-->

EMALAYALEE SPECIAL

റാങ്കുകളുടെ തോഴന്‍ സ്വാമി, എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പ് (അധ്യായം 21: ഫ്രാന്‍സിസ് തടത്തില്‍) )

Published

on

എസ്.എസ്.എല്‍.സി ഒന്നാം റാങ്ക്, പ്രീഡിഗ്രിഒന്നാം റാങ്ക് , കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്ഒന്നാം റാങ്ക്, ഓള്‍ ഇന്ത്യ എന്‍ജിനീയറിംഗ് എന്‍ട്രസ് പത്താം റാങ്ക്, ചെന്നൈ ഐ.ഐ.ടി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് (ബിടെക്ക്) ഒന്നാം റാങ്ക്, ഐ.എ.എസ് (IAS) ഒന്നാം റാങ്ക്, ഐ.എ.എസ്. ട്രെയിനിംഗ്ഒന്നാം റാങ്ക്; വിദ്യാഭ്യാസ മേഖലയില്‍ കൈവച്ചതെല്ലാം പൊന്നാക്കിയ ഈ സിവില്‍ സര്‍വീസുകാരന്‍ അഡ്മിനിസ്‌ട്രേഷനില്‍ തൊട്ടതെല്ലാം പക്ഷേ പിഴച്ചുപോയി.

പട്ടരില്‍ പൊട്ടനില്ല, അതിബുദ്ധിമാന്മാര്‍ക്ക് സ്വാഭാവിക വിവേകമില്ലാതായാല്‍ എന്തു ചെയ്യും.? പറയുന്നത് മറ്റാരേക്കുറിച്ചുമല്ല. കേരളം കണ്ട ഏറ്റവും ബുദ്ധിമാന്‍മാരില്‍ ഒരാളും സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജു നാരായണസ്വാമി ഐ.എ.എസിനെക്കുറിച്ചാണ് മേല്‍പ്പറഞ്ഞ വിവരണങ്ങളെല്ലാം. ഞാനൊക്കെ പത്താംക്ലാസില്‍ പഠിക്കുന്ന കാലത്ത് അദ്ധ്യാപകരും വീട്ടുകാരുമൊക്കെ മാതൃകയാക്കി പറഞ്ഞിരുന്നത് ചങ്ങനാശേരി എസ്.ബി.കോളേജിലെ അധ്യാപകനായിരുന്ന അയ്യര്‍ സാറുടെ ഏകപുത്രനായ രാജു നാരായണ സ്വാമിയെക്കുറിച്ചായിരുന്നു.

1983 ല്‍ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ സകലരും ഞെട്ടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ കാറ്റില്‍പ്പറത്തിക്കൊണ്ട് മൊത്തം മാര്‍ക്കില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍വകാല റിക്കാര്‍ഡും ഭേദിച്ചുകൊണ്ട് 600 ല്‍ 584 മാര്‍ക്ക് നേടിക്കൊണ്ട് വെളുത്തു കുറുകിയ ഒരു പയ്യന്റെ ഫോട്ടോ സഹിതം പത്രങ്ങളില്‍ ഒന്നാം പേജില്‍ വാര്‍ത്തകളോടു വാര്‍ത്ത. അതുവരെ മലയാളികള്‍ക്ക് അന്യം നിന്നു പോയിരുന്ന സിവില്‍ സര്‍വ്വീസ് രംഗത്തേക്കാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ആ കൊച്ചു പയ്യന്‍ തന്റെ പ്രഥമ അഭിമുഖത്തില്‍ തന്നെ പറഞ്ഞപ്പോള്‍ അത് എപ്പോഴെന്ന് മാത്രമെ എല്ലാവരിലും അവശേഷിച്ചിരുന്ന ചോദ്യം. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ ഇവന്‍ റിക്കാര്‍ഡുകളുടെ തോഴനായി മാറുമെന്ന് അന്നു തന്നെ പലരും പ്രവചിച്ചിരുന്നു.

കണക്ക്, സയന്‍സ് വിഷയങ്ങളില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയ 
നാരായണസ്വാമി കണക്ക്, സയന്‍സ് വിഷയങ്ങള്‍ ഡബിള്‍ മെയിന്‍ ആയി എടുത്ത് പ്രീഡിഗ്രിക്ക് രണ്ടു വിഭാഗങ്ങളിലും ഗാന്ധിജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി. പിന്നാലെ വന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കും നാഷണല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പത്താം റാങ്കും നേടിയ സ്വാമി ചെന്നൈ ഐ.ഐ.ടി.യില്‍ ആദ്യമായി ആരംഭിച്ച ബി.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നപ്പോള്‍ പലരും കരുതി അവന്‍ വാക്കുമാറ്റിയെന്ന്. എസ്.എസ്.എല്‍.സി. പാസായപ്പോള്‍ പറഞ്ഞത് സിവില്‍ സര്‍വീസുകാരനാകുമെന്നാണ്. അങ്ങനെയെങ്കില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നതെന്തിന്? നാരായണസ്വാമി  പക്ഷേ ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും നടത്തിയില്ല.

വാര്‍ത്തകളില്‍ നിന്നു കുറെക്കാലം മാറിനിന്ന സ്വാമി നാലുവര്‍ഷത്തിനു ശേഷം വീണ്ടും വാര്‍ത്ത പുരുഷനായി. അഖിലേന്ത്യാ ബിടെക് പരീക്ഷയില്‍(ഐ ഐ ടി കളില്‍) ഒന്നാം റാങ്ക് നേടിയാണ് അത്തവണത്തെ വിജയകിരീടം. രാജ്യം അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഗവേഷകനായി 
നാരായണസ്വാമി മാറുമെന്ന് പലരും പ്രവചിച്ചു, കാരണം മദ്രാസ് ഐ ഐ ടി യില്‍ പഠിച്ചിരുന്നപ്പോള്‍  നടത്തിയ പല ഗവേഷണങ്ങളും അന്നത്തെ പല അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ ജേര്ണലുകളില്‍ ഇടം പിടിച്ചിരുന്നു. അതില്‍ പ്രസിദ്ധമായ ഒന്നാണ് സൂപ്പര്‍ കംപ്യൂട്ടറിനെക്കുറിച്ചു നടത്തിയ ഗവേഷണം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഗവേഷണം രാജുവിനെ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ പ്രസിദ്ധനാക്കി. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ കോടിക്കണക്കിനു രൂപയുടെ സ്‌കോളര്ഷിപ്പോടുകൂടി ഫ്രാന്‍സില്‍ ഉപരിപഠനം നടത്താനുള്ള ഒരു വലിയ അവസരമാണ് ഈ യുവ ഗവേഷകനെ തേടി വന്നത്. എന്നാല്‍ തനിക്കു ലഭിച്ച ഈ അവസരം രാജു വിനയപൂര്‍വം നിരസിച്ചപ്പോള്‍ പലരും അത്ഭുതം കൂറി. പിന്നീട് പലപ്പോഴും നിരവധി ജോലി അവസരങ്ങളുമായി രാജുവിനു പിന്നാലെ അവര്‍ വട്ടമിട്ടു പറന്നു. വന്‍ ഓഫറുകളില്‍ രാജു നാരായണ സ്വാമി എന്ന ചെറുപ്പക്കാരന്‍ വഴുതി വീഴുമെന്നു കരുതി പല ദേശിയ മാധ്യമങ്ങളും എഴുതി പിടിപ്പിച്ചു 'ഒരു സൂപ്പര്‍ ബ്രെയിന്‍ കൂടി രാജ്യം വിടുന്നു'

പലരുടെയും നിരീക്ഷണങ്ങളെയും പ്രവചനകളെയും അസ്ഥാനത്താക്കിക്കൊണ്ടു രാജു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. കേന്ദ്ര സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് നേടിക്കൊണ്ടായിരുന്നു രാജു നാരായണ സ്വാമി എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇക്കുറി വീണ്ടും വാര്‍ത്ത പുരുഷനായി മാറിയത്. അദ്ദേഹത്തിന്റെ ഐഐടിയിലെ ഗവേഷണവിഷയമായിരുന്നു സൂപ്പര്‍ കമ്പ്യൂട്ടര്‍. അങ്ങനെ രാജു നാരായണ സ്വാമി എന്ന രാജ്യ സ്‌നേഹി തന്റെ രാജ്യത്തോടുള്ള കടപ്പാടും ജനങ്ങളോടുള്ള വാഗ്ദാനവും ഒരു ചുണ കുട്ടിയെപ്പോലെ നിര്‍വഹിച്ചു.

പാട്യാലയിലെ പഠിപ്പിസ്റ്റുകളായ ഉത്തരേന്ത്യക്കാരായ സിവില്‍ സര്‍വ്വീസ് ട്രെയിനികള്‍ക്ക് രാജു എപ്പോഴും ഒരു തലവേദനയായിരുന്നു. ഒരു മേഖലയില്‍പ്പോലും തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ വന്ന രാജു ഒടുവില്‍ സിവില്‍ സര്‍വ്വീസ് ട്രെയിംഗില്‍ ഒന്നാം റാങ്കോടെ പാസായി. തന്റെ ഇഷ്ട മേഖലയായ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസി (IAS) ല്‍ ചേര്‍ന്ന അദ്ദേഹം തിരുവല്ല സബ്കളക്ടറായിട്ടാണ് ആദ്യം നിയമിതനായത്.അമൃത വിശ്വ വിദ്യാപീഠത്തില്‍ നിന്നും ഡോക്ടറേറ്റ്, ഇപ്പോള്‍ ഗുജറാത്തിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ലോ യില്‍ നിന്ന് രണ്ടാമത്തെ പി എച്ഛ് ഡി നേടാനുള്ള അവസാന തയാറെടുപ്പിലാണ്..  വേള്‍ഡ് ബാങ്ക് ഇന്‌സ്ടിട്യൂട്ടിന്റെ സഹകരണത്തോടെ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘടിപ്പിച്ച 10 കോഴ്‌സുകളില്‍ മുഴുവനിലും ഒന്നാം റാങ്കോടെ പാസ്സായ ഏക സിവില്‍ സെര്‍വന്റ് ആയ രാജു നാരായണ സ്വാമി എന്ന ബുദ്ധി ജീവി രാഷ്രിയക്കാരുടെ കണ്ണിലെ കരടായിരുന്നു. അഴിമതിക്കു കൂട്ടുനില്‍ക്കാത്ത സത്യസന്ധനായ ഈ ഐഎസ് കാരന്‍ പല രാഷ്ട്രീയക്കാരുടെയും അഴിമതി പുറത്തു കൊണ്ടുവരികയും അതുവഴി പലരുടെയും അധികാര കസേരകള്‍ തെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന ഔദ്യോഗിക ഭാഷാ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രെട്ടറിയാണ് .

രാജു പത്താം ക്ലാസില്‍ പ്രവേശിച്ചപ്പോള്‍ തന്നെ മകന്റെ പഠനത്തിനായി അധ്യാപികയായ അമ്മ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. പരീക്ഷാ സമയമായപ്പോള്‍ പ്രഫസറായ അച്ഛനും അവധിയെടുത്ത് മകനെ പഠിപ്പിച്ചു. രാജുവിന്റെ ലക്ഷ്യം നിറവേറും വരെ അവര്‍ മകനു ഇടംവലമായി നിന്നു സഹായിച്ചു. സബ് കളക്ടറായപ്പോള്‍ മകന് നല്ല സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തില്‍ നിന്ന് വിവാഹാലോചനയും വന്നു. വധു ഡോക്ടര്‍. ഭാര്യാപിതാവ് ഒരു വന്‍കിട കോണ്‍ട്രാക്ടര്‍. കേരളം കണ്ട ഏറ്റവും മിടുക്കനായ ഐ.എ.എസുകാരനെ മരുമകനാക്കാന്‍ ആരാണിഷ്ടപ്പെടാതിരുക്കുക?  പക്ഷേ, രാജുവാകട്ടെ പഠനത്തിലെന്നപോലെ തന്റെ കര്‍മ്മ മണ്ഡലത്തിലും കര്‍ക്കശക്കാരനായിരുന്നു.

കേരളത്തിലെ ഐ.എ.എസ്.പരിശീലനം പൂര്‍ത്തിയാക്കും മുമ്പു തന്നെ വിവാഹം കഴിഞ്ഞു. ആദ്യ പോസ്റ്റിംഗ് ഭാര്യ വീടിനടുത്തു തന്നെ തിരുവല്ലയില്‍ സബ് കളക്ടറായി. താന്‍ ആദ്യം ഒപ്പുവയ്ക്കുന്ന ഫയല്‍ പൊതു നന്മയ്ക്കു വേണ്ടിയുള്ളതാവണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിനു മുമ്പില്‍ ആദ്യ ഫയല്‍ വന്നു. ഒരു വലിയ സമൂഹത്തിന്റെ തന്നെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് റോഡ് കൈയ്യേറി നിര്‍മ്മിച്ച മതില്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കൂട്ട ഒപ്പു ശേഖരണത്തോടു കൂടിയ ഒരു പൊതു താല്‍പ്പര്യ പരാതിയായിരുന്നു അത്. ഫയല്‍ ആമുഖം വായിച്ച സ്വാമി സന്തോഷത്തിലായി. താന്‍ ആഗ്രഹിച്ചതു പോലെ ഒരു പൊതുനന്മയുളവാക്കുന്ന കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള ഫയല്‍ ആണല്ലോ ലഭിച്ചതെന്നോര്‍ത്ത് അദ്ദേഹം ആര്‍ത്തിയോടെ ഫയല്‍ വായിക്കാന്‍ തുടങ്ങി. ആദ്യ പേജ് വായിക്കും മുമ്പില്‍ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി അപ്രത്യക്ഷമായി. മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്ച്ചിട്ടു ഇറക്കാനും വയ്യ സബ് കളക്ടര്‍ക്ക് ഇച്ഛാഭംഗമായി. എന്തു ചെയ്യും! പരാതിയില്‍ ഉന്നയിച്ച മതിലിന്റെ ഉടമ മറ്റാരുമല്ല. സ്വന്തം ഭാര്യാപിതാവ്!

ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആദ്യമായി ലഭിച്ച ഫയല്‍ ആണ്. സത്യത്തിന്റെ കൂടെ നിന്നില്ലെങ്കില്‍ ഒന്നാം റാങ്കോടെ പാസായ പരിശീലന പരിപാടിക്കൊടുവില്‍ നടത്തിയ സത്യപ്രതിജ്ഞാ വാചകം മണിക്കൂറുകള്‍ക്കകം ലംഘിക്കേണ്ടിവരും. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയിട്ടാണ് അറിയാവുന്ന കമ്പ്യൂട്ടര്‍ ഉദ്യോഗം വേണ്ടെന്നു വച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗം നേടിയത്. സ്വാമി ഒരു നിമിഷം ചിന്തിച്ചു. തന്നിലെ ധര്‍മ്മത്തിന്റെ മൂല്യമാണ് വലുതെന്ന് സത്യസന്ധനായ ആ ബ്രാഹ്മണന്‍ തീരുമാനിച്ചു. മതില്‍ അപ്പോള്‍ തന്നെ പൊളിച്ചു മാറ്റാന്‍ അദ്ദേഹം ഉത്തരവിട്ടു.

പോലീസ് അകമ്പടിയോടെ പൊതുമരാമത്ത് വകുപ്പ് മതില്‍ പൊളിച്ചുനീക്കി. ഉത്തരവ് പിന്‍വലിക്കാന്‍ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായങ്കെിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫോണിലേക്ക് ഭാര്യയുടെയും ഭാര്യപിതാവിന്റെ ഫോണ്‍ കോളുകള്‍ നിരന്തരമായി അടിച്ചു കൊണ്ടിരുന്നു. വൈകുന്നേരമായി ഓഫീസ് കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഔദ്യോഗിക കാറില്‍ അദ്ദേഹം ഭാര്യാ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടുപടിക്കല്‍ എത്തിയ ശേഷം ഔദ്യോഗിക കാര്‍ മടക്കി അയച്ച് അദ്ദേഹം അകത്തേക്ക് കയറി. ഉമ്മറപ്പടിയില്‍ വച്ചു തന്നെ  അകത്തേക്ക് കയറുന്നതില്‍ നിന്നും വിലക്കി. പിന്നീടങ്ങോട്ട് അസഭ്യവര്‍ഷം. ഇപ്പോള്‍ നിനക്കെങ്ങനെ ബന്ധങ്ങളുണ്ടായി. നീ മനഃപൂര്‍വ്വം ഫോണെടുക്കാതിരുന്നതല്ലെ.  മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചതിനു പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. നീയതു മുളയിലെ നുള്ളി' ഇതായിരുന്നു ഭാര്യാപിതാവിന്റെ പ്രതികരണമെന്ന് സ്വാമി ഒരിക്കല്‍ എന്നോടു തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കവേ പറഞ്ഞു.

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ ദിനം തന്നെ വന്‍ കരഘോഷം നേടിയ ഈ യുവ ഐ.എ.എസുകാരന്‍ പക്ഷേ തന്റെ ഭാര്യ വീട്ടില്‍ അപമാനഭാരം കൊണ്ട് വിതുമ്പിപ്പോയി. ഔദ്യോഗിക വസതി ഉണ്ടായിട്ടും ഭാര്യ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവിടെ തങ്ങിയ സ്വാമി തനിക്ക് ഭാര്യ വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്‍കിയ ആഡംബരക്കാറിന്റെ കീ എടുത്ത് പുറത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍ ഭാര്യപിതാവ് കാറിന്റെ കീ തിരിച്ചുവാങ്ങി.
'ഇതെന്റെ മകള്‍ക്ക് ഞാന്‍ നല്‍കിയ സമ്മാനമാണ്. നിനക്ക് അത് ഉപയോഗിക്കാനുള്ള അര്‍ഹതയില്ല..' 

വീണ്ടും അപമാനിതനായ സ്വാമി ഭാര്യയെ കൂടെ വരാന്‍ വിളിച്ചു. ഒന്നല്ല. പലവട്ടം. പക്ഷേ പണക്കാരനായ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു അവരുടെ തീരുമാനം' സ്വാമി പറഞ്ഞു. 

പിന്നീട് ഒരു ഓട്ടോ പിടിച്ചു അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ജീവിതത്തില്‍ ഒരിടത്ത് ജയിച്ചപ്പോള്‍ മറ്റൊരിടത്ത് പരാജയം. സ്വാമി എന്ന ഐ.എ.എസുകാരന്റെ വിധി അന്നു നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു.

തനിക്കു വിധിക്കപ്പെട്ട ജീവിതപങ്കാളിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതുവരെ കാര്യങ്ങള്‍ എത്തി. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. സ്വാമി എവിടെയെല്ലാം ജോലി നോക്കിയോ അവിടെയെല്ലാം ഭാര്യാപിതാവിന്റെ ശല്യം തുടര്‍ന്നു. സ്വാമിയെ തേജോവാധം ചെയ്യാന്‍ മാധ്യമങ്ങളെ സ്വാധീനിച്ചു. കിങ്കരന്മാരെ അയച്ച് ശല്യം ചെയ്തു. എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ അതിനു മറുവശവുമായി ആളുകളെക്കൊണ്ട് ഇല്ലാക്കഥകളുണ്ടാക്കി നാണംകെടുത്തുക,. എവിടെയെങ്കിലും സ്വസ്ഥമായി ജോലി ചെയ്യുന്നു എന്നു കണ്ടാല്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി സ്ഥലം മാറ്റുക ഏറ്റവും ലോ പ്രൊഫൈല്‍ തസ്തികകളില്‍ മാത്രം പോസ്റ്റിംഗ് നടത്താന്‍ ഇടപെടുക,. എന്തിനേറെ തന്നെക്കാള്‍ ജൂണിയറായവരുടെ കീഴില്‍ പോലും പോസ്റ്റിംഗ് നടത്താന്‍ വരെ ഭാര്യ പിതാവ് സ്വാധിനം ചെലുത്തിയതായി സ്വാമി ആരോപിക്കുന്നു. , സ്വാമിയെ എങ്ങനെ എങ്കിലും സര്‍വീസില്‍ നിന്നും പുകച്ചു ചാടിക്കാനുള്ള ശ്രമങ്ങളായിരുന്നു പല ഘട്ടങ്ങളിലായി നടന്നു വന്നത്.

ഫ്രാന്‍സിസിനറിയാമോ, മനസു മടുത്ത് ഐ.എ.എസ്.കുപ്പായം വലിച്ചെറിഞ്ഞ് പഠിച്ച പഴയ പണിക്കുപോയാലോ എന്ന് പലവട്ടം ഒരുങ്ങിയതാണ്. പലവട്ടം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. സമ്മതിക്കില്ല. ഒരു വിധത്തിലും സമാധാന പരമായി തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കുകയില്ല. രാജു നാരായണ സ്വാമി ഐ.എ.എസ്. എന്ന തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എന്റെ ചുമലില്‍ കൈ വച്ച് കണ്ഠമിടറി കണ്ണീര്‍ വാര്‍ത്തു.  തന്റെ വ്യക്തി ജീവിതത്തിലെ മറക്കാനാവാത്ത ഏടുകള്‍ പങ്കുവച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചിരുന്നു പോയി.

ഏതാണ്ട് 20 വര്‍ഷം മുമ്പായിരുന്നു സംഭവം. അദ്ദേഹം തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ എന്റെ ഓഫീസിലേക്ക് ഒരു ഫോണ്‍ വന്നു. ഫ്രാന്‍സിസ് അടിയന്തിരമായി ഒന്നു രാമനിലയം വരെ വരണം. പഴയ ബ്ലോക്കില്‍ അഞ്ചാം നമ്പര്‍ റൂമിലേക്ക് വരിക.' ജില്ലാ കളക്ടറുടെ ഫോണാണ് എന്തെങ്കിലും സ്‌കൂപ്പ് ആയിരിക്കും. അല്ലെങ്കില്‍ പെട്ടെന്ന് വരാന്‍ പറയുമോ? ഞാന്‍ മറ്റൊന്നും ആലോചിക്കാതെ പുറപ്പെട്ടു. അന്നൊരു ഞായാറാഴ്ചയാണ് എല്ലാ പത്രമോഫീസുകളിലും മിനിമം റിപ്പോര്‍ട്ടര്‍മാര്‍.

 രാമനിലയത്തിനുമുമ്പിലെത്തിയപ്പോള്‍ ഒരുത്തന്റെയും വണ്ടി കണ്ടില്ല. അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. 'സ്‌കൂപ്പ്' തന്നെ!

റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ തന്നെ എന്നെ പ്രതീക്ഷിച്ചിരുന്നതുപോലെ അദ്ദേഹം തന്നെ വാതില്‍ തുറന്നു. വാതില്‍ തുറന്നു ഉള്ളില്‍ കടന്ന ഉടന്‍ ഒരു പത്രക്കാരന്റെ കുറുക്കന്‍ കണ്ണുകളോടെ മുറിക്കുള്ളില്‍ കണ്ണോടിച്ചു. ആരുമില്ല. സ്വീറ്റ് റൂമിന്റെ അകത്തെ മുറിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. സെറ്റിയില്‍ ചൂണ്ടിക്കാട്ടി ഇരിക്കാന്‍ പറഞ്ഞു. പിന്നീട് എന്റെ തൊട്ടടുത്ത് വന്നിരുന്ന് അദ്ദേഹം എന്റെ രണ്ടു തോളിലും കൈവച്ച് വിതുമ്പി കരയാന്‍ തുടങ്ങി. ഞാന്‍ ആകെ പരിഭ്രമിച്ചു പോയി. ഇതെന്തുപറ്റി ഇയാള്‍ക്ക്. ഒരു ശിശുവിനെപ്പോലെ കരയാന്‍, ഇനി വല്ല സ്ഥലമാറ്റവും ഉണ്ടായോ. മുറിയിലാണേല്‍ മറ്റാരുമില്ല. സ്വാമി മാത്രം. 'സര്‍ എന്തു പറ്റി. എന്താണുണ്ടായത്' പരിഭ്രമം മറച്ചു വച്ച് ഞാന്‍ ചോദിച്ചു.

സീരിയസ് ആയി ഒന്നുമില്ല. എന്നാല്‍ അല്‍പ്പം കോപ്ലിക്കേറ്റഡ് ആണു താനും. അദ്ദേഹം പറഞ്ഞു. ഞാന്‍ വീണ്ടും വിവരങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പ്രശ്‌നങ്ങളുടെ കെട്ടഴിച്ചു തുടങ്ങി.
ഒരു ആമുഖ ചോദ്യത്തിലൂടെയായിരുന്നു പ്രശ്‌നാവതരണം. ഫ്രാന്‍സിസ് എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലുമറിയാമോ? ഞാന്‍ പറഞ്ഞു. സാര്‍ വളരെ ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിയും കഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്ററുമാണെന്നറിയാം. 

അതല്ലഎന്റെ കുടുംബപരമായ കാര്യം? ആ ചോദ്യത്തില്‍ തന്നെ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കു മനസിലായി. ഞാന്‍ പറഞ്ഞു കൂടുതലൊന്നുമറിയില്ല സര്‍. ആരുടെയും സ്വകാര്യതയില്‍ ഞാന്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കാറില്ല. സാര്‍ വിവാഹിതനും ഇപ്പോള്‍ ഭാര്യയെ പിരിഞ്ഞു കഴിയുകയാണെന്നുമറിയാം. ഉടന്‍ വന്നു ചോദ്യം. അതില്‍ കൂടുതലൊന്നുമറിയില്ലേ?
അറിയാമെങ്കിലും ഞാന്‍ അറിഞ്ഞതായി നടിച്ചില്ല. അറിയില്ലെന്ന് തലയാട്ടിയപ്പോള്‍ മുഖം പൊത്തി ഏങ്ങലടിച്ചു കരയുന്ന ഒരു ഐ.എ.എസ്. ഓഫീസറയെയാണ് ഞാന്‍ കണ്ടത്. ഞാന്‍ ആകെ വിഷമഘട്ടത്തിലായി. എന്റെ മുമ്പിലിരിക്കുന്നത് ഒരു വി.ഐ.പി. എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് ഒരു നിമിഷം ഒരു പിടിയും കിട്ടിയില്ല. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തിന്റെ ചുമലില്‍ കൈവച്ച് ആശ്വപ്പിച്ചു കരിച്ചില്‍ നിര്‍ത്തൂ സര്‍. കാര്യമെന്താണെന്നു പറയൂ.

ഉടന്‍ കരച്ചില്‍ നിര്‍ത്തി. അദ്ദേഹം തന്റെ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളുടെ കഥകള്‍ പറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് തൃശ്ശൂരില്‍ എന്റെ ഓഫീസില്‍ എത്തിയേക്കാമെന്നും പല നുണക്കഥകളും പ്രചരിപ്പിക്കാമെന്നും ഒരു മുന്‍കൂറായി ഒരു ഏറ് എറിഞ്ഞതാണെന്ന് സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ എനിക്കു മനസിലായി. കാരണം ഇത്തരം നുണകഥകള്‍ കേട്ട് വിശ്വസിക്കരുതെന്ന മുന്നറിയിപ്പു നല്‍കിയാണ് എന്നെ വിട്ടയച്ചത്. ഞാന്‍ റൂമില്‍ നിന്ന് പുറത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ മറ്റൊരു ബൈക്കില്‍ മലയാള മനോരമയുടെ തൃശ്ശൂര്‍ ലേഖകന്‍ റോമി മാത്യു അതാ എത്തിയിരിക്കുന്നു; സ്‌കൂപ്പ് തേടി. 

എനിക്ക് ഉള്ളില്‍ ചിരി വന്നു. റോമി എല്ലാ കാര്യങ്ങളും വളരെ ഗൗരവത്തില്‍ എടുക്കുന്ന മിടുക്കനായ ലേഖകനാണ്. ഇപ്പോള്‍ മനോരമ ടി.വിയില്‍.
  
 'എന്താ, ഇവിടെ? വല്ല വി.ഐ.പി.കളും?' റോമി. ഞാന്‍ പറഞ്ഞു. 'ഒരു സ്‌കൂപ്പ് തേടി വന്നതാ. മുഴുവന്‍ കിട്ടിയില്ല. ഉള്ളതില്‍ കുറച്ചു മുറിച്ചു കൊണ്ട് ഞാനിങ്ങു പോന്നു. റോമി മുഴുവന്‍ എടുക്കരുത്. മറ്റുള്ളവര്‍ക്ക് കുറച്ചെങ്കിലും ബാക്കി വെക്കണം' ഞാന്‍ അര്‍ത്ഥഗര്ഭമായി പറഞ്ഞു.

രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ല , റോമിയുടെ കോള്‍ വന്നു . 'എന്തു ചതിയാ നീ കാട്ടിയത്. വെറുതെ രണ്ടു മണിക്കൂര്‍ പോയിക്കിട്ടി. റോമി പറഞ്ഞു.

ഏതായാലും അന്നത്തെ സന്ദര്‍ശനത്തോടെ സ്വാമിയുടെ മുഖ്യ ഉപദേശകനായി മാറാന്‍ എനിക്ക് കഴിഞ്ഞു. അതിനുള്ള വില ചില്ലറയൊന്നുമിയിരുന്നില്ല നല്‍കേണ്ടി വന്നത്. . അന്നത്തെ കൂടിക്കാഴ്ചയില്‍ അദ്ദേഹം മനസ് തുറന്നു സംസാരിച്ച ശേഷം വിഷയം വാര്‍ത്തകളിലേക്ക് കടന്നു. അന്ന് ഒരു സത്യം സ്വാമി പറഞ്ഞു. 'ഫ്രാന്‍സീസ്, ഒരു ഐ.എ.എസുകാരന് ഏറ്റവും പ്രസിദ്ധി ലഭിക്കുന്നത് അവന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ്. അതു കഴിഞ്ഞ് അയാളുടെ സേവനം സെക്രട്ടറിയേറ്റിലെ നൂറുകണക്കിനു ഐ.എ.എസുകാരിലൊരാളായാണ്. പിന്നീട് പബ്ലിസിറ്റി കിട്ടണമെങ്കില്‍ വിരമിക്കലിനോടടുക്കുമ്പോഴാണ്, അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികളിലെത്തുമ്പോള്‍ മാത്രം. അതുവരെ ആര്‍ക്കും ഐ.എ.എസുകാരെ വേണ്ട. അതുകൊണ്ട് ഈ അഞ്ചുവര്‍ഷം എനിക്ക് പരമാവധി പബ്ലിസിറ്റി വേണം. അതിനു ഞാനെന്തു ചെയ്യണം?

ഒരു ജില്ലാ കളക്ടര്‍ പബ്ലിസിറ്റി നേടേണ്ടത് പത്ര പ്രസ്താവനയിലൂടെയല്ല. പ്രവര്‍ത്തിയിലൂടെയായിരിക്കണം.  അതുകൊണ്ട് പ്രവര്‍ത്തിചെയ്തു കാണിക്കൂ. പ്രസിദ്ധി പിന്നാലെ വന്നുകൊള്ളും. ഞാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഇടയ്ക്കിടെ വിളിച്ച് ഓര്‍മ്മിപ്പിക്കണം. പോരായ്മകളും മറക്കരുത്. ഞാനിട്ട ചൂണ്ടയില്‍ കളക്ടര്‍ വീണു എന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ മടങ്ങിയത്.

പിറ്റേന്ന് രാവിലെ ആറിന് ഞാന്‍ താമസിക്കുന്ന ഗസ്‌ററ് ഹൗസിന്റെ വാതിലില്‍ മുട്ട്‌കേട്ട് ഉണര്‍ന്നു. സെക്യൂരിറ്റിയാണ്. സര്‍ ഫോണ്‍ ബെല്ല് അടിക്കുന്നു. കളക്ടറുടെ ഓഫീസില്‍ നിന്നാണ്. ഞാന്‍ ഓടിപ്പോയി ഫോണെടുത്തു. കര്‍ത്താവെ ഇയാള്‍ പ്രവര്‍ത്തി തുടങ്ങി കഴിഞ്ഞോ? മറുതലയ്ക്കല്‍ കളക്ടറെ കണക്ടു ചെയ്തു. ഫ്രാന്‍സിസ്, ഇതു രാജു നാരായണ സ്വാമിയാണ്. രാവിലെ വിശേഷങ്ങള്‍ ആരാഞ്ഞപ്പോള്‍ ഉറക്കം കളഞ്ഞതിലെ ദേഷ്യം പെരുവിരല്‍ മുതല്‍ ഇരച്ചുകയറുന്നുണ്ടായിരുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെ കേരളോത്സവം പരിപാടി കവര്‍ ചെയ്യാന്‍ വന്നില്ലായിരുന്നോ ചോദ്യം, എനിക്കു കലി കയറി. അതിനു അവിടെ പ്രാദേശിക ലേഖകന്‍ ഉണ്ടല്ലോ. സാധാരണ ഇത്തരം പരിപാടിക്കു ഞങ്ങള്‍ പോകാറില്ല.
പത്രത്തില്‍ ഫോട്ടോ കണ്ടില്ല. അതുകൊണ്ടു ചോദിച്ചതാ. ഉടന്‍ വന്നു മറുപടി.
ആ പടം ഇരിങ്ങാലക്കുട പ്രാദേശിക പേജിലുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ പി.ആര്‍.ഡി.വഴി പടം കൊടുത്തയക്കാം തൃശൂര്‍ എഡിഷനില്‍ ഒന്നു കൊടുക്കാമോ എന്നായി അടുത്ത ഡിമാന്‍ഡ്.

കിട്ടിയ അവസരം മുതലാക്കി ഒരു ഡോസു കൊടുക്കാന്‍ തീരുമാനിച്ചു. സര്‍, ഇന്നത്തെ തൃശൂര്‍ എഡിഷന്‍ പ്രാദേശിക പേജ് നോക്കുക. അഞ്ചിടത്താണ് കളക്ടര്‍ നാടമുറിക്കുന്നതും വിളക്കു കൊളുത്തുന്നതും ഉദ്ഘാടനം ചെയ്യുന്നതുമായ പല ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഇത്തരം ചീപ്പ് പബ്ലിസിറ്റികള്‍ നെഗറ്റീവ് പബ്ലിസിറ്റിയായി മാറും. താങ്കള്‍ക്ക് പബ്ലിസിറ്റി ക്രെയ്‌സ് ആണെന്നു വായനക്കാര്‍ പറയും. മുന്‍ കളക്ടര്‍ മീണ എത്ര മിടുക്കനാണെന്ന് ആളുകള്‍ പറയും. മീണയെ പറഞ്ഞാല്‍ സ്വാമിക്കു കൊള്ളുമെന്ന് എനിക്കറിയാം. സ്വാമിയുടെ ലക്ഷ്യം തന്നെ മീണയെക്കാള്‍ കേമനാവുക എന്നാണെന്ന് മുന്‍ സംഭാഷണത്തില്‍ നിന്നു വ്യക്തമായിരുന്നു.'

മീണക്കെങ്ങനെയാണ് ഇത്ര പ്രസിദ്ധി ലഭിച്ചത്? പ്രതീക്ഷിച്ച ചോദ്യം വന്നു. ഞാന്‍ പറഞ്ഞു. പ്രവര്‍ത്തിച്ചതു കൊണ്ടു മാത്രം. അദ്ദേഹം ഇന്നുവരെ ഏതെങ്കിലും വാര്‍ത്തയോ ചിത്രമോ കൊടുക്കണമെന്ന് ഒരു പത്രക്കാരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രവര്‍ത്തനത്തിലൂടെ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിക്കുകയായിരുന്നു ചെയ്തത്.

മീണയെക്കാള്‍ കേമനാകാന്‍ സ്വാമി നടത്തിയ പല പരിശ്രമങ്ങളും അബന്ധങ്ങളുടെ പെരുമഴയായിരുന്നു. തൊട്ടതെല്ലാം അബദ്ധം. വിവേകമില്ലാത്ത എടുത്തു ചാട്ടം. പലപ്പോഴും പ്രസിദ്ധി ലഭിക്കാന്‍ വേണ്ടി മാത്രമെന്നു തോന്നപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റിയിലാണ് പര്യവസാനിച്ചത്.

അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍.

Facebook Comments

Comments

  1. വിദ്യാധരൻ

    2017-07-13 09:26:20

    സത്യത്തിന് വേണ്ടി കൂട്ട് നിൽക്കുമ്പോൾ സത്യത്തിന്റ ബലിദേവദ ആവശ്യപ്പെടുന്നത് സ്വന്ത ജീവനെയാണെന്ന് പറഞ്ഞ വാക്കുകൾ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവർക്ക് വളരെ വ്യക്തമായി കാണാൻ സാധിക്കും. ഘടനകൊണ്ടും ഭാഷകൊണ്ടും അതിലുപരി ആശയത്തിന്റെ പ്രസക്തികൊണ്ടും മികച്ച ലേഖനം വായിച്ചപ്പോൾ,&nbsp; 'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫോൻസ് കണ്ണന്താനവും അദ്ദേഹത്തിൻറെ 'ഇന്ത്യ മാറ്റത്തിന്റെ മുഴക്കം' എന്ന പുസ്തകവുമാണ് ഓർമയിൽ തെളിഞ്ഞു വന്നത്. നിങ്ങളുടെ നായകൻറെ ജന്മയോഗ്യതകളോ പരീക്ഷ വൈഭവങ്ങളോ ഇല്ലെങ്കിലും ഇന്ത്യൻ സിവിൽ സർവ്വീസിൽ പരീക്ഷയിൽ എട്ടാം റാങ്കോടെ അദ്ദേഹം വിജയിച്ചു.&nbsp;&nbsp;&nbsp; ഇന്ത്യ മാറ്റത്തിന്റെ മുഴക്കത്തിൽ എന്ന&nbsp; പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ്‌ പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വച്ചു രാഷ്ട്രീയത്തിൽ പ്രവേശിച്ചു.&nbsp; സത്യത്തിനുവേണ്ടി നിലക്കൊള്ളുമ്പോൾ ഇവർക്കാർക്കും, ബുദ്ധനെപ്പോലെയോ, യേശുവിനെപ്പോലെയോ, അബ്രാഹാം ലിങ്കനെപ്പോലെയോ, ഗാന്ധിജിയെപ്പോലെയോ, മാർട്ടിൻ ലൂഥർ കിങ്ങിനെപ്പോലെയോ അവരുടെ ജീവനെ ബലികഴിക്കേണ്ടാതായി വന്നില്ല എന്നുള്ളത് ആശ്വാസകരം. സ്വന്തം താത്‌പര്യങ്ങൾക്കുവേണി സ്വന്തം മകളുടെ ജീവിതം കുട്ടിച്ചോറാക്കുന്ന ഇത്തരം പിതാക്കന്മാർ ചാരിതാധികാലം തുടങ്ങിയുള്ളതാണ് "നിങ്ങൾ പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിസ്കളങ്കരു"മായെങ്കിൽ മാത്രമേ ഇവിടെ ജീവിച്ചു മരിക്കാനാവുകയുള്ളു.<br>നല്ല ലേഖനത്തിന് അഭിനന്ദനം&nbsp;&nbsp;&nbsp; <br>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More