Image

മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌

സക്കറിയ Published on 19 February, 2012
മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌
(Mathrubhumi)
കേരള ക്രൈസ്തവജീവിതം' എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ഒരു പ്രതിഭാസം കേരളത്തിലുണ്ടോ?
ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.
എനിക്കു തോന്നുന്നത് ഏറ്റവും കുറഞ്ഞത് ഒന്നര ഡസന്‍ ക്രൈസ്തവസഭകളെങ്കിലും കേരളത്തിലുണ്ട് എന്നാണ്. അവയില്‍ നല്ല പങ്കിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഒരു പ്രാര്‍ഥനാമുറിയും ഒരു ബോര്‍ഡും മാത്രം കൈവശമുള്ള പോക്കറ്റ്‌സഭകള്‍ വേറെയുമുണ്ട്.
എനിക്ക് അടുത്തറിയാവുന്ന കത്തോലിക്കാസഭയില്‍ത്തന്നെ നാലു
പ്രധാന വിഭാഗങ്ങളുണ്ട്. സുറിയാനിക്കത്തോലിക്കര്‍, ലത്തീന്‍ കത്തോലിക്കര്‍, ക്‌നാനായ കത്തോലിക്കര്‍, മലങ്കര സുറിയാനിക്കത്തോലിക്കര്‍. ഇവരോരോരുത്തര്‍ക്കും വ്യത്യസ്ത മേലധികാരികളും പള്ളികളും സ്ഥാപനങ്ങളും ആചാരങ്ങളുമുണ്ട്.
മലങ്കരസഭ, മാര്‍ത്തോമ്മാസഭ, ദക്ഷിണേന്ത്യന്‍സഭ, കല്‍ദായസഭ തുടങ്ങിയ പ്രധാന സഭകള്‍ വേറെയുണ്ട്.
കേരളത്തില്‍ ഏറ്റവുമധികം വിഭാഗങ്ങളുള്ള മതം ക്രിസ്തുമതമാണ്.
കേരള ക്രൈസ്തവജീവിതം എന്ന് ഒറ്റവാക്കില്‍ വിവരിക്കാവുന്ന ഒരു സ്വത്വം, ഒരു ഐഡന്റിറ്റി ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ വിവരങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഈ വ്യത്യസ്ത സഭകളിലെ വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതുപോലും ഇന്നും അത്ര സാധാരണമല്ല. വിശ്വാസപരമായി അത്രമാത്രം വിഭിന്നങ്ങളായ ക്രൈസ്തവ ഐഡന്റിറ്റികളാണ് കേരളത്തിലുള്ളത്. ഇതില്‍ ഞാന്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. ഓരോ മനുഷ്യനും സ്വതന്ത്രവിശ്വാസിയായിത്തീരുന്നതിലേക്കായിരിക്കാം ഇതു നയിക്കുന്നത്. പ്രശ്‌നമുണ്ടാകുന്നത് മത്സരത്തിലേക്കും വിദ്വേഷത്തിലേക്കും നീങ്ങുമ്പോഴാണ്. എന്നാല്‍ ഈ വിഭാഗങ്ങളെയെല്ലാം 'കേരള ക്രൈസ്തവജീവിതം' എന്നവാക്കിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്.
ഒന്ന്: ക്രിസ്തു. ക്രിസ്തു എന്നറിയപ്പെടുന്ന യേശുവില്‍ വിശ്വസിക്കുന്നവരാണ് ഈ സഭകളെല്ലാം.
രണ്ട്: കേരളം. ഈ സഭകളിലെ വിശ്വാസികളെല്ലാം കേരളീയരാണ്. കേരളമാണ് അവരുടെ മാതൃഭൂമി. കേരളീയര്‍ എന്ന നിലയ്ക്ക് അവര്‍ ഇന്ത്യക്കാരുമാണ്.
യേശു കേരള ക്രൈസ്തവസഭകളെ ഏകോപിപ്പിക്കുന്നു എന്നുപറഞ്ഞു. യേശു മലയാളിയല്ല എന്നതാണ് ഇതിലെ സവിശേഷമായ വസ്തുത.
മുഹമ്മദും മലയാളിയല്ല.
വാസ്തവത്തില്‍ ശിവനും ശ്രീകൃഷ്ണനും ദേവിയും ശ്രീരാമനും ഒന്നും മലയാളികളല്ല.
ബുദ്ധനെ കഷ്ടിച്ച് ഇന്ത്യക്കാരനെന്നു വിളിക്കാമെന്നേയുള്ളൂ. മലയാളിയല്ല.
ശുദ്ധമലയാളിയായി ജനിച്ച ഒരു കേരളീയഗുരു മാത്രമേയുള്ളൂ. ശ്രീനാരായണന്‍.
ശുദ്ധമലയാളിത്തം അവകാശപ്പെടുന്ന ഒരു കേരളീയ ഈശ്വരന്‍ മാത്രമേയുള്ളൂ, ശ്രീ അയ്യപ്പന്‍.
ഇങ്ങനെ മലയാളികളുടെ പൊതുവിലുള്ള മതവിശ്വാസങ്ങള്‍ക്കാകമാനം ഒരു വിരുന്നുവന്ന സ്വഭാവമുണ്ട്.
ഇത് നല്ലതാണ്. ഇത് ഒരു തുറന്ന മനസ്സിനെ കാണിക്കുന്നു. പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും ദൈവസങ്കല്പങ്ങളുടെയും സാര്‍വത്രികതയെ കാണിക്കുന്നു. അവ മനുഷ്യനെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. അവന്റെ രാജ്യത്തെയോ ഭാഷയെയോ ജാതിയെയോ കണക്കാക്കുന്നില്ല.

കേരളീയരുടെ വാണിജ്യബന്ധങ്ങളിലൂടെയാണ് ക്രിസ്തുമതവും ഇസ്‌ലാമും ഇവിടെയെത്തിയത്. ഈ രണ്ടു മതങ്ങളുടെയും ഉത്ഭവമേഖലയായ മധ്യപൂര്‍വ്വദേശങ്ങളിലെ അറബി-യഹൂദസമൂഹങ്ങളുമായി കേരളീയര്‍ക്കു പുരാതനമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു.
സെയിന്റ് തോമസാണ് കേരളത്തിലേക്കു ക്രിസ്തുമതം കൊണ്ടുവന്നത് എന്ന ധാരണയ്ക്ക് ചരിത്രപരമായ ഉറപ്പുള്ള തെളിവുകളില്ല. തോമസാണ് കേരള ക്രൈസ്തവസഭകളുടെ സ്ഥാപകന്‍ എന്നു പറയുന്നതില്‍ വിശ്വാസികള്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട് എന്നതില്‍ സംശയമില്ല. തോമസാണ് സ്ഥാപകന്‍ എന്നത് ശരിയാണെങ്കില്‍ കേരളത്തെ ഒരു favourite destination, പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം- ആയി തിരഞ്ഞെടുക്കാന്‍ തോമസിനെ പ്രേരിപ്പിച്ചത് കുരുമുളകിനോടും ചുക്കിനോടും ഏലത്തോടുമുള്ള അടുപ്പവും കേരളത്തിലേക്കുള്ള കപ്പല്‍പ്പാതയുടെ പ്രശസ്തിയും കേരളം ഒരു സുരക്ഷിതസ്ഥാനമാണ് എന്ന അറിവും ആയിരിക്കാം. അതല്ലെങ്കില്‍ മലയാളികളെയും ഇന്ത്യയെയും തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല.

ഏതായാലും ക്രിസ്തുമതത്തിന് കേരളത്തില്‍ ഒരു soft entry, സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു.

ഇന്നു നാമറിയുന്ന രൂപത്തിലുള്ള ഒരു ഹിന്ദുമതം അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് മലയാളികള്‍ ഏതു മതത്തില്‍നിന്നാണു പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായത് എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തമല്ല.
ഈശ്വരസങ്കല്പങ്ങള്‍ ദേശാടനപ്പക്ഷികളെപ്പോലെയോ അപ്പൂപ്പന്‍താടികളെപ്പോലെയോ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ അതിര്‍ത്തികള്‍ അവഗണിച്ച് പാറിനടന്ന ഒരു കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയത്.
എന്റെ മതം, നിന്റെ മതം, അയാളുടെ മതം എന്നിങ്ങനെയുള്ള പിടിവാദങ്ങള്‍ കേരളത്തില്‍ അന്നുണ്ടായിരുന്നില്ല. മേലാളന്മാരും കീഴാളന്മാരും ഉണ്ടായിരുന്നു. ജാതിവ്യവസ്ഥയെപ്പറ്റി തീര്‍ച്ചയില്ല. അങ്ങനെ, പലസ്തീനിലെ യഹൂദന്മാരെ പഴയ ദൈവസങ്കല്പത്തില്‍ നിന്നു മാറ്റി ഒരു പുതിയ ദൈവസങ്കല്പത്തിലേക്കു കൊണ്ടുവരണമെന്ന്, രണ്ടായിരം വര്‍ഷംമുമ്പ് ഒരു പലസ്തീനിയന്‍ യുവാവിനുണ്ടായ ദര്‍ശനം ഉളവാക്കിയ ചലനം നിഗൂഢങ്ങളായ വഴികളിലൂടെ കേരളത്തിലുമെത്തി. വളരെപ്പിന്നീടാണ് ആസൂത്രിതവും സംഘടിതവുമായ മതപരിവര്‍ത്തനശ്രമങ്ങള്‍ വൈദേശിക ക്രൈസ്തവ മിഷണറിമാര്‍ കേരളത്തില്‍ നടത്തിത്തുടങ്ങിയത്.

വൈദേശിക മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിലെ ക്രൈസ്തവര്‍ ആദ്യം വിവിധ വിഭാഗങ്ങളായിത്തീര്‍ന്നത്. പിന്നീട് കേരളീയര്‍തന്നെ വിഭജിക്കല്‍ അഭ്യസിച്ചു.

വിഭജിക്കാതിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക മേന്മയുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഈശ്വരന്‍ നാം സങ്കല്പിക്കുന്നതുപോലെ, നന്മയുടെ ഇരിപ്പിടമാണെങ്കില്‍, ബ്രദറണ്‍സഭയുടെ വിശ്വാസി വിളിച്ചാലും ലത്തീന്‍ കത്തോലിക്കാവിശ്വാസി വിളിച്ചാലും അദ്ദേഹം കേള്‍ക്കേണ്ടതുണ്ട്. അതുപോലെതന്നെ ഹിന്ദു വിളിച്ചാലും മുസ്‌ലിം വിളിച്ചാലും ജൈനന്‍ വിളിച്ചാലും.
കേരള ക്രൈസ്തവര്‍ ഒരൊറ്റ വിഭാഗമായിരുന്നുവെന്നു കരുതുക. എന്തായിരുന്നിരിക്കാം അതുകൊണ്ടുള്ള ഗുണം? രാഷ്ട്രീയമായ വിലപേശലുകള്‍ക്ക് അതു കൂടുതല്‍ സഹായിക്കുമായിരുന്നു എന്നതിനു സംശയമില്ല. പൗരോഹിത്യം കൂടുതല്‍ പ്രബലമാകുമായിരുന്നു എന്നതിനും സംശയമില്ല. ധനശക്തിയും വളരെക്കൂടുതല്‍ ഉണ്ടാകുമായിരുന്നു. ഇവയെല്ലാം ഭൗതികമായ മേന്മകളാണ്.
യേശു സങ്കല്പിച്ചതുപോലെ ഒരു പുതിയ മനുഷ്യനായ ക്രിസ്ത്യാനിയെ ('New man') നിര്‍മ്മിക്കാന്‍ ഭൗതികശേഷികള്‍ക്കു കഴിയുമോ? ഉത്തരം നിങ്ങള്‍തന്നെ കണ്ടുപിടിക്കുക.

യേശു ഒരിക്കലും ക്രിസ്ത്യാനി എന്നൊരു വിഭാഗത്തെ സ്വപ്‌നം കാണുക കൂടി ചെയ്തിട്ടില്ല എന്നതും ഇവിടെ സ്മരിക്കണം. ക്രിസ്ത്യാനി എന്ന വ്യത്യസ്ത വിശ്വാസിയെ സൃഷ്ടിക്കാനുള്ള വിശ്വാസസംഹിതകള്‍ നിര്‍മ്മിച്ചത് പൗലോസ് എന്ന വ്യക്തിയായിരുന്നു. മരിച്ച യേശു ഉയിര്‍ത്തു, അത് യേശു ദൈവപുത്രനാകയാലാണ് എന്ന ഒറ്റവാദം ആണിക്കല്ലായി ഉപയോഗിച്ചുകൊണ്ടാണ് പൗലോസ് യേശുവിനെ പലസ്തീനില്‍ നിന്നു പടിയിറക്കി റോമാസാമ്രാജ്യത്തിന്റെ വിവിധ ദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്.

എല്ലാ സംഘടിതമതങ്ങളും അനുഭവിക്കുന്ന ഒരു വിരോധാഭാസമാണ് വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍. എണ്ണത്തിലും ശക്തിയിലുമുള്ള വളര്‍ച്ചയെയാണ് പ്രധാന വളര്‍ച്ചയായി മതങ്ങള്‍ കണക്കാക്കുന്നത്. ദൈവസങ്കല്പത്തിന്റെ വളര്‍ച്ച ഭൗതികവളര്‍ച്ചയുമായി ഒത്തുപോകുന്നുണ്ടോ? രണ്ടായിരം വര്‍ഷംമുമ്പ് യേശു നിര്‍മ്മിച്ച ദൈവസങ്കല്പത്തില്‍നിന്ന് എത്രമാത്രം ഇന്നത്തെ ക്രൈസ്തവ ദൈവസങ്കല്പം മുന്നോട്ടുപോയിട്ടുണ്ട്? അന്ന് യേശു നിര്‍മ്മിച്ച പുതിയ മനുഷ്യസങ്കല്പത്തില്‍ നിന്ന് എത്രമാത്രം ഇന്നത്തെ ക്രൈസ്തവ മനുഷ്യസങ്കല്പം മുന്നോട്ടുപോയിട്ടുണ്ട്?

മറ്റെല്ലാ ക്രൈസ്തവരെയും പോലെ കേരള ക്രൈസ്തവരും അഭിമുഖീകരിക്കേണ്ട ഒരു ചോദ്യമാണിത്.
ഇന്നത്തെ കേരള ക്രൈസ്തവജീവിതത്തില്‍ ദൈവസങ്കല്പവും മനുഷ്യസങ്കല്പവും എത്രമാത്രം വളര്‍ച്ചപ്രാപിച്ചിട്ടുണ്ട്?
വളരെക്കുറച്ചു മാത്രമേ വളര്‍ന്നിട്ടുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്.

മതങ്ങള്‍ സംഘടിതമായ സാമൂഹിക-സാമ്പത്തികസ്ഥാപനങ്ങളാണ് എന്ന വാസ്തവം മറച്ചുവെയ്ക്കുന്നതുകൊണ്ടാണ് മതങ്ങളെ ചുറ്റിപ്പറ്റി കാപട്യങ്ങള്‍ നിലനില്ക്കുന്നത്. മതത്തിന്റെ ഉത്ഭവബിന്ദുവായ ദര്‍ശനത്തിനു ചുറ്റും സാമൂഹികവും സാമ്പത്തികവുമായ ജീവിതതാത്പര്യങ്ങളുടെ ഒരു സംഘടിതരൂപം നിര്‍മ്മിക്കപ്പെടുന്നു. മെല്ലെമെല്ലെ ആ ദര്‍ശനസംഹിത ഒരു പരിശുദ്ധ കാഴ്ചവസ്തു മാത്രമാവുകയും മറ്റു താത്പര്യങ്ങള്‍ ബലപ്പെടുകയും ചെയ്യുന്നു. ദര്‍ശനത്തെ അനുഷ്ഠാനങ്ങളായി മാറ്റുന്നതുകൊണ്ട് മതത്തിന്റെ അംഗങ്ങളില്‍ ഉപരിപഌവമായ പങ്കാളിത്തബോധം നിലനില്ക്കുന്നു.

യേശുവിന്റെ ദര്‍ശനത്തെ കുര്‍ബാനയും കുമ്പസാരവും പോലെയുള്ള എത്ര ആയിരം അനുഷ്ഠാനങ്ങളായി മാറ്റിയെന്നു നമുക്കറിയാം.
ഇത് ഒരു വാസ്തവമാണെന്ന് ക്രൈസ്തവസഭകള്‍ അംഗീകരിക്കുകയുമില്ല. അനുഷ്ഠാനമാണ് ദര്‍ശനം എന്ന് അവര്‍ വാദിച്ചുകൊണ്ടേയിരിക്കും. ഒപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിക്കുവേണ്ടി അധ്വാനിച്ചുകൊണ്ടുമിരിക്കും. ഇതുകൊണ്ടാണ് കാപട്യത്തിന്റെ ആവരണം മതങ്ങളെ ഒരിക്കലും വിട്ടുപോകാത്തത്.
യേശുവിന്റെ പിന്നാലെ പോകാനാഗ്രഹിക്കുന്നവന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് യേശു കൃത്യമായി പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ചിട്ടുണ്ട്.
പക്ഷേ, സാധാരണ മനുഷ്യന് അത്തരമൊരു സന്ദേശം ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ നടപ്പാക്കാനും സാധ്യമല്ല. അതുകൊണ്ടാണ് അവന്‍ മതത്തിന്റെ എളുപ്പവഴി സ്വീകരിക്കുന്നത്. അവന് തനിക്കുള്ളതെല്ലാം വിറ്റ് അഗതികളെ ഏല്പിക്കാനുള്ള ആത്മധൈര്യമില്ല. അവന് വലിയ വീടും വാഹനവും എല്ലാ സുഖസൗകര്യങ്ങളും വേണം. അവയൊന്നും വേണ്ട എന്നൊരു മതം തത്ത്വത്തില്‍ മാത്രമല്ലാതെ, നിഷ്ഠയില്‍ ബലം പിടിച്ചാല്‍ അവന്‍ മതം വിട്ടുപോകും. ഇന്നു നാമറിയുന്ന മതങ്ങള്‍ മനുഷ്യന്റെ ഭൗതികസന്തുഷ്ടിയുടെ ഒരു ഭാഗമാണ്. ജീവിച്ചിരിക്കുമ്പോള്‍ അനുഷ്ഠാനങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്തി പ്രശ്‌നപരിഹാരങ്ങളുണ്ടാക്കി ജീവിതസുഖം കണ്ടെത്താമെന്നതുപോലെ തന്നെ മനുഷ്യനെ സന്തുഷ്ടനാക്കുന്ന ഒരു വസ്തുതയാണ് അവന്‍ മരിക്കുമ്പോഴും സുഖകരമായ മറ്റൊരു ലോകം കാത്തിരിപ്പുണ്ട് എന്ന പ്രത്യാശ.

കേരള ക്രൈസ്തവരുടെ മതശൈലികള്‍ക്ക് മേല്പറഞ്ഞ സര്‍വ്വസാധാരണമായ മതശൈലികളില്‍ നിന്നു വലിയ വ്യത്യാസമൊന്നുമില്ല.
അനുഷ്ഠാനങ്ങള്‍ക്കപ്പുറത്ത്, യേശുവിനെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുകയും ഈശ്വരസാക്ഷാത്കാരത്തിനു പരിശ്രമിക്കുകയും ചെയ്യുന്ന കേരള ക്രൈസ്തവര്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ടാവും. മറ്റെല്ലാ സമകാലിക സംഘടിത മതങ്ങളിലെയും ആധ്യാത്മികാന്വേഷകരെപ്പോലെ അവര്‍ ഒരു സൂക്ഷ്മന്യൂനപക്ഷമാകാനാണു വഴി.

