Image

ദോഹയില്‍ പാലാ സ്വദേശി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി പുക ശ്വസിച്ച്‌ മരിച്ചു

Published on 11 February, 2012
ദോഹയില്‍ പാലാ സ്വദേശി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി പുക ശ്വസിച്ച്‌ മരിച്ചു
ദോഹ: വീസ പുതുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി ദോഹയിലെത്തിയ മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി അഗ്‌നിബാധയെ തുടര്‍ന്ന്‌്‌ പുക ശ്വസിച്ച്‌ മരിച്ചു. പാലാ ഭരണങ്ങാനം കൊള്ളിത്തടം ജോണ്‍ ഫിലിപ്പ്‌-ജെസി ദമ്പതികളുടെ മകന്‍ ജോയല്‍ ജോണ്‍ (18) ആണ്‌ മരിച്ചത്‌.

കോയമ്പത്തൂരില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌്‌ വിദ്യാര്‍ഥിയായ ജോയല്‍ ജോണ്‍ അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ ദോഹയില്‍ എത്തിയതായിരുന്നു. ദോഹ നഗരത്തിലെ മന്‍സൂറ കാര്‍പറ്റ്‌ സെന്ററിന്‌ സമീപമുള്ള പുതിയ ഫ്‌ളാറ്റില്‍ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പത്തോടെയാണ്‌ സംഭവം.

മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത്‌ ജോയല്‍ സിറ്റിംഗ്‌ റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചു വന്നപ്പോള്‍ ഫ്‌ളാറ്റില്‍ കടുത്ത പുകയും അവശ നിലയില്‍കിടക്കുന്ന ജോയലിനെയുമാണ്‌ കണ്‌ടത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്‌ഥയിരുന്ന ജോയല്‍ പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.

ഫയര്‍ ഫോഴ്‌സ്‌ എത്തി ഉടന്‍ തീയണച്ചതിനാല്‍ സമീപ ഫ്‌ളാറ്റുകളിലേക്ക്‌ പടരുന്നത്‌ തടയാന്‍ കഴിഞ്ഞു. ടിവിയും കംപ്യൂട്ടറും അടക്കമുള്ള ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

എട്ടുവര്‍ഷത്തോളമായി ഖത്തറിലുള്ള പിതാവ്‌ ജോണ്‍ ഫിലിപ്പ്‌ സ്വകാര്യ കമ്പനിയില്‍ മാനേജരാണ്‌. സഹോദരന്‍: ജെറി ജോണ്‍. ഹമദ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കന്ന മൃതദേഹം നാട്ടിലേക്ക്‌ കൊണ്‌ടുപോകാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം പിന്നീട്‌ ഭരണങ്ങാനം ഫെറോന പള്ളിയില്‍.
ദോഹയില്‍ പാലാ സ്വദേശി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി പുക ശ്വസിച്ച്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക