Image

ശബരിമല വികസനത്തിന് 625 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി : മുഖ്യമന്ത്രി

അനില്‍ പെണ്ണുക്കര Published on 06 January, 2016
ശബരിമല വികസനത്തിന് 625 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി : മുഖ്യമന്ത്രി
ശബരിമല വികസനത്തിന് 625 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       
എരുമേലി വികസനത്തിന് 100 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം 65 കോടി രൂപ ശബരിമല വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു. അടുത്ത വര്‍ഷം 40 കോടി രൂപ ചെലവഴിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതോടെ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യം ഉറപ്പുവരുത്തും. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ സന്നിധാനത്തിനും പമ്പയ്ക്കുമിടയില്‍ 13 ഹെക്ടര്‍ വനഭൂമി ശബരിമല വികസനത്തിന് വിട്ടുനല്‍കിയിരുന്നു. ക്യൂ കോംപ്ലക്‌സ് അടക്കം നിരവധി സൗകര്യങ്ങള്‍ ഈ വനഭൂമിയില്‍ ഒരുക്കി. നിലയ്ക്കലില്‍ വനഭൂമി അനുവദിച്ചതിനു പകരമായി ഇടുക്കി കമ്പക്കല്ലില്‍ വനം വകുപ്പിന് പകരം ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
       
കോടിക്കണക്കിനു തീര്‍ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇതില്‍ വലിയ പങ്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണയോടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതം സ്ഥലം നിലയ്ക്കലില്‍ നല്‍കാന്‍ തീരുമാനിച്ചത്. കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ആന്ധ്രയും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥരും ഓഫീസും വന്നുകഴിഞ്ഞാല്‍ ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്ക് ഗുണകരമാവും. കേരളത്തിനൊപ്പം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടി ചേരുമ്പോള്‍ മികച്ച സൗകര്യം തീര്‍ഥാടകര്‍ക്ക് ഒരുക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമാഹരിച്ച 30 ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് കൈമാറി.
       
ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍ശെല്‍വം, തെലുങ്കാന ദേവസ്വം മന്ത്രി എ.ഇന്ദ്രകരണ്‍ റെഡ്ഡി, തമിഴ്‌നാട് ഭക്ഷ്യമന്ത്രി ആര്‍.കാമരാജ്, സംസ്ഥാന വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, കര്‍ണാടക ദേവസ്വം കമ്മീഷണര്‍ രാഘവേന്ദ്ര ജനു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ പി.കെ കുമാരന്‍, അജയ് തറയില്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, എഡിജിപി കെ.പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമ പ്രസാദ്, ദേവസ്വം ചീഫ് എന്‍ജിനിയര്‍ ജി.മുരളീകൃഷ്ണന്‍, വി.ശങ്കരന്‍ പോറ്റി, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, പി.മോഹന്‍രാജ്, വെട്ടൂര്‍ ജ്യോതിപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ശബരിമല വികസനത്തിന് 625 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി : മുഖ്യമന്ത്രി
Join WhatsApp News
അയ്യപ്പ ശരണം 2016-01-08 12:22:03
ശബരി മല വെട്ടി നിരപ്പാക്കി ആ പടിയുടെ എണ്ണം കൂടി കുറച്ചാൽ ഭക്തന്മാർക്ക് ഈസി ആയിട്ട് സന്നിധാനത്തിൽ ചെല്ലാമായിരുന്നു. പിന്നെ പ്രൈവെറ്റ് ബസ്‌ സൗകര്യംകൂടി ഏർപ്പെടുത്തണം   പിന്നെ വിസര്ജനത്തിനു വേണ്ടി പമ്പയുടെ തീരത്ത്‌ നാല് തൂണ് നാട്ടി പലകയിട്ട് ട്രയിനിലെപ്പോലെ പമ്പാ നദിയിലേക്ക് സൗകര്യം  ചെയ്യാതാൽ ടാങ്ക് കെട്ടാനുള്ള പൈസ് ലാഭിക്കാം അത് കണക്കിൽ കൊള്ളിക്കാതെ വീട്ടിൽ കൊണ്ട് പോകാം. മേൽനോട്ടം മാണിയെ ഏൽപ്പിച്ചാൽ മതി. ബാക്കി ഇനി വെളിപാട് ഉണ്ടാകുമ്പോൾ എഴുതാം  

വായനക്കാരൻ 2016-01-08 14:35:36
ശബരിമല വികസന ചിലവ് സർക്കാരിനും ശബരിമല വരുമാനം ദേവസ്വം ബോർഡിനും!
Curious 2016-01-08 16:59:14
അടുത്ത ശ്രമം ശബരിമല അടിച്ചു നിരപ്പാക്കാനാണ്. എന്നാൽ പിന്നെ വിമാന താവളവും അവിടെ ആക്കിയാൽ എന്താ കുഴപ്പം?  ഉമ്മൻ ചാണ്ടി ശബരിമല സന്ദർശനം കഴിഞ്ഞു വന്നതുകൊണ്ടാണോ നെറ്റിയിൽ ഒരു പൊട്ടു? അവിടം അശുദ്ധമാക്കി കാണും?
Sudhir Panikkaveetil 2016-01-08 18:00:39
നിരാലംബരായ വൃദ്ധ ജനങ്ങളും നിഷ്ക്കളങ്കരായ
ബാലികാ ബാലന്മാരും സുരക്ഷിതമായ ഒരു
താമസ സൌകര്യമില്ലാതെ നാട്ടിൽ
കഷ്ടപ്പെടുന്നുണ്ട്. 625 കോടികൊണ്ട് അവര്ക്കായി
ഒരു സ്നേഹവീട് തീർത്ത് ചരിത്രം തിരുത്തി
കുറിക്കുക ബഹുമാനപ്പെട്ട മുഖ്യമന്ത്രി. ശരണം
തേടി ഭക്തജനങ്ങൾ ആശ്രയിക്കുന്ന അയ്യപ്പന്
വേണ്ടി  ഇത്ര ഭീമമായ സംഖ്യ ചെലവാക്കണോ? അതും ഖജനാവിലെ കാശെടുത്ത്.
Pissed off 2016-01-08 19:15:00
സുധീർ പണിക്ക വീട്ടിൽ പറഞ്ഞതിൽ കാര്യമുണ്ട്.  അയ്യപ്പ ഭക്തന്മാരുടെ കയ്യിൽ പൂത്ത പണമുണ്ട്.  അവർ ചിലവക്കട്ടെ വികസനത്തിനുള്ള പണം.  തെക്ക് തുടങ്ങി വടക്കുവരെയുള്ള സിനമാ നടന്മാര് മുഴുവൻ അയ്യപ്പ ഭ്ക്തന്മാരാണ്. എന്തിനാണ് ഖജനാവ് കൊള്ളയടിച്ചു ശബരിമല ശരിയാക്കാൻ പോകുന്നത്.  സരിതയക്ക് കൊടുത്തും മാണി മോഷ്ടിച്ചതും എല്ലാം കൂടി കേരളം മുടിഞ്ഞു.  ഇതെല്ലാം കണ്ടു പാവം അയ്യപ്പൻ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരിക്കും,  കേരളാ പോലീസിന്റെ പട അങ്ങോട്ട്‌ പോകുന്നുണ്ടല്ലോ അതും കേരള ജനതയുടെ പണമാണ്. കാട്ടീലെ തടി തേവരുടെ ആന എന്ന ഉമ്മൻ ചാണ്ടിയുടെ പണി കൊള്ളാം. ഇയാളെ പറഞ്ഞു വിടാറായി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക