Image

മകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹം

അനിൽ പെണ്ണുക്കര Published on 01 January, 2016
മകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹം
ആശ്രിതവത്സലനായ അയ്യപ്പസ്വാമിയെക്കാണാന്‍ തൊഴുകൈകളും ശരണം വിളികളുമായി കാത്തുനിന്ന ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം. കഴിഞ്ഞ 27 ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ച തിരുനട തുറന്നപ്പോള്‍ സന്നിധാനം ശരണംവിളികളാല്‍ മുഖരിതമായി. മേല്‍ശാന്തിയും തന്ത്രിയും തിരുനടയിലെ മണി മുഴക്കി ഭഗവാനെ ഉണര്‍ത്തിയശേഷമാണ് നടതുറന്നത്.

തുടര്‍ന്ന് മേല്‍ശാന്തി ഗണപതിയുടെയും നാഗരാജാവിന്റെയും നടതുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി ജ്വലിപ്പിച്ചു. മാളികപ്പുറം മേല്‍ശാന്തി ശബരീശന്റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും മാളികപ്പുറം തിരുനടയുടെ താക്കോലും ശബരിമല മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു.
ശബരിമല നട തുറക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. സോമശേഖരന്‍ നായര്‍, അസി.എഞ്ചിനീയര്‍ ജി.ബസന്ത് കുമാര്‍, മറ്റ് ദേവസ്വം ഉദേ്യാഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശരംകുത്തിയില്‍ സ്വീകരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിയ തങ്ക അങ്കി ശരംകുത്തിയില്‍ ദേവസ്വം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍ , ഉന്നതഉദേ്യാഗസ്ഥര്‍, വകുപ്പ് മേധാവികള്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശരണം വിളികളോടെ ഭക്തരും സാക്ഷിയായി.

നാഗസ്വരം, തകില്‍, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സന്നിധാനത്തേയ്ക്ക് ആനയിച്ചു. തങ്കഅങ്കി പതിനെട്ടാംപടി കൊടിമരത്തിനരികില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, പി.കെ കുമാരന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളികൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ് ജയകുമാര്‍, എ.ഡി.ജി.പി പത്മകുമാര്‍, വിജിലന്‍സ് ആന്റ് സെക്യൂരിറ്റി എസ്.പി ഗോപാലകൃഷ്ണപിള്ള, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ തമ്പി എസ്.ദുര്‍ഗ്ഗാദത്ത്, ഭണ്ഡാരം ചീഫ് ഓഫീസര്‍ രവിശങ്കര്‍, ശബരിമല ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ കൃഷ്ണകുമാര്‍, പമ്പ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയകുമാര്‍, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, അയ്യപ്പസേവാ സംഘം സെക്രട്ടറി വേലായുധന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലെത്തിച്ചു.

തങ്ക അങ്കിയെ തന്ത്രി മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.


ഗുരുസ്വാമിയായി മന്ത്രി കെ.പി. മോഹനന്‍
സന്നിധാനത്ത് ഇത് 49-ാം തവണ

ഗുരുസ്വാമിയായി മന്ത്രി കെ.പി. മോഹനന്‍ 24 കന്നിക്കാരും 12 മാളികപ്പുറങ്ങളുമടക്കം 103 സ്വാമിമാരുടെ സംഘത്തെ നയിച്ച് 49-ാം തവണയും അയ്യപ്പസ്വാമിയെ വണങ്ങാനെത്തി. മന്ത്രിയുടെ പുത്തൂരിലെ വസതിയില്‍ നിന്ന് അഞ്ച് വാഹനങ്ങളിലായാണ് സംഘം തിരിച്ചത്.

എല്ലാ വര്‍ഷവും എരുമേലിയിലെത്തി പേട്ടതുള്ളിയാണ് സംഘം ശബരിമലയിലെത്തുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സാധാരണയായി മണ്ഡല കാലത്താണ് സംഘം ശബരിമലയിലെത്തിയിരുന്നത്. ഇക്കുറി മകരവിളക്കിന് നടതുറന്നപ്പോള്‍ ഭഗവാനെ ആദ്യം ദര്‍ശിച്ചവരില്‍ ഒരാളായി മന്ത്രി.

49 വര്‍ഷത്തിനിടയ്ക്ക് ശബരിമല ദര്‍ശനം നാല് തവണ മുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷം വിദേശത്തായിരുന്നു. ഒരു വര്‍ഷം മാതാവ് മരണപ്പെട്ടതിനാലും ദര്‍ശനത്തിനെത്തുവാന്‍ കഴിഞ്ഞില്ല. നിയമസഭാ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്ത് ശബരിമലയിലെ വികസനപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ പലതവണ എത്തിയിട്ടുണ്ട്. അന്ന് നിര്‍ദ്ദേശിച്ച പല കാര്യങ്ങളും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിതാവ് പി.ആര്‍ കുറുപ്പിന്റെ കാലം മുതല്‍ക്കേ തുടങ്ങിയ ശബരിമല ദര്‍ശനം ഇന്നും തുടരുന്നു.


ശബരിമല : വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്
29.48 ലക്ഷം രൂപ പിഴ ഈടാക്കി

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 29,48,600 രൂപ പിഴ ഈടാക്കി. ശബരിമല സീസണ്‍ ആരംഭിച്ച 2015 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെയുള്ള കണക്കാണിത്.

ജില്ലാ കളക്ടറുടെയും, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തിയത്. സന്നിധാനത്തുനിന്ന് 14,56,000 രൂപ, പമ്പയില്‍ നിന്ന് 776000 രൂപ, നിലയ്ക്കലില്‍ നിന്ന് 2,85,500 രൂപ, ഔട്ടര്‍ പമ്പയില്‍ നിന്ന് 4,31,100 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്.
ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അമിത തുക ഈടാക്കുകയോ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ തീര്‍ഥാടകര്‍ക്ക് പരാതി അറിയിക്കാനായി 1800-425-1606 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 178 പരാതികള്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി ലഭിച്ചു. 

അതില്‍ 177 എണ്ണം പരിഹരിച്ചു. അമിത വില ഈടാക്കിയെന്ന പരാതിയായിരുന്നു കൂടുതലും. ആഹാരത്തിന് ഗുണനിലവാരമില്ല, ശൗചാലയം വൃത്തിഹീനമായിക്കിടക്കുന്നു, വ്യാപാര സ്ഥാപനം അടച്ചിടുന്നു തുടങ്ങിയവയായിരുന്നു മറ്റു പരാതികള്‍.

സേവനത്തിന്റെ ഒന്‍പത് ദശാബ്ദങ്ങള്‍
അയ്യപ്പഭക്തര്‍ക്ക് ആശ്രയമായി ശ്രീ ഭൂതനാഥ ധര്‍മ്മ സ്ഥാപനം

വിവിധ നാടുകളില്‍ നിന്ന് സന്നിധാനത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹജലവും ഭക്ഷണവുമൊരുക്കി ശ്രീ ഭൂതനാഥ ധര്‍മ്മസ്ഥാപനം 87 വര്‍ഷങ്ങള്‍ പിന്നിട്ടു. ദിവസേന 12000 ലേറെ പേരാണ് ഇവിടെ വന്ന് വിശപ്പും ദാഹവും അകറ്റി വിശ്രമിച്ച് പോകുന്നത്. പുലര്‍ച്ചെ അഞ്ചരമുതല്‍ രാത്രി ഹരിവരാസനം കേട്ട് മണികണ്ഠസ്വാമി ഉറങ്ങുന്നതു വരെ നീളുന്നു ഭൂതനാഥധര്‍മ്മസ്ഥാപനത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നതിന് മുമ്പേ തുടങ്ങിയതാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

 പതിനെട്ടാം പടിയുടെ സമീപത്ത് ഭക്തര്‍ക്ക് നാരങ്ങാവെള്ളം വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചോറ്റാനിക്കര ഭക്തവത്സലന്‍ സ്വാമി, ചവറ കൃഷ്ണന്‍കുട്ടി സ്വാമി, മാധവന്‍ തമ്പി സ്വാമി, ഓച്ചിറ ഭാസ്‌ക്കരപിള്ള, പൂരമ്പാല ശങ്കരപിള്ള സ്വാമി എന്നിവരാണ് ധര്‍മ്മസ്ഥാപനത്തിന് തുടക്കം കുറിച്ചതെന്ന് ഇപ്പോഴത്തെ നടത്തിപ്പുകാരന്‍ ശശിധരന്‍പിള്ള ഓര്‍ക്കുന്നു.

എഴുപതോളം പേര്‍ അടങ്ങിയ സമിതിക്കാണ് ഇപ്പോള്‍ ധര്‍മ്മസ്ഥാപനത്തിന്റെ ഭരണചുമതല. ഹൈക്കോടതി അഭിഭാഷകനായ ഗോപിനാഥന്‍ നായരാണ് പ്രസിഡന്റ്. ഭക്തജനങ്ങള്‍ സംഭാവന ചെയ്യുന്ന അരിയും സാമഗ്രികളും ഉപയോഗിച്ചാണ് ഭക്തര്‍ക്ക് ദിവസവും അന്നദാനം നടത്തുന്നത്. 

ആരോടും സംഭാവനകള്‍ ആവശ്യപ്പെടാറില്ല എങ്കിലും ഭക്തര്‍ നല്‍കുന്ന എന്തും അയ്യപ്പഭക്തരുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കും. പന്ത്രണ്ടോളം ജീവനക്കാരുണ്ട്. രാവിലെ മൂന്ന് മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ നീളും ഇവരുടെ ജോലി. ഇവിടെ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം വളരെ പ്രശസ്തമാണ്. പതിമുഖം, കരിങ്ങാലി, രാമച്ചം, പൊന്‍കരണ്ടിവേര്, വേങ്ങാകാതല്‍, ചുക്ക്, ഞെരിഞ്ഞില്‍, കുരുമുളക്, മല്ലി, ജീരകം, ഏലയ്ക്ക, ഗ്രാമ്പൂ എന്നിങ്ങനെ പന്ത്രണ്ട് ഔഷധ ചേരുവകള്‍ പ്രതേ്യകാനുപാതത്തില്‍ തയ്യാറാക്കിയതാണ് ഈ ഔഷധ കുടിവെള്ളം. 
മകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹംമകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജനപ്രവാഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക