ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഓസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇതുവരെ തിളങ്ങാനാവാതിരുന്ന വീരേന്ദര്‍ സേവാഗ് നാലു സ്ഥാനം താഴേക്കിറങ്ങി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ പതിനെട്ടാമതായപ്പോള് സച്ചിന് തെണ്ടുല്‍ക്കര്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ്.
മൂന്നാം സ്ഥാനത്തുള്ള യുവതാരം വിരാട് കൊഹ്ലിയും നാലാം സ്ഥാനത്തുള്ള നായകന് മഹേന്ദ്ര സിംഗ് ധോണിയുമാണ് ആദ്യപത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഗൗതം ഗംഭീര്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്.
മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തിയ ഓഫ് സ്പിന്നര്‍ ആര്.അശ്വിന് മാത്രമാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ ഇരുപതിലെ ഇന്ത്യന്‍ സാന്നിധ്യം. രവീന്ദ്ര ജഡേജ ഇരുപത്തിയേഴാം സ്ഥാനത്തും സഹീര്‍ ഖാന് മുപ്പതാം സ്ഥാനത്തുമാണ്.