Image

സര്‍ദാരി ദുബായിലേയ്ക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്‌

Published on 12 January, 2012
സര്‍ദാരി ദുബായിലേയ്ക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്‌
ഇസ്‌ലാമാബാദ്: പാക്കിസ്താനില്‍ സൈന്യവും ജനാധിപത്യഭരണകൂടവും തമ്മിലുള്ള വടംവലി രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ ആസിഫ് അലി സര്‍ദാരി ദുബായിലേയ്ക്ക് കടന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അധികാരമൊഴിയാന്‍ സര്‍ദാരിക്കു മേല്‍ സൈന്യം സമ്മര്‍ദം ചെലുത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായിരുന്നു. എന്നാല്‍ സ്ഥാനമൊഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ദാരി വ്യക്തമാക്കിയിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി സര്‍ദാരി ദുബായിലേയ്ക്ക് ഏകദിന സന്ദര്‍ശനത്തിന് പോയെന്നാണ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെമ്മോഗേറ്റ് വിവാദത്തിനു ശേഷമുള്ള സര്‍ദാരിയുടെ രണ്ടാമത്തെ ദുബായ് സന്ദര്‍ശനമാണിത്. ഡിസംബര്‍ ആറിനായിരുന്നു ആദ്യ സന്ദര്‍ശനം. ഹൃദ്രോഗത്തിനു ചികിത്സയ്ക്കായിട്ടായിരുന്നു ഈ യാത്ര.

അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ അബട്ടാബാദില്‍ യു.എസ് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പാക്ക് സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുമെന്ന് ഭയന്ന് പ്രസിഡന്റ് സര്‍ദാരി യു.എസ് സൈന്യത്തിന്റെ സഹായം തേടി കത്തയച്ചുവെന്നായിരുന്നു മെമ്മോഗേറ്റ് വിവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക