Image

13/7 മുംബൈ സ്‌ഫോടന പരമ്പര: രണ്ടുപേര്‍ അറസ്റ്റില്‍

Published on 23 January, 2012
13/7 മുംബൈ സ്‌ഫോടന പരമ്പര: രണ്ടുപേര്‍ അറസ്റ്റില്‍
മുംബൈ: കഴിഞ്ഞ വര്‍ഷം ജൂലായ് 13 ന് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ചുരുളഴിച്ചതായി മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസറ്റ് ചെയ്തതായി എ.ടി.എസ്. മേധാവി രാകേഷ് മാരിയ അറിയിച്ചു. 

നഖീ അഹമ്മദ് (22), നദീം മുക്താര്‍ (23), എന്നിവരാണ് ബിഹാറില്‍നിന്ന് അറസ്റ്റിലായത്. വഞ്ചന, തട്ടിപ്പ് എന്നീ കേസുകളിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്‌ഫോടനത്തിലെ ഇവരുടെ പങ്ക് വെളിച്ചത്തുവന്നതെന്ന് എ.ടി.എസ്. മേധാവി പറഞ്ഞു. 

സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന യാസീന്‍ ഭട്കല്‍ അടക്കമുള്ളവരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് മാരിയ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ നഖീയ്ക്ക് 2008 മുതല്‍ യാസീന്‍ ഭട്കലുമായി ബന്ധമുണ്ട്. യാസീന്‍ ഭട്കല്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ പൊതി നദീം വഴിയാണ് നഖീയ്ക്ക് കൈമാറിയത്. 1.5 ലക്ഷം രൂപ ഭട്കല്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ക്ക് നല്‍കി. മോഷ്ടിച്ച രണ്ട് സ്‌കൂട്ടറുകള്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചു. ഭാവിയില്‍ ഉപയോഗിക്കാന്‍ രണ്ട് മോട്ടോര്‍സൈക്കിളുകളും ഇവര്‍ മോഷ്ടിച്ചു. അവ ബിഹാറില്‍നിന്ന് എ.ടി.എസ് കണ്ടെടുത്തുവെന്നും മാരിയ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പതിനെട്ട് സംസ്ഥാനങ്ങളില്‍ എ.ടി.എസ്. അന്വേഷണം നടത്തിയിരുന്നു. 12373 സാക്ഷികളെയും എ.ടി.എസ്. വിസ്തരിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 13ന് മുംബൈയിലെ സാവേരി ബസാര്‍, ഓപ്പറ ഹൗസ്, ദാദര്‍ എന്നിവിടങ്ങളിലാണ് മിനിറ്റുകളുടെ വ്യത്യാസ്ത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 27 പേര്‍ കൊല്ലപ്പെടുകയും 137 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക