അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ ഭക്തിയോടൊപ്പം പരിസ്ഥിതി സംരക്ഷണവും കാത്ത് സൂക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സന്നിധാനത്ത് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തര്‍ മാനസിക ശുദ്ധിക്കൊപ്പം പരിസര ശുദ്ധിയും സംരക്ഷിക്കേണ്ടതാണ്. 2011 -ല്‍ അയ്യപ്പസന്നിധിയില്‍ ആരംഭിച്ച പുണ്യംപൂങ്കാവനം പദ്ധതി സത്കര്മ്മമായിട്ടാണ് കാണുന്നത്.
ശബരിമലയും പരിസരപ്രദേശങ്ങളും സമ്പൂര്‍ണ്ണമായി പരിശുദ്ധവും പരിപാവനവുമാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതി ഇന്നും തുടര്‍ന്നുപോരുന്നു. ഈ സത്കര്‍മ്മത്തിനു നേതൃത്വം കൊടുത്തവരുടെയും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അയ്യപ്പഭക്തരുടെയും സഹകരണത്തിന്റെ ദൃക്സാക്ഷ്യമാണ് പുണ്യം പൂങ്കാവനം പദ്ധതി. ഇപ്പോള്‍ അന്യസംസ്ഥാനക്കാരുടെ സഹകരണവും പുണ്യം പൂങ്കാവനം പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പമ്പാ നദിയിലെയും പരിസരപ്രദേശങ്ങളിലെയും പരിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ പുണ്യംപൂങ്കാവനം പദ്ധതിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനൊപ്പം സന്നിധാനം എക്സിക്യുട്ടിവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, മരാമത്ത് (ജനറല്‍) ചീഫ് എന്‍ജിനിയര്‍ ബി. മുരളികൃഷ്ണന്, ഫെസ്റ്റിവെല്‍ കണ്ട്രോള് ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റര്‍ എന്‍. രാംദാസ്, എന്‍ഡിആര്‍എഫ് ഡെപ്യുട്ടി കമാന്‍ഡന്റ്് ജി. വിജയന്, ആര്‍എഎഫ് ഡെപ്യുട്ടി കമാന്‍ഡന്റ് മധു.ജി.നായര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം കൂടെയുണ്ടായിരുന്നു.
പരിമിതികളെ തോല്‍പ്പിച്ച് അയ്യനെ കാണാന്‍ തിരുമല എത്തി
വിധി സമ്മാനിച്ച വൈകല്യത്തെ മറികടന്ന് ഈ വര്‍ഷവും തിരുമല (25) ശബരീശ സന്നിധിയിലെത്തി. ജന്മനാ രണ്ട് കൈകളുമില്ലാത്ത ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിയാണ് തിരുമല. ഇദ്ദേഹത്തിന്റെ ഒരു കാലിനും വൈകല്യമുള്ളതിനാല്‍ നടക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. സഹോദരനോടും അദ്ദേഹത്തിന്റെ മകളോടുംമൊപ്പം പമ്പയിലെത്തിയ തിരുമല ഒന്നരമണിക്കൂര്‍ സമയമെടുത്താണ് മലകയറിയത്. നാട്ടിലൊരു കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നല്ലൊരു നര്‍ത്തകനും കൂടിയാണ്. കൂടാതെ ക്രിക്കറ്റ് കളിക്കുന്നതിന് തിരുമലയ്ക്ക് വൈകല്യം ഒരു പ്രശ്നമേയല്ല. ഇരു കൈകളുമില്ലാത്തതിനാല്‍ ഭക്ഷണം മറ്റുള്ളവര്‍ വാരിക്കൊടുക്കുകയാണ് പതിവ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ ഭക്തന് ശബരിമലയിലെത്തുന്നത്. അയ്യപ്പഭക്തിയില്‍ പരിമിതികളെ മറികടക്കുന്ന ഈ യുവാവ് മറ്റുള്ളവര്‍ക്ക് ഒരു മാതൃക തന്നെയാണ്.
അയ്യപ്പസന്നിധിയില്‍ അയ്യപ്പസേവയോടൊപ്പം പുരാണപാരായണപുണ്യം നല്കി ഷിജു ശാസ്ത്രി.
അയ്യപ്പസേവനത്തിന് സന്നിധാനത്തെത്തിയ തിരുവനന്തപുരം ഭരതന്നൂര്‍ ഷീജാഭവനില്‍ ഷീജു ശാസ്ത്രിയാണ് അയ്യപ്പസേവയോടൊപ്പം സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പുരാണപാരയണപുണ്യം നല്‍കുന്നത്;
സന്നിധാനത്ത് വെര്‍ച്ച്വല്‍ ക്യൂവില്‍ ഡ്യുട്ടിചെയ്യുന്ന ഷിജു ശാസ്ത്രി വിശ്രമസമയങ്ങളില്‍ ശ്രീധര്‍മ്മശാസ്ത്രാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരാണപാരായണത്തില്‍ പങ്കെടുക്കും. മുന്‍വര്‍ഷങ്ങളിലും സന്നിധാനത്ത് ജോലിക്കെത്തുമ്പോഴെല്ലാം ഓഡിറ്റോറിയത്തില്‍ പുരാണപാരായണം നടത്താറുണ്ട്. ഇത്തവണ കൊല്ലം അഖിലകേരള പുരാണപാരായണ കലാസംഘടനയ്ക്കൊപ്പമാണ് ഷിജുശാസ്ത്രി പുരാണപാരായണത്തില്‍ പങ്കെടുത്തത്.
പൊലീസില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ഷിജു ശാസ്ത്രി തിരുവനന്തപുരം എസ്.എ.പി ക്യാംപ് ക്വാര്‍ട്ടേഴ്സില്‍ കുടുംബസമേതം താമസിക്കുന്നു. അവിടെ പരിശീലകനാണ്. കമാന്‍ഡോ വിങ്ങിലുണ്ടായിരുന്ന ഷിജുശാസ്ത്രി 10 വര്‍ഷം കേരള ഗവര്ണര്മാര്ക്കൊപ്പവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നതിനു മുന്‍പ് ക്ഷേത്രങ്ങളില്‍ പുരാണപാരായണത്തിന് പോകുമായിരുന്നു. ജോലി ലഭിച്ചതിനുശേഷം ഒഴിവുസമയങ്ങളില്‍ മാത്രമാക്കി പുരാണ പാരായണം
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഒഎന്‍വി കവിതാപാരായണ മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. മക്കളായ അത്മജ് എസ്. നായരും മകള്‍ എസ്. നായരും പിതാവിനൊപ്പം പുരാണപാരായണത്തില്‍ പങ്കെടുക്കാറുണ്ട്. തിരുവനന്തപുരത്തു നടത്തിയ ഉള്ളൂര്‍ കവിതാ പാരായണമത്സരത്തില്‍ മകള്‍ എസ്. നായര്‍ക്ക് രണ്ടാം സ്ഥാനവും മകന് ആത്മജിന് പ്രോത്സാഹന സമ്മാനവും ലഭിച്ചിരുന്നു. ഭാര്യ ലക്ഷ്മി തിരുവനന്തപുരം ഡിഎംഒ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കാണ്. അയ്യപ്പസന്നിധിയില്‍ പുരാണപാരായണം നടത്തുവാന്‍ ലഭിക്കുന്ന അവസരം പുണ്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പഭക്തര്‍ക്ക് ആസ്വാദനമൊരുക്കി ഭക്തിഗാനസുധ
കൊട്ടാരക്കര സംസ്കൃതി ഫിലിംസൊസൈറ്റിയുടെയും സന്നിധാനം സഹാസ് കാര്‍ഡിയോളജി സെന്ററിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭക്തിഗാനസുധയാണ് അയ്യപ്പസന്നിധിയിലെത്തിയ ഭക്തര്‍ക്ക് ഭക്തിസാന്ദ്രമായ അനുഭവം പകര്‍ന്നത്.
ഇന്നലെ വൈകിട്ട് ശ്രീധര്‍മ്മ ശാസ്ത്രാ ഓഡിറ്റോറിയത്തില്‍ നാലുമണിക്കൂറോളം നീണ്ടുനിന്ന ഗാനസുധയില്‍ ഗായകരായ അഞ്ചല്‍ സുരേന്ദ്രന്, കടയ്ക്കല്‍ രാജുക്കുട്ടി, മാസ്റ്റര്‍ വിനായക്, ഡോക്ടര്‍ ഹരിദാസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പിആര്‍ഒ മുരളി കോട്ടയ്ക്കകം, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഒ. വാസുദേവന്‍, സംസ്കൃതി ഫിലിംസൊസൈറ്റി ചെയര്മാന് അജീഷ് കൃഷ്ണ, ചലച്ചിത്ര നടന് കോട്ടയം പുരുഷന് തുടങ്ങിയവര്‍ പങ്കെടുത്തു.
സന്നിധാനവും പരിസരവും മാലിന്യമുക്തമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് അവലോകനയോഗം വിലയിരുത്തി
സന്നിധാനവും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാന്‍ എല്ലാവകുപ്പുകളുടെയും അയ്യപ്പഭക്തരുടെയും സഹായവും സഹകരണവും ആവശ്യമാണെന്ന് സന്നിധാനത്ത് ചേര്‍ന്ന വകുപ്പ് തലവന്മാരുടെ അവലോകനയോഗം വിലയിരുത്തി. വരുംദിവസങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് വര്ധിച്ചുവരാന് സാധ്യതയുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തരും ജോലിയുടെ ഭാഗമായി ശബരിമലയില്‍ താമസിക്കുന്നവരും താമസ സ്ഥലവും സമീപപ്രദേശങ്ങളും മാലിന്യമുക്തമാണെന്ന് എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
അയ്യപ്പസന്നിധിയിലെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനും മകരവിളക്കിനോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും യോഗം വിലയിരുത്തി. തിരക്കുള്ള സമയങ്ങളില്‍ ട്രാക്ടറുകള്‍ പരമാവധി ഒഴിവാക്കുന്നതിനും ട്രാക്ടറുകളുടെ വേഗതയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. എക്സൈസ് വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കണമെന്നും യോഗം ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോട് നിര്‍ദേശിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്, ഫെസ്റ്റിവെല്‍ കണ്ട്രോള് ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യുട്ടി കമാന്‍ഡന്റ്് ജി. വിജയന്, ആര്‍എഎഫ് ഡെപ്യുട്ടി കമാന്‍ഡന്റ് മധു ജി. നായര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റര്‍ എന്‍. രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അയ്യപ്പാസേവാസംഘത്തിന്റെ സ്ട്രെക്ച്വര്‍ സംവിധാനം ഭക്തര്‍ക്ക് തുണയാവുന്നു
അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയിലോ, സന്നിധാനത്തുവെച്ചോ അത്യാഹിതം സംഭവിച്ചാല്‍ ഭക്തര്‍ക്ക് തുണയായി അഖിലഭാരത അയ്യപ്പാ സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ട്രെക്ച്ചര്‍ സംവിധാനമുണ്ട്. അയ്യപ്പാസേവാസംഘത്തിന്റെ മറ്റുസേവനപ്രവര്ത്തനങ്ങള്ക്കൊപ്പമാണ് പമ്പാ, വാവര്നട, പാണ്ടിത്താവളം, ശരംകുത്തി, മരക്കൂട്ടം, അപ്പാച്ചിമേട്, നീലിമല, സന്നിധാനം എന്നിവിടങ്ങളിലായി എട്ടോളം സ്ട്രെക്ച്വര്‍ യൂണിറ്റുകളാണ് സേവനത്തിനായി ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഭക്തര്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ സ്ട്രെക്ച്ചറില്‍ ഭക്തരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കും. എന്നാല്‍ സന്നിധാനത്തുനിന്നും പമ്പയിലേക്ക് ഭക്തരെ കൊണ്ടുപോകുന്നതിന് ഡോക്ടരുടെ നിര്‍ദേശം ആവശ്യമാണ്.
സന്നിധാന പാതയില്‍ അതീവജാഗ്രതയോടെ കേരള പൊലീസിന്റെ ബോംബ് സ്ക്വാഡ്
സന്നിധാനത്തിന്റെയും അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്ക് സന്നിധാനപാതയില് 24 മണിക്കൂറും കേരളാ പൊലീസിന്റെ ബോംബ് സ്ക്വാഡ് വിഭാഗം അതീവ ജാഗ്രതയില്‍. സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ എല്ലാവരെയും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
പമ്പയിലും സന്നിധാനത്തും പരമ്പരാഗത കാനനപാതയിലൂടെ വരുന്നവരെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പുല്ലുമേട് വഴി സന്നിധാനത്തെത്തുന്ന ഭക്തര്‍ക്കായി പാണ്ടിത്താവളത്തില്‍ പ്രതേ്യക നിരീക്ഷണ കേന്ദ്രവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി നിലകൊള്ളുന്ന യൂണിറ്റില്‍ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. ബാഗുകളും സഞ്ചികളും മറ്റും സ്കാനറിലൂടെ കടത്തിവിടുമ്പോള്‍ ഉള്ളിലുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം മോണിറ്ററില്‍ തെളിഞ്ഞുകാണാന്‍ സാധിക്കും. ഒരുസമയം ഒരു യൂണിറ്റില്‍ ബോംബ് സ്ക്വാഡ് വിദഗ്ദ്ധരുടെയും സിവില്‍ പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടാകും.
അമിതവില അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍
ശബരിമലയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകള്‍,കടകള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അമിതവില ഈടാക്കുകയോ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അയ്യപ്പഭക്തര്‍ക്ക് അധികൃതരോട് 1800 425 1606 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതിപ്പെടാവുന്നതാണ്.
അയ്യപ്പഭക്തര്‍ക്ക് ദേവസ്വംബോര്‍ഡിന്റെ താമസസൗകര്യം ആശ്രയമാകുന്നു
സന്നിധാനത്ത് അയ്യപ്പദര്ശനത്തിനായിയെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ താമസസൗകര്യം ആശ്രയമാകുന്നു. ഓരോ ദിവസവും അനവധി ഭക്തരാണ് ദേവസ്വം ബോര്‍ഡിന്റെ താമസസൗകര്യം പ്രയോജനപ്പെടുത്തുന്നത്. സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏത് സമയവും മുറിയെടുക്കാനുള്ള സംവിധാനമാണ് സന്നിധാനം അേക്കാമഡേഷന് ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്ത് അക്കോമഡേഷന്‍ ഓഫീസിന്റെ കീഴില്‍ അഞ്ഞൂറിലധികം മുറികളാണ് നിലവിലുള്ളത്. 250 രൂപ മുതല്‍ 1600 രൂപാവരെ വാടകയുള്ള മുറികളുണ്ട്. മുറിയെടുക്കുന്ന സമയം മുതല്‍ 12 മണിക്കൂര്‍ സമയത്തേക്കാണ് മുറി അനുവദിക്കുക. ആദ്യത്തെ 12 മണിക്കൂറിനുശേഷവും മുറി ആവശ്യമുണ്ടെങ്കില്‍ നാലുമണിക്കൂര്‍ ചേര്‍ത്ത് 16 മണിക്കൂര്‍ സമയത്തേക്ക് മുറിയെടുക്കാം. തുടര്‍ന്നും മുറി ഒഴിഞ്ഞില്ലെങ്കില്‍ അടുത്ത 12 മണിക്കൂറേക്കുള്ള വാടക ഈടാക്കും. മുറിലഭിക്കണമെങ്കില് സെക്യുരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്. മുറി അനുവദിച്ചു കഴിഞ്ഞാല്‍ അേക്കാമഡേഷന് ഓഫീസില്‍ നിന്ന് ലഭിക്കുന്ന രസീതുമായി നിര്‍ദേശിക്കുന്ന കെട്ടിടങ്ങളില്ച്ചെന്ന് കെയര്‍ ടേക്കറെ സമീപിച്ചാല്‍ മുറിയുടെ താക്കോല്‍ ലഭിക്കും. മുറി ഒഴിയുമ്പോള്‍ താക്കോല്‍ കെയര്‍ ടേക്കറെ ഏല്‍പ്പിച്ച് മുറി ഒഴിയുന്ന സമയം രസീതിന്റെ മറുവശത്ത് എഴുതി വാങ്ങി അേക്കാമഡേഷന് ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. മുറി ആവശ്യമുള്ളവര്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍വഴിയും മുറി ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട്. travancoredevaswomboard.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
സുരക്ഷയ്ക്കൊപ്പം ശുചീകരണവുമായി എന്‍ഡിആര്‍എഫും ആര്‍എഎഫും
സന്നിധാനത്തിന്റെ അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്കൊപ്പം ശൂചീകരണവും ഏറ്റെടുത്ത് എന്‍ഡിആര്‍എഫും ആര്‍എഎഫ് വിഭാഗം മാതൃകയാകുന്നു. സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന എന്‍ഡിആര്‍ഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരാണ് ശബരിമല ശുചീകരണപദ്ധതിയായ പുണ്യംപൂങ്കാവനത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ദിവസേന രാവിലെ ഒന്‍പത് മണിമുതല്‍ ഒരു മണിക്കൂറാണ് ശുചീകരണപ്രവര്‍ത്തനം. ശബരിമലയിലെ എല്ലാ സദ്പ്രവൃത്തികളിലും പങ്കെടുക്കാന്‍ കഴിയുന്നത് അയ്യപ്പസേവയായിട്ടാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ ഭക്തിഗാനസന്ധ്യ
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഇത്തവണയും ആര്‍എഎഫ് ഉദ്യോഗസ്ഥരുടെ ഭക്തിഗാനസന്ധ്യ നടന്നു. ഇന്നലെ (ഡിസംബര്‍ 15) വൈകിട്ട് ശ്രീധര്മ്മാശാസ്ത്രാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതസന്ധ്യയിലാണ് അയ്യപ്പസ്തുതികളും ഭക്തിഗാനങ്ങളും ആലപിച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്. ഭക്തിഗാനങ്ങള്‍ക്ക് അകമ്പടിയായി അയ്യപ്പഭക്തരുടെ ശരണംവിളികളും ഉയര്‍ന്നു.
എല്ലാവര്‍ഷവും ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് സുരക്ഷയ്ക്കെത്തുമ്പോള് കലാപരിപാടികള്‍ അവതരിപ്പിക്കുക പതിവാണ്. കഴിഞ്ഞ വര്‍ഷം ഭക്തിഗാനസുധയ്ക്കൊപ്പം തമിഴ്നാട്ടിലെ കലാരൂപമായ കരകാട്ടം അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കോയമ്പത്തൂര്‍ മഹാലിംഗപുരം ആസ്ഥാനമായുള്ള 105 ബറ്റാലിയനിലെ 150 ഓളം ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്നത്.
കായംകുളം കറ്റാനം സ്വദേശിയായ ഡെപ്യുട്ടി കമാന്‍ഡന്റ് മധു.ജി.നായരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്നത്.
അയ്യപ്പസ്തുതികളുമായി ആലങ്ങാട് ശാസ്താംപാട്ട് സംഘം
അയ്യപ്പദര്‍ശനത്തിനെത്തിയ ആലങ്ങാട് ശ്രീഹരിഹര ശാസ്താംപാട്ട് സംഘം സന്നിധാനത്ത് ഇത്തവണയും ശാസ്താംപാട്ട് അവതരിപ്പിച്ചു. ഉടുക്കുകൊട്ടി ഒരേതാളത്തില്‍ അയ്യപ്പസ്തുതികള്‍ ആലപിച്ചപ്പോള്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്ക് അതൊരു നവ്യാനുഭവമായി. അയ്യപ്പസ്വാമി കളരിപഠിച്ചത് ആലങ്ങാട് ചെമ്പോര കളരിയിലാണെന്ന വിശ്വസത്തിലാണ് ശാസ്താം പാട്ട് അവതരിപ്പിക്കുന്നത്. ആലങ്ങാട് പേട്ട സംഘം പുറപ്പെടുന്നതും ചെമ്പോര കളരിയില്‍ നിന്നാണ്. ഉണ്ണികൃഷ്ണന് ആശാന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് സന്നിധാനത്തെത്തിയത്. സംഘത്തില്‍ ഓരോ വര്‍ഷവും നിലവിലുള്ളവരോടൊപ്പം പുതിയതലമുറക്കാരെയും ഉള്‍പ്പെടുത്തിയാണ് സന്നിധാനത്ത് ശാസ്താംപ്പാട്ട് അവതരിപ്പിക്കുന്നത്.