കേരളീയര്‍ എന്ന നിലയ്ക്ക് കേരള ക്രൈസ്തവരുടെ പ്രത്യേകതകള്‍ എന്താണ്? ക്രൈസ്തവരായിത്തീര്‍ന്ന കേരളീയര്‍ കേരളത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ? മറ്റു മതസ്ഥര്‍കൂടി വസിക്കുന്ന കേരളത്തില്‍ ക്രൈസ്തവരുടെ സ്ഥാനമെന്താണ്?
മതം ഈശ്വരനെക്കുറിച്ചുമാത്രമുള്ള ഒരു പ്രസ്ഥാനമായിരുന്നെങ്കില്‍, മേല്പറഞ്ഞ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ആധ്യാത്മികതലത്തില്‍ മാത്രം തേടിയാല്‍ മതിയായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ മേല്പറഞ്ഞ ചോദ്യങ്ങളുടെയെല്ലാം ഉത്തരം നാം സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് ഭൗതികതലത്തിലാണ്. പലസ്തീന്‍കാരനായ യേശുവിന്റെ ദര്‍ശനത്തെ ആസ്​പദമാക്കി കേരളീയര്‍ നിര്‍മ്മിച്ച ഭൗതിക ജീവിതശൈലിയെയാണ് നാം കേരള ക്രൈസ്തവജീവിതം എന്നുപറയുന്നത്.

ഈ ജീവിതശൈലിയില്‍ ഈശ്വരസങ്കല്പം ചലനമറ്റു നില്ക്കുകയാണ് എന്നു ഞാന്‍ സൂചിപ്പിച്ചു. ഈ ജീവിതത്തെ ആഴ്ചയുടെ ദിവസങ്ങളിലൂടെ എണ്ണി ഏഴായി വിഭജിച്ചാല്‍ ചലനമറ്റ ഈശ്വരസങ്കല്പത്തിനായിപ്പോലും കേരള ക്രൈസ്തവര്‍ നീക്കിവയ്ക്കുന്നത് ഏഴിലൊന്നായ ഞായറാഴ്ചയുടെ രണ്ടുമൂന്നു മണിക്കൂറുകളും പ്രാര്‍ത്ഥന പതിവുള്ള കുടുംബങ്ങളില്‍, ദിവസത്തിന്റെ ഒന്നോ ഒന്നരയോ മണിക്കൂറുമാണ്.
നൂറ്റിഎണ്‍പത്തിഎട്ട് മണിക്കൂറുകള്‍ നീണ്ട ഒരാഴ്ചയില്‍ ഏതാണ്ട് പതിമൂന്നു മണിക്കൂറാണ് ആധ്യാത്മികതയുടെ സമയം. ബാക്കി സമയത്തിന്റെ ഭൂരിഭാഗവും ഭൗതികജീവിതത്തിന്റേതുതന്നെയാണ്. അതില്‍ അധ്വാനമുണ്ട്, ആശ്വാസമുണ്ട്, സുഖമുണ്ട്, ദുഃഖമുണ്ട്.
ഇതാണ് മനുഷ്യാവസ്ഥയുടെ യാഥാര്‍ത്ഥ്യം. ഇതില്‍ ലജ്ജിക്കാനൊന്നുമില്ലതാനും.

ഭൗതികം അതിപ്രധാനമാണ്. സാധാരണ മനുഷ്യന് അതില്‍നിന്നു മോചനമില്ല. യേശു പഠിപ്പിക്കാന്‍ ശ്രമിച്ചത് ഭൗതികമായ ജീവിത സമരത്തെ എങ്ങനെ നന്മയും മനുഷ്യപ്പറ്റുമുള്ളതാക്കാമെന്നാണ്. അതേസമയം സമരത്തില്‍ പരാജിതരായിക്കൊണ്ടേയിരിക്കുന്നവര്‍ക്ക് യേശു സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ കരുണയും മരണശേഷം പറുദീസയും വാഗ്ദാനം ചെയ്തു.

ആധ്യാത്മികത നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി ഭൗതികജീവിതസമരത്തിലൂടെ ആധ്യാത്മികതയെ എങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകാമെന്നതാണ്. ആധ്യാത്മികതയുടെ വെല്ലുവിളിയെ മതം അനുഷ്ഠാനങ്ങളും വിലക്കുകളുമായി ലഘൂകരിച്ച് വിശ്വാസിയെ തൃപ്തിപ്പെടുത്തുന്നു. മരണത്തിന്റെ ഭീഷണിയും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് നൂറ്റിഎണ്‍പത്തിഎട്ടു മണിക്കൂറില്‍ പതിമൂന്നു മണിക്കൂര്‍ മാത്രം ആവശ്യമായ മതപരമായ ആധ്യാത്മികതയ്ക്ക് മനുഷ്യന്റെമേല്‍ ഇത്ര ഭീമവും ശക്തവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്.
ആധ്യാത്മികതയ്ക്കാവശ്യമായ ആന്തരികദൃഷ്ടിയും ധ്യാനവും ശരാശരി മനുഷ്യന് അപ്രാപ്യമാണ് എന്നതു ശരിയാണ്. പക്ഷേ, ആധ്യാത്മികതയുടെ ഭാഗമായ മനുഷ്യസങ്കല്പം അപ്രാപ്യമല്ല. യേശുവിനെപ്പോലെ ധ്യാനിക്കാനോ ദര്‍ശനങ്ങള്‍ അനുഭവിക്കാനോ കുരിശില്‍ മരിക്കാനോ സാധാരണ മനുഷ്യനു വിഷമമാണ്. പക്ഷേ, യേശുവിന്റെ സുപ്രസിദ്ധമായ മനുഷ്യസങ്കല്പം - സാഹോദര്യം, സ്‌നേഹം, സത്യം, കരുണ, സമാധാനം തുടങ്ങിയ മാനുഷികമൂല്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മനുഷ്യസങ്കല്പം- സാധാരണ മനുഷ്യനുവേണ്ടിത്തന്നെയാണ് യേശു നിര്‍മ്മിച്ചത്.

കേരള ക്രൈസ്തവ ജീവിതത്തില്‍ ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച വിഭജനം തന്നെയാണ് കൂടുതല്‍ ശക്തം എന്നാണ് എന്റെ നിരീക്ഷണം. നൂറ്റിഎഴുപത്തിഅഞ്ച് മണിക്കൂര്‍ ഭൗതികത്തിനുവേണ്ടിയും പതിമൂന്നു മണിക്കൂര്‍ മതത്തിനുവേണ്ടിയും മാറ്റിവയ്ക്കുന്നു. ആ പതിമൂന്നു മണിക്കൂറില്‍ അനുഷ്ഠാനത്തിനപ്പുറത്തുള്ള ആധ്യാത്മികത തേടാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ സാധിക്കുന്നുള്ളൂ. അതേസമയം ഈശ്വരസങ്കല്പത്തിന്റെ വളര്‍ച്ച ഉണ്ടാകേണ്ടതും യേശു ഈശ്വരസങ്കല്പത്തെ എത്തിച്ചതെവിടെയോ അവിടെനിന്ന് അടുത്ത പടിയിലേക്കു പുരോഗമിക്കേണ്ടതും വ്യക്തിനിഷ്ഠമായ ആധ്യാത്മികതയിലൂടെയാണ്. അത് കേരള ക്രൈസ്തവജീവിതത്തില്‍ സംഭവിക്കുന്നതായി അറിവില്ല. വഴിത്തിരിവുകളൊന്നും ഇനിയും പ്രത്യക്ഷപ്പെട്ടതായി അറിവില്ല.

യേശുവിന്റെ മനുഷ്യസങ്കല്പത്തിന്റെ പ്രയോഗതലത്തിലുള്ള അനുഭവങ്ങള്‍ ക്രൈസ്തവവിശ്വാസി നേടേണ്ടത് അവന്റെ ഭൗതികജീവിതസമരത്തിന്റെ ഭാഗമായാണ്. സത്യം, സമാധാനം, സാഹോദര്യം, കരുണ, സ്‌നേഹം തുടങ്ങിയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ഭൗതികജീവിതവ്യാപാരങ്ങള്‍ നടത്താന്‍ കേരള ക്രൈസ്തവര്‍ക്കു സാധിക്കുന്നുണ്ടോ? തീര്‍പ്പു പറയാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.
കേരള സമൂഹത്തില്‍ ക്രിസ്ത്യാനികള്‍ അറിയപ്പെടുന്നത് ഭൗതികവിജയം നേടിയ ഒരു വിഭാഗമായാണ്.
ഭൗതികവിജയം നേടാത്ത ക്രിസ്ത്യാനികളും കേരളത്തില്‍ ധാരാളമുണ്ട്. അവര്‍ പരാജിതരായിത്തന്നെ തുടരുന്നു. വിജയിച്ചവര്‍, തങ്ങളുടെ വിജയം ക്രൈസ്തവ ആദര്‍ശപ്രകാരം അവരുമായി പങ്കുവെയ്ക്കുന്നതായി എനിക്കറിവില്ല.

ഏതെല്ലാം സാമൂഹികമേഖലകളിലാണ് കേരള ക്രൈസ്തവര്‍ ഭൗതിക വിജയം നേടിയിട്ടുള്ളത്?
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍. കേരളത്തിലേക്ക് ആധുനിക പൊതുവിദ്യാഭ്യാസം ആദ്യമായി എത്തിച്ചത് ക്രൈസ്തവ മിഷണറിമാരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള സാമര്‍ത്ഥ്യം ഇന്നും ക്രൈസ്തവര്‍ പ്രകടിപ്പിച്ചുവരുന്നു. എന്നാല്‍ പരമ്പരാഗത വിദ്യാഭ്യാസതത്ത്വങ്ങള്‍ക്കു വഴിമാറ്റം വരുത്തുന്ന പുതിയ ആവിഷ്‌കരണങ്ങളും പരീക്ഷണങ്ങളും നടത്തുന്നവര്‍ വിരളമാണ്. ഏറ്റവും എളുപ്പത്തില്‍ വിവിധ ഉദ്യോഗങ്ങളില്‍ പ്രവേശിക്കാനുതകുന്ന വിധത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുകമാത്രമാണ് ഭൂരിപക്ഷം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നത്. അമിതലാഭം നേടുന്നു എന്ന ആരോപണവും പല ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പറ്റിയും ഉണ്ടാകാറുണ്ട്.

മറ്റൊരു വിജയമേഖല ആതുരശുശ്രൂഷയാണ്. ക്രൈസ്തവസദ്ഗുണം എന്നു പറയപ്പെടുന്ന കാരുണ്യമാണ് ആതുരശുശ്രൂഷാസ്ഥാപനങ്ങളുടെ പ്രേരകശക്തിയെന്ന് അറിയപ്പെടുന്നത്. പക്ഷേ, സ്ഥാപനവത്കരിച്ച കാരുണ്യത്തിന് കഠിനമായ പരിമിതികളുണ്ട്. ആധുനിക വൈദ്യശുശ്രൂഷയ്ക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങളിലും ശുശ്രൂഷാ സജ്ജീകരണങ്ങളിലുമുള്ള ഭീമമായ മുതല്‍മുടക്കിന്റെ സാമ്പത്തികമാനങ്ങളെ യേശുവിന്റെ പക്ഷത്തുനിന്നു കാണുന്നതെങ്ങനെയെന്ന വെല്ലുവിളിയെ നേരിടാന്‍ ക്രൈസ്തവ ആതുരശുശ്രൂഷാസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ധനത്തിന്റെയും മുതല്‍മുടക്കിന്റെയും ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ സ്ഥാപനവത്കരിച്ച ക്രിസ്ത്യന്‍ കാരുണ്യം സ്വരക്ഷാകവചങ്ങള്‍ ധരിക്കുന്നു. ദരിദ്രനായ ഒരു ക്രിസ്ത്യാനി ക്രൈസ്തവ ആശുപത്രിയില്‍ മരണമടഞ്ഞാല്‍, ആശുപത്രിബില്ലുകള്‍ ഒടുക്കിത്തീര്‍ത്ത് രസീതു വാങ്ങാതെ ശവശരീരം വിട്ടുകിട്ടില്ല. ദരിദ്രനായ ക്രിസ്ത്യാനി എന്ന് എടുത്തു പറയാന്‍ കാരണമുണ്ട്. ദരിദ്രനായ ഹിന്ദുവിനോ മുസ്‌ലിമിനോ ക്രൈസ്തവകാരുണ്യം ചോദിച്ചുവാങ്ങാന്‍ കഴിവില്ലെന്നു കരുതാം. പക്ഷേ, ക്രൈസ്തവവിശ്വാസത്തില്‍ ജീവിച്ചു മരിച്ച ഒരു ദരിദ്രക്രിസ്ത്യാനിക്ക് ഒരു ക്രൈസ്തവ സ്ഥാപനത്തില്‍ തന്റെ ശവശരീരത്തിനു കടം പറയാനുള്ള ധാര്‍മ്മികമായ അവകാശമുണ്ട്.
കച്ചവടവും വ്യവസായവുമാണ് ക്രൈസ്തവര്‍ ഭൗതികവിജയം നേടിയ മറ്റൊരു മേഖല. ഓഫീസില്‍ അലങ്കരിച്ചുവച്ചിരിക്കുന്ന യേശുവിന്റെ ചിത്രമാണ് ഇവയില്‍ പലതിന്റെയും ഏക ക്രൈസ്തവ മുഖമുദ്ര.

കൃഷിയില്‍ ക്രൈസ്തവര്‍ വമ്പിച്ച വിജയം നേടിയിട്ടുണ്ട്. അവരുടെ അധ്വാനശീലം കേരളസമൂഹത്തില്‍ ശ്രദ്ധേയമായിട്ടുണ്ട്. പക്ഷേ, പരിസ്ഥിതിയോടും വന്യമൃഗങ്ങളോടും കരുണയോടെയും ശരിയായ ധാരണകളോടെയും പെരുമാറാന്‍ ക്രൈസ്തവകര്‍ഷകര്‍ക്കു കഴിഞ്ഞില്ല. അവരെ പരിസ്ഥിതി നശീകരണത്തെപ്പറ്റിയും വന്യമൃഗസംരക്ഷണത്തെപ്പറ്റിയും ബോധവത്കരിക്കാനുള്ള ധാര്‍മ്മിക ചുമതല ക്രൈസ്തവസഭകള്‍ക്കുണ്ടായിരുന്നു. കാരണം, പല കുടിയേറ്റ പ്രസ്ഥാനങ്ങളെയും നയിച്ചത് ക്രൈസ്തവസഭകളാണ്. മാത്രമല്ല ഈ കര്‍ഷകര്‍ പൊതുവില്‍ അഭ്യസ്തവിദ്യരായിരുന്നില്ല. പക്ഷേ, സഭകള്‍ അവര്‍ക്കു വേണ്ടി പള്ളികള്‍ പണിതതേയുള്ളൂ. ഭക്ഷ്യവിളകളില്‍ നിന്നു നാണ്യവിളകളിലേക്കു കര്‍ഷകര്‍ എടുത്തുചാടി നീങ്ങിയപ്പോഴും സഭകള്‍ക്ക് അവര്‍ക്കു ദിശാബോധം നല്കി നയിക്കാന്‍ കഴിഞ്ഞില്ല. വിദേശകുടിയേറ്റം ക്രൈസ്തവരുടെ ഭൗതികവിജയത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവര്‍ക്ക് മിഷണറിമാരിലൂടെ ലഭിച്ച ആദ്യപ്രോത്സാഹനവും പിന്നീട് സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അവര്‍ക്കു ലഭിച്ച ഉന്നത പഠനസൗകര്യവും ക്രൈസ്തവരെ വിദേശജോലിക്കമ്പോളങ്ങളില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കി. അവര്‍ പാശ്ചാത്യരാജ്യങ്ങളിലും ഗള്‍ഫിലും മറ്റും വമ്പിച്ച വിജയം നേടുകയും ചെയ്തു. ജോര്‍ജ് സുദര്‍ശനനെപ്പോലെയുള്ള വിരലിലെണ്ണാവുന്ന ക്രൈസ്തവരെങ്കിലും അവിടങ്ങളിലെ ബൗദ്ധിക-സാംസ്‌കാരികതലങ്ങളില്‍ പങ്കെടുക്കുന്നുമുണ്ട്. പക്ഷേ, സഭകള്‍ ഇന്നും ഈ കുടിയേറ്റക്കാരുമായി പുലര്‍ത്തുന്ന ബന്ധത്തിന്, കൂടുതല്‍ വിഭാഗങ്ങളുടെ കൂടുതല്‍ പള്ളികളുടെയും അവതമ്മിലുള്ള ചേരിപ്പോരുകളുടെയും തലത്തിന് അപ്പുറത്തേക്ക് കടന്നുപോകാന്‍ കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് വിദേശരാജ്യങ്ങളിലെ പൗരന്മാരായിത്തീര്‍ന്നിരിക്കുന്ന മലയാളികള്‍ തങ്ങളുടെയും അടുത്ത തലമുറയുടെയും സാംസ്‌കാരികവും സൃഷ്ടിപരവുമായ പ്രതിസന്ധിയെ നേരിടുക എന്നതിനു സഭകള്‍ ഉത്തരം നല്കുന്നില്ല. പകരം കേരളത്തിലെ യാഥാസ്ഥിതികത്വവും മറ്റു ജീര്‍ണ്ണതകളും അവിടെ പറിച്ചുനടുകമാത്രം ചെയ്യുന്നു.

മാധ്യമങ്ങളാണ് കേരള ക്രൈസ്തവര്‍ വിജയിച്ചിരിക്കുന്നു എന്നറിയപ്പെടുന്ന മറ്റൊരു മേഖല. വാണിജ്യപരമായ വിജയം നേടുന്നതല്ലാതെ, സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നവീകരണ ചിന്തയ്ക്കു നേതൃത്വം നല്കാന്‍ ക്രൈസ്തവ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. മറിച്ച് ഏറ്റവും ജീര്‍ണ്ണമായ സാമൂഹികവും മതപരവും രാഷ്ട്രീയവുമായ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് അവ പലപ്പോഴും ചെയ്യുന്നത്. സഭകളുടെ സ്വന്തം പ്രസിദ്ധീകരണങ്ങളാവട്ടെ, നിര്‍ജ്ജീവവും അന്തസ്സത്തയില്ലാത്തതുമായ പാഴ്ക്കടലാസുകള്‍ മാത്രമാണ്.

രാഷ്ട്രീയത്തില്‍ ക്രൈസ്തവര്‍ വിജയികളാണ് എന്നു പറയപ്പെടാറുണ്ട്. അധികാരം പങ്കിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു എന്നതു വാസ്തവമാണ്. പക്ഷേ, 'ക്രൈസ്തവം' അഥവാ 'യേശുവിനു ചേര്‍ന്നത്' എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്ന യാതൊരു മൂല്യങ്ങളും മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ക്രൈസ്തവരുടെ രാഷ്ട്രീയപങ്കാളിത്തത്തിനു കഴിഞ്ഞില്ല. സഭാമേലധികാരികളുടെ സ്വാധീനവും ഇടപെടലും ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. എന്നിട്ടും ക്രൈസ്തവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അഴിമതിയും അക്രമവും ജനദ്രോഹവും പൊതുജനവഞ്ചനയും ധാരാളമായി സ്ഥാനം പിടിച്ചു. ക്രിസ്തുമത വിശ്വാസത്തെ രാഷ്ട്രീയോപകരണമായി ഉപയോഗിച്ചുകൊണ്ടുതന്നെ അവര്‍ ദുര്‍ഭരണം നടത്തി.

ക്രൈസ്തവര്‍ ഉദ്യോഗരംഗത്തു വിജയം നേടിയിട്ടുണ്ട്. സര്‍ക്കാരിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗങ്ങളിലും, ഡോക്ടര്‍, വക്കീല്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രൊഫഷനുകളിലും ക്രൈസ്തവര്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. യേശുവിന്റെ ധാര്‍മ്മികാശയങ്ങള്‍ അവര്‍ നടപ്പാക്കുന്നതായി അറിവില്ല. സാമ്പത്തികരംഗത്ത് പൊതുവില്‍ ക്രൈസ്തവരുടെ വിജയം ശ്രദ്ധേയമായിട്ടുണ്ട്. ബാങ്കുകള്‍, സ്വര്‍ണ്ണവ്യാപാരം, പണമിടപാടുസ്ഥാപനങ്ങള്‍ തുടങ്ങിയ പ്രധാന സമ്പദ്‌രംഗങ്ങളില്‍ ക്രൈസ്തവസാന്നിധ്യം ശക്തമാണ്. ഇവിടെയും യേശുവിന്റെ അലങ്കരിച്ച ചിത്രത്തിനും അതിനുമുന്നിലെ തിളങ്ങുന്ന ഇലക്‌ട്രോണിക് ബള്‍ബിനുമപ്പുറത്ത് യേശുവിന്റേത് എന്നു പ്രത്യേകിച്ചു വിശേഷിപ്പിക്കാവുന്ന മൂല്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നതായി കാണാനില്ല. 'ബ്‌ളേഡ്കമ്പനികള്‍' എന്നറിയപ്പെടുന്ന അന്യായപ്പലിശ ഈടാക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ക്രൈസ്തവര്‍ ധാരാളമായി മുതല്‍മുടക്കിയിട്ടുണ്ട്.

ഈ വിജയങ്ങളില്‍ പ്രത്യേകിച്ച് ക്രൈസ്തവമായി ഒന്നും എനിക്കു കാണാന്‍ കഴിയുന്നില്ല. ചരിത്രപരമായി ക്രൈസ്തവര്‍ക്കു ലഭിച്ചതുപോലെയുള്ള പിന്‍ബലങ്ങളും പ്രോത്സാഹനവും ലഭിച്ച ഏതു മലയാളി സമൂഹവും ഇതെല്ലാം ഒരുപക്ഷേ, ചെയ്യുമായിരുന്നു- പല മേഖലകളിലും ചെയ്തിട്ടുമുണ്ട്.

ഇത് ഒരു സമ്പൂര്‍ണ്ണ ലിസ്റ്റ് അല്ല.
അപ്പോള്‍ ഈ ഭൗതിക വിജയങ്ങളാണോ കേരള ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്ര?
ഏതാണ്ട് യേശുവിനോളംതന്നെ പഴക്കം അവകാശപ്പെടുന്ന കേരള ക്രൈസ്തവസഭ ആധ്യാത്മിക ചിന്താരംഗത്ത് എന്തെല്ലാം പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു? ഫാദര്‍ കാപ്പന്റെയും ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്റെയും പേരുകളല്ലാതെ നവീന ക്രൈസ്തവചിന്തയുടെ മേഖലയില്‍, യേശുവിനെ കാലത്തിലൂടെ ഒരു പുതിയ ശബ്ദമായി മുന്നോട്ടു നയിക്കുന്ന പാതയില്‍ അധികം പേരുകള്‍ കാണാനില്ല.
മാധ്യമവ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും മേല്പറഞ്ഞതുപോലെ പ്രാമുഖ്യം സ്ഥാപിച്ച ക്രൈസ്തവര്‍ക്ക് സാംസ്‌കാരികരംഗത്ത് എന്തു സംഭാവനകള്‍ ചെയ്യാന്‍ കഴിഞ്ഞു? ചരിത്രചിന്ത, തത്ത്വചിന്ത, ശാസ്ത്രചിന്ത, സാംസ്‌കാരികചിന്ത തുടങ്ങിയ അടിസ്ഥാന സാംസ്‌കാരികമേഖലകളിലെ സൃഷ്ടിപരമായ ക്രൈസ്തവസാന്നിധ്യം എന്താണ്? കലകളില്‍ ക്രൈസ്തവരുടെ പങ്കാളിത്തം എത്രമാത്രമുണ്ട്? സാഹിത്യത്തില്‍ ക്രൈസ്തവരുടെ സാന്നിധ്യം എത്ര മാത്രമുണ്ട്?

ആധുനിക മലയാള സാഹിത്യ പാരമ്പര്യത്തില്‍ മാറ്റത്തിന്റെയും നവീനതയുടെയും വക്താക്കളായി പ്രത്യക്ഷപ്പെട്ട ശ്രദ്ധേയരായ ക്രൈസ്തവരുടെ എണ്ണം ഒരു കൈയിലെ വിരലുകളില്‍ തീരും. എം.പി.പോള്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ.തോമസ് ഇവരെല്ലാം ക്രൈസ്തവസഭകളുടെ ചട്ടക്കൂടിനു പുറത്തുനിന്നു പ്രവര്‍ത്തിച്ചവരാണ്.

സംഗീതത്തില്‍ യേശുദാസ് എന്ന ഒറ്റപ്പേരാണ് നാം കാണുന്നത്. യേശുദാസും കൃത്യമായ ക്രൈസ്തവസ്വരൂപത്തിനപ്പുറം കടന്ന് ശബരിമലയിലും മൂകാംബികയിലും ഈശ്വരാരാധന നടത്തുന്ന വ്യക്തിയാണ്.

കലകളുടെ രംഗത്ത് ഒരുപക്ഷേ, സിനിമയില്‍ മാത്രമാണ് ആദ്യകാലം മുതല്‍ക്ക് ക്രൈസ്തവരുടെ സാന്നിധ്യം താരതമ്യേന ശക്തമായി കാണപ്പെടുന്നത്. ഇതിന്റെ കാരണങ്ങള്‍ സാംസ്‌കാരിക വിദ്യാര്‍ഥികള്‍ അന്വേഷിക്കേണ്ടതാണ്.
മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നത്തെ കേരള ക്രൈസ്തവജീവിതത്തെ സംബന്ധിച്ച ചില പൊതുവിവരങ്ങള്‍ മാത്രമാണ്.
ഇവ ഞാന്‍ നല്കിയത് ക്രൈസ്തവരുടെ ഭൗതികമോ ആധ്യാത്മികമോ ആയ വിജയത്രാണിയുടെ കണക്കെടുക്കാനല്ല. കേരളത്തില്‍ ഒരു ക്രൈസ്തവനായിരിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ആരായാനാണ്. ഹിന്ദുവോ മുസ്‌ലിമോ ആയി ജീവിക്കുന്നതില്‍ നിന്ന് ഏതുവിധത്തിലാണ് ക്രൈസ്തവനായി ജീവിക്കുന്നത് വ്യത്യസ്തമാകുന്നത്?

ആരാധനാസ്ഥലങ്ങള്‍ വ്യത്യസ്തമാണെന്നതോ? ഈശ്വരബിംബങ്ങള്‍ വ്യത്യസ്തമാണെന്നതോ? ശവസംസ്‌കാരം വ്യത്യസ്ത ഇടത്തിലാണെന്നതോ? ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്നതിലോ?
എന്താണ് ക്രൈസ്തവരായിരിക്കാന്‍ ക്രൈസ്തവരെ തുടര്‍ന്നു പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്?
ജനിക്കുന്നത് ക്രൈസ്തവ കുടുംബത്തിലാണ് എന്നതോ?
മതപരിവര്‍ത്തനം സാമൂഹികജീവിതത്തില്‍ പ്രത്യാഘാതങ്ങള്‍ ഉളവാക്കും എന്നതോ?
അതോ മരണാനന്തരജീവിതത്തില്‍ സൗഭാഗ്യം ലഭിക്കാന്‍ ക്രൈസ്തവ ജീവിതമേ മാര്‍ഗമുള്ളൂ എന്ന വിശ്വാസമോ?
അതോ ക്രൈസ്തവനായിരിക്കാന്‍ അഭിമാനിക്കാനെന്തെങ്കിലുമുള്ളതുകൊണ്ടോ? എങ്കിലത് എന്താണ്?
മേല്‍പറഞ്ഞവയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം. എന്താണ് ക്രൈസ്തവരെ, മറ്റേതു മതത്തെക്കാളുമേറെ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ഉത്സുകരാക്കുന്നത്?
ഒരു ഉത്തമ മലയാളിയായും ഉത്തമ ഇന്ത്യക്കാരനായും ഉത്തമ ലോകപൗരനായും ജീവിക്കാന്‍ ക്രൈസ്തവമതപരിവര്‍ത്തനം കൂടുതല്‍ സഹായിക്കുമോ?

ഹിന്ദുവായും മുസ്‌ലിമായും ജീവിച്ച് അതു സാധ്യമല്ലേ?
സ്വര്‍ഗമാണ് അന്തിമപരിഗണനയെങ്കില്‍ ക്രൈസ്തവനായതുകൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ഏതെങ്കിലും പട്ടിക ഹാജരാക്കാന്‍ സാധിക്കുമോ?
അല്ലെങ്കില്‍ ക്രൈസ്തവനല്ലാത്തതുകൊണ്ട് സ്വര്‍ഗം നിരസിക്കപ്പെട്ടവരുടെ പട്ടിക നല്കാന്‍ കഴിയുമോ?
ഞാന്‍ ഒരേയൊരു ചോദ്യം ചോദിക്കുകയാണ്: രണ്ടായിരംവര്‍ഷം മുമ്പു മരണമടഞ്ഞ യേശു എന്ന വ്യക്തിയുടെ സ്മരണ മാറ്റിനിര്‍ത്തിയാല്‍ നല്ലവനായ ഒരു ക്രൈസ്തവനും മറ്റ് ഏതു മലയാളിയും തമ്മില്‍ എന്തു വ്യത്യാസം? ദുഷ്ടനായ ഒരു ക്രൈസ്തവനും ദുഷ്ടനായ മറ്റ് ഏതു മലയാളിയും തമ്മില്‍ എന്തു വ്യത്യാസം?
മൗലികദര്‍ശനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുമ്പോഴുണ്ടാകുന്ന യാഥാസ്ഥിതികത്വവും അതില്‍നിന്നു ജനിക്കുന്ന ജീര്‍ണ്ണതയുമാണ് ക്രിസ്തുമതം മറ്റേതു മതത്തെയുംപോലെ ഇന്ന് അനുഭവിക്കുന്നത്.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ചതും അതുതന്നെയാണ്.
യേശുവിന്റെ ദര്‍ശനം ചലനാത്മകവും വിപ്ലവകരവുമായിരുന്നു- അതിന്റെ സ്വന്തം കാലത്തിലും ഇന്നും. സ്ഥാപനവത്കരിച്ച യേശു ഒരു വിഗ്രഹം മാത്രമാണ്.

സ്ഥാപനവത്കരണമില്ലെങ്കില്‍ മതങ്ങളില്ല. കാരുണ്യം സ്ഥാപനവത്കരിക്കപ്പെടുമ്പോഴാണ് അത് ഒരേസമയത്ത് അനവധിപേര്‍ക്ക് ഉപയുക്തമാകുന്നത്. ഒപ്പം ശവശരീരത്തിന്റെ ബില്ലു തീര്‍ക്കേണ്ടിയും വരുമെന്നു മാത്രം.
മതങ്ങളുടെ പരിമിതി ഇതാണ്.
മതങ്ങളുടെ പരിമിതി മനസ്സിലാക്കാതെ മതവിശ്വാസിയായിരിക്കുന്നതാണ് അപകടം. അങ്ങനെ ചെയ്യുമ്പോഴാണ് മതം അഹങ്കാരമായി മാറുന്നത്.
കേരള ക്രൈസ്തവര്‍ പലപ്പോഴും മതത്തെ അഹങ്കാരമാക്കി മാറ്റുന്നതു കാണാം. യേശു എന്ന യുവാവ് വെറുത്ത തിന്മകളിലൊന്നാണ് അഹങ്കാരം. യേശു എളിമയെയാണ് പ്രഖ്യാപിച്ചത്.
മതത്തിന്റെ ഭൗതികത മനസ്സിലാക്കാതെ മതവിശ്വാസിയായിരിക്കുന്നതാണ് അപകടം. അങ്ങനെ ചെയ്യുമ്പോള്‍ മതത്തിന്റെ സ്ഥൂലഭാവങ്ങളാണ് ആധ്യാത്മികത എന്നു തെറ്റിദ്ധരിക്കുന്നു. മതാന്ധത ഉളവാകുന്നു.
അഹങ്കരിക്കുകയും അന്ധമാകുകയും ചെയ്യുന്ന മതങ്ങളില്‍ സൃഷ്ടിപരത ശോഷിക്കും. ധനത്തിന്റെ സൃഷ്ടി ഉണ്ടായേക്കാം. പക്ഷേ, മറ്റു സൃഷ്ടികള്‍ പിന്മാറും.
കേരള ക്രൈസ്തവജീവിതത്തിന്റെ ഭൗതികവ്യവസ്ഥയുടെ മേല്‍ക്കൂടാരം, സൂപ്പര്‍ സ്ട്രക്ചര്‍ എടുത്തുകളഞ്ഞാല്‍ എന്ത് അവശേഷിക്കും എന്ന് എനിക്കറിഞ്ഞുകൂടാ.
ആ മേല്‍ക്കൂടാരത്തിനടിയില്‍ ശൂന്യതയാണോ ഉള്ളത്?
അല്ല എന്നു വിശ്വസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടായിരം വര്‍ഷം പ്രായമായിക്കഴിഞ്ഞ യേശു എന്ന യുവാവിന്റെ വിപ്ലവകരമായ ഊര്‍ജ്ജത്തിന്റെ തരികള്‍ വ്യക്തിഹൃദയങ്ങളിലെങ്കിലും ബാക്കിനില്ക്കുന്നുണ്ടാവും എന്നു ഞാന്‍ ആശിക്കുകയാണ്. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിന്റെ ചരിത്രം വായിച്ചപ്പോള്‍ ഇവിടെ നിര്‍ബന്ധിത മതവിദ്യാഭ്യാസം നടപ്പിലാക്കാന്‍ ആരംഭകാലത്തുതന്നെ വിസമ്മതിച്ചതായി കണ്ടു. മതത്തിന്റെ പരിമിതികള്‍ തിരിച്ചറിയുന്ന ഇത്തരമൊരു സ്ഥാപനത്തിലും ആ പഴയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക