Image

സിഡ്‌നി കൂട്ടക്കൊല പ്രതികൾ പാക്കിസ്ഥാനികൾ തന്നെയെന്നു സ്ഥിരീകരിച്ചു പോലീസ് (പിപിഎം)

Published on 15 December, 2025
 സിഡ്‌നി കൂട്ടക്കൊല പ്രതികൾ പാക്കിസ്ഥാനികൾ തന്നെയെന്നു സ്ഥിരീകരിച്ചു പോലീസ് (പിപിഎം)

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച്ച 16 യഹൂദരെ കൂട്ടക്കൊല ചെയ്ത അക്രമികൾ പാക്കിസ്ഥാനിലെ ലഹോർ സ്വദേശികളാണെന്നു പോലീസ് തിങ്കളാഴ്ച്ച സ്ഥിരീകരിച്ചു. ഇവർക്ക് ഐ എസ് ഭീകരരുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ആക്രമണത്തിനിടെ കൊല്ലപ്പെട്ട സാജിദ് അക്രം (50), ആശുപത്രിയിൽ കഴിയുന്ന നവീദ് അക്രം (24) എന്നിവരാണ് കൊലയാളികളെന്നു ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ മാൽ ലൻയോൺ അറിയിച്ചു.

യഹൂദർ ജെറുസലേം വീണ്ടെടുത്തതിന്റെ വാർഷികം ആഘോഷിക്കുന്ന ഹനുക്ക ഉത്സവത്തിന്റെ ഭാഗമായി ബോണ്ടി ബീച്ചിൽ ഞായറാഴ്ച്ച ആരംഭിച്ച 'ചനുക്ക ബൈ ദ സീ' ആഘോഷം നടക്കുമ്പോൾ ആയിരുന്നു ആക്രമണം. ആഘോഷം കേന്ദ്രീകരിച്ച പാർക്കിനടുത്തു കാൽനടക്കാർക്കുള്ള പാലത്തിൽ നിന്നാണ് അച്ഛനും മകനും ആക്രമണം നടത്തിയത്.

പത്തു വയസുള്ള പെൺകുട്ടി മുതൽ 87 വയസുള്ള ഒരാൾ വരെ കൊല്ലപ്പെട്ടു.

1998ൽ സ്റ്റുഡന്റ് വിസയിലാണ് സാജിദ് പാക്കിസ്ഥാനിൽ നിന്നു ഓസ്‌ട്രേലിയയിൽ എത്തിയ തെന്നു പോലീസ് പറഞ്ഞു.  ഓസ്‌ട്രേലിയയിൽ ജനിച്ച നവീദിനും പൗരത്വമുണ്ട്.

ഞായറാഴ്ച്ച രാത്രി സൗത്‌വെസ്റ് സിഡ്‌നിയിൽ ബോണീറിഗ്ഗിലെ അക്രം വസതിയും ഇരുവരും താമസിച്ചിരുന്ന കാമ്‌സിയിലെ സ്ഥലവും പോലീസ് റെയ്‌ഡ്‌ ചെയ്തു.

ബീച്ചിൽ കിടന്ന ഒരു വാഹനത്തിൽ നിന്നു സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.  അതോടൊപ്പം ഒരു ഐ എസ് പതാകയും. വീടുകളിൽ നിന്ന് ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തു.

പോലീസ് നവീദ് അക്രമിനെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു

ആറു വർഷം മുൻപ് പോലീസ് നവീദ് അക്രമിനെ നിരീക്ഷിച്ചു തുടങ്ങിയിരുന്നുവെന്നു ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറയുന്നുണ്ട്. 2019ലായിരുന്നു അതെന്നു പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. അന്നൊരു ഐ എസ് ആക്രമണം തകർത്തപ്പോഴാണ് അക്രമിനെ കുറിച്ച് ചില സൂചനകൾ ലഭിച്ചത്.

ഓസ്‌ട്രേലിയൻ ഐ എസ് മേധവിയെന്നു സ്വയം പ്രഖ്യാപിച്ച മതറിയുമായി അക്രമിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മതറി ഏഴു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കയാണ്. അയാളുടെ ചില കൂട്ടാളികളും.

സാജിദ് അക്രമിന് 10 വർഷമായി തോക്കു ലൈസൻസ് ഉണ്ടെന്നു കമ്മീഷണർ ലൻയോൺ പറഞ്ഞു.

നവീദ് അക്രമിനു ടൈൽസ് വിരിക്കുന്ന ജോലി ആയിരുന്നു. രണ്ടു മാസം മുൻപ് ജോലി പോയി.

മീൻ പിടിക്കാൻ പോകുന്നു എന്നു പറഞ്ഞാണ് ഞായറാഴ്ച്ച അച്ഛനും മകനും പുറപ്പെട്ടതെന്നു വീട്ടുകാർ പറയുന്നു. നവീദിനു 22 വയസുള്ള സഹോദരിയും 20 വയസുള്ള സഹോദരനുമുണ്ട്.  

Police confirm Pakistanis in Sydney massacre 

 സിഡ്‌നി കൂട്ടക്കൊല പ്രതികൾ പാക്കിസ്ഥാനികൾ തന്നെയെന്നു സ്ഥിരീകരിച്ചു പോലീസ് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക