Image

യൂട്യൂബില്‍ ദിവസവും കാണുന്നത് 400 കോടി വീഡിയോ

Published on 23 January, 2012
യൂട്യൂബില്‍ ദിവസവും കാണുന്നത് 400 കോടി വീഡിയോ
ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിന്റെ പ്രേക്ഷകര്‍ ഇപ്പോള്‍ ദിവസവും കാണുന്നത് ശരാശരി 400 കോടി വീഡിയോകള്‍. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

അഭൂതപൂര്‍വമായ ഈ മുന്നേറ്റമുണ്ടായത് പ്രധാനമായും രണ്ട് ഘടകങ്ങള്‍ കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സംവിധാനമുള്ള ടിവികളിലേക്കും യൂട്യൂബ് കുടിയേറുന്നതാണ് അതില്‍ ആദ്യത്തേത്. കൂടുതല്‍ വ്യക്തിപരമാകത്തക്ക വിധം, സോഷ്യല്‍ മീഡിയയോട് അടുത്തു നില്‍ക്കുന്ന രീതിയില്‍ യൂട്യൂബ് അടുത്തയിടെ വരുത്തിയ മാറ്റങ്ങളാണ് രണ്ടാമത്തെ ഘടകം.

ഗൂഗിള്‍ നല്‍കുന്ന കണക്ക് പ്രകാരം, ഇപ്പോള്‍ ഓരോ മിനിറ്റിലും 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ വീതം അപ്‌ലോഡ് ചെയ്യപ്പെടുന്നു (2011 മെയില്‍ ഇത് 48 മണിക്കൂര്‍ ആയിരുന്നു). അതുപ്രകാരം, ഒരു ദിവസം അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോ മുഴുവന്‍ ഒറ്റയടിക്ക് കണ്ടു തീര്‍ക്കാന്‍ ഏതാണ്ട് പത്തുവര്‍ഷം വേണം! 

2006 ല്‍ 165 കോടി ഡോളര്‍ നല്‍കിയാണ് യൂട്യൂബിനെ ഗൂഗിള്‍ സ്വന്തമാക്കിയത്. സെര്‍ച്ചിന് പുറത്ത് ഗൂഗിളിന് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാന മേഖലയായി യൂട്യൂബ് മാറി. വീഡിയോകള്‍ക്കൊപ്പം കാട്ടുന്ന ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി യൂട്യൂബിന് 500 കോടി ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതായി കഴിഞ്ഞയാഴ്ച ഗൂഗിള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോള്‍ ലോകത്താകമാനം 400 കോടി യൂട്യൂബ് വീഡിയോകള്‍ ദിവസവും പ്ലേ ചെയ്യപ്പെടുന്നുവെങ്കിലും, അതു മുഴുവന്‍ വരുമാനമായി മാറുന്നില്ല. ആഴ്ചയില്‍ 300 കോടി വീഡിയോകളില്‍ നിന്ന് മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂവെന്ന് കമ്പനി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക