
ഓസ്‌ട്രേലിയയിൽ യഹൂദരെ കൂട്ടക്കൊല ചെയ്തതും ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്‌പും സിറിയയിൽ മൂന്ന് അമേരിക്കൻ പൗരന്മാർ വെടിയേറ്റ് മരിച്ചതും ഏറെ ദുഃഖകരമാണെന്നു ഞായറാഴ്ച്ച വൈറ്റ് ഹൗസിൽ നടന്ന ക്രിസ്തുമസ് പരിപാടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ബ്രൗൺ യൂണിവേഴ്സിറ്റിയിൽ മരിച്ച രണ്ടു പേർക്ക് അദ്ദേഹം ആദരം അർപ്പിച്ചു. "അവർ നമ്മളെ സ്വർഗത്തിൽ നിന്നു താഴേക്ക് നോക്കി കാണുന്നുണ്ടാവും.
"അതേപോലെ, ഓസ്‌ട്രേലിയയിലും ഭീകരമായ ആക്രമണമാണ് നടന്നത്. 11 പേർ മരിച്ചു, 29 പേർക്കു ഗൗരവമായ പരുക്ക്. യഹൂദ വിദ്വേഷ ആക്രമണം എന്നതു വ്യക്തം. എല്ലാവർക്കും ആദരം അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വല്ലാത്തൊരു ദിവസം."
സിറിയയിൽ വെള്ളിയാഴ്ച്ച രണ്ടു സൈനികർ ഉൾപ്പെടെ മൂന്ന് യുഎസ് പൗരന്മാരെ ഐ എസ് ഭീകരർ വധിച്ചത് ഓർമിച്ചു ട്രംപ് പറഞ്ഞു: "അതു ചെയ്തവർക്കു വമ്പിച്ച നാശനഷ്ടം ഉണ്ടാവും. വമ്പിച്ച നാശനഷ്ടം."
ഹനുക്ക ആഘോഷിക്കുന്ന യുഎസിലെ യഹൂദർ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു ട്രംപ് പറഞ്ഞു. "അഭിമാനത്തോടെ ആഘോഷിക്കുക."
ആക്രമണത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ശക്തമായി അപലപിച്ചു. "യഹൂദ വിദ്വേഷത്തിന് ഈ ലോകത്തു സ്ഥാനമില്ല. ഈ ഭീകരാക്രമണത്തിന് ഇരയായ യഹൂദ സമൂഹത്തിനും ഓസ്‌ട്രേലിയൻ ജനതയ്ക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു."
Trump mourns victims on a 'rough day'