Image

അന്നന്ന് ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ.... (രവിമേനോൻ)

Published on 15 December, 2025
അന്നന്ന് ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ.... (രവിമേനോൻ)

പാവം സ്‌കൂളായിരുന്നു ഞങ്ങളുടേത് -- കർഷകത്തൊഴിലാളികളുടെ മക്കളും അയൽസംസ്ഥാനക്കാരായ തോട്ടം തൊഴിലാളികളുടെ മക്കളും ആദിവാസിക്കുട്ടികളുമെല്ലാം പഠിച്ചിരുന്ന പഞ്ചപാവമായ ഒരു സ്‌കൂൾ.

സ്നേഹനിധികളായ കന്യാസ്ത്രീകളായിരുന്നു അവിടെ ഞങ്ങൾക്ക് അമ്മമാർ -- സിസ്റ്റർ അൽബീന, സിസ്റ്റർ ഐലീൻ, സിസ്റ്റർ റേച്ചൽ, സിസ്റ്റർ ഫ്ലോറിയാന, സിസ്റ്റർ കൊളംബോ, സിസ്റ്റർ സുനിത..... സ്വന്തം മക്കളെ പോലെ സ്നേഹിച്ചും താഡിച്ചും ശിക്ഷിച്ചും ഗുണദോഷിച്ചും വളർത്തി അവർ ഞങ്ങളെ. വിശക്കുന്ന കുട്ടികൾക്ക് മഠത്തിൽ വിളിച്ചുകൊണ്ടുപോയി ആഹാരം നൽകി. ഞങ്ങളിലെ കലാവാസനകൾ പ്രോത്സാഹിപ്പിച്ചു.

ക്രിസ്മസും ഈസ്റ്ററും പള്ളിപ്പെരുന്നാളുമായിരുന്നു ഞങ്ങളുടെ മഹോത്സവങ്ങൾ. മറ്റൊന്നുമുണ്ടായിരുന്നില്ലല്ലോ വർഷാവർഷം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ. ഓരോ ഉത്സവങ്ങളോടനുബന്ധിച്ചും അരങ്ങേറിയ കലാപരിപാടികൾ ആസ്വദിക്കാൻ രാത്രിമുഴുവൻ ഉറക്കമിളച്ചു ഞങ്ങൾ. നാടോടിനൃത്തവും, സിനിമാ പാട്ടും, നാടകങ്ങളും, ടാബ്ലോകളും, ഏകാംഗാഭിനയങ്ങളും ചേർന്ന ആ കലാനിശകൾ കണ്ണിനും കാതിനും വിരുന്നായി ഞങ്ങൾക്ക്.

കലാപരിപാടികൾക്ക് എന്നും തുടക്കം കുറിച്ചിരുന്നത് ഒരു പ്രാർത്ഥനാഗീതമാണ് -- "ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ....'' പാടുന്നവർ മാത്രമേ വർഷം തോറും മാറിവന്നുള്ളൂ - ഫ്രോക്കുകാരികൾ, ഹാഫ് സ്കർട്ടുകാരികൾ, മുടി പിന്നിയിട്ടവർ, ബോബ് ചെയ്തവർ, പൊട്ടു തൊട്ടവർ, തൊടാത്തവർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ... പാട്ട് എന്നും ഒന്നുതന്നെ.

അതിന്റെ വരികളിൽ, ലളിതസുന്ദരമായ ഈണത്തിൽ ഞങ്ങളുടെ അന്നത്തെ കൊച്ചുകൊച്ചു സ്വപ്നങ്ങൾ പീലിവിടർത്തിനിന്നു. "അന്നന്ന് ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ'' എന്ന വരി സത്യമാവട്ടെ എന്ന് നിശബ്ദമായി പ്രാർത്ഥിച്ചു ഞങ്ങളുടെ കുഞ്ഞുമനസ്സുകൾ.

ജാതിമതഭേദമന്യേ എല്ലാവരും ഏറ്റുപാടിയ ലളിതമായ വരികളായിരുന്നു ആ പാട്ടിന്റേത്.

"ഞങ്ങൾ തൻ കടങ്ങൾ പൊറുക്കേണമേ

അങ്ങ് ഞങ്ങളെ നയിക്കേണമേ

അഗ്‌നിപരീക്ഷയിൽ വീഴാതെ ഞങ്ങളെ

രക്ഷിച്ചീടേണമേ.."

വയലാറും ദേവരാജനും പി സുശീലയും ചേർന്ന് "നാടൻ പെണ്ണ്" എന്ന സിനിമക്ക് വേണ്ടി സൃഷ്ടിച്ച ആ ഭക്തിഗാനം ഇന്നും ഏറെ പ്രിയങ്കരം. മലയാളത്തിലെ ഏറ്റവും ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളിൽ ഒന്ന്... റേഡിയോയിൽ അത് കേട്ടത് പിന്നീടാണ്. സുശീലാമ്മയുടെ പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തെ പ്രണയിച്ചു തുടങ്ങിയതും അതോടെയായിരുന്നില്ലേ ?

മാഞ്ഞുപോകാത്ത ഒരു ക്രിസ്മസ് കാലത്തിന്റെ ഓർമ്മകൂടിയാണ് എനിക്ക് ആ പാട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക