Image

ബെംഗളൂരുവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമി

Published on 06 May, 2026
ബെംഗളൂരുവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമി

തൃശൂര്‍: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമി. 2024 ഒക്ടോബറില്‍ കൊച്ചിയിലെ മൃഗാശുപത്രിയില്‍ അക്രമം കാണിക്കുകയും മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആളാണ് ദീപക് കൃഷ്ണന്‍. കൊക്കെയ്ന്‍ കൈവശം വെച്ചതിനും പൊലീസ് പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. തെരുവുനായ്ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിന്റെ വിനോദം.

ചൊവ്വഴ്ചയാണ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ്  പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. കാരണവര്‍ കേസിലെ പ്രതിയായ ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത. ഷെറിന് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയുയര്‍ത്തിയത് സുനിതയാണ്. വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. സ്‌കൂള്‍ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. ഏപ്രില്‍ പതിനേഴിന് സഹോദരിയുടെ മകള്‍ക്കും ഒരു തൃശൂര്‍ സ്വദേശിനിയ്ക്കും ഭര്‍ത്താവിനുമൊപ്പമാണ് സുനിത ബെംഗളൂരുവിലെത്തിയത്.

നാല്‍പ്പതിനായിരം രൂപ ശമ്പളമെന്ന പരസ്യം കണ്ടാണ് ഇവര്‍ കേരളം വിട്ടത്. തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു ദീപക്. നായ്ക്കളെ വളര്‍ത്തല്‍ ദീപക്കിന്റെ വിനോദമായിരുന്നു. ഇയാള്‍ ശാരീരിക ഉപദ്രവം ആരംഭിച്ചതോടെ സുനിത രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ദീപക് സുനിതയുടെ നെഞ്ചില്‍ ചവിട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുവരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 3-നായിരുന്നു ആക്രമണം. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. പൊലീസ് ദീപക്കിനായുളള തിരച്ചില്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക