Image

ശബരിമലയിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യം : രമേശ് ചെന്നിത്തല

അനില്‍ പെണ്ണുക്കര Published on 06 January, 2016
ശബരിമലയിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യം : രമേശ് ചെന്നിത്തല
ശബരിമലയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച പമ്പാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
       
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ക്കായി 231 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. കൊച്ചി, മലബാര്‍, തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ ഇതിലുള്‍പ്പെടും. ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ദേവസ്വങ്ങളുടെ സംരക്ഷണത്തിനും ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കുമാണ് ഇത് വിനിയോഗിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് 4000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ശബരിമല റോഡുകളെല്ലാം നവീകരിച്ചു. കെ.എസ്.ആര്‍.ടി.സി തീര്‍ഥാടകര്‍ക്കായി യാത്രാ സൗകര്യമൊരുക്കി. ഇതിനു പുറമെ വിവിധ വകുപ്പുകള്‍ തീര്‍ഥാടനം വിജയിപ്പിക്കാന്‍ പണവും വിഭവശേഷിയും വിനിയോഗിക്കുന്നു. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം ശബരിമല തീര്‍ഥാടനം മികച്ച രീതിയിലാണ് നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.
(10/2016)
 

ശബരിമലയ്ക്കായി രണ്ടു റോഡു പദ്ധതികള്‍ പ്രഖ്യാപിച്ചു
       
ശബരിമലയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് രണ്ടു പുതിയ റോഡു പദ്ധതികള്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പ്രഖ്യാപിച്ചു. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗമത്തിലാണ് പ്രഖ്യാപനമുണ്ടായത്.
       
എം.സി റോഡില്‍ ഏനാത്ത് നിന്നു ശബരിമലയിലേക്ക് ഉന്നത നിലവാരത്തിലുള്ള റോഡ് നിര്‍മിക്കാന്‍ 100 കോടി രൂപ അനുവദിക്കും. നിലയ്ക്കല്‍-പമ്പ പാത നാലുവരിയാക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.   പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തി. തിരുവാഭരണ പാതയിലെ പേങ്ങോട്ടുകടവ് പാലം കമ്മീഷന്‍ ചെയ്യാന്‍ തയാറായതായും മന്ത്രി പറഞ്ഞു. പേരുച്ചാല്‍ പാലം അടുത്ത സീസണില്‍ തുറക്കും. ഈ സീസണില്‍ ഇവിടെ താല്‍ക്കാലിക പാലം തുറക്കും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ശബരിമല റോഡുകളുടെ നവീകരണത്തിനായി 518 കോടി രൂപ സര്‍ക്കാര്‍ വിനിയോഗിച്ചു. 200 കിലോമീറ്റര്‍ റോഡ് അഞ്ചും മൂന്നും വര്‍ഷ ഗ്യാരണ്ടികളില്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ക്ക് ഏറ്റവും പ്രയോജനകരമായ കണമല പാലം തുറന്നുനല്‍കിയെന്നും മന്ത്രി പറഞ്ഞു.
       
ശബരിമല റോഡു വികസനത്തിന് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

ശബരിമലയിലെ പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെന്ന പ്രചാരണം അസത്യം : രമേശ് ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക