Image

സര്‍ദാരി തിരിച്ചെത്തിയെന്ന് പാക് മാധ്യമങ്ങള്‍

Published on 13 January, 2012
സര്‍ദാരി തിരിച്ചെത്തിയെന്ന് പാക് മാധ്യമങ്ങള്‍
ഇസ്‌ലാമാബാദ്: ഭരണകൂടവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ദുബായിലേക്കുപോയ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജ്യത്ത് തിരിച്ചെത്തിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബറിനെ ഉദ്ധരിച്ചാണ് ജിയോ ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വ്യാഴാഴ്ച സര്‍ദാരി ദുബായിലേക്ക് പോയതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

അതിനിടെ രഹസ്യരേഖാ വിവാദത്തിന് തുടക്കമിട്ട പാക് വംശജനായ അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഐജാസിന് സംരക്ഷണം നല്‍കാന്‍ സൈന്യം തീരുമാനിച്ചു. ഇസ്‌ലാമാബാദില്‍ ചേര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗമാണ് തീരുമാനം എടുത്തത്. അന്വേഷണവുമായി സഹകരിക്കാന്‍ രാജ്യത്തെത്തുന്ന ഐജാസിന് സൈന്യം സംരക്ഷണം നല്‍കും. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി കേസ് 16 നാണ് പരിഗണിക്കുന്നത്. കരസേനാ തലവന്‍ ജനറല്‍ അഷ്ഫാഖ് കയാനിയുടെ അധ്യക്ഷതയില്‍ സൈനിക ആസ്ഥാനത്ത് ചേര്‍ന്ന യോഗം പത്തു മണിക്കൂര്‍ നീണ്ടുവെന്ന് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.

ഉസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചപ്പോള്‍ പട്ടാള അട്ടിമറിയില്‍ നിന്ന് സംരക്ഷണത്തിനായി സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്ന വിവാദ വെളിപ്പെടുത്തലാണ് പാര്‍ലമെന്‍റിന്റെയും സുപ്രീം കോടതിയുടെയും സമിതികള്‍ അന്വേഷിക്കുന്നത്. കത്ത് യു.എസ്. ഭരണകൂടത്തിനു കൈമാറിയതു താനാണെന്ന് പാക് വംശജനായ അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഐജാസ് അവകാശപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട വിവാദം പാക് സൈന്യവും സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. ഐജാസ് പറയുന്ന പോലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക