്‍ നിന്നും ഭീക്ഷണികളും കാരണമാകാം. സത്യം അവിടെ മൂടി വെച്ചിരിക്കുകയാണ്. എല്ലാവരുടെയും ചിന്തകള്‍ സഭയെ രക്ഷിക്കണമെന്നുള്ളതാണ്. അഭയായുടെ ദുരൂഹ മരണത്തില്‍ സഭയ്ക്ക് പങ്കുണ്ടെന്ന് തികച്ചും വ്യക്തമായ വസ്തുതയാണ്. പതിറ്റാണ്ടുകളായി തെളിയാതെ അഭയാക്കേസിന് തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്നത് ഇതിന്റെ പിന്നിലുള്ള ശക്തി വലിയ ഒരു സമൂഹമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ചിലര്‍ക്ക് അതില്‍നിന്നും വലിയ സ്ഥാനമാനങ്ങള്‍ കിട്ടി. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണമായി വലിയ തുകയും. ഇതിലെ സത്യം കോട്ടയത്തുള്ള പലര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സഭാധികാരികള്‍ക്കും അറിയാം.

ദിനം പ്രതി പുതിയ വെളിപ്പെടുത്തലുകള്‍ വരാറുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘത്തിന്റെ മാര്‍ഗം തിരിച്ചുവിടാനുള്ള അടവുകളാണെന്നും സംശയിക്കണം. അഭയായുടെ ഈ കേസ് തെളിയണമെന്ന് ആഗ്രഹിക്കുന്ന അനേകായിരങ്ങള്‍ കേരളത്തിലുണ്ട്. പക്ഷെ അത് തെളിയരുതെന്ന് ചിന്തിക്കുന്നവര്‍ അതിലേറെ ജനവുമുണ്ട്. അഭയാക്കൊലക്കേസിലെ അദൃശ്യ ശക്തികളെ പുറംലോകത്തു കൊണ്ടുവരാന്‍ ഒരു ഇടയലേഖനം പോലും ഇറക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം ചാരവൃത്തി നടത്തിയിരുന്ന ഫ്രഞ്ചുകാരി മാതാഹരിയെ യേശുവായി ചിത്രീകരിച്ചുവെന്നു പറഞ്ഞു മലയാള ഛായാപടം കണ്ട പുരോഹിതര്‍ക്ക് കേരളം മുഴുവന്‍ ഒച്ചപ്പാടുണ്ടാക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. അഭയാ കൊല്ലപ്പെട്ടതില്‍ നഷ്ടപ്പെട്ടത് പാവം അവളുടെ മാതാപിതാക്കള്‍ക്ക് മാത്രം. കുഞ്ഞുങ്ങള്‍ക്ക് മുല കൊടുത്തിട്ടില്ലാത്ത കന്യാസ്ത്രികള്‍ക്കോ ആഡംബര മോഡിയില്‍ ജീവിതം കൊട്ടിഘോഷിക്കുന്ന പൗരാഹിത്യത്തിനോ ഒരു മകളുടെ വേര്‍പാടില്‍ ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാവുകയില്ല.

അഭയായുടെ അപ്പന്‍ തോമസ് മരിക്കുന്ന വരെ മകളെപ്പറ്റി പറയുമായിരുന്നു, 'എന്റെ മോളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ആദ്യം മനസ്സില്‍ വരുന്നത് എന്നില്‍ ഒരു കുറ്റബോധമാണ്. അവളെ അന്ന് കെട്ടിച്ചു വിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളിന്ന് സന്തോഷത്തോടെ പേരക്കുട്ടികളുമായി കഴിയുമായിരുന്നു. അവരോടൊത്ത് കളിച്ച് ശിഷ്ടായുസ്സ് എനിക്ക് കഴിച്ചുകൂട്ടാന്‍ സാധിക്കുമായിരുന്നു. അവളും ഭര്‍ത്താവുമൊത്തുള്ള ജീവിതം എന്ത് രസകരമാകുമായിരുന്നു. ഇതാലോചിക്കുമ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ നിയന്ത്രിക്കുമെങ്കിലും അറിയാതെ ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു പോവും.'

നൊന്തു പ്രസവിച്ച അവളുടെ അമ്മയുടെ കണ്ണീരിനും കണക്കില്ലായിരുന്നു. അവര്‍ പറഞ്ഞു, 'മകളെക്കുറിച്ചു വന്ന ഒരു സിനിമാ ഞാന്‍ കണ്ടിരുന്നു. അയല്‍ക്കാരോടൊപ്പമാണ് തീയറ്ററില്‍ സിനിമാ കാണാന്‍ പോയത്. അതില്‍ ഒരു പെങ്കൊച്ചിനെ കാലില്‍ വലിച്ചിട്ടു കിണറ്റിലിടുന്നത് കണ്ടപ്പോള്‍ എന്റെ നെഞ്ചു തകര്‍ന്നു പോയി. എന്റെ മോളെയും ആ ദുഷ്ടന്മാര്‍ കൊന്നത് അങ്ങനെയല്ലേ?' ലീലാമ്മയുടെ വാക്കുകള്‍ ആരുടേയും ഉള്ളില്‍ത്തട്ടുന്നതായിരുന്നു.

ഈ കേസ് തെളിയാന്‍ സാധ്യത വളരെ കുറവായിരുന്നു. കാരണം മരണം നടന്നത് ഒരു കന്യാസ്ത്രി കോണ്‍വെന്റില്‍ ആയിരുന്നു. കേസ് തെളിയുന്നതിലുപരി കേസ് തെളിയാതിരിക്കാനുള്ള ചരടുവലികള്‍ കോണ്‍വെന്റിലും മെത്രാന്‍ അരമനയിലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പാവം അഭയാ, അവളുടെ ഘാതകരെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സഭയ്ക്കുവേണ്ടി ജീവിതം അടിയറ വെച്ച അവളുടെ മരണം ഹൃദയമുള്ളവര്‍ക്ക് കേട്ടിരിക്കാന്‍ കഴിയില്ലായിരുന്നു. അധികാരത്തിമിര്‍പ്പും സമ്പന്നരോടുള്ള മമതയും ദുഷ്പ്രബുദ്ധതയും പൗരാഹിത്യത്തിന്റെ പ്രത്യേകതകളാണ്. അഭയാ! നീ മാപ്പു നല്‍കിയാലും! നിനക്കു നീതിതരാത്ത ലോകത്തിലെ വിശുദ്ധ രൂപക്കൂട്ടിനുള്ളില്‍ നിന്നെ അടച്ചിടാന്‍ അനുവദിക്കരുത്.
Jomon

Facebook Comments

Comments

 1. andrew

  2017-10-23 12:43:04

  <p style="margin-bottom:0in;margin-bottom:.0001pt"><i>Many of the murder cases were investigated and the culprits were found. Religion & politics being the sides of the 'evil coin', they stick together, support and protect each other. Many officers who investigated the cases were told from above to alter or shred the reports. Money, power, politics, religion all are embodiment of evil in most places in the World. Justice and truth are oppressed every day. The have-nots are always the victim. Those who are supposed to be the guardians of the poor are their oppressors.</i><o:p></o:p></p> <p style="margin-bottom:0in;margin-bottom:.0001pt"><i>Justice can prevail in a society where the above evils are controlled & humanitarian leaders can take the leadership. </i><o:p></o:p></p> <p class="MsoNormal"><o:p> </o:p></p>

 2. GEORGE V

  2017-10-23 12:11:26

  <div>ഇരുപത്തഞ്ചു വര്ഷം മുൻപ് നടന്ന ആ കൊലപാതകത്തെ കുറിച്ച് ഒരു റിപ്പോർട്ട് എഴുതാൻ ശ്രി ജോസഫ് കാണിച്ച സന്മനസ്സിനെയും അത് ഇമലയാളി പോലൊരു പത്രം പ്രസിദ്ധീകരിക്കാൻ കാണിച്ച ആർജ്ജവത്തെയും അഭിനന്ദിക്കുന്നു. </div><div>ശ്രീ ജോണി കോപ്പി ചെയ്തു ആരോ എഴുതിയ കമന്റ് വളരെ കാലികമാണ്. സാക്ഷര കേരളത്തിൽ മതങ്ങൾ എത്ര പ്രബലം  ആണെന്നതിനു തെളിവായി  ഒത്തിരി തെളിയാത്ത കൊലപാതകങ്ങൾ ഉണ്ട്.  മലങ്കര വര്ഗീസ് , ചേകന്നൂർ മൗലവി തുടങ്ങി ഒരു നിര തന്നെ കാണാം.  ക്രിസ്ത്യൻ സമൂഹത്തിൽ മാത്രം അല്ല ഹിന്ദു ആശ്രമത്തിലും മുസ്ലിം യതീം ഖാനയിലും ഇതുപോലുള്ള പല പീഡനങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. അതെല്ലാം ഒതുക്കി തീർക്കാൻ ഇടതനും വലതനും തമ്മിൽ മത്സര ബുദ്ധിയോടെ ആണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു സാദാരണ എസ് ഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ സത്യ സന്ധമായി  അന്വേഷിച്ചാൽ തെളിയിക്കാവുന്നതാന് ഇതിൽ പല കേസുകളും. എന്നാൽ സി ബി ഐ വരെ വിചാരിച്ചിട്ടും ഇതൊന്നും തെളിയിക്കാൻ സാധിക്കുന്നില്ല .  കേരളത്തിന് വെളിയിൽ വടക്കേ ഇന്ത്യയിൽ ഏതെങ്കിലും ഒരു കുഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങൾ മാസങ്ങളോളം ചർച്ച ചെയ്യാനും കൊലപാതകികളെ തുറന്നു കാണിക്കാനും മലയാളി കാണിക്കുന്ന ഉത്സാഹം സ്ളാഹനീയം തന്നെ. പക്ഷെ ഇവിടുത്തെ ഒരു കാര്യം വരുമ്പോൾ മുഖ്യ ധാര മാധ്യമങ്ങൾരാഷ്ട്രീയക്കാർ ബുദ്ധി ജീവികൾ തുടങ്ങി എല്ലാരും എല്ലാം മത മേലധ്യക്ഷന്മാർക്കു മുൻപിൽ തല കുനിക്കുന്നത് ആണ് കണ്ടു വരുന്നത്. എന്റെ കുടുംബത്തിൽ അല്ലല്ലോ നടന്നത് എന്ന് കരുതി പുരോഹിതരെ ഭയന്ന് സാദാരണക്കാരനും മൗനം പാലിക്കുന്ന അവസ്ഥ ആണ്  വീണ്ടും വീണ്ടും ഇതൊക്കെ ആവർത്തിക്കാൻ ഇടയാക്കുന്നത്.</div>

 3. JOHNY

  2017-10-22 15:30:07

  മദർ തെരേസയുടെ വിശുദ്ധ പദവി ആഘോഷമാക്കുന്ന ഓരോ മലയാളിയും ഈ സംസ്ഥാനത്തു കഴിഞ്ഞ മുപ്പതു വർഷത്തിന് ഇടയിൽ പുറംലോകം അറിഞ്ഞ ഇരുപതോളം കന്യാസ്ത്രീകളുടെ ദുരൂഹ മരണത്തെ കുറിച്ച് അറിഞ്ഞിരിക്കാൻ ബാധ്യസ്ഥരാണ്. ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കാൻ രാപ്പകൽ പണിയെടുക്കുന്ന ജനം എന്തുകൊണ്ട് മറ്റൊരു കന്യാസ്ത്രീ കൊല്ലപ്പെടുമ്പോൾ മൗനം പാലിക്കുന്നു. താഴെ പറയുന്നവർ ആരും ഡെങ്കിപ്പനി വന്നു മരിച്ചതല്ല. &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;1987 ജൂലൈ ആറിന് കൊല്ലത്തു വാട്ടർടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിൻഡ. ത്രിശൂർ സിസ്റ്റർ ആൻസി, കൊട്ടിയത്ത്‌ സിസ്റ്റർ ബീന, കൊല്ലം തില്ലേരിയിൽ സിസ്റ്റർ മഗ്‌ദല. സിസ്റ്റർ അഭയ, 1993 സിസ്റ്റർ മേഴ്‌സി, 1998 പാലായിലെ സിസ്റ്റർ ബിൻസി, കോഴിക്കോട് കല്ലുരുട്ടിയിൽ സിസ്റ്റർ ജ്യോതിസ്, 2000 പല സ്നേഹഗിരി സിസ്റ്റർ ലിസ, 2008 കൊല്ലത്തു സിസ്റ്റർ അനുപമ മരിയ, 2011 കോവാലത് സിസ്റ്റർ മേരി ആൻസി, വാഗമണ്ണിൽ ഉളുപ്പുനി കോൺവെന്റിൽ സിസ്റ്റർ ലിസ മരിയ, പാലാ ലിസിയു കോൺവെന്റിലെ സിസ്റ്റർ അമല. ലിസ്റ്റ് അങ്ങിനെ പോകുന്നു. &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; കൊലപാതകങ്ങൾ ആത്മഹത്യ ആക്കിയും ദുരൂഹ മരണങ്ങൾ സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാൻ സഭക്ക് ബുധിമുട്ടില്ലാ. വീട്ടിലെ പ്രാരാബങ്ങൾ ആണ് കൂടുതൽ പേരെയും കന്യാസ്ത്രീ ആകാൻ പ്രേരിപ്പിക്കുന്നത്. പല മഠങ്ങളും ഈ കുട്ടികൾക്ക് കാരാഗ്രഹം ആണ് സമ്മാനിക്കുന്നത്. ഇവിടുത്തെ പല തരത്തിലുള്ള പീഡനങ്ങൾ ആണ് മേല്പറഞ്ഞ പല ദാരുണ മരണവും. &nbsp;ഈ മഠങ്ങളിലെ അസ്വാഭാവിക മരണങ്ങൾ മൂടി വെക്കുന്നതിനു സഭ അമിത താല്പര്യം കാണിക്കുമ്പോൾ ഈ പ്രകൃതി ആവർത്തിച്ചു ചോദിക്കുന്നു ഇത് ആരുടെ രക്തം ? ഈ രക്തക്കറ കഴുകിക്കളഞ്ഞതാര് ? എന്തിനു ? ആർക്കുവേണ്ടി ? (Copied from a Whatsup post)<br>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

ചിറകുകൾ ഇല്ലാതെ പറക്കുന്നവർക്ക്,നർത്തകർക്ക്... (മൃദുമൊഴി 6: മൃദുല രാമചന്ദ്രൻ)

പുതിയ എം.എൽ.എ മാർ ആരൊക്കെ (കടപ്പാട്: മാസപ്പുലരി)

കേരളത്തില്‍ താമര വേരുപിടിക്കാത്തത് എന്തുകൊണ്ട്? (സൂരജ് കെ. ആർ)

View More