Image

3000 രൂപയുടെ ടാബ്‌ലറ്റിനെതിരെ മൊബൈല്‍ കമ്പനികള്‍

Published on 23 January, 2012
3000 രൂപയുടെ ടാബ്‌ലറ്റിനെതിരെ മൊബൈല്‍ കമ്പനികള്‍
ന്യൂഡല്‍ഹി: വില കുറഞ്ഞ കുഞ്ഞന്‍ കമ്പ്യൂട്ടറുകളായ ആകാശ് ടാബ്‌ലറ്റുകളുടെ നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡിനെതിരെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) രംഗത്തെത്തി. 

ആകാശ് ടാബ്‌ലറ്റുകളില്‍ പഴക്കം ചെന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഫീച്ചറുകള്‍ ആവശ്യത്തിന് ഇല്ലെന്നും ഐസിഎ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നോക്കിയ, സാംസങ് എന്നിവ പോലുള്ള ആഗോള കമ്പനികളെയാണ് ഏല്‍പ്പിക്കേണ്ടതെന്ന് മാനവശേഷി മന്ത്രാലയത്തിന് അയച്ച കത്തില്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. 

ഐപി, ബ്രാന്‍ഡ്, അവകാശം എന്നിവ ഇന്ത്യന്‍ കൈകളില്‍ തന്നെയാവണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെങ്കില്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെയോ ഐടി കമ്പനികളെയോ പങ്കാളികളാക്കി നിര്‍വഹിക്കാവുന്നതാണ്. 

500 കോടി രൂപയെങ്കിലും വിറ്റുവരവും 100 കോടി രൂപയുടെ മൂല്യവുമുള്ള കമ്പനികളെ മാത്രമേ ഇതിനായി പരിഗണിക്കാവൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 200 വില്‍പന കേന്ദ്രങ്ങളെങ്കിലും വേണം. 

വില കുറഞ്ഞ ടാബ്‌ലറ്റുകള്‍ ലഭ്യമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്പനിയാണ് ഡാറ്റാവിന്‍ഡ്. 2,500  3,000 രൂപയ്ക്കാണ് ഇവര്‍ ആകാശ് ടാബ്‌ലറ്റുകള്‍ വില്‍ക്കുന്നത്. 

ഐസിഎയുടെ നിലപാടിനെതിരെ ഡാറ്റാവിന്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഐസിഎയുടെ അംഗങ്ങള്‍ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റുകള്‍ പോലും 15,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഐടി രാജസ്ഥാന്റെ ടെണ്ടറില്‍ അവര്‍ പങ്കെടുക്കാത്തതെന്താണ്? അടുത്ത ടെണ്ടറുകളില്‍ അവരെയും സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ വിപണിക്ക് അനുസൃതമായല്ല അവരുടെ ടാബ്‌ലറ്റുകള്‍ ഡാറ്റാവിന്‍ഡ് സിഇഒ സുനീത് സിങ് ടുള്‍സി പ്രതികരിച്ചു. പദ്ധതി ഒപ്പുവച്ച് 10 മാസം കഴിഞ്ഞപ്പോഴാണോ അവര്‍ തെറ്റ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഐഐടി രാജസ്ഥാന്റെ സാമ്പത്തിക സഹായത്തോടെ എച്ച്ആര്‍ഡി മന്ത്രാലയം വിഭാവനം ചെയ്ത പദ്ധതിയില്‍ വില കുറഞ്ഞ ഒരു ലക്ഷം ടാബ്‌ലറ്റുകള്‍ക്കുള്ള ടെണ്ടര്‍ തങ്ങളാണ് നേടിയത്. കമ്പനി ഇതിനോടകം 10,000 ടാബ്‌ലറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക